ആടിയുലഞ്ഞ് വിപണി

വിപണി ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് റിസര്‍വ് ബാങ്ക് വായ്പ അവലോകനത്തെയാണ്.
Stock market weekly report
ആടിയുലഞ്ഞ് വിപണി
Updated on

വിദേശ ഫണ്ടുകള്‍ വില്‍പ്പനക്കാരായി മാറിയതോടെ ഇന്ത്യന്‍ ഓഹരി വിപണി അടിമുടി ആടിയുലഞ്ഞു. പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥ മുന്‍നിര്‍ത്തി ബാധ്യതകള്‍ വിറ്റു മാറാന്‍ ഫണ്ടുകള്‍ കാണിച്ച തിടുക്കത്തില്‍ മുന്‍നിര സൂചികകള്‍ നാലര ശതമാനം തകര്‍ച്ചയില്‍ അകപ്പെട്ടു. ബിഎസ്ഇ സൂചിക 3883 പോയിന്‍റും എന്‍എസ്ഇ 1164 പോയിന്‍റും പ്രതിവാര നഷ്ടത്തിലാണ്. രണ്ട് വര്‍ഷത്തിനിടയില്‍ ഇത്ര കനത്ത തകര്‍ച്ചയെ ഇന്ത്യന്‍ നിക്ഷേപകര്‍ അഭിമുഖീകരിക്കുന്നത് ഇതാദ്യമാണ്.

വിപണി ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് റിസര്‍വ് ബാങ്ക് വായ്പ അവലോകനത്തെയാണ്. രണ്ട് ദിവസം നീളുന്ന യോഗത്തില്‍ പലിശ നിരക്കുകളില്‍ ഭേദഗതികള്‍ക്ക് മുതിരുമോ, അതോ സ്റ്റെഡിയായി നിലനിര്‍ത്തുമോ എന്നതിനെ ആശ്രയിച്ചാകും വിപണിയുടെ അടുത്ത ചുവടുവയ്പ്. സാമ്പത്തിക മേഖലയ്ക്ക് കരുത്തു പകരാന്‍ തൊട്ടു മുന്‍വാരം ചൈന പലിശ നിരക്കുകളില്‍ ഇളവുകള്‍ വരുത്തിയിരുന്നു. ഇത് വിദേശ ഫണ്ടുകളെ ആകര്‍ഷിച്ചതോടെ അവര്‍ നമ്മുടെ വിപണിയിലെ ബാധ്യതകള്‍ പണമാക്കാന്‍ മത്സരിച്ചു. വിദേശ ഫണ്ടുകള്‍ പിന്നിട്ട വാരം 41,720 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. അതേസമയം ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ 39,962 കോടി രൂപ നിക്ഷേപിച്ചു. ഈ വര്‍ഷം വിദേശ ഫണ്ടുകള്‍ ഇതിനകം 73,468 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്.

വിദേശ വില്‍പ്പനയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ മേഖലാ സൂചികള്‍ക്ക് എല്ലാം തന്നെ തിരിച്ചടി നേരിട്ടു. ബിഎസ്ഇ റിയാലിറ്റി സൂചിക എട്ട് ശതമാനം ഇടിഞ്ഞു, ഓട്ടൊ സൂചിക ആറ് ശതമാനവും ടെലികോം, ഊര്‍ജം വിഭാഗങ്ങള്‍ അഞ്ച് ശതമാനവും ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ്, ലാര്‍ജ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ക്കും തിരിച്ചടി നേരിട്ടു.

മുന്‍നിര ആര്‍ഐഎല്‍ ഓഹരി വില ഒന്‍പത് ശതമാനം ഇടിഞ്ഞ് 2773 രൂപയായി. എസ്ബിഐ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ് ബാങ്ക്, എം ആൻഡ് എം, മാരുതി, ടാറ്റാ മോട്ടോഴ്സ്, എയര്‍ടെല്‍, ഐടിസി, സണ്‍ ഫാര്‍മ, ടിസിഎസ്, എച്ച്സിഎല്‍ ഓഹരികള്‍ക്കും തിരിച്ചടി നേരിട്ടു. ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍ ഓഹരികളില്‍ നിക്ഷേപകര്‍ താത്പര്യം കാണിച്ചു.

ബോംബെ സൂചിക 85,571ല്‍ നിന്നും 85,972 വരെ ഉയര്‍ന്നു, എന്നാല്‍ മുന്‍വാരം സൃഷ്ടിച്ച 85,987ലെ റെക്കോഡ് ദേദിക്കാന്‍ വിപണിക്കായില്ല. ഇതിനിടയില്‍ ഉടലെടുത്ത വില്‍പ്പന തരംഗത്തില്‍ ആടിയുലഞ്ഞ് 81,688 പോയിന്‍റിലേക്ക് ഇടിഞ്ഞു. വെള്ളിയാഴ്ച്ച വ്യാപാരാന്ത്യം സൂചിക 81,688ലാണ്. ഈ വാരം വില്‍പ്പന സമ്മർദം നിലനിന്നാല്‍ സൂചിക 80,156- 78,184 റേഞ്ചില്‍ സപ്പോര്‍ട്ടിങ് ശ്രമം നടത്താം. അനുകൂല വാര്‍ത്തകള്‍ക്ക് വിപണിയെ 84,569 പോയിന്‍റിലേക്ക് ഉയര്‍ത്താനാകും.

നിഫ്റ്റി നേട്ടത്തോടെയാണ് വ്യാപാരത്തിന് തുടക്കം കുറിച്ചതെങ്കിലും തൊട്ടു മുന്‍വാരത്തില്‍ രേഖപ്പെടുത്തിയ റെക്കോഡ് പുതുക്കാന്‍ വിപണിക്കായില്ല. 26,178ല്‍ നിന്ന് നിഫ്റ്റി 26,277 പോയിന്‍റിലേക്ക് സൂചിക അടുത്ത അവസരത്തില്‍ ഫണ്ടുകളില്‍ നിന്നും ഉടലെടുത്ത ലാഭമെടുപ്പ് പിന്നീട് വില്‍പ്പന സമ്മര്‍ദമായി, ഇതോടെ സൂചിക 25,672ലെ താങ്ങ് തകര്‍ത്ത് 24,969 പോയിന്‍റിലേക്ക് ഇടിഞ്ഞ ശേഷം ക്ലോസിങ്ങില്‍ 25,014ലാണ്. ഈ വാരം 24,381ല്‍ താങ്ങ് നഷ്ടപ്പെട്ടാല്‍ 23,748 വരെ തിരുത്തല്‍ കാഴ്ച്ചവയ്ക്കാം. അതേസമയം താഴ്ന്ന റേഞ്ചില്‍ പുതിയ ബയ്യിങ്ങിന് നീക്കം നടന്നാല്‍ 25,911-26,908ലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കാം.

നിഫ്റ്റി ഒക്റ്റോബര്‍ സീരീസ് ഓപ്പണ്‍ ഇന്‍ററസ്റ്റിലുണ്ടായ കുറവ് തളര്‍ച്ച രൂക്ഷമാക്കാം. 26,345‌ല്‍ നിന്നുള്ള തകര്‍ച്ച കണ്ട് ഓപ്പറേറ്റര്‍മാര്‍ ലോങ് കവറിങ്ങിന് മത്സരിച്ചത് ഇടിവിന്‍റെ ആക്കം വർധിപ്പിച്ചു, വാരാന്ത്യം 25,174ലാണ്.

പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥ ക്രൂഡ് ഓയില്‍ വില കുതിക്കാന്‍ ഇടയാക്കി. രാജ്യാന്തര എണ്ണ വില ബാരലിന് 70 ഡോളറില്‍ നിന്നും 79 ഡോളറായി, പത്ത് ശതമാനമാണ് മുന്നേറ്റം. ഒരു വര്‍ഷത്തിനിടയില്‍ ഇത്തരമൊരു കുതിപ്പ് ആദ്യമാണ്. വിപണിയുടെ ചലനങ്ങള്‍ സാങ്കേതികമായി വീക്ഷിച്ചാല്‍ 84 ഡോളര്‍ പ്രതിരോധം നിലനില്‍ക്കുന്നു. ഇസ്രയേല്‍ ആക്രമണം ഇറാനില്‍ തുടര്‍ന്നാല്‍ എണ്ണ ഉത്പാദനത്തില്‍ ഇടിവ് സംഭവിക്കും. അങ്ങനെ വന്നാല്‍ ക്രൂഡ് ഓയില്‍ വില 94 ഡോളറിലേക്കും തുടര്‍ന്ന് 104 വരെയും ഉയരാം. അതേസമയം ഉത്പാദനം ഉയര്‍ത്താന്‍ ഒപെക്ക് അടിയന്തര നീക്കം നടത്താനും ഇടയുണ്ട്. ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം കപ്പലുകളുടെ ദിശ തിരിക്കുമെന്നത് ക്രൂഡ് ഓയില്‍ ചരക്ക് കൂലി വർധനയ്ക്ക് ഇടയാക്കും. ആഗോള എണ്ണ ഉത്പാദനത്തിന്‍റ മൂന്നില്‍ ഒരു ഭാഗം ഹോര്‍മുസ് കടലിടുക്ക് വഴിയാണ് നീങ്ങുന്നത്, അതുകൊണ്ട് തന്നെ പശ്ചിമേഷ്യന്‍ പ്രതിസന്ധി ക്രൂഡ് വിലയില്‍ ഏറെ സ്വാധീനിക്കാം.

വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം 83.66ല്‍ നിന്നും 84.13ലേക്ക് ദുര്‍ബലമായ ശേഷം വാരാന്ത്യം 83.97ലാണ്. സാങ്കേതികമായി വീക്ഷിച്ചാല്‍ 84.19-84.27ലേക്കും രൂപ സഞ്ചരിക്കാം. രൂപയുടെ താങ്ങ് 83.01ലാണ്.

രാജ്യാന്തര സ്വര്‍ണ വിപണി കുതിപ്പിനിടയില്‍ കിതച്ച് തുടങ്ങി. ന്യൂയോര്‍ക്കില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 2658 ഡോളറില്‍ നിന്നും 2670 ഡോളര്‍ വരെ ഉയർന്നെങ്കിലും റെക്കോഡ് തകര്‍ക്കാനാകാതെ വാരാന്ത്യം 2658ലേക്ക് താഴ്ന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com