യുഎസ് ഓഹരി വിപണിയിലെ ഉണര്‍വ് ഇന്ത്യന്‍ മാര്‍ക്കറ്റിന്‍റെ തിരിച്ചുവരവിന് വഴിതെളിച്ചു. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഒപ്പം ഊഹക്കച്ചവടക്കാരും പുതിയ നിക്ഷേപങ്ങള്‍ക്ക് ഉത്സാഹിച്ചത് സെന്‍സെക്സ് 730 പോയിന്‍റും നിഫ്റ്റി സൂചിക 174 പോയിന്‍റും ഉയര്‍ത്തി. അമെരിക്കയില്‍ പണപ്പെരുപ്പം നിയന്ത്രണത്തിലേക്ക് തിരിയുന്ന വിവരം ആഗോള ഓഹരി കമ്പോളങ്ങളില്‍ അനുകൂല തരംഗം സൃഷ്ടിക്കും. ഫെഡ് റിസര്‍വ് സെപ്റ്റംബര്‍ വായ്പാ അവലോകനത്തില്‍ പലിശ നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന വിലയിരുത്തല്‍ യൂറോപ്യന്‍ മാര്‍ക്കറ്റുകളെയും ഏഷ്യന്‍ വിപണികളെയും സജീവമാക്കി. യുഎസില്‍ നാണയപ്പെരുപ്പം മൂന്ന് വര്‍ഷത്തെ താഴ്ന്ന നിരക്കായ 2.9 ശതമാനമായി. ഫെഡറല്‍ റിസര്‍വ് 50 ബേസിസ് പോയിന്‍റ് കുറവ് പ്രഖ്യാപിക്കാം.
സെന്‍സെക്സിന് തിരുത്തലിന് ശേഷം വീണ്ടും മികവിലാണ്. പോയവാരത്തിലെ 79,676ല്‍ നിന്നും 78,926 പോയിന്‍റിലേക്ക് താഴ്ന്ന ശേഷം ബുള്‍ റാലയില്‍ 80,518 വരെ കയറിയെങ്കിലും വ്യാപാരാന്ത്യം 80,436ലാണ്. ഈ വാരം മുന്നേറാന്‍ ശ്രമിച്ചാല്‍ 80,994-81,552 റേഞ്ചിൽ പ്രതിരോധമുണ്ട്. ഉയര്‍ന്ന തലത്തില്‍ ലാഭമെടുപ്പിന് ഫണ്ടുകള്‍ നീക്കം നടത്തിയാല്‍ 79,402-78,368ലേക്ക് തിരുത്തല്‍ സാധ്യതയുണ്ട്.
നിഫ്റ്റി 24,364ല്‍ നിന്നും തകര്‍ച്ചയോടെയാണ് ട്രേഡിങ് തുടങ്ങിയത്. പിന്നിട്ടവാരം സൂചിപ്പിച്ച 24,032ലെ താങ്ങ് നിലനിര്‍ത്തിയ വിപണി മുന്നേറ്റത്തില്‍ 24,557ലെ തടസം മറികടന്ന് 24,567 പോയിന്‍റ് സഞ്ചരിച്ചശേഷം വാരാന്ത്യം 24,541ലാണ്. ഈ വാരം നിഫ്റ്റിക്ക് 24,698- 24,855ലേക്ക് മുന്നേറാനാകും. വില്‍പ്പന സമ്മദര്‍മുണ്ടായാല്‍ സൂചിക 24,248-23,955 പോയിന്‍റിലേക്ക് തിരുത്തല്‍ കാഴ്ച്ചവയ്ക്കാം.
മുന്‍നിര ഓഹരിയായ ടാറ്റ മോട്ടോഴ്സ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ തുടങ്ങിയവയുടെ നിരക്ക് അഞ്ച് ശതമാനം ഉയര്‍ന്നു. എം ആൻഡ് എം, ഇന്‍ഡസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ടിസിഎസ്, ആര്‍ഐഎല്‍, എച്ച്‌യുഎല്‍, ഐടിസി, സണ്‍ ഫാര്‍മ ഓഹരികള്‍ മികവ് കാണിച്ചു. ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, മാരുതി, എല്‍ ആൻഡ് ടി ഓഹരി വിലകള്‍ താഴ്ന്നു.
വിനിമയ വിപണിയില്‍ രൂപ ചാഞ്ചാട്ടത്തിലാണ്. രൂപയുടെ മൂല്യം 83.95ല്‍ നിന്നും 84.26ലേക്ക് ഒരവസരത്തില്‍ ഇടിഞ്ഞശേഷം വാരാന്ത്യം മുന്‍വാരം സൂചിപ്പിച്ച 83.60ലെ താങ്ങ് നിലനിര്‍ത്തി 83.61ല്‍ ക്ലോസിങ് നടന്നു. ഡോളര്‍ സൂചികയ്ക്ക് സംഭവിച്ച തളര്‍ച്ച രൂപ നേട്ടമാക്കി.
പിന്നിട്ടവാരത്തില്‍ വിദേശ ഫണ്ടുകള്‍ 9382 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. എന്നാല്‍ വെള്ളിയാഴ്ച്ച അവര്‍ 766.52 കോടിയുടെ ഓഹരികള്‍ തിരക്കിട്ട് ശേഖരിച്ചു. ആഭ്യന്തര ഫണ്ടുകള്‍ കഴിഞ്ഞവാരം 10,560 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. പിന്നിട്ട രണ്ടാഴ്ചകളില്‍ ആഭ്യന്തരഫണ്ടുകള്‍ മൊത്തം 31,431 കോടി രൂപ നിക്ഷേപിച്ചു.
വിദേശഫണ്ടുകള്‍ ഓഗസ്റ്റില്‍ ഇതിനകം 18,824 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. ജൂണില്‍ 26,565 കോടി രൂപയുടെയും ജൂലൈയില്‍ 32,365 കോടി രൂപയുടെയും നിക്ഷേപം അവര്‍ നടത്തിയിരുന്നു. ഈ വര്‍ഷം അവര്‍ മൊത്തം 1.23 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ ഈ കാലയളവില്‍ 2.99 ലക്ഷം കോടി രൂപ നിക്ഷേപിച്ചു.
ആഗോള സ്വര്‍ണ വിപണിയില്‍ റെക്കോഡ് കുതിപ്പാണ്. സ്വര്‍ണം മുന്‍വാരത്തിലെ 2430 ഡോളറില്‍ നിന്നും ട്രോയ് ഔണ്‍സിന് 2477 ഡോളര്‍ വരെ വാരമധ്യം ഉയര്‍ന്ന ഘട്ടത്തിലെ ലാഭമെടുപ്പില്‍ 2450ലേക്ക് താഴ്ന്ന അവസരത്തില്‍ ഉടലെടുത്ത ബുള്‍ റാലിയില്‍ സ്വര്‍ണം 2509 ഡോളര്‍ വരെ കയറി.