സ്വര്‍ണ, ഓഹരി വിപണികളിലെ കുതിപ്പ് തുടരുന്നു

സ്വര്‍ണ, ഓഹരി വിപണികളിലെ കുതിപ്പ് തുടരുന്നു

വിദേശ നിക്ഷേപ ഒഴുക്കിന്‍റെ കരുത്തില്‍ ഓഹരികള്‍ വിപണിയും പുതിയ ഉയരങ്ങള്‍ കീഴടക്കി.

ബിസിനസ് ലേഖകൻ

കൊച്ചി: ആഗോള മേഖലയിലെ ചലനങ്ങളുടെ കരുത്തില്‍ സ്വര്‍ണ, ഓഹരി വിപണികളിലെ കുതിപ്പ് തുടരുന്നു. വിദേശ നിക്ഷേപകരുടെ പണമൊഴുക്കും അമെരിക്കന്‍ ഡോളറിന്‍റെ ദൗര്‍ബല്യവും വിപണിക്ക് അനുകൂലമായി. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കേന്ദ്ര ബാങ്കുകള്‍ മികച്ച വാങ്ങല്‍ താത്പര്യങ്ങള്‍ പ്രകടിപ്പിച്ചതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില സ്വര്‍ണ വില ഔണ്‍സിന് 2258 ഡോളറിന് അടുത്തെത്തി. ഇതോടെ കേരളത്തില്‍ സ്വര്‍ണ വില പവന് 680 രൂപ ഉയര്‍ന്ന് 50,880 രൂപയിലെത്തി. ഗ്രാമിന്‍റെ വില 85 രൂപ ഉയര്‍ന്ന് 6,360 രൂപയിലെത്തി.

വെള്ളിയാഴ്ച സ്വര്‍ണ വില പവന് 50,400 രൂപയിലെത്തിയിരുന്നു. ശനിയാഴ്ച പവന്‍ വില 200 രൂപ കുറഞ്ഞതിന് ശേഷമാണ് വീണ്ടും കുതിച്ചുയര്‍ന്നത്. അമെരിക്കയിലെ ഫെഡറല്‍ റിസര്‍വ് സെപ്റ്റംബറിന് മുന്‍പ് മൂന്ന് തവണ പലിശ കുറച്ചേക്കുമെന്ന വാര്‍ത്തകളാണ് സ്വര്‍ണത്തിലേക്ക് പണമൊഴുക്ക് കൂട്ടുന്നത്.

വിദേശ നിക്ഷേപ ഒഴുക്കിന്‍റെ കരുത്തില്‍ ഓഹരികള്‍ വിപണിയും പുതിയ ഉയരങ്ങള്‍ കീഴടക്കി. പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യ വ്യാപാര ദിനത്തില്‍ മികച്ച കുതിപ്പോടെ സെന്‍സെക്സും നിഫ്റ്റിയും വ്യാപാരത്തിനിടെ റെക്കോഡ് ഉയരത്തിലെത്തി. പിന്നീട് ലാഭമെടുപ്പ് ശക്തമായതോടെ സൂചികകള്‍ താഴേക്ക് നീങ്ങി.

വാഹന മേഖലയില്‍ ഒഴികെയുള്ള ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്. ബോംബെ ഓഹരി സൂചിക 363.20 ഉയര്‍ന്ന് 74,014.55ലും ദേശീയ സൂചിക 135.1 പോയിന്‍റ് നേട്ടവുമായി 22,462ല്‍ അവസാനിച്ചു. ടാറ്റ സ്റ്റീല്‍, അദാനി പോര്‍ട്ട്സ്, ശ്രീറാം ഫിനാന്‍സ് തുടങ്ങിയവയാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com