രാജ്യത്തുനീളം റബർ കൃഷി വ്യാപിപ്പിക്കാൻ ടയർ നിർമാതാക്കൾ

ഇന്ത്യയിൽ നിന്നുള്ള ടയർ കയറ്റുമതിയിൽ 12 ശതമാനം വർധന
രാജ്യത്തുനീളം റബർ കൃഷി വ്യാപിപ്പിക്കാൻ ടയർ നിർമാതാക്കൾ

കൊച്ചി: 2023-24 സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ ഇന്ത്യയിൽ നിന്നുള്ള ടയർ കയറ്റുമതി കുത്തനെ വർധിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 12% വർധനവാണ്‌ രേഖപ്പെടുത്തിയത്. വികസിത സമ്പദ്‌വ്യവസ്ഥകളിലെ മാന്ദ്യം, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ, പണപ്പെരുപ്പ സമ്മർദ്ദം എന്നിവ കഴിഞ്ഞ വർഷത്തിന്‍റെ ആദ്യ പകുതിയിൽ ടയർ കയറ്റുമതിയെ സാരമായി ബാധിച്ചിരുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നുള്ള മൊത്തം ടയർ കയറ്റുമതി 23073 കോടി രൂപയായിരുന്നു. ടയർ നിർമാണത്തിന് ആവശ്യമായ സ്വാഭാവിക റബർ ക്ഷാമം പരിഹരിക്കാൻ സർക്കാർ സഹായത്തോടെ റബർ കൃഷി വ്യാപകമാക്കുമെന്ന് ഓട്ടോമോട്ടീവ് ടയർ മാനുഫാക്‌ചറേഴ്‌സ് അസോസിയേഷൻ (ആത്മ) ചെയർമാൻ അർണബ് ബാനർജി പറഞ്ഞു.

വടക്ക് കിഴക്കൻ സംസ്‌ഥാനങ്ങളിലും ബംഗാളിലുമാണ് പഞ്ചവത്സര പദ്ധതി ഇപ്പോൾ നടപ്പാക്കുന്നത്. ലക്ഷ്യത്തിന്‍റെ മുപ്പത് ശതമാനം മാത്രമാണ് പൂർത്തിയായത്. കൂടുതൽ സംസ്‌ഥാനങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കും. 1100 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. രാജ്യത്തെ അഞ്ച് പ്രധാന ടയർ നിർമാതാക്കളാണ് ഇതിനായി മുൻകൈ എടുക്കുന്നത്. സെക്കൻഡ് ഹാൻഡ് ടയറുകളുടെ ഉപയോഗം വർധിക്കുന്നതായും ഇത് സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ കാലാവസ്‌ഥയും പരിസ്‌ഥിതിയും കണക്കിലെടുത്ത് സെക്കൻഡ് ഹാൻഡ് ടയർ ഉപയോഗം റോഡ് സുരക്ഷയ്ക്ക് കടുത്ത വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ട്രാക്റ്റർ ടയറുകളും ഓ ടി ആർ ടയറുകളും മുതൽ വിമാന ടയറുകൾ വരെ ഇന്ത്യയിലെ ടയർ കമ്പനികൾ നിർമിക്കുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലേക്കും ഇപ്പോൾ വ്യാപകമായി ഇവ കയറ്റുമതി ചെയ്യുന്നുണ്ട്.

ഏറെ വെല്ലുവിളികൾക്കിടയിലും രണ്ടാം പകുതിയിൽ ടയർ കയറ്റുമതിയിൽ ഉണ്ടായ ഉണർവ് ഇന്ത്യൻ ടയർ വ്യവസായമേഖലയ്ക്കും റബർ വ്യവസായത്തിനും ഗുണകരമാണെന്നും ആഗോളതലത്തിൽ സ്വീകാര്യതയുള്ള ഇന്ത്യൻ ടയർ നിർമ്മാതാക്കളുടെ ഗുണനിലവാരത്തിന്‍റെ തെളിവാണെന്നും അർണാബ് ബാനർജി പറഞ്ഞു.

ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികൾക്കിടയിലും ടയർ കയറ്റുമതി കഴിഞ്ഞ 4 വർഷത്തിനിടെ ഏകദേശം ഇരട്ടിയായി. 2020 സാമ്പത്തിക വർഷത്തിൽ 12844 കോടി രൂപയായിരുന്ന ടയർ കയറ്റുമതി 24 സാമ്പത്തിക വർഷത്തിൽ 23073 കോടി രൂപയിലെത്തി.

യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ പോലുള്ള വികസിത വിപണികളിൽ ഇന്ത്യൻ നിർമ്മിത ടയറുകൾക്ക് മികച്ച സ്വീകാര്യത കയറ്റുമതി വർധിക്കാൻ ഇടയാക്കിയെന്ന് ആത്മ ഡയറക്ടർ ജനറൽ രാജീവ് ബുധരാജ, ആത്മ സപ്ലൈ ചെയിൻ ആൻഡ് റിസോഴ്‌സസ് ഗ്രൂപ്പ് കൺവീനർ ആർ. രൂപേഷ് എന്നിവർ പറഞ്ഞു.

അടുത്ത 3-4 വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി ഗണ്യമായി വർധിപ്പിക്കാനും ആഗോള ടയർ വിപണിയിലെ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്താനുമുള്ള കഴിയുമെന്ന് ആത്മ ഭാരവാഹികൾ പറഞ്ഞു. പ്രകൃതിദത്ത റബ്ബർ ലഭ്യത ഉറപ്പാക്കിയാൽ ടയർ, റബ്ബർ വ്യവസായങ്ങൾക്ക് ഗുണകരമാകുമെന്നും ഇവർ ചൂണ്ടികാണിച്ചു.

രാജ്യത്തെ സ്വാഭാവിക റബർ ഉപഭോഗത്തിന്‍റെ 70 ശതമാനം ടയർ വ്യവസായമാണെന്നതിനാൽ കയറ്റുമതിയിലെ വളർച്ച റബ്ബർ കർഷകർ ഉൾപ്പെടെയുള്ള മുഴുവൻ റബ്ബർ മേഖലയ്ക്കും ഗുണപരമാകുമെന്ന് അർണബ് ബാനർജി ചൂണ്ടിക്കാട്ടി.

Trending

No stories found.

Latest News

No stories found.