അന്താരാഷ്ട്ര നിക്ഷേപക സംഗമം: യുഎഇ പ്രത്യേക സംഘത്തെ അയക്കും

യു എഇ നിക്ഷേപ വകുപ്പ് മന്ത്രി മുഹമ്മദ് ഹസൻ അൽ സുവൈദി, വ്യവസായ മന്ത്രി പി.രാജീവുമായി അബുദാബിയിൽ കൂടിക്കാഴ്ച നടത്തി
uae accept invest kerala global summit invitation, minister p rajiv met uae minister
കൊച്ചിയിൽ ഫെബ്രുവരിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലേക്കുള്ള ക്ഷണപത്രം വ്യവസായ മന്ത്രി പി. രാജീവ് യു.എ.ഇ. നിക്ഷേപ മന്ത്രി മുഹമ്മദ് ഹസ്സൻ അൽ സുവൈദിക്ക് നൽകുന്നു.
Updated on

അബുദാബി: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമ (ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്) ത്തിൽ പങ്കെടുക്കുന്നതിന് യുഎഇ പ്രത്യേക സംഘത്തെ അയക്കും. സംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണം യുഎഇ സ്വീകരിച്ചു. യു എഇ നിക്ഷേപ വകുപ്പ് മന്ത്രി മുഹമ്മദ് ഹസൻ അൽ സുവൈദി, വ്യവസായ മന്ത്രി പി.രാജീവുമായി അബുദാബിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും വ്യവസായ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. നിക്ഷേപക സംഗമത്തിന്‍റെ ഭാഗമായുള്ള ഇൻവെസ്റ്റർ മീറ്റിനും റോഡ് ഷോയ്ക്കും ദുബായിൽ തുടക്കമായി.

കേരളത്തിൽ ലോജിസ്റ്റിക്സ്, ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ കൂടുതൽ നിക്ഷേപത്തിന് താൽപര്യമുള്ളതായി യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ഹസൻ അൽ സുവൈദി പറഞ്ഞു. ഐ.കെ.ജി.എസിൽ പങ്കെടുക്കുന്ന പ്രത്യേക സംഘം ഇക്കാര്യങ്ങൾ വിലയിരുത്തും. അബുദാബി ചേംബർ ഓഫ് കോമേഴ്സും നിക്ഷേപക സംഗമത്തിന് പ്രത്യേക സംഘത്തെ അയക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവിനെ അറിയിച്ചു. ഐ.കെ.ജി.എസിന് മുൻപ് പ്രാഥമിക പരിശോധനകൾക്കായി ചേംബറിന്‍റെ ഉദ്യോഗസ്ഥ സംഘത്തെ കേരളത്തിലേക്ക് അയക്കും.

ലഭ്യമായ സ്ഥലങ്ങൾ പരിശോധിക്കുന്നതിനും നിക്ഷേപ മേഖലകൾ വിലയിരുത്തുന്നതിനുമാണ് ഉദ്യോഗസ്ഥ സംഘത്തെ അയക്കുന്നത്. ചേംബർ ഓഫ് കോമേഴ്സ് ചെയർമാനും ഡിപ്പാർട്ട്മെന്‍റ് ഓഫ് ഇക്കണോമിക് ഡവലപ്മെന്‍റ് തലവനുമായ അഹമ്മദ് ജാസിം, ഫസ്റ്റ് വൈസ് ചെയർമാൻ ഡോ. സഈദ് ബിൻ ഹർമാൽ അൽ ദഹേരി, സെക്കന്‍റ് വൈസ് ചെയർമാൻ ഡോ. ഷാമിസ് അലി ഖൽഫാൻ അൽ ദഹേരി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

രണ്ടു ദിവസത്തെ ദുബായ് ഇൻവെസ്റ്റർ മീറ്റിലും റോഡ് ഷോയിലുമായി പ്രമുഖ വ്യവസായികൾ, വാണിജ്യ സംഘടനാ ഭാരവാഹികൾ എന്നിവരുമായി കൂടിക്കാഴ്ചയും ചർച്ചകളും നടക്കും.

വ്യവസായ മന്ത്രി പി.രാജീവ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എ മുഹമ്മദ് ഹനീഷ്, കെ.എസ്.ഐഡി.സി എം.ഡി എസ് ഹരികിഷോർ, ഒ. എസ്.ഡി ആനി ജൂല തോമസ് തുടങ്ങിയവരും പരിപാടികളിൽ പങ്കെടുത്തു.

കൊച്ചിയിൽ ഫെബ്രുവരിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലേക്കുള്ള ക്ഷണപത്രം വ്യവസായ മന്ത്രി പി. രാജീവ് യു.എ.ഇ. നിക്ഷേപ മന്ത്രി മുഹമ്മദ് ഹസ്സൻ അൽ സുവൈദിക്ക് നൽകുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി. മാനേജിംഗ് ഡയറക്ടർ ഹരികിഷോർ, വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആനി ജൂല തോമസ് എന്നിവർ സമീപം

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com