

ഇനി യുഎഇ ഇല്ലാത്ത ഒപെക്.
Representative image
ന്യൂഡല്‍ഹി: പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയില്‍ (ഒപെക്) നിന്ന് യുഎഇ പിന്മാറിയത് ആഗോള എണ്ണ വ്യാപാരത്തിൽ പുതിയ സാധ്യതകള്‍ തുറക്കുന്നു. മേയ് 1 മുതലാണ് ഒപെക് സംഘടനയില്‍ നിന്ന് യുഎഇ പിന്മാറുന്നത്. അതിലൂടെ യുഎഇയ്ക്ക് അതിന്‍റെ പൂര്‍ണ ശേഷിയോടെ ക്രൂഡ് ഓയില്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ കഴിയും.
ഹോര്‍മുസ് കടലിടുക്കിനെ പൂര്‍ണമായും മറികടക്കുന്ന തന്ത്രപ്രധാനമായ ഫുജൈറ പൈപ്പ്ലൈന്‍ വഴി ഇന്ത്യയിലേക്കുള്ള ഊര്‍ജ കയറ്റുമതി വര്‍ധിപ്പിക്കാനുള്ള അവസരവും തുറന്നിരിക്കുകയാണ്.
യുഎഇയുടെ എണ്ണപ്പാടങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കാന്‍ കഴിയുമെങ്കിലും വര്‍ഷങ്ങളായി ഒപെക് യുഎഇയുടെ ഉത്പാദനം പ്രതിദിനം 3.4 ദശലക്ഷം ബാരലായി പരിമിതപ്പെടുത്തിയിരുന്നു.
ഒപെക് അംഗത്വത്തില്‍ നിന്ന് പിന്മാറുന്നതോടെ യുഎഇയുടെ എണ്ണ ഉത്പാദനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് ഇന്ത്യയ്ക്ക് സന്തോഷവാര്‍ത്തയാണ്. കാരണം ഇന്ത്യയ്ക്ക് യുഎഇയില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യാനാകും. വലിയ തോതിലുള്ള ഇറക്കുമതി ആയതിനാൽ താരതമ്യേന കുറഞ്ഞ വിലയ്ക്ക് കിട്ടാനുള്ള സാധ്യതയും നിലനിൽക്കുന്നു.
ഊര്‍ജം, വ്യാപാരം, സുരക്ഷ എന്നിവയില്‍ അധിഷ്ഠിതമായ ആഴത്തിലുള്ള തന്ത്രപരമായ ബന്ധങ്ങള്‍ പങ്കിടുന്ന രണ്ട് രാജ്യങ്ങള്‍ കൂടിയാണ് ഇന്ത്യയും യുഎഇയും. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വിതരണം ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് നിലവില്‍ യുഎഇ.
ഫെബ്രുവരി 28ന് ഇറാനെതിരേ യുഎസും ഇസ്രയേലും ആക്രമണം ആരംഭിച്ചതിനു ശേഷം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കം തടസപ്പെട്ടതോടെ ഫുജൈറ പൈപ്പ്ലൈന്‍ വഴി യുഎഇയില്‍ നിന്ന് ഇന്ധനം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് പുനക്രമീകരണങ്ങള്‍ നടത്തി വരികയാണ്.
2025 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യ ഇറക്കുമതി ചെയ്ത മൊത്തം അസംസ്‌കൃത എണ്ണയില്‍ യുഎഇയുടെ വിഹിതം 11.1 ശതമാനമായിരുന്നു. 2024ല്‍ ഇതേ കാലയളവില്‍ ഇത് 9.4 ശതമാനമായിരുന്നു.
സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ളതാണ് ഒപെക്. അംഗങ്ങള്‍ എത്ര അളവില്‍ എണ്ണ ഉത്പാദിപ്പിക്കണമെന്നു പരിധി നിശ്ചയിക്കുന്നത് ഒപെക്കാണ്. വലിയ തോതില്‍ എണ്ണ ഉത്പാദിപ്പിക്കാന്‍ അംഗരാജ്യങ്ങള്‍ക്കു സാധിക്കുമെങ്കിലും എണ്ണയ്ക്ക് ഡിമാന്‍ഡ് നിലനില്‍ക്കാനും വില സ്ഥിരത ഉറപ്പാക്കാനും പരിമിത തോതില്‍ എണ്ണ ഉത്പാദിപ്പിച്ചാല്‍ മതിയെന്ന് ഒപെക് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
എന്നാല്‍ യുഎഇയ്ക്ക് എണ്ണ ഉത്പാദിപ്പിക്കാന്‍ ഒപെക് അനുവദിച്ചിരിക്കുന്ന ക്വാട്ട വളരെ കുറവാണെന്ന അഭിപ്രായമാണ് യുഎഇക്കുള്ളത്. യുഎഇ നിലവില്‍ പ്രതിദിനം ഏകദേശം 3.2 മുതല്‍ 3.6 ദശലക്ഷം (32-36 ലക്ഷം) ബാരല്‍ വരെ നിശ്ചിത ക്വാട്ടയ്ക്ക് കീഴില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. 2027ഓടെ 50 ലക്ഷം ബാരലായി ഉയര്‍ത്താനാണ് യുഎഇ ലക്ഷ്യമിടുന്നത്.