ഇന്ത്യ-യുഎസ് വ്യാപാര കരാർ; ആദ്യ ഘട്ടത്തിന് അന്തിമരൂപമായി

ഇന്ത്യയും അമെരിക്കയും വൈകാതെ ഒരു വ്യാപാര കരാറിലെത്തുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ
Union Minister of Commerce and Industry Piyush Goyal

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍

Updated on: 

ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാറിന്‍റെ ആദ്യ ഘട്ടത്തിന് അന്തിമ രൂപമായെന്നും കരാറിന്‍റെ നിയമപരമായ കരട് തയാറാക്കലും, പരിശോധനയും നടന്നുവരികയാണെന്നും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. ഡല്‍ഹിയില്‍ ശ്രീ റാം കോളേജ് ഒഫ് കൊമേഴ്സിന്‍റെ ശതാബ്ദി സമ്മേളനത്തിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയ്ക്ക് അനുകൂലമായ സാഹചര്യം കൈവന്നാല്‍ ഈ കരാര്‍ ഉടന്‍ തന്നെ നടപ്പിലാക്കാന്‍ കഴിയുമെന്നും ഗോയല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

അമെരിക്കയുമായുള്ള വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നു കേന്ദ്രവാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പറഞ്ഞു. അമെരിക്കയിലെ മൊത്തത്തിലുള്ള താരിഫ് ഘടന ഔദ്യോഗികമായി തീരുമാനിക്കപ്പെടുമ്പോള്‍ തന്നെ ഈ വ്യാപാര കരാറിലും ഒപ്പുവയ്‌ക്കേണ്ടതുണ്ടെന്ന് അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു. അമെരിക്കയില്‍ താരിഫ് ഘടന ക്രമീകരിക്കുന്നതിനുള്ള നടപടികള്‍ സമാന്തരമായി നടക്കുന്നുണ്ട്. സെക്ഷന്‍ 301-ന് കീഴിലുള്ള ചില തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍, ഇരുപക്ഷത്തിനും സമ്മതമായ ഒരു സമയത്ത് കരാറില്‍ ഒപ്പുവയ്ക്കുന്നതിലേക്ക് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന 'ബ്ലൂംബെര്‍ഗ് ന്യൂ ഇക്കോണമി ഫോറ'ത്തില്‍ സംസാരിക്കവെ, വ്യാപാര ചര്‍ച്ചകള്‍ അന്തിമമാക്കുന്നതിലേക്ക് അടുക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞിരുന്നു. അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്‍റെ അടിസ്ഥാന തത്വങ്ങളില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

US Ambassador to India Sergio Gore

ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ

ചർച്ചകൾ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും, ഇന്ത്യയും അമെരിക്കയും വൈകാതെ ഒരു വ്യാപാര കരാറിലെത്തുമെന്നും ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ പറഞ്ഞു.

ഇന്ത്യ-യുഎസ് വ്യാപാര കരാറിന്‍റെ ആദ്യ ഘട്ടത്തിനായുള്ള ചട്ടക്കൂട് ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, യുഎസിലെ തീരുവ ഘടനയിലുണ്ടായ മാറ്റങ്ങളെ തുടര്‍ന്ന് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമായി വന്നു. യുഎസ് വിപണിയില്‍ തങ്ങളുടെ എതിരാളികള്‍ക്ക് നല്‍കിയിട്ടുള്ളതിനേക്കാള്‍ അനുകൂലമായ തീരുവ നിരക്കുകള്‍ ലഭിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഉയര്‍ന്ന തീരുവകള്‍ നിലനില്‍ക്കെത്തന്നെ, 2025-26 സാമ്പത്തിക വര്‍ഷത്തില്‍ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 0.92% വര്‍ധിച്ച് 87.3 ബില്യണ്‍ യുഎസ് ഡോളറിലെത്തി. അതേസമയം, ഇറക്കുമതി 15.95% വര്‍ധിച്ച് 52.9 ബില്യണ്‍ യുഎസ് ഡോളറുമായി.

logo
Metro Vaartha
www.metrovaartha.com