ഇനിയുണ്ടാകില്ല സ്വകാര്യവത്കരണം

കഴിഞ്ഞവര്‍ഷം കനത്ത നഷ്ടത്തിലായിരുന്ന എയര്‍ ഇന്ത്യ ഒഴികെ ഒരു കമ്പനി പോലും സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞില്ല.
ഇനിയുണ്ടാകില്ല സ്വകാര്യവത്കരണം
Updated on

ബിസിനസ് ലേഖകൻ

കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണ നടപടികളില്‍ മെല്ലെപ്പോക്കിന് കേന്ദ്ര ധനമന്ത്രാലയം ഒരുങ്ങുന്നു. ഈ മാസം 23ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ മരവിപ്പിക്കാന്‍ സാധ്യതയേറുന്നു. 200ലധികം കേന്ദ്ര പൊതുമേഖലാ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിച്ച് അഞ്ച് ലക്ഷം കോടി രൂപ സമാഹരിക്കുമെന്നാണ് മൂന്ന് വര്‍ഷം മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.‌ പൊതുമേഖലാ കമ്പനികളുടെ സ്വകാര്യവത്കരണത്തിന് പകരം ഇവരുടെ കൈവശമുള്ള ഭൂമിയും മറ്റ് ആസ്തികളും വിറ്റഴിച്ച് പരമാവധി പണം സമാഹരിക്കാനുള്ള തന്ത്രങ്ങളാണ് നിര്‍മല സീതാരാമന്‍ ആലോചിക്കുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ബിഎസ്എന്‍എല്‍ ഉള്‍പ്പെടെ ലിസ്റ്റ് ചെയ്യാത്ത പൊതുമേഖലാ കമ്പനികളുടെയും മറ്റ് ലിസ്റ്റഡ് കമ്പനികളുടെയും ഭൂമി വിറ്റഴിച്ച് പരമാവധി തുക കണ്ടെത്താനാണ് ശ്രമം. ഇതിലൂടെ രണ്ട് ലക്ഷം കോടി രൂപ സമാഹരിച്ച് കമ്പനികളില്‍ വീണ്ടും നിക്ഷേപിച്ച് അഞ്ച് വര്‍ഷത്തേക്ക് ഉത്പാദന, പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ നിശ്ചയിച്ച് നല്‍കും. നഷ്ടത്തിലുള്ള സ്ഥാപനങ്ങള്‍ പൂട്ടുന്നതിനും ബിപിസിഎല്‍ ഉള്‍പ്പെടെയുള്ള വിവിധ കമ്പനികളെ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുമാണ് മൂന്ന് വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിരുന്നത്.

രണ്ട് പൊതുമേഖലാ ബാങ്കുകളും ഒരു ഇന്‍ഷ്വറന്‍സ് കമ്പനിയും ഉള്‍പ്പെടെ മുപ്പതിലധികം സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ചെങ്കിലും പ്രതികൂല വിപണി സാഹചര്യങ്ങള്‍ തടസമായി. കഴിഞ്ഞവര്‍ഷം കനത്ത നഷ്ടത്തിലായിരുന്ന എയര്‍ ഇന്ത്യ ഒഴികെ ഒരു കമ്പനി പോലും സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞില്ല.

പൊതുമേഖലയുടെ മൂല്യമാകട്ടെ ദിനംപ്രതി കൂടുകയാണ്. ഒരു വര്‍ഷത്തിനിടെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത പൊതുമേഖലാ കമ്പനികളുടെ വിപണി മൂല്യത്തില്‍ 100 ശതമാനത്തിലധികം വർധനയാണുണ്ടായത്. കമ്പനികളെല്ലാം മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതോടെ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ കമ്പനികളില്‍ നിന്നുള്ള ലാഭ വിഹിതത്തില്‍ വന്‍ വർധനയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com