
യുപിഐ ആപ്പുകൾ പണിമുടക്കി; സേവന തടസം നേരിടുന്നത് ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ
ന്യൂഡൽഹി: യുപിഐ സേവനങ്ങളിൽ തകരാർ നേരിടുന്നതായി റിപ്പോർട്ട്. ശനിയാഴ്ച 11 മണി മുതൽ യുപിഐ വഴി പണമടയ്ക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായതായി ആയിരക്കണക്കിന് ഉപഭോക്താക്കളാണ് പരാതിപ്പെട്ടിരിക്കുന്നത്. ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം, മറ്റ് ബാങ്ക് ആപ്പുകൾ എന്നിവയിലാണ് തടസം നേരിട്ടിരിക്കുന്നത്. എസ്ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്സി , ഗൂഗിൾ പേ എന്നിവയിൽ തകരാർ ഉണ്ടായതാതായി ഡൗൺഡിറ്റക്റ്റേഴ്സ് ഡേറ്റ വ്യക്തമാക്കുന്നു.
സാങ്കേതിക തകരാർ മൂലമുണ്ടായ പ്രശ്നം പരിഹരിക്കുന്നതിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടായതിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ടും നാഷണൽ പേയ്മെന്‍റ് കോർപ്പറേഷൻ ഒഫ് ഇന്ത്യ എക്സിൽ പോസ്റ്റ് പങ്കു വച്ചു.
മൂന്ന് ആഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് യുപിഐ ഇടപാടുകളിൽ തടസ്സം നേരിടുന്നത്. മാർച്ച് 26, ഏപ്രിൽ 2 തിയതികളിൽ സമാനമായ പ്രശ്നം റിപ്പോർട്ട് ചെയ്തിരുന്നു. യുപിഐ പേയ്മെന്‍റിൽ തകരാർ ഉണ്ടായതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇതു സംബന്ധിച്ച പരാതികളും അന്വേഷണങ്ങളും മീമുകളും ട്രോളുകളും നിറയുകയാണ്.