വിപണി കരടിവലയത്തില്‍

ബിഎസ്ഇ സൂചിക 1476 പോയിന്‍റും എന്‍എസ്ഇ 470 പോയിന്‍റും കുറഞ്ഞു.
വിപണി കരടിവലയത്തില്‍

നാലാഴ്ച്ച നീണ്ട ബുള്‍ റാലിക്ക് ഒടുവില്‍ വിപണി കരടിവലയത്തില്‍. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ മുന്‍നിര ഓഹരികളില്‍ ലാഭമെടുപ്പിന് ഉത്സാഹിച്ചത് സൂചികളില്‍ രണ്ട് ശതമാനം ഇടിവ് ഉളവാക്കി. ബിഎസ്ഇ സൂചിക 1476 പോയിന്‍റും എന്‍എസ്ഇ 470 പോയിന്‍റും കുറഞ്ഞു. വിപണി സാങ്കേതികമായി ഓവര്‍ ബ്രോട്ടായത് ഓപ്പറേറ്റര്‍മാരെ ലാഭമെടുപ്പിനു പ്രേരിപ്പിച്ചത് തളര്‍ച്ച രൂക്ഷമാക്കി. നിഫ്റ്റി റിയാലിറ്റി സൂചിക 9.4 ശതമാനവും മീഡിയ ഇന്‍ഡക്സ് 8.3 ശതമാനവും പിഎസ്‌യു ബാങ്ക് സൂചിക എട്ട് ശതമാനവും മെറ്റല്‍ ഇന്‍ഡക്സ് 6.8 ശതമാനവും ഇടിഞ്ഞു. മുന്‍നിര ഓഹരിയായ എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടേഴ്സ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ് ബാങ്ക്, ആക്സിസ് ബാങ്ക്, എം ആൻഡ് എം, സണ്‍ ഫാര്‍മ, എല്‍ ആൻഡ് ടി, ആര്‍ഐഎല്‍ തുടങ്ങിയവ്ക്ക് തളര്‍ച്ച. അതേസമയം നിക്ഷേപകര്‍ കാണിച്ച താത്പര്യത്തില്‍ എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്‌യുഎല്‍, ഇന്‍ഫോസിസ്, ടിസിഎസ്, ഐടിസി, വിപ്രോ തുടങ്ങിയ ഓഹരി വിലകള്‍ ഉയര്‍ന്നു.

ബോംബെ സെന്‍സെക്സ് വാരാരംഭം മുതല്‍ തളര്‍ച്ചയിലായിരുന്നു. സൂചിക 74,111ല്‍ നിന്നും റെക്കോ‌ഡായ 74,245ലേക്ക് മുന്നേറുമെന്ന് നിക്ഷേപകര്‍ ഓപ്പണിങ് വേളയില്‍ വിലയിരുത്തിയെങ്കിലും വിദേശ ഇടപാടുകാരില്‍ നിന്നും മുന്‍നിര ഓഹരികളില്‍ അനുഭവപ്പെട്ട വില്‍പ്പന സമ്മര്‍ദത്തില്‍ സൂചിക 72,484ലേക്ക് ഇടിഞ്ഞ ശേഷം മാര്‍ക്കറ്റ് ക്ലോസിങ്ങില്‍ 72,643 പോയിന്‍റിലാണ്.

നിഫ്റ്റി 22,494 നിന്നും കാര്യമായി മുന്നേറാന്‍ അവസരം ലഭിക്കാഞ്ഞതിനിടയില്‍ ഫണ്ടുകള്‍ വില്‍പ്പനക്കാരായി ഇറങ്ങിയതോടെ സൂചിക 22,000ലെ താങ്ങ് തകര്‍ത്ത് 21,905ലേക്ക് താഴ്ന്ന ശേഷം വ്യാപാരാന്ത്യം 22,023 പോയിന്‍റിലാണ്. ഈ വാരം വിപണിക്ക് 21,786-21,550ല്‍ താങ്ങും 23,380-23,525 റേഞ്ചില്‍ പ്രതിരോധവുമുണ്ട്. ഇന്‍ഡിക്കേറ്ററുകള്‍ ഓവര്‍ സോള്‍ഡ് മേഖലയിലേക്ക് നീങ്ങിയത് കൂടുതല്‍ വില്‍പ്പനകളില്‍ നിന്നും ഇടപാടുകാരെ പിന്നാക്കം വലിക്കാന്‍ ഇടയുണ്ട്. ജനുവരി അവസാനം ട്രെൻഡ് ലൈന്‍ സപ്പോര്‍ട്ടായ 22,236ല്‍ ഉടലെടുത്ത ബുള്‍ റാലിയാണ് റെക്കോഡായ 22,525 വരെ നിഫ്റ്റിയെ ഉയര്‍ത്തിയത്. ഇതിന് ശേഷമാണ് വിപണി തിരുത്തലിലേക്ക് പ്രവേശിച്ചത്.

നിഫ്റ്റി ഫ്യൂച്ചറില്‍ മാര്‍ച്ച് ആദ്യവാരം 141.9 ലക്ഷം കരാറായിരുന്ന ഓപ്പണ്‍ ഇന്‍ററസ്റ്റ് തൊട്ട് മുന്‍വാരം154.8 ലക്ഷമായിരുന്നു. എന്നാല്‍ നിലവില്‍ ഓപ്പണ്‍ ഇന്‍ററസ്റ്റ് 161.4 ലക്ഷം കരാറിലെത്തി. വിപണിക്ക് തിരിച്ചടി നേരിട്ടതിനിടയിലെ ഈ വർധന വിരൽചൂണ്ടുന്നത് പുതിയ വില്‍പ്പനക്കാരിലേക്കാണ്. വാരാന്ത്യം നിഫ്റ്റി ഫ്യൂച്വര്‍ 22,120 പോയിന്‍റിലാണ്.

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ പിന്നിട്ടവാരം 3.5 ബില്യണ്‍ ഡോളര്‍ ഇറക്കി. ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് ഇത്ര ഉയര്‍ന്ന പ്രതിവാര നിക്ഷേപം. ഇതോടെ മാര്‍ച്ചിലെ അവരുടെ മൊത്തം നിക്ഷേപം 4.92 ബില്യണ്‍ ഡോളറായി.

വിനിമയ വിപണിയില്‍ രൂപ 82.72ല്‍ നിന്നും 82.65ലേക്ക് മികവ് കാണിച്ചശേഷം വാരാന്ത്യം 82.89ലാണ്. വിദേശ ഫണ്ടുകള്‍ ഓഹരിയില്‍ നിന്നുള്ള പണം ഡോളറാക്കാന്‍ കാണിച്ച ഉത്സാഹം രൂപയെ സമ്മര്‍ദത്തിലാക്കി. ഈ വാരം ഡോളറിന് ഡിമാൻഡ് ഉയര്‍ന്നാല്‍ രൂപ 83.09ലേക്ക് ദുര്‍ബലമാകാം.

രാജ്യാന്തര ക്രൂഡ് ഓയില്‍ വില വീണ്ടും ഉയര്‍ന്ന് തുടങ്ങി. വാരാവസാനം എണ്ണവില ബാരലിന് 84.34 ഡോളറിലാണ്. വിപണി 88 ഡോളറിലെ പ്രതിരോധം ലക്ഷ്യമാക്കി നീങ്ങുകയാണ്. പുതിയ സാഹചര്യത്തില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് ഉയരുന്നത് രൂപയ്ക്ക് മേല്‍ സമ്മര്‍ദമുളവാക്കിയാല്‍ മൂല്യം 83.36ലേക്കും നീങ്ങാം.

ന്യൂയോര്‍ക്കില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 2200 ഡോളറിലേക്ക് ഉയരാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ 2195 ഡോളറില്‍ വിപണിക്ക് തിരിച്ചടി നേരിട്ടു. ഉയര്‍ന്ന തലത്തിലെ ലാഭമെടുപ്പില്‍ 2152 ഡോളറിലേക്ക് ഇടിഞ്ഞ സ്വര്‍ണം വാരാന്ത്യം 2155 ഡോളറിലാണ്.

പണപ്പെരുപ്പം ഉയര്‍ന്ന തലത്തില്‍ സഞ്ചരിക്കുന്നതിനാല്‍ പ്രമുഖ കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് സംബന്ധിച്ച് ആലോചനയ്ക്ക് ഈ വാരം യോഗം ചേരും. യുഎസ് ഫെഡറല്‍ റിസര്‍വില്‍ നിന്നുള്ള വിലയിരുത്തലുകള്‍ക്ക് വിപണി കാതോര്‍ക്കുന്നു. ബാങ്ക് ഒഫ് ഇംഗ്ലണ്ട്, ബാങ്ക് ഒഫ് ജപ്പാൻ എന്നിവ ഈ വാരം ഒത്തുചേരും.

Trending

No stories found.

Latest News

No stories found.