ഒരു ലക്ഷം ഇന്ത്യക്കാർക്ക് ഇസ്രയേലിൽ ജോലി സാധ്യത

വിവിധ മേഖലകളിൽ തൊഴിലാളിക്ഷാമം രൂക്ഷം, പലസ്തീനികൾക്ക് ഇനി വർക്ക് പെർമിറ്റ് ഇല്ല
Representative image of an ongoing construction work.
Representative image of an ongoing construction work.

ജറുസലേം: പതിനായിരക്കണക്കിന് പലസ്തീൻ തൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റുകൾ ഇസ്രയേൽ റദ്ദാക്കിയ സാഹചര്യത്തിൽ, ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളെ പകരമായി നിയമിക്കണമെന്ന് രാജ്യത്തെ വ്യവസായ - നിർമാണ മേഖലകൾ ആവശ്യമുയർത്തുന്നു. ഇക്കാര്യത്തിൽ ഇന്ത്യൻ ഏജൻസികളുമായി തങ്ങൾ നടത്തുന്ന കൂടിയാലോചനകൾക്ക് അടിയന്തര തീരുമാനം വേണമെന്ന് ഈ രംഗത്തെ വിവിധ ഇസ്രയേലി സംഘനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇന്ത്യയിൽ നിന്ന് ഒരു ലക്ഷം തൊഴിലാളികളെ വരെ നിയമിക്കാൻ അനുവദിക്കണമെന്നാണ് ഇസ്രയേലി ബിൽഡേഴ്‌സ് അസോസിയേഷൻ സർക്കാരിനോട് അഭ്യർഥിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 7ന് സംഘർഷം ആരംഭിച്ചതിനു പിന്നാലെ ഏകദേശം 90,000 പലസ്തീനികളുടെ വർക്ക് പെർമിറ്റ് നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഈ ആവശ്യം.

വെസ്റ്റ് ബാങ്കിൽ നിന്നും ഗാസയിൽ നിന്നുമായി ഏകദേശം 1,40,000 പലസ്തീനികൾ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഇസ്രയേലിൽ രേഖകളോടെയും അല്ലാതെയും ജോലി ചെയ്തിരുന്നുവെന്ന് സാമ്പത്തിക വിദഗ്ധനും പലസ്തീൻ അഥോറിറ്റിയിലെ മുൻ മന്ത്രിയുമായ സമീർ ഹുലൈലെ പറഞ്ഞു. ഇവരിൽ 10 ശതമാനം പേർ ഗാസയിൽ നിന്നുള്ളവരായിരുന്നു. യുദ്ധത്തിന്‍റെ പശ്ചാത്തലയിൽ രാജ്യം വിട്ടവരടക്കമുള്ള പലസ്തീനികൾക്ക് ഇനി ജോലി നൽകേണ്ടെന്നാണ് ഇസ്രയേലിന്‍റെ അനൗദ്യോഗിക തീരുമാനമെന്നാണു സൂചന. ചൈനീസ് തൊഴിലാളികളെ ഉപയോഗിച്ചാണ് ഇപ്പോൾ പല മേഖലകളും പ്രവർത്തിക്കുന്നത്.

"ഇപ്പോൾ ഞങ്ങൾ ഇന്ത്യയുമായി ചർച്ച നടത്തുകയാണ്. അത് അംഗീകരിക്കുന്ന ഇസ്രയേൽ ഗവൺമെന്‍റിന്‍റെ തീരുമാനത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. എല്ലാ മേഖലകളും പ്രവർത്തിപ്പിക്കാനും സാധാരണ നിലയിലേക്കു കൊണ്ടുവരാനും ഇന്ത്യയിൽ നിന്ന് കുറഞ്ഞത് 50,000 മുതൽ 1,00,000 വരെ തൊഴിലാളികളെ ഉൾപ്പെടുത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു''- ഇസ്രയേലി ബിൽഡേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്‍റ് ഹൈം ഫീഗ്ലിൻ പറഞ്ഞു.

യുദ്ധം രൂക്ഷമായിരിക്കെ, നിർണായക മേഖലകളിൽ ജോലി ചെയ്തുവന്നിരുന്ന പലസ്തീൻ തൊഴിലാളികളുടെ അഭാവം ഉയർത്തുന്ന അടിയന്തര വെല്ലുവിളികൾ നേരിടാനാണ് വിദഗ്ധരും അവിദഗ്ധരുമായ ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങൾ. നിർമാണ വ്യവസായത്തിലെ വിവിധ മേഖലകൾക്ക് തൊഴിലാളികളെ വൻതോതിൽ കൂടിയേ തീരൂ. പലസ്തീനികൾക്കുള്ള വർക്ക് പെർമിറ്റുകൾ പെട്ടെന്ന് പിൻവലിക്കുന്നത് നിലവിലുള്ള വൻകിട പ്രോജക്റ്റുകളും പ്രവർത്തനങ്ങളും പ്രതിസന്ധിയിലാക്കും. ഈ സാഹചര്യത്തിൽ വിദേശ ജോലിക്കാരെ അടിയന്തരമായി ആവശ്യമുണ്ട്- സംഘടനാ വക്താക്കൾ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com