ഏതു നിമിഷവും വിസ റദ്ദാക്കാം; ക്യാനഡയിൽ പുതിയ വിസ നിയമങ്ങൾ, ആശങ്കയിൽ ഇന്ത്യൻ വിദ്യാർഥികൾ

ഫെബ്രുവരി തുടക്കം മുതലേയാണ് പുതിയ നിയമങ്ങൾ കാനഡയിൽ പ്രാബല്യത്തിൽ വന്നത്.
canada's new immigration rules makes Indian students panic
ഏതു നിമിഷവും വിസ റദ്ദാക്കാം; കാനഡയിൽ പുതിയ വിസാ നിയമങ്ങൾ, ആശങ്കയിൽ ഇന്ത്യൻ വിദ്യാർഥികൾ
Updated on

ഒട്ടാവ: കുടിയേറ്റം നിയന്ത്രിക്കുന്നതിനായുള്ള കാനഡയുടെ നീക്കം ഇന്ത്യക്കാർ അടക്കമുള്ള വിദേശ വിദ്യാർഥികളെ ആശങ്കയിലാഴ്ത്തുന്നു. ഫെബ്രുവരി തുടക്കം മുതലേയാണ് പുതിയ നിയമങ്ങൾ കാനഡയിൽ പ്രാബല്യത്തിൽ വന്നത്. പുതിയ ഇമിഗ്രേഷൻ ആൻഡ് റഫ്യൂജീ പ്രൊട്ടക്ഷൻ റെഗുലേഷൻസ് നിയമമാണ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഇതു പ്രകാരം വിദ്യാർഥികൾ, തൊഴിലാളികൾ എന്നിവർ അടക്കമുള്ള കുടിയേറ്റക്കാരുടെ വിസ സ്റ്റാറ്റസിൽ സാഹചര്യത്തിന് അനുസൃതമായി എന്തു മാറ്റം വരുത്താനും കനേഡിയൻ അതിർത്തിയിലുള്ള ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്.

അതു മാത്രമല്ല ഇലക്‌ട്രോണിക് ട്രാവൽ ഓഥറൈസേഷൻ അല്ലെങ്കിൽ ഇടിഎ മുതലായ താത്കാലിക താമസ രേഖകളോ, താത്കാലിക റെസിഡന്‍റ് വിസകളോ വർക് പെർമിറ്റ്, സ്റ്റുഡന്‍റ് വിസകളോ നിരസിക്കാനും ബോർഡറിലെ അധികൃതർക്ക് അധികാരമുണ്ട്. അതായത് കാനഡയിൽ താമസിക്കുന്ന കുടിയേറ്റക്കാരന്‍റെ പെർമിറ്റ് റദ്ദാക്കാനും രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാനും അതിർത്തിയിലെ അധികൃതർക്ക് കുറച്ചു കൂടി എളുപ്പത്തിൽ സാധിക്കും. ഏതു വിധത്തിലുള്ള വ്യക്തികൾ രാജ്യത്ത് തുടരണമെന്നത് പൂർണമായും ഓഫിസറുടെ അധികാരപരിധിയിൽ പെടും.

ഏതെങ്കിലും വിദ്യാർഥികളുടെയോ തൊഴിലാളികളുടെയോ വിസ നിരസിക്കുകയാണെങ്കിൽ അവരെ കാനഡയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാതെ സ്വന്തം രാജ്യത്തേക്ക് തന്നെ തിരിച്ചയക്കും. കാനഡയിൽ താമസിക്കുകയോ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്നവരുടെ പെർമിറ്റ് ആണ് റദ്ദാക്കുന്നതെങ്കിൽ ഒരു നിശ്ചിത കാലഘട്ടത്തിനുള്ളിൽ രാജ്യം വിടാനാണ് നിർദേശിക്കുക.

വല്ലാത്തൊരു അനിശ്ചിതാവസ്ഥയിലേക്കാണ് ഈ നിയമം വിദേശ വിദ്യാർഥികളെ എടുത്തെറിഞ്ഞിരിക്കുന്നത്. ഇന്ത്യൻ വിദ്യാർഥികളുടെ എക്കാലത്തെയും സ്വപ്നമാണ് കാനഡ. വിദ്യാർഥികൾക്കു പുറമേ തൊഴിലാളികളും ആശ്രിതരും അടക്കം ഏതാണ്ട് 4.2 ലക്ഷം ഇന്ത്യക്കാർ കാനഡയിൽ ഉണ്ട്. കുടിയേറ്റക്കാർക്ക് പുറമേ ഇന്ത്യൻ വിനോദസഞ്ചാരികളുടെയും കുത്തൊഴുക്കാണ് കാനഡയിലേക്ക്. 2024ലെ ആദ്യ ആറു മാസത്തിനിടെ 3.6 ലക്ഷം ഇന്ത്യക്കാർക്കാണ് കാനഡ ട്രാവൽ വിസ അനുവദിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com