''രാജ്യം വിടുക, അല്ലെങ്കിൽ ജോലി വിടുക'': ഒന്നര ലക്ഷം ജീവനക്കാരുള്ള സ്ഥാപനം വിസ സ്പോൺസർഷിപ്പ് നിർത്തി

ഐബിഎം കൺസൾട്ടിങ് വിഭാഗത്തിലെ എച്ച്-1ബി, ഗ്രീൻ കാർഡ് പ്രതീക്ഷകൾക്കു തിരിച്ചടി; ഇന്ത്യയിൽ 1,125 ഒഴിവുകൾ
IBM Ends Visa Sponsorship

ജോലി തുടരേണ്ടവർ മറ്റേതെങ്കിലും രാജ്യത്തേക്കു പോകേണ്ടു വരും.

drazen_zigic
Updated on: 

മൂന്ന് ആഴ്ച സമയമുണ്ട് തീരുമാനിക്കാൻ: രാജ്യം വിടണോ, അതോ ജോലി വിടണോ? അമെരിക്കയിൽ ഐബിഎമ്മിന്‍റെ കൺസൾട്ടിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന വിദേശ ജീവനക്കാർക്കു മുന്നിലാണ് ഈ ഓപ്ഷൻ വച്ചിരിക്കുന്നത്. ഭൂരിഭാഗം ജോലികൾക്കും യുഎസ് വർക്ക് വിസയും ഗ്രീൻ കാർഡും സ്പോൺസർ ചെയ്യുന്നത് അവസാനിപ്പിക്കാൻ ടെക് ഭീമൻ തീരുമാനിച്ചതോടെ അമെരിക്കൻ ടെക്നോളജി മേഖലയിലെ ഒട്ടേറെ ഇന്ത്യൻ പ്രഫഷണലുകൾ അനിശ്ചിതത്വത്തിലാകും.

ഈ തീരുമാനം നേരിട്ടു ബാധിക്കുന്ന ജീവനക്കാർക്ക് മറ്റൊരു രാജ്യത്ത് ജോലി ഇതേ കമ്പനിയിൽ ജോലി സ്വീകരിക്കാം. അല്ലെങ്കിൽ 2026 ഡിസംബർ 31നകം കമ്പനി വിടണം.

ഐബിഎമ്മിന്‍റെ ഏറ്റവും വലിയ ബിസിനസ് വിഭാഗമായ ഐബിഎം കൺസൾട്ടിങ്ങിനാണു തീരുമാനം ബാധകം. ലോകമെങ്ങുമായി ഒന്നര ലക്ഷത്തിലേറെ പേർ ഇവിടെ ജോലി ചെയ്യുന്നു. എത്ര പേരെ ബാധിക്കുമെന്നോ ഇവരിൽ എത്ര പേർ അമെരിക്കയിലുണ്ടെന്നോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

എച്ച്-1ബി വിസയിലുള്ളവർക്കും ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നവർക്കുമാണ് ഏറ്റവും വലിയ ആഘാതം. വിദഗ്ധ ജോലികൾക്കായി വിദേശ പ്രഫഷണലുകളെ നിയമിക്കാൻ അമെരിക്കൻ കമ്പനികളെ അനുവദിക്കുന്ന വിസയാണ് എച്ച്-1ബി. സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡ് അപേക്ഷയ്ക്കും പല വിദേശ പ്രഫഷണലുകളും തൊഴിലുടമയെയാണു ആശ്രയിക്കുന്നത്.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം തീരുമാനമെടുക്കാൻ ജീവനക്കാർക്കു മൂന്ന് ആഴ്ച സമയമുണ്ട്. വിദേശത്തെ ജോലി സ്വീകരിക്കാത്തവർക്ക് പിരിച്ചുവിടൽ ആനുകൂല്യമായി മൂന്നു മാസത്തെ ശമ്പളം ലഭിക്കും. ഡിസംബർ 31 ആയിരിക്കും അവസാന പ്രവൃത്തിദിനം.

മാറിയ ബിസിനസ് ആവശ്യങ്ങളും വൈദഗ്ധ്യമുള്ളവരുടെ ലഭ്യതയുമാണ് ഇങ്ങനെയൊരു നടപടിക്കു കാരണമെന്നാണ് ഐബിഎമ്മിന്‍റെ വിശദീകരണം. അതേസമയം, എല്ലാ ബിസിനസ് വിഭാഗങ്ങളിലെയും വിസ സ്പോൺസർഷിപ്പ് അവസാനിപ്പിച്ചതായി കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ഐബിഎം കൺസൾട്ടിങ്ങിലെ ഭൂരിഭാഗം തസ്തികകൾക്കാണു തീരുമാനം ബാധകം.

കൺസൾട്ടിങ് ബിസിനസിന്‍റെ വളർച്ചയും ഒതുങ്ങി നിൽക്കുകയാണ്. 2024 മുതൽ പ്രകടനം ഏറെക്കുറെ മാറ്റമില്ലാതെ തുടരുന്നു. റെഡ് ഹാറ്റ്, ഹാഷികോർപ്, കൺഫ്ലുവെന്‍റ് തുടങ്ങിയ ഏറ്റെടുക്കലുകളിലൂടെ ഐബിഎം സോഫ്റ്റ്‌വെയർ കേന്ദ്രീകൃത കമ്പനിയായി മാറുന്നതിനിടെയാണിത്.

ഐബിഎമ്മിൽ തുടരുന്നവർക്ക് ഇന്ത്യയിലേക്കു പോകാം

തുടരാൻ ആഗ്രഹിക്കുന്നവർക്കു മറ്റൊരു രാജ്യത്തേക്കു മാറുകയാണു വഴി. ഇതിൽ ഇന്ത്യയായിരിക്കും പ്രധാന കേന്ദ്രമെന്നാണു സൂചന. നവംബർ 19ന് ഐബിഎമ്മിന്‍റെ കരിയർ പോർട്ടലിൽ അമെരിക്കയ്ക്കു പുറത്ത് 1,278 കൺസൾട്ടിങ് ഒഴിവുകളുണ്ടായിരുന്നുവെന്നു 'റെസ്റ്റ് ഓഫ് വേൾഡ്' റിപ്പോർട്ട് ചെയ്തു. ഇതിൽ 1,125 എണ്ണം ഇന്ത്യയിലാണ്. സിംഗപ്പൂരിൽ 23ഉം ബ്രിട്ടനിൽ 18ഉം ഒഴിവുണ്ട്. അമെരിക്കയിൽ ലിസ്റ്റ് ചെയ്തത് 89 ഒഴിവുകളാണ്.

എന്നാൽ, ബാധിക്കപ്പെടുന്നവരിൽ എത്ര പേർക്കു വിദേശത്തു ജോലി വാഗ്ദാനം ചെയ്യുമെന്നോ ഈ ഒഴിവുകൾ നിലവിലെ ജോലിയോടും ശമ്പളത്തോടും യോജിക്കുമോ എന്നോ കമ്പനി വ്യക്തമാക്കിയിട്ടില്ല. വർഷങ്ങൾ കൊണ്ട് അമെരിക്കയിൽ ജീവിതം കെട്ടിപ്പടുത്തവർക്കു മാറ്റം ശമ്പളത്തിലും താമസത്തിലും കുടുംബജീവിതത്തിലും വലിയ മാറ്റങ്ങൾക്കു കാരണമാകും.

വിസ നിയമങ്ങൾ കടുക്കുമ്പോൾ

തൊഴിലധിഷ്ഠിത കുടിയേറ്റ പദ്ധതികളിൽ അമെരിക്കൻ ഭരണകൂടം പരിശോധന കർശനമാക്കിയ സമയത്താണ് ഐബിഎമ്മിന്‍റെ തീരുമാനം. എച്ച്-1ബി വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളിൽ ഇന്ത്യൻ ടെക് പ്രഫഷണലുകളുണ്ട്.

ട്രംപ് ഭരണകൂടം പദ്ധതി കൂടുതൽ നിയന്ത്രണങ്ങളോടെ കൊണ്ടുവരാൻ നീങ്ങുകയാണ്. ചില പുതിയ എച്ച്-1ബി അപേക്ഷകൾക്കു 1,00,000 ഡോളർ ഫീസ് ഏർപ്പെടുത്താനുള്ള നിർദേശം, ഉയർന്ന ശമ്പളമുള്ള തസ്തികകൾക്കു കൂടുതൽ പരിഗണന നൽകുന്ന തരത്തിൽ വിസ തിരഞ്ഞെടുപ്പ് രീതിയിലെ മാറ്റങ്ങൾ എന്നിവ ഇതിലുൾപ്പെടുന്നു. തൊഴിലധിഷ്ഠിത കുടിയേറ്റ പദ്ധതികൾ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തിൽ കമ്പനികൾക്കെതിരായ നടപടിയും ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസം മൈക്രോസോഫ്റ്റ്, അഡോബി എന്നിവയ്ക്കും കോഗ്നിസന്‍റ്, ഇൻഫോസിസ്, ടിസിഎസ് ഉൾപ്പെടെയുള്ള ഔട്ട്സോഴ്സിങ് കമ്പനികൾക്കും പെർമനന്‍റ് ലേബർ സർട്ടിഫിക്കേഷൻ പദ്ധതിയിലെ പങ്കാളിത്തത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. തൊഴിലധിഷ്ഠിത ഗ്രീൻ കാർഡ് തേടുന്ന വിദേശ ജീവനക്കാർക്ക് ഇതൊരു പ്രധാന വഴിയാണ്.