കൂട്ടപ്പിരിച്ചുവിടലിൽ നടുങ്ങി ഇന്ത്യൻ ഐടി ഹബ്; എഐ യുഗത്തിൽ രക്ഷയില്ലാതെ ടെക്കികൾ

ലാഭത്തിൽ പ്രവർത്തിക്കുമ്പോൾ തന്നെ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ പുതിയ കാലത്തേക്ക് ചുവടുമാറ്റുമ്പോഴാണ് വിസ പോലുള്ള കമ്പനികളിലെ വലിയ വെട്ടിച്ചുരുക്കൽ
VISA mass layoff due to AI

വിസ കമ്പനിയിൽ കൂട്ടപ്പിരിച്ചുവിടൽ.

Updated on

ബംഗളൂരു: പുലർച്ചെ നാലര മണിക്ക് വന്ന ആ ഒരു ഇമെയിൽ രാഹുലിന്‍റെ ജീവിതം മാറ്റിമറിച്ചു. ഉറക്കമുണർന്ന് ലാപ്‌ടോപ്പ് തുറന്നപ്പോഴാണ് ആ ഞെട്ടിക്കുന്ന വാർത്ത തേടിയെത്തിയത്- വിസ (Visa) കമ്പനിയിലെ അവന്‍റെ ജോലി അവസാനിച്ചിരിക്കുന്നു.

മുന്നറിയിപ്പുകളോ ചർച്ചകളോ ഇല്ലാതെയാണ് കമ്പനിയുടെ ആഗോള പുനഃസംഘടനയുടെ ഭാഗമായി ആ പടിയിറക്കം ഉണ്ടായത്. ബെംഗളൂരുവിലെ വിസയുടെ ടെക്നോളജി ഹബ്ബിൽ വർഷങ്ങളായി ആത്മാർഥമായി ജോലി ചെയ്തിരുന്ന രാഹുലിനെപ്പോലെയുള്ള നിരവധി ഉദ്യോഗസ്ഥർക്കാണ് ജൂലൈ 29-ന്‍റെ പുലർച്ചെ കണ്ണീരോടെ ജോലി ഉപേക്ഷിക്കേണ്ടി വന്നത്.

ഒരു സാമ്പത്തിക പ്രതിസന്ധിയോ കമ്പനിയുടെ തകർച്ചയോ അല്ല ഈ കൂട്ടപ്പിരിച്ചുവിടലിന് കാരണം എന്നത് മറ്റൊരു യാഥാർത്ഥ്യം. ലാഭത്തിൽ പ്രവർത്തിക്കുമ്പോൾ തന്നെ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെയും (AI) 'ഏജന്‍റിക് എഐ'യുടെയും പുതിയ കാലത്തേക്ക് കമ്പനി ചുവടുമാറ്റുമ്പോഴാണ് ഈ വലിയ വെട്ടിച്ചുരുക്കൽ.

മനുഷ്യർ ചെയ്യേണ്ടിയിരുന്ന പല ജോലികളും എഐ ടൂളുകൾ ഏറ്റെടുക്കുമ്പോൾ, കൂടുതൽ ജീവനക്കാരുടെ ആവശ്യം വരുന്നില്ലെന്നാണ് കമ്പനികൾ പറയുന്നത്. ഉന്നത പ്രകടനം കാഴ്ചവെച്ച മികച്ച ജീവനക്കാർ പോലും ഈ പിരിച്ചുവിടലിൽ ഒഴിവാക്കപ്പെട്ടു എന്നത് ഐടി മേഖലയിലെ ആശങ്ക ഇരട്ടിയാക്കുന്നു. മികച്ച പെർഫോമൻസ് റിവ്യൂ ലഭിച്ച പ്രൊഡക്റ്റ് മാനേജർമാർ വരെ ഒരു രാത്രികൊണ്ട് പുറത്താക്കപ്പെട്ടു.

ബെംഗളൂരു, മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെല്ലാം ഈ മാറ്റത്തിന്‍റെ ഭീതി നിലനിൽക്കുന്നുണ്ട്. അമേരിക്കൻ പണമിടടപാട് ഭീമനായ വിസ മാത്രമല്ല, ആമസോൺ, മാസ്റ്റർകാർഡ്, അറ്റ്ലാസ്സിയൻ തുടങ്ങിയ ആഗോള കമ്പനികളും എഐ മുന്നിൽക്കണ്ട് തങ്ങളുടെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയാണ്.

വർഷങ്ങളുടെ കഠിനാധ്വാനവും പ്രതീക്ഷകളും ഒരു നിമിഷംകൊണ്ട് ഇല്ലാതാകുന്ന ഈ മാറ്റം, ഇന്ത്യയിലെ ടെക്നോളജി ജീവനക്കാർക്കിടയിൽ വലിയ അരക്ഷിതാവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നത്. നാളെ എഐ തങ്ങളുടെ ജോലിയും ഏറ്റെടുക്കുമെന്ന ഭയത്തിൽ ആശങ്കയോടെയാണ് ഓരോ ദിവസവും പലരും തള്ളിനീക്കുന്നത്.

logo
Metro Vaartha
www.metrovaartha.com