സമയമായില്ല പോലും...!

തൂക്കുസഭ വരുമെന്നും ബിജെപി അവഗണിക്കാനാവാത്ത ശക്തിയാവുമെന്നും എൻഡിഎ പക്ഷക്കാർ
It's not even time yet.

സമയമായില്ല പോലും

file photo

Updated on

വോട്ടെടുപ്പു കഴിഞ്ഞ് ഫലപ്രഖ്യാപനത്തിന് ഒരു മാസത്തോളം കാത്തിരിക്കേണ്ടിവരുന്നത് അത്ര സുഖമുള്ള ഏർപ്പാടായി സ്ഥാനാർഥികൾക്കും രാഷ്ട്രീയ കക്ഷി നേതാക്കൾക്കും തോന്നണമെന്നില്ല. അതു ഭരണപക്ഷമായാലും പ്രതിപക്ഷമായാലും അങ്ങനെ തന്നെയാണ്. കൂട്ടലും കിഴിക്കലുമായി എത്ര ദിവസമാണു തള്ളിനീക്കുക.

പ്രവചനങ്ങളിൽ ആശ്വാസം കൊണ്ടും നെടുവീർപ്പിട്ടുമൊക്കെ ഓരോ രാവും പകലും കഴിച്ചുകൂട്ടണം രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്ക്. ഫലപ്രഖ്യാപനത്തിനു ശേഷം എന്ത് എന്ന ചിന്ത സ്വാഭാവികമായും ഇതിനിടയിൽ ഉയർന്നുവരും. ഓരോരുത്തരുടെയും താത്പര്യങ്ങൾക്കനുസരിച്ച് ഈ ചിന്തകൾ വഴിമാറിയെന്നും വരാം.

പക്ഷേ, അതൊക്കെ ചില കണക്കുകൂട്ടലുകൾ വച്ചുള്ള ചിന്തകളാണ്. ഒരു കണക്കുകൂട്ടലുമില്ലാതെ ആഗ്രഹങ്ങൾ പൊന്തിവരുന്നതുമാകാം. എന്തായാലും അതൊക്കെ പരസ്യമായി പറഞ്ഞ് സ്വയം ചർച്ചാവിഷയമാവണ്ട കാര്യമുണ്ടോയെന്ന് ആലോചിക്കേണ്ടത് അതിനു മുതിരുന്ന നേതാക്കളാണ്. വേവുവോളം ക്ഷമിക്കാം ആറുവോളം വയ്യ എന്ന നിലപാട് അത്ര നല്ല കാര്യമായി നമ്മൾ കരുതുന്നതല്ലല്ലോ.

കോൺഗ്രസിൽ ഇപ്പോൾ നടക്കുന്ന മുഖ്യമന്ത്രി ചർച്ചകൾ ഇതിന്‍റെ പരിധിയിൽ വരുന്നതാണ്. വി.ഡി. സതീശൻ വേണോ രമേശ് ചെന്നിത്തല വേണോ കെ.സി. വേണുഗോപാൽ വേണോ അതോ മറ്റാരെങ്കിലും വേണോ എന്നൊക്കെ തീരുമാനിക്കാൻ വോട്ടെണ്ണി യുഡിഎഫിനു ഭൂരിപക്ഷം കിട്ടിയാൽ അതിനുശേഷം ധാരാളം സമയമുണ്ട്. കോൺഗ്രസിന് അതിന്‍റേതായ സംവിധാനങ്ങളുണ്ട്; നടപടിക്രമങ്ങളുണ്ട്.

നേതാക്കൾ കൂടിയാലോചിച്ച് മിനിറ്റുകൾക്കുള്ളിൽ തീരുമാനമെടുക്കുമെന്ന് ആവർത്തിച്ചു പ്രഖ്യാപനങ്ങൾ വരുന്നുണ്ട്. അങ്ങനെയൊക്കെയാണു വേണ്ടതും. പക്ഷേ, അതിനിടയിലും ലോബി തിരിഞ്ഞുള്ള അവകാശവാദങ്ങൾ പരസ്യമായി ഉയരുന്നതാണു കണ്ടുകൊണ്ടിരിക്കുന്നത്. കോൺഗ്രസിനെ അധികാരത്തിലേറ്റണോയെന്ന് ജനങ്ങൾ തീരുമാനിച്ചിട്ടുണ്ടോ എന്നറിയില്ല. യുഡിഎഫ് തൂത്തുവാരുമെന്നു ചിലർ പറയുന്നുണ്ട്.

കടുത്ത മത്സരമാണെന്നു മറ്റു ചിലർ പ്രവചിക്കുന്നുണ്ട്. എൽഡിഎഫിനു തുടർഭരണം ഉറപ്പെന്നു വിശ്വസിക്കുന്നവരുണ്ട്. തൂക്കുസഭ വരുമെന്നും ബിജെപി അവഗണിക്കാനാവാത്ത ശക്തിയാവുമെന്നും എൻഡിഎ പക്ഷക്കാർ അവകാശപ്പെടുന്നുണ്ട്. എല്ലാം ഇരിക്കുന്നതു വോട്ടിങ് യന്ത്രങ്ങളിലാണ്.

സംസ്ഥാനത്തെ നിരവധി മണ്ഡലങ്ങളിൽ ഒന്നിനൊന്നു കനത്ത പോരാട്ടമായിരുന്നു എന്നതിൽ സംശയമില്ല. മികച്ച പോളിങ്ങും ഉണ്ടായിട്ടുണ്ട്. നേരിയ വ്യത്യാസത്തിനു ജയവും തോൽവിയും ഉണ്ടാകാവുന്ന മണ്ഡലങ്ങൾ പലതു കണ്ടുവെന്നു വരാം. അങ്ങനെയാവുമ്പോൾ കണക്കുകൂട്ടലുകൾ പാളിപ്പോവാം. വോട്ടെണ്ണി ഫലം അറിയുംമുൻപ് മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി പോരടിക്കുന്നത് കോൺഗ്രസിനെ നാണംകെടുത്തുകയാണു ചെയ്യുന്നതെന്ന് വിവിധ നേതാക്കൾക്കായി ഗുസ്തിപിടിക്കുന്നവർ ചിന്തിക്കട്ടെ.

കൈമെയ്മറന്ന് തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ലക്ഷക്കണക്കിനു കോൺഗ്രസ് പ്രവർത്തകരെ, പാർട്ടി അനുഭാവികളെ, യുഡിഎഫ് മുന്നണിയെ തന്നെ, ഇത്തരത്തിൽ നിരാശപ്പെടുത്തേണ്ടതുണ്ടോ എന്നും അവർ ആലോചിക്കട്ടെ. ""എല്ലാത്തിനും അതിന്‍റേതായ സമയുമുണ്ട് ദാസാ...'' എന്നായിരിക്കും പാർട്ടിയെ സ്നേഹിക്കുന്ന ഓരോ കോൺഗ്രസ് പ്രവർത്തകനും ഇപ്പോൾ തമ്മിലടിക്കുന്ന നേതാക്കളോടു മനസുകൊണ്ട് പറയുന്നത്.

അതു കേൾക്കാതെ, അറിയാതെ പോകുന്നത് പാർട്ടി അനുഭാവികളോടു ചെയ്യുന്ന അനീതിയാണ്. അവരെ ലജ്ജിപ്പിക്കുന്നതാണ്. നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കേണ്ടതുണ്ടോയെന്ന് ഓരോ നേതാക്കളും സ്വയം തീരുമാനിക്കേണ്ടതാണ്.

ഏറ്റവും അവസാനം ഇതുമായി ബന്ധപ്പെട്ടു ചർച്ചയായിരിക്കുന്നത് കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരന്‍റെ ഫേസ് ബുക്ക് പോസ്റ്റാണ്. വി.ഡി. സതീശനും രമേശ് ചെന്നിത്തലയ്ക്കും വേണ്ടിയുള്ള അഭിപ്രായ രൂപീകരണം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് കെ.സി. വേണുഗോപാലിനു വേണ്ടി സുധാകരൻ രംഗത്തുവന്നിരിക്കുന്നത്.

ഭരണത്തിനു ശക്തമായ ദിശാബോധം നൽകാൻ കഴിയുന്ന നേതാവായി വേണുഗോപാലിനെ ഉയർത്തിക്കാണിക്കുന്ന സുധാകരന്‍റെ പോസ്റ്റിൽ കേരളത്തിനാവശ്യം അത്തരമൊരു നേതൃത്വമാണെന്നും പറയുന്നുണ്ട്. വേണുഗോപാലിന്‍റെ സാന്നിധ്യം കേരള രാഷ്ട്രീയത്തിന് എത്രത്തോളം ആവശ്യമാണെന്ന് നിയമസഭാ തിരഞ്ഞെടുപ്പു തെളിയിച്ചുവെന്നാണു സുധാകരന്‍റെ നിലപാട്.

ഇതിനൊപ്പം വേണുഗോപാലിനെ പിന്തുണച്ച് മറ്റു ചില നേതാക്കൾ കൂടി രംഗത്തുവന്നിട്ടുണ്ട്. എന്നാൽ, സുധാകരന്‍റെ പോസ്റ്റിന് പ്രതികരണമായി വന്ന കമന്‍റുകളിൽ സതീശനെ അനുകൂലിക്കുന്നവരും നിരവധിയാണ്. നേരത്തേ മുഖ്യമന്ത്രിസ്ഥാനം അർഹിക്കുന്ന സീനിയർ നേതാവാണ് രമേശ് ചെന്നിത്തലയെന്ന നിലപാട് സുധാകരൻ പ്രകടിപ്പിച്ചിരുന്നു. അതോടെ ചെന്നിത്തലയുടെ പക്ഷത്താണ് അദ്ദേഹം എന്ന പ്രതീതിയും ജനിക്കുകയുണ്ടായി. ഇതിനിടയിലാണ് ഇപ്പോൾ വേണുഗോപാലിനെ പ്രകീർത്തിക്കുന്ന പോസ്റ്റ്.

മുഖ്യമന്ത്രിസ്ഥാനാർഥിയെക്കുറിച്ച് അഭിപ്രായം പറയേണ്ട സമയമല്ലെന്നും സോഷ്യൽ മീഡിയയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്നും കരുതുന്ന നേതാക്കൾ കോൺഗ്രസിലുണ്ട്. അനവസരത്തിലുള്ള ചർച്ചകളെ തള്ളി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് തന്നെ രംഗത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിചർച്ചയ്ക്കു സമയമായില്ലെന്ന് എല്ലാവരെയും അദ്ദേഹം ഓർമിപ്പിക്കുന്നു.

നേതാക്കൾ അഭിപ്രായം പറയേണ്ടതു മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമല്ല, പറയേണ്ട വേദികളിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്. തീർച്ചയായും ലക്ഷക്കണക്കിനു കോൺഗ്രസ് ആരാധകരും അതു തന്നെയാവും പറയുക. വോട്ടെണ്ണിക്കഴിയുമ്പോൾ കോൺഗ്രസിനു ഭൂരിപക്ഷം ലഭിച്ചാൽ പാർട്ടിക്കകത്തെ പിടിവലികൾ എത്ര രൂക്ഷമാവുമെന്ന ആശങ്ക ഇപ്പോഴത്തെ തർക്കത്തിലൂടെ പാർട്ടി പ്രവർത്തകരിലും അനുഭാവികളിലും ഉണ്ടായിട്ടുണ്ട്. പത്തുവർഷമായി കാത്തിരിക്കുന്നവർക്കാണ് മേയ് നാലുവരെ കാത്തിരിക്കാനുള്ള ക്ഷമ നശിച്ചിരിക്കുന്നതെന്നു വിമർശകർ ചൂണ്ടിക്കാണിച്ചാൽ അതു നിഷേധിക്കാൻ ആർക്കു കഴിയും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com