

എത്രയും വേഗം അന്വേഷണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്:
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
കേരള പബ്ലിക് സർവീസ് കമ്മിഷനുമായി ബന്ധപ്പെട്ടു കൂടുതൽ പരാതികൾ ഉയർന്നു വന്നിരിക്കുന്ന സാഹചര്യത്തിൽ ക്രമക്കേടുകളെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. കഴിഞ്ഞ മന്ത്രിസഭാ യോഗം ഇതു സംബന്ധിച്ചു തീരുമാനമെടുക്കുകയും അതിനു പിന്നാലെ ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവ് ഇറങ്ങുകയും ചെയ്തിരിക്കുന്നു. ഐജി അജിതാ ബീഗത്തിന്‍റെ നേതൃത്വത്തിൽ, എസ്പിയും ഡിവൈഎസ്പിയും ഉൾപ്പെട്ട സംഘമാണു ക്രമക്കേട് അന്വേഷിക്കുന്നത്. പ്രാഥമിക അന്വേഷണത്തിനു ശേഷം കേസെടുക്കുന്നതിൽ തീരുമാനമുണ്ടാകുമെന്നാണു പറയുന്നത്. പിഎസ്‌സിയുടെ പരീക്ഷാ ക്രമക്കേടു സംബന്ധിച്ച് ആഭ്യന്തര വിജിലൻസിന്‍റെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരാതിക്കാരന്‍റെ മൊഴി അവർ രേഖപ്പെടുത്തിക്കഴിഞ്ഞു. ഒരേ സമയം രണ്ട് അന്വേഷണമാണു നടക്കുന്നത്. ഇത്രയും ഗൗരവമുള്ള ഒരു സംഭവത്തിൽ ആഭ്യന്തര അന്വേഷണം മതിയോ എന്ന ചോദ്യം ഉയർന്നിരുന്നു. അതുകൊണ്ടു തന്നെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിനുള്ള സർക്കാർ തീരുമാനം ഉചിതമായി.
എത്രയും വേഗം അന്വേഷണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറയുന്നത്. ഏറ്റവും ഗുരുതരമായ തെറ്റാണു പിഎസ്‌സിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്ന് അദ്ദേഹം പറയുന്നുണ്ട്. ഞെട്ടിക്കുന്ന ആരോപണങ്ങളാണു പുറത്തുവരുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതികരിക്കുകയുണ്ടായി. പിഎസ്‌സിയുടെ പ്രവർത്തനങ്ങളിൽ ക്രമക്കേടുകൾ ആരോപിക്കപ്പെടുമ്പോൾ ആ സ്ഥാപനത്തിൽ വിശ്വാസമർപ്പിച്ചിരിക്കുന്ന ലക്ഷക്കണക്കിനു യുവാക്കൾക്കാണ് വഞ്ചിക്കപ്പെടുകയാണോ എന്ന ആശങ്കയുണ്ടാവുന്നത്. അതുകൊണ്ടു തന്നെ എത്രയും വേഗം യുവാക്കളുടെ വിശ്വാസം തിരിച്ചെടുക്കാൻ പിഎസ്‌സിക്കു കഴിയേണ്ടതുണ്ട്. തെറ്റു സംഭവിച്ചിട്ടുണ്ടെങ്കിൽ അതു കണ്ടെത്തേണ്ടതും കുറ്റക്കാർ ശിക്ഷിക്കപ്പെടേണ്ടതും അനിവാര്യമാണ്. നിയമനങ്ങളിലുള്ള ക്രമക്കേടുകളെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനു നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണു പറയുന്നത്. അതെല്ലാം വിശദമായി അന്വേഷിക്കട്ടെ. മുൻ സർക്കാരിന്‍റെ കാലത്തു നടന്ന ഏതെങ്കിലും പരീക്ഷകളിൽ യോഗ്യതയുള്ളവരെ പുറന്തള്ളി തങ്ങൾക്കു താത്പര്യമുള്ളവരെ തിരുകിക്കയറ്റാൻ ഉദ്യോഗസ്ഥർ ശ്രമിച്ചിട്ടുണ്ടെങ്കിൽ അത് യാതൊരു ന്യായീകരണവുമില്ലാത്ത കുറ്റമാണ്.
ആസൂത്രണ ബോർഡിലെ മൂന്ന് ചീഫ് ലെവൽ തസ്തികകളിലേക്കുള്ള നിയമനങ്ങൾക്കു പിഎസ്‌സി നടത്തിയ പരീക്ഷയുടെ മൂല്യനിർണയത്തിൽ വലിയ വീഴ്ച സംഭവിച്ചുവെന്നാണു ആദ്യം ഉയർന്ന പരാതി. 100 മാർക്കിനുള്ള പരീക്ഷയിൽ 58 മാർക്കിനുള്ള ഉത്തരങ്ങളും പിഎസ്‌സി പരിശോധിച്ചില്ല. ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ഓൺ സ്ക്രീൻ മാർക്കിങ് വഴിയായിരുന്നു. ഒമ്പതു മുതൽ 18 വരെയുള്ള ചോദ്യങ്ങളാണ് മൂല്യനിർണയം നടത്താതെ ഒഴിവാക്കിയത്. മൂല്യനിർണയത്തിൽ പരാതിയുള്ളവർ ഉത്തരക്കടലാസിന്‍റെ പകർപ്പിനായി അപേക്ഷ നൽകിയെങ്കിലും ഒരു വർഷത്തോളമെടുത്താണ് പിഎസ്‌സി അതു നൽകിയത്. ഉദ്യോഗാർഥികൾ ഉത്തരക്കടലാസിന്‍റെ പകർപ്പു പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ക്രമക്കേടു വെളിച്ചത്തുവന്നത്. ഇതിനിടെ വിവാദ റാങ്ക് ലിസ്റ്റിൽ നിന്നു നിയമന ശുപാർശയും നൽകി. ഇടതുപക്ഷ സംഘടനയുടെ സജീവ പ്രവർത്തകനാണ് ഒന്നാം റാങ്കിൽ എത്തിയതത്രേ. ഒഴിവാക്കിയ 10 ചോദ്യങ്ങളുടെ ഉത്തരം പരിഗണിച്ചിരുന്നുവെങ്കിൽ റാങ്ക് പട്ടികയിൽ മാറ്റം വരുമായിരുന്നു. ആരുടെ താത്പര്യം സംരക്ഷിക്കാനാണ് പിഎസ്‌സി ശ്രമിച്ചതെന്ന ചോദ്യമാണ് ഉയരുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ റാങ്ക് പട്ടിക റദ്ദാക്കാനും പുനർമൂല്യ നിർണയം നടത്താനും പിഎസ്‌സി തീരുമാനിച്ചിട്ടുണ്ട്. അപ്പോഴും എന്തുകൊണ്ട് ഇത്തരത്തിൽ മൂല്യനിർണയം നടന്നു എന്നതിൽ ദുരൂഹത നിലനിൽക്കുന്നു.
ഇതിനിടെയാണ്, മറ്റു ചില പരാതികൾ കൂടി ഉയരുന്നത്. അതിലൊന്ന് കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് (കെഎഎസ്) പരീക്ഷയുമായി ബന്ധപ്പെട്ടതാണ്. ചോദ്യം തയാറാക്കിയതിലും മൂല്യനിർണയത്തിലും അഭിമുഖം നടത്തിയതിലും എല്ലാം രാഷ്‌ട്രീയ ഇടപെടലുണ്ടായി എന്ന സംശയമാണ് മുഖ്യമന്ത്രിക്കു പരാതിയായി ലഭിച്ചിട്ടുള്ളത്. നാലര ലക്ഷം പേരാണ് ഒഎംആർ രീതിയിലുള്ള ഇതിന്‍റെ പ്രാഥമിക പരീക്ഷയിൽ പങ്കെടുത്തത്. ഇതിൽ 12,000 ഉത്തരക്കടലാസുകൾ ഒഎംആർ മെഷീൻ സ്വീകരിക്കുന്നില്ലെന്ന കാരണം പറഞ്ഞ് 21 പിഎസ്‌സി ഉദ്യോഗസ്ഥരെക്കൊണ്ട് നേരിട്ടു മൂല്യനിർണയം നടത്തിച്ചു. ഇതിലാണു ക്രമക്കേട് ആരോപിക്കപ്പെടുന്നത്. ഇതിനെതിരേ ഉയർന്ന പരാതികളിൽ തുടർ നടപടികളും ഉണ്ടായില്ല. എഴുത്തുപരീക്ഷയിലെ മാർക്കുകൾ മുൻകൂട്ടി അറിഞ്ഞ് ചില പ്രത്യേക ഉദ്യോഗാർഥികളെ റാങ്ക് ലിസ്റ്റിൽ മുന്നിലെത്തിക്കാൻ അഭിമുഖത്തിൽ ഉയർന്ന മാർക്ക് നൽകി എന്നും പരാതിയുണ്ട്. ഇതിനു പുറമേ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ നിയമനവുമായി ബന്ധപ്പെട്ടും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു. എല്ലാം വിശദമായി ക്രൈം ബ്രാഞ്ച് അന്വേഷിക്കട്ടെ. ഓരോ തസ്തികയിലും അർഹതയുള്ളവർക്കാണു ജോലി ലഭിക്കുന്നത് എന്നുറപ്പാക്കാനുള്ള ബാധ്യത പിഎസ്‌സിക്കുണ്ട്. അതിൽ ആരെങ്കിലും വെള്ളം ചേർത്തിട്ടുണ്ടെങ്കിൽ അവരെ കണ്ടെത്തേണ്ടതും തക്കതായ നടപടികൾ എടുക്കേണ്ടതുമാണ്. പിഎസ്‌സിയുടെ പ്രവർത്തനങ്ങൾ നേരായ വഴിയിൽ തന്നെയാണെന്ന് സർക്കാർ ഉറപ്പാക്കട്ടെ.