

എഫ്സിആർഎ ഭേദഗതി:
ആശങ്കകൾ ഒഴിവാക്കണം
file photo
കേന്ദ്ര സർക്കാർ അടുത്തിടെ പാർലമെന്‍റിൽ അവതരിപ്പിച്ച വിദേശ സംഭാവനാ നിയന്ത്രണ ചട്ട (എഫ്സിആർഎ) ഭേദഗതി ബില്ലിനെതിരേ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. നിയമ നിർമാണത്തിലൂടെ അമിതാധികാരം കൈക്കലാക്കാനുള്ള നീക്കമാണു കേന്ദ്ര സർക്കാർ നടത്തുന്നതെന്നു പ്രതിപക്ഷ കക്ഷികളും പൗരാവകാശ പ്രവർത്തകരും ആരോപിക്കുന്നുണ്ട്. സർക്കാരിനു താത്പര്യമില്ലാത്ത സന്നദ്ധ സംഘടനകളെയും മറ്റും നിശബ്ദരാക്കാനും നിർവീര്യമാക്കാനുമുള്ള നീക്കമാണിതെന്നാണ് ആരോപണം. കഴിഞ്ഞ വർഷം ലഡാഖിനു സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം നയിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്ചുക്കിന്‍റെ എൻജിഒയുടെ എഫ്സിആർഎ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. വിദേശ സംഭാവനാ ചട്ടം ലംഘിച്ചു വൻതോതിൽ പണം കൈപ്പറ്റിയെന്നു ചൂണ്ടിക്കാണിച്ചായിരുന്നു ഈ നടപടി. ഇത്തരത്തിൽ എഫ്സിആർഎ നിയമം കൂടുതൽ കർശനമായി ഉപയോഗിക്കാനാണു കേന്ദ്ര സർക്കാർ നിയമ ഭേദഗതിയിലൂടെ ശ്രമിക്കുന്നതെന്നാണു വിമർശകർ കുറ്റപ്പെടുത്തുന്നത്.
ഭേദഗതി ബിൽ പാസായാൽ സർക്കാരിനെതിരു നിൽക്കുന്ന സന്നദ്ധ സംഘടനകളെയും മറ്റും തെരഞ്ഞുപിടിച്ച് ഉപദ്രവിക്കുമെന്നു വിമർശകർ ചൂണ്ടിക്കാണിക്കുന്നു. സന്നദ്ധ സംഘടനകൾ മാത്രമല്ല ന്യൂനപക്ഷ മതവിഭാഗങ്ങളും ഈ ഭേദഗതിക്കെതിരേ രംഗത്തുവന്നിട്ടുണ്ടെന്നതാണു കൂടുതൽ ശ്രദ്ധേയമായിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിച്ചിരിക്കുന്ന കേരളത്തിൽ ക്രൈസ്തവ സഭാ നേതൃത്വം ബില്ലിനെതിരേ രംഗത്തുവന്നിട്ടുള്ളത് ബിജെപിയെയും എൻഡിഎയെയും ആശങ്കപ്പെടുത്തുന്നുണ്ട്. വിദേശ ഫണ്ടുകളുടെ ദുരുപയോഗം നിയന്ത്രിക്കുക എന്നതാണു ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നു കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു. വിദേശ ഫണ്ടുകളുടെ ദുരുപയോഗത്തിനെതിരേ ശക്തമായ നടപടിയെടുക്കുമെന്നും ബിൽ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറയുകയുണ്ടായി. ബിൽ ഒരു മതത്തിനും എതിരല്ലെന്നും വിദേശ സംഭാവന ഏറ്റവും അധികം ലഭിക്കുന്നത് ഹിന്ദു വിഭാഗങ്ങൾക്കാണെന്നും ബില്ലിൽ ആർക്കും ആശങ്ക വേണ്ടെന്നും കേന്ദ്ര മന്ത്രി ജോർജ് കുര്യനും കഴിഞ്ഞ ദിവസം പ്രതികരിച്ചുകണ്ടു. എന്തായാലും ബില്ലിനെച്ചൊല്ലി ഉയർന്നിട്ടുള്ള ആശങ്കകളെക്കുറിച്ചു വിശദമായ ചർച്ച നടക്കേണ്ടതുണ്ട്. വിദേശ ഫണ്ട് സ്വീകരിക്കുന്നത് ഒരു പാതകമായി കാണേണ്ടതില്ല. അതേസമയം, അതു നേരായ മാർഗത്തിൽ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം. ന്യൂനപക്ഷങ്ങളുടെ ആശങ്കയകറ്റുന്നതിനു സർക്കാർ മടി കാണിക്കേണ്ടതില്ല.
നിശ്ചിത സമയപരിധിക്കുള്ളിൽ എഫ്സിആർഎ ലൈസൻസ് പുതുക്കി ലഭിക്കാതിരിക്കുകയോ റദ്ദായ ലൈസൻസ് പുനഃസ്ഥാപിക്കപ്പെടാതിരിക്കുകയോ ചെയ്താൽ വിദേശ ഫണ്ട് ഉപയോഗിച്ച് വികസിപ്പിച്ച ആസ്തികൾ കേന്ദ്ര സർക്കാരിനു സ്ഥിരമായി ഏറ്റെടുക്കാമെന്ന വ്യവസ്ഥയാണ് ഏറെ വിവാദമായിട്ടുള്ളത്. വിദേശ ഫണ്ടുകളുടെയും ആസ്തികളുടെയും നിയന്ത്രണം ഏറ്റെടുക്കാൻ പ്രത്യേക അഥോറിറ്റി രൂപീകരിക്കുന്നതിനെക്കുറിച്ചും പറയുന്നുണ്ട്. ഒരു സ്ഥാപനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കുകയോ കാലഹരണപ്പെടുകയോ പുതുക്കാതിരിക്കുകയോ ചെയ്യുമ്പോൾ അതിന്‍റെ വിദേശ ഫണ്ടുകളും ആ ഫണ്ടുകളിൽ നിന്നു സൃഷ്ടിച്ച ആസ്തികളും ഈ അഥോറിറ്റിയിലേക്കു മാറ്റപ്പെടും. തുടക്കത്തിൽ ഇതു താത്കാലികമായിട്ടാവുമെങ്കിലും രജിസ്ട്രേഷൻ പുനഃസ്ഥാപിക്കപ്പെടുന്നില്ലെങ്കിൽ സ്ഥിരമായി സർക്കാർ നിയന്ത്രണത്തിലാവും. ആ ആസ്തികൾ സർക്കാരിനു വിൽക്കുകയോ സർക്കാർ വകുപ്പുകൾക്കു കൈമാറുകയോ ചെയ്യാം. സർക്കാരുണ്ടാക്കുന്ന അഥോറിറ്റി മതസ്ഥാപനങ്ങൾ പിടിച്ചെടുക്കാനിടയുണ്ട് എന്ന ആശങ്ക വരെ ന്യൂനപക്ഷ വിഭാഗത്തിനുണ്ട്.
സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വിദേശ സംഭാവനകളെ ആശ്രയിക്കുന്ന ന്യൂനപക്ഷ, സന്നദ്ധ സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യത്തിനും നിലനിൽപ്പിനും ബിൽ ഭീഷണിയാകുമെന്നാണ് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഒഫ് ഇന്ത്യയും (സിബിസിഐ) കേരള കാത്തലിക് ബിഷപ്സ് കോൺഫറൻസും (കെസിബിസി) ചൂണ്ടിക്കാണിക്കുന്നത്. ബിൽ പിൻവലിക്കണമെന്ന അവരുടെ ആവശ്യത്തെ പിന്തുണച്ച് യുഡിഎഫും എൽഡിഎഫും രംഗത്തെത്തിയതോടെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ എഫ്സിആർഎ ബിൽ സജീവ ചർച്ചയായിട്ടുമുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സംഘടനകളെയും അവര്‍ക്കു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയും നിയമ ഭേദഗതി പ്രതികൂലമായി ബാധിക്കുമെന്നു വിമർശകർ ചൂണ്ടിക്കാണിക്കുന്നു.
വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ ദശാബ്ദങ്ങളായി നിർണായക പങ്കു വഹിക്കുന്ന ന്യൂനപക്ഷ സ്ഥാപനങ്ങൾ ഇവിടെയുണ്ട്. അവയെ ഈ ഭേദഗതികൾ സാരമായി ബാധിക്കാം എന്നാണു പറയുന്നത്. രജിസ്ട്രേഷൻ റദ്ദാക്കുകയോ സറണ്ടർ ചെയ്യുകയോ പുതുക്കാതിരിക്കുകയോ ചെയ്താൽ നിയന്ത്രണം ഏറ്റെടുക്കാൻ കേന്ദ്ര സർക്കാരിനെ അനുവദിക്കുന്ന നിയമം സ്വാഭാവിക നീതിക്കു നിരക്കാത്തതാണെന്നാണ് സിബിസിഐ ആരോപിക്കുന്നത്. വിദേശ ഫണ്ടുകളും ആസ്തികളും ഏറ്റെടുക്കുന്നതു സംബന്ധിച്ച സർക്കാർ തീരുമാനങ്ങളിൽ അപ്പീൽ നൽകാനും പരാതിക്കാരന്‍റെ ഭാഗം കേൾക്കാനും സംവിധാനങ്ങൾ ഉണ്ടാകണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്. സിബിസിഐ നേതൃത്വം പ്രധാനമന്ത്രിയുമായി ചർച്ച നടത്തുന്നുണ്ടെന്നും പ്രശ്നത്തിനു പരിഹാരമുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും കോഴിക്കോട് ആർച്ച് ബിഷപ്പും കെസിബിസി അധ്യക്ഷനുമായ ഡോ. വർഗീസ് ചക്കാലയ്ക്കൽ പ്രതികരിച്ചിട്ടുണ്ട്. ബിൽ സംബന്ധിച്ച ആശങ്കകൾ ഒഴിവാകാൻ ചർച്ച സഹായിക്കട്ടെ.