

ഭദ്രകീർത്തി, ജയബാലകൃഷ്ണൻ
പൊലീസിനു ഗുരുതരമായ വീഴ്ച സംഭവിച്ചാലും അതിനെ ന്യായീകരിക്കുന്ന ആഭ്യന്തര മന്ത്രിയെയല്ല നാടിനു വേണ്ടത്. സേനയുടെ ഭാഗത്തുനിന്നുണ്ടാവുന്ന പാളിച്ചകൾ അംഗീകരിക്കുകയും അത് ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന മന്ത്രിയാവണം ആഭ്യന്തര വകുപ്പിന്റെ ചുമതലയിലുള്ളത്. എല്ലാവർക്കും തുല്യ നീതി ഉറപ്പാക്കാൻ മന്ത്രിക്കു ബാധ്യതയുണ്ട്. പണവും സ്വാധീനവുമൊന്നും നീതി നടപ്പാക്കുന്നതിൽ തടസമായി നിൽക്കരുത്. പൊലീസിന്റെ നടപടികളിൽ ശരിയല്ലായ്മ തോന്നിയാൽ ഇടപെടുന്നതിനും അവരെ നേർവഴി നടത്തുന്നതിനും സർക്കാരിനു കഴിയണം. ആ നിലയ്ക്കു നോക്കുമ്പോൾ പൊലീസിന്റെ വീഴ്ച നിയമസഭയിൽ തുറന്നു സമ്മതിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അനീതിക്കെതിരേ നിലകൊള്ളുമെന്ന സൂചന നൽകുന്നുണ്ട്.
കൊച്ചി ചേരാനല്ലൂരിൽ അഡീഷനൽ ജഡ്ജിയുടെ പതിനേഴുകാരനായ മകൻ ഓടിച്ച ആഡംബര കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം കേരളത്തെയപ്പാടെ ഞെട്ടിച്ചതാണ്. ഞായറാഴ്ച പുലർച്ചെയാണ് അങ്ങേയറ്റം നിർഭാഗ്യകരമായ ഈ അപകടമുണ്ടാവുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികളിൽ പൊലീസ് സ്വീകരിച്ച സമീപനമാണു വലിയ തോതിൽ വിമർശന വിധേയമായതും. കാറോടിച്ചയാളെ കസ്റ്റഡിയിലെടുത്ത പൊലീസ് ആദ്യം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. അപകടസ്ഥലത്തുനിന്ന് ഫോണിൽ എടുത്ത ചിത്രങ്ങൾ നിർബന്ധപൂർവം ഡിലിറ്റ് ചെയ്യിപ്പിക്കുകയുമുണ്ടായി. പണവും സ്വാധീനവുമുള്ളവർക്കു വേണ്ടി തെളിവുകൾ നശിപ്പിക്കാനാണു പൊലീസ് ശ്രമിക്കുന്നതെന്ന് അപകടത്തിൽ മരിച്ചയാളുടെ കുടുംബം ആരോപിച്ചു. അവരുടെ പ്രതിഷേധം ശക്തമായപ്പോഴാണ് കാറോടിച്ച പതിനേഴുകാരനെ വീണ്ടും പിടികൂടി ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കിയത്. ബോർഡ് പ്രതിക്കു ജാമ്യം അനുവദിക്കുകയും ചെയ്തു. സ്റ്റേഷൻ ജാമ്യം കൊടുത്ത് പ്രതിയെ വിട്ടയച്ചതിനു പിന്നാലെ ആഭ്യന്തര മന്ത്രി ഡിജിപിയും സിറ്റി പൊലീസ് കമ്മിഷണറെയും വിളിച്ച് അതൃപ്തി അറിയിച്ചുവെന്നും അതിനു ശേഷമാണു പ്രതിക്കെതിരേ നരഹത്യാകുറ്റം ചുമത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. പിന്നീട് വാഹനത്തിന്റെ ഉടമയായ അഡീഷനൽ ജഡ്ജിക്കെതിരേയും കേസെടുത്തിട്ടുണ്ട്.
തങ്ങൾക്കു നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അപകടത്തിൽ മരിച്ചയാളുടെ മക്കൾ ചേരാനല്ലൂർ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിക്കുകയുണ്ടായി. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും അവർക്കു നൽകിയിട്ടുള്ള ഉറപ്പ് നിശ്ചയമായും പാലിക്കപ്പെടേണ്ടതാണ്. വീഴ്ച സംഭവിച്ച പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇനിയുള്ള നടപടികളിലും യാതൊരു പാളിച്ചകളും സംഭവിക്കാതെ നോക്കണം. കേസിൽ പ്രതിക്കു ജാമ്യം ലഭിച്ചതിൽ പൊലീസിനു വീഴ്ചയുണ്ടാന്നു തുറന്നുപറയാൻ മടിയില്ലെന്നാണ് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞത്. ജാമ്യം ലഭിച്ചുവെന്ന് അറിഞ്ഞപ്പോൾത്തന്നെ ഡിജിപിയെ വിളിച്ചെന്നും ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹത്തോടു ചോദിച്ചെന്നുമാണ് ആഭ്യന്തര മന്ത്രി പറയുന്നത്. മേൽക്കോടതിയിൽ ജാമ്യം റദ്ദാക്കാൻ അപ്പീൽ കൊടുക്കാൻ പൊലീസിനോടു നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. പൊലീസിന്റെ തെറ്റുകളെ കണ്ണടച്ചു ന്യായീകരിക്കേണ്ട ഒരു ബാധ്യതയും സർക്കാരിനില്ല എന്ന തിരിച്ചറിവ് നാടിനു നല്ലതാണ്. തെറ്റ് തെറ്റാണ് എന്നു പറയുന്നതുകൊണ്ട് പൊലീസിന്റെ ആത്മവീര്യം കുറയുകയൊന്നുമില്ല. ആർക്കായാലും നിയമം ഒരുപോലെയാണെന്നു പൊലീസിനെ കൂടെക്കൂടെ ഓർമിപ്പിക്കണം. അപ്പോഴാണ് ഒരു കുറ്റവാളിയും രക്ഷപെടാൻ അനുവദിക്കരുത് എന്ന ബോധ്യം പൊലീസിനുണ്ടാവുക.
ഏതാനും ദിവസം മുൻപാണ് നെടുമ്പാശേരി എയർപോർട്ട് റോഡിൽ അത്താണി എയർപോർട്ട് സിഗ്നൽ കവലയ്ക്കു സമീപം പത്തൊമ്പതുകാരൻ അമിത വേഗത്തിൽ ഓടിച്ച ആഡംബര കാറിടിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മൂന്നു യുവാക്കൾ മരിച്ചത്. ചേരാനല്ലൂരിൽ അപകടമുണ്ടാക്കിയ പതിനേഴുകാരനും അമിത വേഗത്തിലാണു വാഹനമോടിച്ചിരുന്നതെന്നു പറയുന്നുണ്ട്. തിരുവനന്തപുരം കഴക്കൂട്ടം എയർപോർട്ട് റോഡിൽ പിഞ്ചുകുഞ്ഞിന്റെ കൈകളിൽ സ്റ്റിയറിങ് നൽകി അമിത വേഗത്തിൽ അപകടകരമായി കാറോടിച്ച സംഭവമുണ്ടായതു കഴിഞ്ഞ ദിവസമാണ്. മൂന്നോ നാലോ വയസ് മാത്രം പ്രായമുള്ള കുട്ടിയെ ഡ്രൈവിങ് സീറ്റിൽ പിതാവിന്റെ മടിയിലിരുത്തി വാഹനം ഓടിക്കാൻ അനുവദിക്കുകയായിരുന്നു. കുട്ടി സ്റ്റിയറിങ്ങിൽ പിടിച്ച് വാഹനം നിയന്ത്രിക്കുന്ന അപകടകരമായ രംഗം പിന്നാലെ കാറിലെത്തിയ മറ്റു യാത്രക്കാരാണു മൊബൈൽ ഫോണിൽ പകർത്തിയത്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഈ വിഷയത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ നിർദേശിച്ച കമ്മിഷൻ, ജില്ലാ പൊലീസ് മേധാവിയോടും റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസറോടും അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്. റോഡിലെ നിയമ ലംഘനങ്ങൾ എത്രയോ ആളുകളുടെ ജീവനെടുത്തു കഴിഞ്ഞു. എന്നിട്ടും അതൊന്നും തങ്ങൾക്കു ബാധകമല്ല എന്ന മട്ടിലാണു ചിലരുടെയൊക്കെ പെരുമാറ്റം. പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നതു കർശനമായി തടയേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. രക്ഷിതാക്കൾ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. റോഡിൽ തോന്നുംപോലെ വാഹനമോടിച്ച് മറ്റുള്ളവരുടെ ജീവനു ഭീഷണി ഉയർത്തുന്നവർ ആരായാലും അവർക്കെതിരേ മുഖം നോക്കാതെ നടപടിയുണ്ടാവണം. ഏതെങ്കിലും തരത്തിലുള്ള സ്വാധീനത്തിനു പൊലീസ് വഴങ്ങിയാൽ അതു വലിയ അനീതി തന്നെയാണ്. നെടുമ്പാശേരിയിലെയും ചേരാനല്ലൂരിലെയും കഴക്കൂട്ടത്തെയും സംഭവങ്ങൾ നാടിനെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്.