വികസനത്തിനു വഴികാട്ടുന്ന "ഫ്യൂച്ചർ കേരള കോൺക്ലേവ്'

കക്ഷിരാഷ്ട്രീയത്തിന് അതീതമായ നിലപാടുകളാണു വികസനത്തിനാവശ്യമെന്ന പിന്നാക്ക ക്ഷേമമന്ത്രി കെ.എ. തുളസിയുടെ അഭിപ്രായം നൂറു ശതമാനവും അംഗീകരിക്കപ്പെടേണ്ടതാണ്
metro vaartha future kerala conclave 2031

മെട്രൊ വാർത്ത ഫ്യൂച്ചർ കേരള കോൺക്ലേവ് 2031 l Video

Updated on

ഭാവി കേരളത്തിന്‍റെ പുരോഗതിക്കു വഴികാട്ടിയാകുക എന്ന ലക്ഷ്യത്തോടെയാണ് "മെട്രൊ വാർത്ത' കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് "ഫ്യൂച്ചർ കേരള കോൺക്ലേവ് 2031' സംഘടിപ്പിച്ചത്. ഇതിൽ ഉയർന്ന നിരവധിയായ നിർദേശങ്ങൾ അഞ്ചുവർഷത്തിനകം സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ എന്തു മാറ്റങ്ങളാണ് ആവശ്യമായിട്ടുള്ളത് എന്നു ചൂണ്ടിക്കാണിക്കുന്നവയാണ്. ഈ നിർദേശങ്ങൾക്കു പിന്തുണയറിയിച്ച് സംസ്ഥാന മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും കോൺക്ലേവിൽ പങ്കെടുത്തിരുന്നു. കോൺക്ലേവിൽ ഉയർന്ന നിർദേശങ്ങൾ സർക്കാർ പരിഗണിക്കുമെന്നു തന്നെ കരുതാം. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ ഉദ്ഘാടന പ്രസംഗത്തിൽ മെട്രൊ വാർത്തയുടെ നിർദേശങ്ങൾ സർക്കാർ പരിഗണിക്കുമെന്നു വ്യക്തമാക്കിയിട്ടുമുണ്ട്. നാടിന്‍റെ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതും പുതിയ മാർഗരേഖകൾ രൂപപ്പെടുത്തുന്നതുമായ ഇത്തരം കോൺക്ലേവുകൾ മുന്നോട്ടുള്ള പുരോഗതിക്കു വഴിതുറക്കുമെന്ന കാര്യത്തിൽ പങ്കെടുത്ത ആർക്കും വിയോജിപ്പുണ്ടായിരുന്നില്ല.

പരിപാടിയിൽ പങ്കെടുത്ത ജനപ്രതിനിധികളും പ്രമുഖ വ്യവസായികളും സാമൂഹിക- ആരോഗ്യ രംഗങ്ങളിലെ വിദഗ്ധരും നാളത്തെ കേരളത്തെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുകളുള്ളവരായിരുന്നു. കക്ഷിരാഷ്ട്രീയത്തിന് അതീതമായ നിലപാടുകളാണു വികസനത്തിനാവശ്യമെന്ന പിന്നാക്ക ക്ഷേമമന്ത്രി കെ.എ. തുളസിയുടെ അഭിപ്രായം നൂറു ശതമാനവും അംഗീകരിക്കപ്പെടേണ്ടതാണ്. സർക്കാരും പ്രതിപക്ഷവും മൊത്തത്തിൽ സ്വീകരിക്കേണ്ട നിലപാടാണത്. രാഷ്ട്രീയം നോക്കി പദ്ധതികളെ അനുകൂലിക്കുകയും എതിർക്കുകയും ചെയ്യുന്നതിന്‍റെ ദോഷം എത്രയോ വർഷങ്ങളായി നാം അനുഭവിക്കുന്നതാണ്. എതിർക്കാൻ വേണ്ടിയുള്ള എതിർപ്പുകൾ സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കുന്നതിനു തടസമായി വരുന്നു. അത് ഇനിയും ആവർത്തിക്കാതിരിക്കുക എന്നതു വികസന വേഗം കൈവരിക്കുന്നതിന് അനിവാര്യമാണ്. വികസനം എല്ലാവർക്കും വേണ്ടിയുള്ളതാണ് എന്നതിനാൽ എല്ലാവരെയും വിശ്വാസത്തിലെടുത്തു മുന്നോട്ടുപോകാൻ സർക്കാരിനും കഴിയണം. അതിവേഗ റെയ്‌ൽ പോലുള്ള കാര്യങ്ങളിൽ അഭിപ്രായ സമന്വയത്തിലെത്താൻ ഭരണ പ്രതിപക്ഷ കക്ഷികൾക്കു കഴിയുന്നില്ല എന്നതു നിർഭാഗ്യകരമാണ്. അതുപോലെ തന്നെ ഏതു പദ്ധതിയിലായാലും സുതാര്യതയും വേഗവും ഉറപ്പാക്കേണ്ടതു സർക്കാരിന്‍റെ ഉത്തരവാദിത്വമാണ്.

ഭരണത്തിലിരിക്കുമ്പോൾ നല്ലതാവുന്ന പദ്ധതി പ്രതിപക്ഷത്തിരിക്കുമ്പോൾ മോശമായി പോകുന്നതു രാഷ്ട്രീയക്കണ്ണുകൾ കൊണ്ടു മാത്രം നോക്കുമ്പോഴാണ്. ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണു നാടിനു വേണ്ടത്. വികസനം എല്ലാ പൗരന്മാരുടെയും അവകാശമാണെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാവേണ്ടതുണ്ട്. ‌കേരളത്തിന്‍റെ ഭാവിയെക്കുറിച്ച് അഭിപ്രായ രൂപീകരണം നടക്കുന്ന ഇത്തരം ചർച്ചകളും അതിൽ ഉരുത്തിരിഞ്ഞുവരുന്ന ആശയങ്ങളും ഭരണകൂടത്തിനു സഹായകരമാകുമെന്നു ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ചൂണ്ടിക്കാട്ടുകയുണ്ടായി. പക്ഷേ, സർക്കാരിനു പുറത്തുനിന്നു വരുന്ന ആശ‍യങ്ങൾ ഉൾക്കൊള്ളാനും അവ പഠിച്ചു വേണ്ട രീതിയിൽ നടപ്പാക്കാനുമുള്ള താത്പര്യം സർക്കാർ കാണിക്കുമ്പോൾ മാത്രമാണ് അതുകൊണ്ടു ഗുണമുണ്ടാവുക.

ആരോഗ്യം, ആയുർവേദം, കൃഷി, വ്യവസായം, ഹോസ്പിറ്റാലിറ്റി, ടൂറിസം, വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ചായിരുന്നു കോൺക്ലേവിലെ പ്രധാന ചർച്ചകൾ. ഓരോ മേഖലയിലും കേരളത്തിനു മുന്നിലുള്ള സാധ്യതകളും നിലവിലുള്ള വെല്ലുവിളികളും അവ മറികടക്കുന്നതിനുള്ള ആശയങ്ങളും വിദഗ്ധർ പങ്കുവയ്ക്കുകയുണ്ടായി. ആരോഗ്യരംഗത്ത് ആധുനികവും ജനകീയവുമായ സേവനങ്ങൾ ഉറപ്പാക്കുന്നതും ആയുർവേദ മേഖലയെ ആഗോളതലത്തിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതും ചർച്ചയായി. കൃഷിയിൽ സാങ്കേതിക വിദ്യ കൂടുതൽ പ്രയോജനപ്പെടുത്തുന്നതും മൂല്യവർധിത ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും അനിവാര്യമായ നടപടികളായി ചൂണ്ടിക്കാണിക്കപ്പെട്ടു. വ്യവസായ മേഖലയിൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും സംരംഭകത്വം വളർത്തുന്നതിനും യുവാക്കൾക്കു കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള നടപടികൾ കോൺക്ലേവിൽ ഉയർന്നുവന്നു. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ കേരളത്തിന്‍റെ പ്രകൃതി, സംസ്കാരം, പൈതൃകം എന്നിവയെ കൂടുതൽ ഫലപ്രദമായി പ്രയോജനപ്പെടുത്തി ആഗോള സഞ്ചാരികളെ ആകർഷിക്കാനുള്ള ആശയങ്ങളും അവതരിപ്പിച്ചു. വിദ്യാഭ്യാസ മേഖലയിൽ ഭാവിയുടെ തൊഴിൽ സാധ്യതകൾക്ക് അനുയോജ്യമായ നൈപുണ്യ വികസനം ഉറപ്പാക്കേണ്ടതിന്‍റെ പ്രാധാന്യവും ചർച്ചയായി. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം സാമ്പത്തിക വളർച്ച ഉറപ്പാക്കുന്ന സുസ്ഥിര വികസന മാതൃകയാണു കേരളം മുന്നോട്ടുവയ്ക്കേണ്ടതെന്നു വിദഗ്ധർ അഭിപ്രായപ്പെട്ടു.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഡാറ്റ സയൻസ്, സെമികണ്ടക്റ്റർ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളിൽ അധിഷ്ഠിതമായ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി കേരളം മാറേണ്ടതുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള കമ്പനികളെ ആകർഷിക്കുന്നതിന് കൊച്ചി, തിരുവനന്തപുരം പോലുള്ള നഗരങ്ങളിൽ പ്രത്യേക വ്യവസായ ഇടനാഴികൾ ആവശ്യമാണ്.‌ വിഴിഞ്ഞം കേന്ദ്രീകരിച്ചുള്ള സാമ്പത്തിക ഇടനാഴി വലിയ സാധ്യതകൾ തുറന്നു നൽകും. സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സർവകലാശാലാ തലത്തിൽ തന്നെ വ്യവസായ പങ്കാളിത്തത്തോടെയുള്ള പരിശീലനങ്ങളും ഇൻക്യുബേഷൻ സെന്‍ററുകളും സജീവമാക്കണം. മുതിർന്ന പൗരന്മാരുടെ ക്ഷേമം കണക്കിലെടുത്ത് കേരളത്തെ സമ്പൂർണ "ജെറിയാട്രിക് കെയർ' ഹബ്ബായി മാറ്റേണ്ടതുണ്ട്. ‌

എല്ലാ പൗരന്മാരുടെയും ആരോഗ്യ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്ത് കൃത്യമായ പ്രിവന്‍റീവ് ഹെൽത്ത് കെയർ സംവിധാനം നടപ്പിലാക്കുന്നതും അത്യാവശ്യം. കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ തക്കവണ്ണം പ്രളയ നിയന്ത്രണ സംവിധാനങ്ങളും കൃത്യമായ ജല ബഡ്ജറ്റിങ്ങും ഉറപ്പാക്കണം. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നതു കുറച്ച് പുനരുപയോഗ ഊർജ സ്രോതസുകളിലേക്കു ചുവടുമാറ്റം നടത്തുന്നതും പരിഗണിക്കപ്പെടേണ്ടതാണ്.

logo
Metro Vaartha
www.metrovaartha.com