

ലക്ഷ്യം നേടട്ടെ, "ഓപ്പറേഷൻ തൂഫാൻ'
ലഹരി മാഫിയയുടെ നീരാളിപ്പിടിത്തത്തിൽ നിന്ന് കേരളത്തെ രക്ഷിക്കുക എന്നത് ഏറ്റവും അടിയന്തരമായി പൂർത്തിയാക്കേണ്ട ദൗത്യമാണ്. തലമുറകളെ നശിപ്പിക്കുന്ന മയക്കുമരുന്നുകൾ വിറ്റഴിക്കാനുള്ള പ്രധാന വിപണിയായി കേരളത്തെ കാണുന്ന വലിയ ശൃംഖലകൾ ഇവിടെയുണ്ട്. ഈ ശൃംഖലകളെ തകർക്കാൻ ശക്തമായ പ്രവർത്തനങ്ങൾ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ആവശ്യമാണെന്നതിൽ ആർക്കും സംശയമുണ്ടാവില്ല.
മുൻ സർക്കാരിന്‍റെ കാലത്തും മയക്കുമരുന്നിനെതിരായ പോരാട്ടങ്ങൾ നടന്നിട്ടുണ്ട്. വർഷങ്ങളായി അതു തുടരുകയുമാണ്. ലഹരിയിൽ നിന്ന് യുവതലമുറയെ മോചിപ്പിക്കുന്നതിനു പല പദ്ധതികളും മുൻ സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി. പദ്ധതികൾക്കു വലിയ പ്രചാരണവും ലഭിച്ചു. പക്ഷേ, മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. നാട്ടിൻ പുറങ്ങളിൽ പോലും മയക്കുമരുന്നു വിൽപ്പനക്കാരുടെ കണ്ണികളുണ്ട്.
മയക്കു മരുന്നുകളുമായി പിടിയിലാവുന്നവരുടെ വാർത്തകൾ തുടർച്ചയായി മാധ്യമങ്ങളിൽ വരുന്നുണ്ട്. എന്നാൽ, വിൽപ്പന നടത്തുന്നതിന്‍റെ വളരെ ചെറിയൊരു ഭാഗം മാത്രമാണു പിടികൂടുന്നത് എന്നതാണു വസ്തുത. ഈ സാഹചര്യത്തിലാണു കൂടുതൽ ശക്തമായ നീക്കങ്ങൾ സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു നടപ്പിലാക്കിവരുന്ന "ഓപ്പറേഷൻ തൂഫാൻ' ഫലവത്തായി കാണാൻ ജനങ്ങൾ ആഗ്രഹിക്കുന്നത് അതുകൊണ്ടാണ്. കേരള പൊലീസിന്‍റെ ഈ പുതിയ പദ്ധതിയുടെ ഭാഗമായി ഇതുവരെ നടന്ന റെയ്ഡില്‍ 10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കളാണു പിടിച്ചെടുത്തിരിക്കുന്നത്. വലിയ നേട്ടം തന്നെയാണിത്. രണ്ടാഴ്ച കൊണ്ട് 2575 കേസുകൾ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു.
2778 പേർ അറസ്റ്റിലായിരിക്കുന്നു. ഇവരില്‍ നിന്നായി 1.589 കിലോ എംഡിഎംഎ, 146.490 കിലോ കഞ്ചാവ്, 464.045 ഗ്രാം ഹാഷിഷ് ഓയില്‍, 350.439 ഗ്രാം ബ്രൗണ്‍ ഷുഗര്‍ അടക്കം ലഹരി വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ പോരാട്ടം ഏറ്റവും ശക്തമായി തുടരേണ്ടത് നാടിന്‍റെ ആവശ്യമാണ്. കേന്ദ്ര സർക്കാരും മറ്റു സംസ്ഥാന സർക്കാരുകളുമായി കൈകോർത്തുകൊണ്ടുള്ള യോജിച്ച പോരാട്ടത്തിനും കേരള പൊലീസ് തയാറാവേണ്ടതുണ്ട്.
കേന്ദ്ര ഏജൻസികൾ ഓപ്പറേഷൻ തൂഫാനു പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണു പറയുന്നത്. ഇതര സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരും സഹകരിക്കാതിരിക്കില്ല. മയക്കുമരുന്ന് കേരളത്തെ മാത്രം ബാധിക്കുന്ന വിഷയമല്ലല്ലോ.
മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കടത്ത് തടയാതെ കേരളത്തിനു മയക്കുമരുന്നു ലോബിയെ പിടിച്ചുകെട്ടാനാവില്ല. സംസ്ഥാന അതിർത്തികടന്ന് എത്തുന്ന എംഡിഎംഎ അടക്കമുള്ള രാസലഹരികൾ മാത്രമല്ല വിദേശത്തുനിന്നുള്ള മാരക ലഹരികൾ വരെ ഇവിടേക്ക് എത്തുന്നുണ്ടെന്നു നേരത്തേ കണ്ടെത്തിയിട്ടുണ്ട്. എയര്‍പോര്‍ട്ടുകള്‍, സീപോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ജാഗ്രത പുലർത്തുന്നതടക്കം നടപടികൾ അതുകൊണ്ടു തന്നെ ആവശ്യമാണ്.
ലഹരി കടത്തുകാരുടെ താവളങ്ങളായി നമ്മുടെ പ്രമുഖ നഗരങ്ങൾ മാറുന്നതു കണ്ടുനിൽക്കാനാവില്ല. ഇത്തരം ലോബികൾക്കു നാട്ടിൽ നിന്നു തന്നെ പിന്തുണ ലഭിക്കുന്നതും അതീവ ഗൗരവത്തിൽ കണക്കിലെടുക്കേണ്ടതാണ്. മയക്കുമരുന്നു വേട്ടയിൽ പലപ്പോഴും പിടിയിലാവുന്നതു ചെറുമീനുകൾ മാത്രമാണ്. ലഹരിയൊഴുക്കി കോടികൾ സമ്പാദിക്കുന്ന വൻ സ്രാവുകൾ രക്ഷപെടുന്നു. ഇതിനു മാറ്റമുണ്ടാവേണ്ടതുണ്ട്.
യുവാക്കളെയും കുട്ടികളെയും സ്വാധീനിച്ച് ലഹരി കടത്താനും വിൽക്കാനും ഉപയോഗിക്കുന്ന ലോബികൾ വളർന്നുവരുന്ന തലമുറകളെയാണു നശിപ്പിക്കുന്നത്. ഇത്തരക്കാരുടെ വലയിൽ വീണുപോകാതിരിക്കാൻ ബോധവത്കരണ പ്രവർത്തനങ്ങൾ ഉപകരിക്കും. "ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമെന്ന നിലയിൽ വിവിധ ജില്ലകളിലായി 1526 ബോധവത്കരണ ക്ലാസുകളും 138 കൗണ്‍സിലിങ്ങുകളും നടത്തിയിട്ടുണ്ടെന്നാണു പറയുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് "വണ്‍ മില്യണ്‍ തൂഫാന്‍ ഗോള്‍സ്' എന്ന പദ്ധതിക്കു തുടക്കം കുറിച്ചതടക്കമുള്ള പ്രവർത്തനങ്ങൾ പ്രതീക്ഷ പകരുന്നതാണ്. ലഹരി വ്യാപനം തടയുന്നതിനും ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിനും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും പിന്തുണ നൽകുന്നതു നല്ല കാര്യം. ലഹരിക്കെതിരേ അണിനിരക്കാൻ സിനിമാ താരങ്ങൾ സ്വയം സന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രി അവകാശപ്പെടുന്നത്.
ബോധവത്കരണ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കാൻ അവർക്കു കഴിയും. മയക്കുമരുന്ന് എന്ന മാരക വിപത്തിനെ തുടച്ചുനീക്കുന്നതിന് കക്ഷി രാഷ്ട്രീയ ഭേദമില്ലാത്ത ഒരുമയാണു വേണ്ടത്. പ്രതിപക്ഷത്തിന്‍റെ പിന്തുണയും അതിനാൽ പദ്ധതിക്ക് ആവശ്യമായിട്ടുണ്ട്.
പൊതുജന പങ്കാളിത്തത്തോടെ മയക്കുമരുന്നിനെതിരേ വലിയൊരു ജനകീയ പ്രതിരോധം തീർക്കുക എന്ന കേരള പൊലീസിന്‍റെ ലക്ഷ്യം യാഥാർഥ്യമാവണമെങ്കിൽ എല്ലാവരും അതിനോടു സഹകരിക്കേണ്ടതുണ്ട്. കുട്ടികളും യുവാക്കളും തെറ്റായ വഴിക്കു നീങ്ങുന്നില്ല എന്നുറപ്പാക്കാനുള്ള ഉത്തരവാദിത്വം സാമൂഹ്യ ഉത്തരവാദിത്വം കൂടിയാവേണ്ടതാണ്.
മയക്കുമരുന്നു ലോബിക്കു സഹായങ്ങൾ ചെയ്തു കൊടുക്കുന്നത് ആരു തന്നെയായാലും അവരെ അതിന് അനുവദിക്കാതിരിക്കേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും റസിഡൻസ് അസോസിയേഷനുകൾക്കും രക്ഷാകര്‍തൃ സമിതികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എല്ലാം അവരുടേതായ സംഭാവനകൾ ചെയ്യാനാവും.
ഡിജിറ്റൽ യുഗത്തിന് അനുയോജ്യമായ രീതിയിലാണു പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്നു പൊലീസ് വ്യക്തമാക്കുന്നുണ്ട്. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ വിപുലമായ ഡിജിറ്റൽ സർവൈലൻസ് സംവിധാനമാണ് അവകാശപ്പെടുന്നത്. വലിയൊരു സാമൂഹിക വിപത്തിനെ ഏറ്റവും ഫലപ്രദമായി നേരിടാൻ "ഓപ്പറേഷൻ തൂഫാൻ' ഉപകരിക്കട്ടെ. സർക്കാരിന്‍റെയും പൊലീസിന്‍റെയും നിശ്ചയദാർഢ്യം തുടർന്നുള്ള ദിവസങ്ങളിലും ഈ പദ്ധതിയിൽ പ്രതിഫലിക്കട്ടെ.