

നീറ്റ്: വീഴ്ചകൾ തടയാൻ സംവിധാനമുണ്ടാവട്ടെ
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നതടക്കം പരീക്ഷാ വീഴ്ചകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളുമായി കേന്ദ്ര മന്ത്രിമാർ നടത്തിയ ചർച്ച വ്യക്തമായ തീരുമാനത്തിലെത്താതെ പിരിഞ്ഞിരിക്കുകയാണ്. ധർമേന്ദ്ര പ്രധാന്‍റെ രാജി എന്ന ആവശ്യത്തിൽ നിന്നു പിന്നോട്ടില്ലെന്നാണു പ്രക്ഷോഭകർ ചർച്ചയ്ക്കു വന്ന കേന്ദ്ര മന്ത്രിമാരായ ജെ.പി. നഡ്ഡയെയും ജിതേന്ദ്ര സിങ്ങിനെയും അറിയിച്ചത്. നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക, പ്രക്ഷോഭകർക്കെതിരേയുള്ള എഫ്ഐആറുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളും അവർ ഉന്നയിച്ചു. രണ്ടു മണിക്കൂർ നീണ്ട ചർച്ചയിൽ പ്രക്ഷോഭകർക്കു പറയാനുള്ളതു സർക്കാർ കേട്ടു എന്നാണു കേന്ദ്ര മന്ത്രി നഡ്ഡ പിന്നീടു പറഞ്ഞത്. ഇന്നു വീണ്ടും ചർച്ച നടക്കുകയാണ്. ഇതിൽ സർക്കാരിന്‍റെ നിലപാട് അറിയിക്കുമെന്നാണു പറയുന്നത്.
ധർമേന്ദ്ര പ്രധാന്‍റെ രാജി സർക്കാരിന് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള വിഷയമാണ്. എന്തായാലും ഇന്നു സർക്കാരും പ്രക്ഷോഭകരും എന്തു നിലപാടു സ്വീകരിക്കുമെന്നതു കാത്തിരുന്നു കാണേണ്ടതുണ്ട്. ഇരു വിഭാഗവും തമ്മിൽ നടന്ന മൂന്നാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇന്നലത്തേത്. പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് നടത്തിവന്ന 26 ദിവസം നീണ്ട നിരാഹാരം പിൻവലിച്ചതിനു പിന്നാലെയാണ് പ്രക്ഷോഭകരുമായുള്ള സർക്കാരിന്‍റെ മൂന്നാമത്തെ ചർച്ച നടന്നത്. വാങ്ചുക്കിന്‍റെ പ്രധാന ആവശ്യങ്ങളിൽ സർക്കാർ ഉറപ്പുകൾ നൽകിയിട്ടുണ്ട് എന്നാണു റിപ്പോർട്ടുകൾ. ഇതിനിടെ, ചോദ്യപേപ്പർ ചോർച്ചകൾക്കു കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനുള്ള കരടു ബില്ലിന് കേന്ദ്ര മന്ത്രിസഭ ഇന്നലെ അംഗീകാരം നൽകിയിട്ടുമുണ്ട്. ചോദ്യപേപ്പർ ചോർച്ച തടയാൻ ബില്ല് കൊണ്ടുവരുമെന്നും അതു നടപ്പു സമ്മേളനത്തിൽ തന്നെ പാസാക്കാൻ ശ്രമിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിച്ചതിനു പിന്നാലെയാണു മന്ത്രിസഭ കരടു ബിൽ അംഗീകരിച്ചിരിക്കുന്നതും. ചോദ്യപേപ്പർ ചോർച്ച ഗൗരവമുള്ള വിഷയമാണെന്നും ഇക്കാര്യത്തിൽ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കാൻ നിർദേശം നൽകിയ കാര്യവും മോദി ഓർമിപ്പിച്ചു. വിഷയത്തിന്‍റെ ഗൗരവം സർക്കാർ കണക്കിലെടുക്കുന്നുവെന്നും പ്രക്ഷോഭം അവസാനിപ്പിക്കാൻ താത്പര്യം കാണിക്കുന്നു എന്നുമാണ് പുതിയ സംഭവവികാസങ്ങളിൽ നിന്നു മനസിലാക്കേണ്ടത്. എത്രയും വേഗം ഒരു പരിഹാരം കണ്ടെത്തുന്നോ അത്രയും നല്ലതാണ്.
വിഷയത്തിൽ സുപ്രീം കോടതിയുടെ ഇടപെടലും വിദ്യാർഥികൾക്കു പ്രതീക്ഷ പകരുന്നുണ്ട്. നീറ്റ് പരീക്ഷയിൽ ആവർത്തിച്ചുണ്ടാകുന്ന തെറ്റുകൾ അവസാനിപ്പിച്ചേ തീരൂ എന്നാണു പരമോന്നത കോടതി ഇന്നലെ പറഞ്ഞത്. ചോദ്യപേപ്പർ ചോർച്ച വിഷയം ഈ രീതിയിൽ തുടരാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കോടതിയുടെ സൂക്ഷ്മമായ നിരീക്ഷണവും നിരന്തരമായ വിലയിരുത്തലും ഇക്കാര്യത്തിലുണ്ടാവുമെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാദേ എന്നിവർ കേന്ദ്ര സർക്കാരിനോടു പറഞ്ഞിരിക്കുന്നു. പരീക്ഷ പൂർണമായും കംപ്യൂട്ടർ അധിഷ്ഠിതമാക്കുന്നതിനെക്കുറിച്ചു കോടതി കേന്ദ്രത്തോടു വിശദീകരണം തേടിയിരിക്കുകയാണ്. കോടതിയുടെ ഇടപെടൽ പരീക്ഷാനടത്തിപ്പിലെ തെറ്റുകുറ്റങ്ങൾ പരിഹരിക്കുന്നതിനു സഹായകരമാവട്ടെ.
രാജ്യത്തെ 23 ലക്ഷത്തോളം വിദ്യാർഥികൾ എഴുതിയ മെഡിക്കൽ യുജി പ്രവേശനത്തിനുള്ള പൊതുപരീക്ഷ (നീറ്റ്)യുടെ ചോദ്യപേപ്പർ ചോർന്നതു മൂലം പരീക്ഷ തന്നെ റദ്ദാക്കേണ്ട സാഹചര്യം ഇത്തവണയുണ്ടായി. ചോദ്യപേപ്പർ ചോർത്തിയവർ ചെയ്തത് അതീവ ഗുരുതരമായ കുറ്റമാണ്. രണ്ടാമതും നീറ്റ് നടത്തിയത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടാക്കിയ മാനസിക സമ്മർദം ഊഹിക്കാവുന്നതേയുള്ളൂ. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത പാളിച്ചകൾ ദേശീയ ടെസ്റ്റിങ് ഏജൻസി (എൻടിഎ)യുടെ ഭാഗത്തുനിന്നുണ്ടായി. ഇതാദ്യമായല്ല എന്‍ടിഎയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടത് എന്നതും ഓർക്കേണ്ടതുണ്ട്. മുൻപ് പല വർഷങ്ങളിലും നീറ്റ് വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു. പരീക്ഷാ പേപ്പർ ചോർച്ചയടക്കം ആരോപിക്കപ്പെട്ടിരുന്നു. ഇതേത്തുടർന്ന് എൻടിഎയിൽ അഴിച്ചുപണികളും പരിഷ്കാരങ്ങളും നിർദേശിക്കപ്പെടുകയുണ്ടായി. പ്രവർത്തനങ്ങളിൽ സുതാര്യത വർധിപ്പിക്കുകയും പരീക്ഷാ നടത്തിപ്പിൽ കർശനമായ നടപടികൾ സ്വീകരിക്കുകയും ചെയ്തുവെന്ന അവകാശവാദവുമുണ്ടായി. പക്ഷേ, പാളിച്ചകൾ ആവർത്തിക്കുകയാണു ചെയ്തത്. ഈ നില മാറണം എന്നത് തർക്കമറ്റ സംഗതിയാണ്. കർശന നടപടികൾ ഇക്കാര്യത്തിലുണ്ടായേ തീരൂ. ചോദ്യപേപ്പർ തയാറാക്കുന്നതു മുതൽ ഫലപ്രഖ്യാപനം വരെയുള്ള കാര്യങ്ങളിൽ യാതൊരു പാളിച്ചകളും സംഭവിച്ചുകൂടാ. അതിനു ഫലപ്രദമായ നിരീക്ഷണ സംവിധാനം തന്നെ ഏർപ്പെടുത്തണം. നീണ്ട തയാറെടുപ്പിനു ശേഷമാണു വിദ്യാർഥികൾ മെഡിക്കൽ പ്രവേശന പരീക്ഷയെഴുതുന്നത്. കഠിനമായ പരിശീലനം അതിനു വേണ്ടതുണ്ട്. അങ്ങനെ ഒരുങ്ങിവരുന്നവരെ വഞ്ചിക്കാൻ ആരെയും അനുവദിക്കാവുന്നതല്ല.