

കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യയുടെ മീരാബായ് ചാനു
പത്തു കായിക ഇനങ്ങളിലായി 645 മെഡലുകൾ നിശ്ചയിച്ച ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിന് അവസാനമായപ്പോൾ അഭിമാനകരമായ നാലാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. 70 സ്വർണം അടക്കം 171 മെഡലുകളോടെ ഓസ്ട്രേലിയ ഒരിക്കൽക്കൂടി ഗെയിംസ് ചാംപ്യൻമാരായപ്പോൾ 29 സ്വർണം ഉൾപ്പെടെ 110 മെഡലുകളുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തു വന്നു. 19 സ്വർണവും മൊത്തം 62 മെഡലും നേടിയ ക്യാനഡയാണു മൂന്നാമത്. ഇന്ത്യയ്ക്കു ലഭിച്ചത് 39 മെഡലുകളാണ്. അതിൽ 13 സ്വർണവും 17 വെള്ളിയും ഒമ്പതു വെങ്കലവും ഉൾപ്പെടുന്നു. ഉയർന്ന ചെലവു കണക്കിലെടുത്ത് ഓസ്ട്രേലിയൻ സംസ്ഥാനം വിക്റ്റോറിയ പിൻമാറിയതിനെ തുടർന്നാണു കോമൺവെൽത്ത് ഗെയിംസിന്‍റെ ആതിഥ്യം ഗ്ലാസ്ഗോ ഏറ്റെടുത്തത്. ഒരുക്കങ്ങൾക്കുള്ള സമയക്കുറവ് അടക്കം കണക്കിലെടുത്താണ് കായിക ഇനങ്ങൾ വെട്ടിച്ചുരുക്കിയത്. നിലവിലുള്ള സ്റ്റേഡിയങ്ങളും സൗകര്യങ്ങളും ഉപയോഗിച്ച് അവർ നടത്തിയ മേള വിജയകരമായി സമാപിച്ചു എന്നു പറയാം. അപ്പോഴും കായിക ഇനങ്ങൾ വെട്ടിക്കുറച്ചതിലൂടെ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത് ഇന്ത്യയ്ക്കായിരുന്നു. നമുക്കു മെഡൽ സാധ്യതകളേറെയുണ്ടായിരുന്ന ഷൂട്ടിങ്, ഗുസ്തി, ബാഡ്മിന്‍റൺ, അമ്പെയ്ത്ത്, ഹോക്കി, ടേബിൾ ടെന്നിസ്, ക്രിക്കറ്റ് എന്നിവ ഗെയിംസിൽ ഇടംപിടിച്ചില്ല. എന്നിട്ടും നാലാം സ്ഥാനത്തെത്തിയെന്നത് ഇന്ത്യൻ കായിക രംഗത്തിന്‍റെ ഭാവിയെക്കുറിച്ചു പ്രതീക്ഷകൾ നൽകുന്നതാണ്.
2010ലെ ന്യൂഡൽഹി കോമൺവെൽത്ത് ഗെയിംസിലാണ് ഇന്ത്യ ഏറ്റവുമധികം മെഡലുകൾ നേടിയിട്ടുള്ളത്. 38 സ്വർണം അടക്കം 101 മെഡലുകൾ അന്ന് ഇന്ത്യയ്ക്കു ലഭിച്ചു. അതുവഴി ഗെയിംസിൽ രണ്ടാം സ്ഥാനവും നമുക്കായിരുന്നു. 2014ൽ ഗ്ലാസ്ഗോയിൽ 15 സ്വർണം അടക്കം 64 മെഡലുകളോടെ അഞ്ചാം സ്ഥാനത്തായിരുന്നു. 2018ൽ ഗോൾഡ് കോസ്റ്റിൽ 26 സ്വർണം ഉൾപ്പെടെ 66 മെഡലുകളും മൂന്നാം സ്ഥാനവും. 2022ൽ ബർമിങ്ങാമിൽ 21 സ്വർണം അടക്കം 60 മെഡലുകളും നാലാം സ്ഥാനവുമായിരുന്നു. ഇക്കുറി കായിക ഇനങ്ങൾ വെട്ടിക്കുറച്ചപ്പോൾ മെഡലുകൾ കുറഞ്ഞതു സ്വാഭാവികമാണ്. നമുക്കു താത്പര്യമുള്ള ഇനങ്ങൾ പലതും ഒഴിവായിട്ടും നാലാം സ്ഥാനം നിലനിർത്താനായി എന്നതാണു ശ്രദ്ധിക്കേണ്ടത്. കോമൺവെൽത്ത് ഗെയിംസിന്‍റെ ചരിത്രത്തിൽ ഭാരോദ്വഹനം കഴിഞ്ഞാൽ ഇന്ത്യ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയിട്ടുള്ള കായിക ഇനങ്ങളാണ് ഷൂട്ടിങ്ങും ഗുസ്തിയും. ആ രണ്ടിനങ്ങളും ഇക്കുറി പൂർണമായി ഒഴിവായി.
ഇത്തവണത്തെ മെഡൽ കുതിപ്പിൽ പ്രധാന പങ്കു വഹിച്ചതു നമ്മുടെ ബോക്സർമാരാണ്. 14 ബോക്സർമാരിൽ 10 പേർ നോക്കൗട്ട് റൗണ്ടിലെത്തി. ഏഴു സ്വർണവും മൂന്നു വെള്ളിയും അവർ സ്വന്തമാക്കി. ഈ നേട്ടത്തിനു ചുക്കാൻ പിടിച്ചതു വനിതാ താരങ്ങളാണ് എന്നു കൂടി എടുത്തുപറയേണ്ടതുണ്ട്. അഞ്ചു സ്വർണം അവരുടെ വകയാണ്. സാക്ഷി ചൗധരി, പ്രീതി പവാർ, ജാസ്മിൻ ലംബോറിയ, അരുന്ധതി ചൗധരി, പ്രിയ ഘാംഘാസ് എന്നിവർ സ്വർണം നേടി ഇന്ത്യൻ ആധിപത്യത്തിന് അടിവരയിട്ടു. ഗെയിംസ് ബോക്സിങ്ങിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഗ്ലാസ്ഗോയിൽ കണ്ടത്. എന്നു മാത്രമല്ല ഏതെങ്കിലുമൊരു രാജ്യം കോമൺവെൽത്ത് ഗെയിംസ് ബോക്സിങ്ങിൽ ഇത്രയും സ്വർണം ഒന്നിച്ചു നേടുന്നത് ഇതാദ്യമാണ്.
ഗെയിംസ് ചരിത്രത്തിൽ ഇതാദ്യമായി ഇന്ത്യ ജൂഡോ സ്വർണം നേടിയതും ഇക്കുറിയാണ്. ഒന്നല്ല രണ്ട്. അസ്മിത ഡേ വനിതകളുടെ 48 കിലോ വിഭാഗത്തിലും ഹർഷ് സിങ് പുരുഷന്മാരുടെ 60 കിലോ വിഭാഗത്തിലും സ്വർണം നേടി ചരിത്രം കുറിക്കുകയായിരുന്നു. ഈ ഇനത്തിൽ ഇന്ത്യയുടെ നാലു മെഡൽ നേട്ടത്തിന് ഇരു താരങ്ങളും പ്രചോദനമായി. ഗെയിംസിൽ ഇന്ത്യൻ പാരാ അത്‌ലറ്റുകളുടെ ഏറ്റവും മികച്ച പ്രകടനവും ഇക്കുറിയുണ്ടായി. മൂന്നു സ്വർണം അടക്കം മെഡലുകളാണ് ഈയിനത്തിൽ ഇന്ത്യ നേടിയത്. നൂറു മീറ്ററിൽ (ടി-47 വിഭാഗം) ദിലീപ് ഗാവിറ്റ് സ്വർണം നേടിയപ്പോൾ തൊട്ടുപിന്നിൽ വെള്ളിയുമായി എത്തിയത് മലയാളി താരമായ മുഹമ്മദ് ബാസിലാണ് എന്നതു കേരളത്തിനു പ്രത്യേകിച്ച് അഭിമാനിക്കാവുന്നതാണ്. വനിതകളുടെ ഷോട്ട്പുട്ട് (എഫ് 57), പുരുഷന്മാരുടെ ഷോട്ട്പുട്ട് (എഫ് 57) എന്നീ ഇനങ്ങളിലും ഇന്ത്യ ഇരട്ട പോഡിയം ഫിനിഷുകൾ ഉറപ്പാക്കി.
അത്‌ലറ്റിക്സിൽ മലയാളി താരം എം. ശ്രീശങ്കറിന്‍റെ വെള്ളിക്കു പ്രത്യേക തിളക്കമുണ്ട്. പരിക്കിൽ നിന്നു മുക്തനായി ജംപിങ് പിറ്റിൽ തിരിച്ചെത്തിയ ശേഷമുള്ള മികച്ച പ്രകടനമായിരുന്നു ലോങ് ജംപിൽ ശ്രീശങ്കറിന്‍റേത്. ദീർഘദൂര ഓട്ടത്തിൽ ഇരട്ട മെഡലുമായി ഗുൽവീർ സിങ് ചരിത്ര നേട്ടം കുറിച്ചതടക്കം 10 മെഡലുകളാണ് അത്‌ലറ്റിക്സിൽ ഇന്ത്യയ്ക്കു ലഭിച്ചത്. ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന്‍റെ സ്വർണ പ്രകടനം എടുത്തു പറയേണ്ടതുണ്ട്. ഒരു സ്വർണം അടക്കം എട്ടു മെഡലുകളാണു ഭാരോദ്വഹനത്തിൽ നിന്നു ലഭിച്ചത്. അടുത്ത ഗെയിംസ് 2030ൽ അഹമ്മദാബാദിലാണു നടക്കേണ്ടത്. നമുക്കു താത്പര്യമുള്ള മുഴുവൻ കായിക ഇനങ്ങളും ഉൾപ്പെടുത്തി വിപുലമായ സൗകര്യങ്ങളോടെ ഈ ഗെയിംസ് സംഘടിപ്പിക്കാനാവണം. അതിനുള്ള ഒരുക്കങ്ങൾ ഏറ്റവും ഭംഗിയായി നടക്കുമെന്നു തന്നെ കരുതാം.