വോട്ടർ പട്ടിക ശുദ്ധീകരണവും ഉയർന്ന പോളിങ്ങും

കേരളത്തെപ്പോലെ വോട്ടർ പട്ടിക ശുദ്ധീകരണം നടന്ന പുതുച്ചേരിയിൽ ആദ്യ കണക്കുകളിൽ തന്നെ 90 ശതമാനത്തോളം പോളിങ്ങുണ്ട്
election

ഉയർന്ന പോളിങ്ങും ഉറച്ച സർക്കാരും ഉണ്ടാവട്ടെ| മുഖപ്രസംഗം

file
Updated on

വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന്‍റെ ആദ്യ ഘട്ടം (സ്പെഷ്യൽ ഇന്‍റൻസീവ് റിവിഷൻ- എസ്ഐആർ) നടന്നതു ബിഹാറിലായിരുന്നു. കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ്. അത് ഏറെ രാഷ്‌ട്രീയ വിവാദമുയർത്തുകയുണ്ടായി. പക്ഷേ, ശുദ്ധമായ പട്ടിക തയാറാക്കാൻ കഴിഞ്ഞതു വലിയ വിജയമായാണു തെരഞ്ഞെടുപ്പു കമ്മിഷൻ കണക്കിലെടുത്തത്. ബിഹാറിന്‍റെ ചരിത്രത്തിലെ ഏറ്റവും കനത്ത പോളിങ് തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തി. 67 ശതമാനത്തോളമായിരുന്നു അത്.

വോട്ടർ പട്ടികയിലെ ശുദ്ധീകരണം അടക്കം തെരഞ്ഞെടുപ്പു കമ്മിഷൻ സ്വീകരിച്ച നടപടികൾ പോളിങ് ശതമാനം ഉയർത്തുന്നതിനു സഹായിച്ചു. അതിനു ശേഷമാണ് കേരളം അടക്കം 12 സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിൽ വോട്ടർ പട്ടികയുടെ ശുദ്ധീകരണത്തിനു തെരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനമെടുത്തത്. കേരളത്തിൽ അതു ഭംഗിയായി നടപ്പാവുകയും ചെയ്തു. ഇപ്പോൾ സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും നാം കാണുന്നത് ഉയർന്ന പോളിങ്ങാണ്.

മരിച്ചുപോയവരെ ഒഴിവാക്കിയും തെറ്റുകൾ തിരുത്തിയും പരമാവധി പുതിയ വോട്ടർമാരെ ഉൾപ്പെടുത്തിയും ഒക്കെയാണു സംസ്ഥാനം പോളിങ് ബൂത്തിൽ എത്തിയത്. 85 ശതമാനത്തിലേറെ പോളിങ് ഇക്കുറിയുണ്ടാവുമെന്ന പ്രതീക്ഷ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർ നേരത്തേ പ്രകടിപ്പിക്കുകയുമുണ്ടായി. അതിനനുസരിച്ചാണ് ആസൂത്രണവും ഒരുക്കങ്ങളും നടത്തിയിട്ടുള്ളതെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. എന്തായാലും 80 ശതമാനത്തോളം പോളിങ് എന്നത് നമുക്ക് അഭിമാനകരം തന്നെയാണ്.

ആദ്യ രണ്ടു മണിക്കൂറുകളിൽ തന്നെ 16 ശതമാനം പോളിങ് രേഖപ്പെടുത്തപ്പെട്ടത് രാവിലെ മുതൽ വോട്ടർമാരിൽ കണ്ട ആവേശത്തിന്‍റെ ഫലമായിരുന്നു. പതിനൊന്നു മണിയോടെ പോളിങ് 33 ശതമാനം കടന്നു. ഉച്ചയ്ക്ക് ഒരു മണിയായപ്പോഴേക്കും 50 ശതമാനത്തിന് അടുത്തെത്തി. മൂന്നു മണിക്ക് 63 ശതമാനത്തിനടുത്തായി. പോളിങ് അവസാനിച്ച ശേഷമുള്ള ആദ്യ കണക്കുകളിൽ അത് 78 ശതമാനം കടന്നു.

പാറശാല മുതൽ മഞ്ചേശ്വരം വരെ സംസ്ഥാനത്തു കണ്ടതു വോട്ടർമാരുടെ കുത്തൊഴുക്കായിരുന്നു. പോളിങ് പുരോഗമിക്കുമ്പോൾ തന്നെ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലേതിനെക്കാൾ മികച്ച പോളിങ് ഉണ്ടാവുമെന്നു വ്യക്തമായി. അങ്ങിങ്ങ് ചില സംഘർഷങ്ങളുണ്ടായെങ്കിലും പൊതുവേ സമാധാനപരമായിരുന്നു വോട്ടെടുപ്പ് എന്നതും അഭിമാനകരമാണ്. അതേസമയം, ഏതാനും കള്ള വോട്ട് ആരോപണങ്ങൾ ഉയർന്നതു നിരാശാജനകവുമായി.

കള്ള വോട്ടുകളെ പ്രോത്സാഹിപ്പിക്കാൻ ഒരു കക്ഷിയും തയാറാവാതിരിക്കുക എന്നത് ജനാധിപത്യത്തിന്‍റെ അന്തസ് കാത്തുസൂക്ഷിക്കാൻ അനിവാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷൻ വിശദമായി പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കേണ്ടതാണ്.

ഇടതുകൈയിലെ ചൂണ്ടുവിരലിൽ മുറിവേറ്റ് പത്തോളം തുന്നലിട്ട യുവതിക്കു വോട്ട് ചെയ്യാൻ മണിക്കൂറുകൾ നീണ്ട പ്രതിഷേധവും കാത്തിരിപ്പും വേണ്ടിവന്നു എന്നതും നിർഭാഗ്യകരമായി. തൃശൂർ കൂർക്കഞ്ചേരി സ്വാമി ബോധാനന്ദ സ്‌കൂളിൽ കൈക്കുഞ്ഞുമായി വോട്ട് ചെയ്യാനെത്തിയ അക്ഷയയെന്ന യുവതിയോടു ചൂണ്ടുവിരലിൽ ഡ്രസിങ് ഉള്ളതിനാൽ മഷിപുരട്ടാനാവില്ലെന്നു ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ തടസവാദമുന്നയിക്കുകയായിരുന്നു.

ഡോക്റ്ററുടെ കുറിപ്പടിയും എക്‌സ്-റേയും ഹാജരാക്കിയെങ്കിലും ഉദ്യോഗസ്ഥൻ അതു പരിഗണിക്കാൻ തയാറായില്ല. ഉച്ചയ്ക്ക് ഒരു മണിക്ക് വോട്ട് ചെയ്യാനെത്തിയതാണ് അക്ഷയ. യുവതിയിൽ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങിയ ശേഷം പോളിങ് സമയം അവസാനിക്കാറായപ്പോഴാണ് വോട്ട് ചെയ്യാൻ അനുവദിച്ചത്. ഇത്തരത്തിലുള്ള വൈകിക്കലുകൾ ഇനി ഒരിക്കലും ആവർത്തിക്കാതിരിക്കണം. വോട്ടർമാരെ പരമാവധി ബൂത്തിലെത്തിക്കാനാണല്ലോ തെരഞ്ഞെടുപ്പു കമ്മിഷൻ ശ്രമിക്കുന്നത്.

കേരളത്തെപ്പോലെ വോട്ടർ പട്ടിക ശുദ്ധീകരണം നടന്ന പുതുച്ചേരിയിൽ ആദ്യ കണക്കുകളിൽ തന്നെ 90 ശതമാനത്തോളം പോളിങ്ങുണ്ട് എന്നതും ശ്രദ്ധിക്കണം. ഇത് അവിടുത്തെ സർവകാല റെക്കോഡാണ്. 2011ലെ തെരഞ്ഞെടുപ്പിൽ 86.19 ശതമാനം പേർ വോട്ടു ചെയ്തതാണ് പുതുച്ചേരിയിലെ ഇതിനു മുൻപുള്ള ഉയർന്ന പോളിങ്. 1974ൽ 85.33 ശതമാനവും 2006ൽ 85.29 ശതമാനവും 2011ൽ 85.57 ശതമാനവും വോട്ട് അവിടെ രേഖപ്പെടുത്തുകയുണ്ടായി.

അധികാരം നിലനിർത്താനുള്ള എൻഡിഎയുടെ ശ്രമങ്ങൾക്കാണോ തിരിച്ചുപിടിക്കാനുള്ള കോൺഗ്രസിന്‍റെ നീക്കങ്ങൾക്കാണോ ഇത്തവണത്തെ റെക്കോഡ് വോട്ടെടുപ്പു സഹായിക്കുകയെന്നു കാത്തിരുന്നു കാണണം. കേരളത്തിനും പുതുച്ചേരിക്കും ഒപ്പം വോട്ടെടുപ്പു നടന്ന അസമിലും റെക്കോഡ് പോളിങ്ങാണു രേഖപ്പെടുത്തിയത്. ആദ്യ കണക്കുകൾ പ്രകാരം തന്നെ അസമിലെ പോളിങ് 85 ശതമാനത്തിനു മുകളിലാണ്.

വോട്ടർപട്ടികയുടെ പ്രത്യേക റിവിഷൻ അസമിലും നടത്തിയിരുന്നു. 2016ലെ തെരഞ്ഞെടുപ്പിൽ 84.67 ശതമാനം പേർ വോട്ടു ചെയ്തതാണ് അസമിലെ ഇതിനു മുൻപുള്ള റെക്കോഡ് പോളിങ്. പല പോളിങ് ബൂത്തുകളിലും വോട്ടെടുപ്പ് 95 ശതമാനം കടന്നിട്ടുണ്ട്. അധികാരം നിലനിർത്താനുള്ള ചരിത്ര വോട്ട് എന്നത്രേ ബിജെപിയും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും ഇതിനെ വിശേഷിപ്പിക്കുന്നത്.

അതേസമയം മാറ്റത്തിനായുള്ള വോട്ടാണിതെന്നു കോൺഗ്രസും അവകാശപ്പെടുന്നുണ്ട്. തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്താനാണു ബിജെപിയുടെ ശ്രമം. ഒരു പതിറ്റാണ്ടു മുൻപ് കൈവിട്ട സംസ്ഥാനം തിരിച്ചുപിടിക്കണമെന്നു കോൺഗ്രസും മോഹിക്കുന്നു. പുതിയ അസമിനും പുതിയ നേതൃത്വത്തിനും വേണ്ടിയുള്ള വോട്ട് എന്നാണ് അസം പ്രദേശ് കോൺഗ്രസ് പ്രസിഡന്‍റ് ഗൗരവ് ഗൊഗോയ് അവകാശപ്പെടുന്നത്. ഇനി നടക്കാനുള്ളത് തമിഴ്നാട്, പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പുകളാണ്. അവിടെയും മികച്ച പോളിങ് ഉണ്ടാവട്ടെ. അതിനു കേരളവും പുതുച്ചേരിയും അസമും പ്രചോദനമാവട്ടെ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com