

ആശാ ഭോസ്‌ലെ
ഇന്ത്യൻ സംഗീത ലോകത്ത് അതുല്യമായ സംഭാവനകൾ നൽകിയ പ്രശസ്ത ഗായിക ആശാ ഭോസ്‌ലെ ഈ ലോകത്തോടു യാത്ര പറഞ്ഞപ്പോൾ അവസാനിക്കുന്നത് സുദീർഘമായ ഒരു കാലഘട്ടം കൂടിയാണ്. തൊണ്ണൂറ്റിരണ്ടാം വയസിലാണ് ആശ ഭോസ്‌ലെ അന്തരിക്കുന്നത്. അതിനുമുൻപ് എട്ടു പതിറ്റാണ്ടു നീണ്ട സംഗീത ജീവിതമുണ്ട് ഈ അനുഗ്രഹീത ഗായികയ്ക്ക്. 20 ഭാഷകളിലായി 12,000 ഗാനങ്ങള്‍ അവർ പാടി. ഇതുപോലൊരു സംഗീത ജീവിതം എത്ര ധന്യമാണ് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ലോകത്തു തന്നെ ഏറ്റവുമധികം ഗാനങ്ങൾ റെക്കോഡ് ചെയ്ത ഗായിക എന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയ ആശ ഭോസ്‌ലെയുടെ ആദ്യ ഗാനം 1943ൽ പത്താം വയസിലാണ്. മറാത്തി ചിത്രമായ "മജാബാലി'ൽ ചലാ ചലാ നവ്ബാല എന്ന ഗാനം ആലപിച്ചുകൊണ്ടാണ് അരങ്ങേറ്റം. പിന്നീട് പല പതിറ്റാണ്ടുകൾ ബോളിവുഡിലെ തിരക്കുള്ള ഗായികയായിരുന്നു അവർ. ജാക്കി ഷെറോഫ് അഭിനയിച്ച 2022ലെ ലൈഫ് ഈസ് ഗുഡ് എന്ന ചിത്രത്തിലെ "രുത് ഭീഗേ തൻ' എന്ന ഗാനമാണ് ആശാ ഭോസ്‌ലെയുടെ അവസാനമായി റെക്കോഡ് ചെയ്ത ഹിന്ദി ചലച്ചിത്ര ഗാനം എന്നു പറയുമ്പോൾ ആ സംഗീത ജീവിതത്തിന്‍റെ ദൈർഘ്യം മനസിലാവും. ഹിന്ദിയിലെ ആദ്യ ഗാനം പാടുന്നത് 1945ൽ "ബഡി മാ' എന്ന ചിത്രത്തിലാണ്. പക്ഷേ, 1948ൽ റിലീസായ "ചുനാരിയ' ആണ് ആശ പാടിയ ആദ്യ ചിത്രമായി അറിയപ്പെടുന്നത്.
മഹാരാഷ്ട്രയിലെ ഗോറില് പ്രശസ്തമായ മങ്കേഷ്കര്‍ കുടുംബത്തില്‍ 1933 സെപ്റ്റംബര്‍ എട്ടിന് ലതാ മങ്കേഷ്കറിന്റെ ഇളയ സഹോദരിയായാണ് ആശ ഭോസ്‌ലെ ജനിച്ചത്. ആയിരക്കണക്കിനു ഗാനങ്ങൾ ആലപിച്ച്, ഭാരതീയ സംഗീതത്തിന്‍റെ വാനമ്പാടിയായി, നിത്യഹരിത ഗായികയായി, ചരിത്രത്തിൽ ഇടം നേടിയ ലതയ്ക്കു പിന്നാലെ സിനിമാഗാന രംഗത്തെത്തിയ ആശയും ഇന്ത്യൻ സംഗീത ലോകം കീഴടക്കുകയായിരുന്നു. 2022ലാണു ലതാ മങ്കേഷ്കർ അന്തരിക്കുന്നത്. ഇപ്പോൾ ആശയും ഈ ലോകത്തുനിന്നു യാത്രയായിരിക്കുന്നു. ഈ സഹോദരിമാരുടെ തിളക്കമാർന്ന കാലഘട്ടം ഇന്ത്യൻ സിനിമ ഒരു കാലത്തും മറക്കില്ല എന്നു തീർച്ച. പഴയകാല അഭിനേത്രിമാരുടെ ചിത്രങ്ങളിൽ മുതല്‍ പുതിയകാല നടിമാരുടെ ചിത്രങ്ങളില്‍ വരെ സ്വരമാധുര്യം ഒട്ടും കുറയാതെ പാടാൻ കഴിഞ്ഞിട്ടുണ്ട് ആശാ ഭോസ്ലെയ്ക്ക്. സംഗീത ലോകത്തെ മുടിചൂടാമന്നനായിരുന്ന ആര്‍.ഡി. ബര്‍മനുമായുള്ള ആശയുടെ കൂട്ടുകെട്ടിൽ ബോളിവുഡിലെ മികച്ച ഗാനങ്ങള്‍ പിറവികൊണ്ടു. പിന്നീട് ആര്‍.ഡി. ബര്‍മനും ആശാ ഭോസ്‌ലെയും വിവാഹിതരാവുകയും ചെയ്തു. ആശാ ഭോസ്‌ലെയുടെ ശബ്ദത്തിന്‍റെ സാധ്യതകൾ ഏറ്റവും ഫലവത്തായി പ്രയോജനപ്പെടുത്താൻ ബർമനു കഴിഞ്ഞു. 1990കളിൽ സിനിമയിൽനിന്നു പിൻവാങ്ങിയ ആശയെ തിരിച്ചുകൊണ്ടുവന്ന എ.ആർ. റഹ്‌മാൻ അവർക്കു പിന്നെയും സൂപ്പർ ഹിറ്റുകൾ നൽകി.
അറുപതുകളിലും എഴുപതുകളിലും യുവാക്കളുടെ ഹരമായി മാറിയ നിരവധി ഹിറ്റ് ഗാനങ്ങൾ ആശാ ഭോസ്‌ലെ ആലപിച്ചതാണ്. എന്നും സംഗീത പ്രേമികളെ ആവേശ ഭരിതരാക്കുന്നതായിരുന്നു ആ ശബ്ദം. ഗസലുകളും ഭജനുകളും ഖവാലിയും പോപ്പും ക്ലാസിക്കൽ സംഗീതവും എല്ലാം ആശയ്ക്ക് ഇണങ്ങുന്നതായിരുന്നു. ബോളിവുഡിലെ എക്കാലത്തെയും മികച്ച നൃത്തഗാനങ്ങൾ പലതും ഹിറ്റായത് ആശ ഭോസ്‌ലെയുടെ ശബ്ദത്തിലാണ്. "പിയാ തൂ അബ് തോ ആജാ', "ദം മാരോ ദം', "യേ മേരാ ദിൽ' തുടങ്ങിയവ ആശാ ഭോസ്‌ലെയുടെ ഡാൻസ് ഹിറ്റുകളിൽ ഉൾപ്പെടുന്നു. മുഹമ്മദ് റാഫി, കിഷോര്‍ കുമാര്‍, മന്നാ ഡേ തുടങ്ങിയ ഇതിഹാസ ഗായകരോടൊപ്പം ആശ ഭോസ്‌ലെ ആലപിച്ച യുഗ്മഗാനങ്ങള്‍ എത്രയോ സംഗീതാസ്വാദകരുടെ മനസുകളിലാണു കുടികൊള്ളുന്നത്.
ആശ ഇന്ത്യൻ സംഗീതത്തിനു നൽകിയ അമൂല്യമായ സംഭാവനകൾ പരിഗണിക്കുമ്പോൾ അവർക്കു ലഭിച്ച നിരവധിയായ പുരസ്കാരങ്ങളും ഓർക്കേണ്ടതുണ്ട്. 1981ലും 1988ലും ദേശീയ പുരസ്കാരം ലഭിച്ച ആശയ്ക്ക് 2000ല്‍ ദാദാ സാഹേബ് ഫാൽക്കെ അവാർഡും 2008ല്‍ പദ്മ വിഭൂഷണും രാജ്യം സമ്മാനിച്ചു. ഗ്രാമി അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ഗായികയാണ് ആശ. 1997ലും 2006ലും അവർക്ക് ഗ്രാമി നാമനിർദേശം ലഭിച്ചു. മഹാരാഷ്ട്ര സർക്കാരിന്‍റെ 17 ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രാ ഭൂഷൺ അവാർഡ് നൽകിയും മഹാരാഷ്ട്ര സർക്കാർ ആദരിക്കുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിക്കുന്നതു പോലെ ആശാ ഭോസ്‌ലെയുടെ അസാധാരണ സംഗീതയാത്ര രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തെ സമ്പന്നമാക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള എണ്ണമറ്റ ഹൃദയങ്ങളെ സ്പര്‍ശിച്ചിട്ടുമുണ്ട്. വരും കാലത്തും അവരുടെ ഗാനങ്ങൾ തലമുറകളെ ആവേശം കൊള്ളിക്കും