

അങ്കമാലിയിലെത്തട്ടെ, കൊച്ചി മെട്രൊ
File
എറണാകുളത്തിന്‍റെ മുഖച്ഛായ തന്നെ മാറ്റിയ കൊച്ചി മെട്രൊ റെയ്‌ൽ പദ്ധതിയുടെ രണ്ടാം ഘട്ടം നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അതിനിടയിൽ പാതയുടെ മൂന്നാം ഘട്ടം വികസനത്തിനുള്ള പദ്ധതി രേഖയും തയാറായിരിക്കുന്നു. ആലുവയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക് മെട്രൊ റെയ്‌ൽ നീട്ടുന്നതിനുള്ള ഡിപിആർ കൊച്ചി മെട്രൊ റെയ്ല്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുകയാണ്. ഇനി തീരുമാനമെടുക്കേണ്ടതു സംസ്ഥാന സർക്കാരാണ്. അതിനു ശേഷം കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിനു സമർപ്പിച്ച് അനുമതി തേടേണ്ടതുണ്ട്. നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെങ്കിൽ ഇനിയും കടമ്പകൾ പലതു കടക്കേണ്ടതുണ്ട് എന്നു സാരം. ഈ നടപടിക്രമങ്ങളൊക്കെ വേഗത്തിൽ പൂർത്തിയാക്കാനും മെട്രൊ അങ്കമാലിയിലെത്തുക എന്ന സ്വപ്നം യാഥാർഥ്യമാക്കാനും സർക്കാരിനു കഴിയേണ്ടതുണ്ട്.
അങ്കമാലിയുടെയും പരിസര പ്രദേശങ്ങളുടെയും വികസനത്തിൽ പ്രധാന പങ്കു വഹിക്കാൻ മെട്രൊ റെയ്‌ൽ സഹായിക്കും. നെടുമ്പാശേരി വിമാനത്താവളത്തെ ആശ്രയിക്കുന്നവർക്കും മെട്രൊ നീട്ടുന്നതു സഹായകരമാവും. അങ്കമാലി വരെയുള്ള മെട്രൊ യാഥാർഥ്യമാവുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാവും. ദിനംപ്രതി ആയിരക്കണക്കിനു യാത്രക്കാരാണ് അങ്കമാലി ഭാഗത്തുനിന്ന് ആലുവയിലേക്കും എറണാകുളത്തേക്കും പോകുന്നത്. അവർ അനുഭവിക്കുന്ന യാത്രാക്ലേശത്തിന് മെട്രൊ വലിയ അളവിൽ പരിഹാരമാവും. ഈ മേഖലയിലെ ജനങ്ങൾ മെട്രൊ നീട്ടണമെന്ന ആവശ്യം തുടർച്ചയായി ഉന്നയിച്ചു വരുന്നതാണ്. ഇപ്പോഴുള്ള പദ്ധതി രേഖയിൽ അങ്കമാലി റെയ്ൽവേ സ്റ്റേഷനെ ഒഴിവാക്കിയിട്ടുണ്ട്. ചെലവു ചുരുക്കുന്നതിന്‍റെ ഭാഗമായാണിത് എന്നാണ് അറിയുന്നത്. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ടുകളും പറയുന്നുണ്ട്. മെട്രൊയ്ക്ക് അങ്കമാലി റെയ്‌ൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് വേണം എന്ന ആവശ്യം ശക്തമാണ്. അങ്കമാലി മെട്രൊ ആക്ഷന്‍ കൗണ്‍സില്‍ അടക്കം ഇതിനുവേണ്ടി ശക്തമായ സമ്മര്‍ദം ചെലുത്തിയിരുന്നു. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നിവേദനം നൽകുകയും ഉണ്ടായി. ഇനി സംസ്ഥാന സർക്കാരാണ് അതിനുള്ള സാധ്യതകൾ പരിഗണിക്കേണ്ടത്. സാധ്യതാ പഠനത്തിൽ നിരവധി തടസങ്ങൾ കണ്ടെത്തിയതിനാലാണ് അങ്കമാലി റെയ്ൽവേ സ്റ്റേഷനെ ബന്ധിപ്പിക്കണമെന്ന ആവശ്യം ഡിപിആറിൽ ഉൾപ്പെടുത്താത്തതെന്നാണ് എറണാകുളം ജില്ലയുടെ ചുമതലയുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറയുന്നത്. എന്തായാലും സംസ്ഥാന സർക്കാർ അന്തിമ തീരുമാനമെടുക്കുമ്പോൾ ഇതുകൂടി പരിഗണിക്കുമെന്നു കരുതാം.
18.09 കിലോമീറ്റർ ദൈർഘ്യത്തിലുള്ള മൂന്നാം ഘട്ടം പാത നിർമാണത്തിൽ 15 സ്റ്റേഷനുകളാണു പരിഗണനയിലുള്ളത്. തോട്ടയ്ക്കാട്ടുകര, കുന്നുംപുറം, പറമ്പയം, നെടുമ്പാശേരി, അത്താണി, കരിയാട്, എയര്‍പോര്‍ട്ട് റെയ്‌ൽവേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട്, നായത്തോട്, കവരപ്പറമ്പ്, അരീക്കല്‍ ജങ്ഷന്‍, എല്‍എഫ് ഹോസ്പിറ്റല്‍, അങ്കമാലി ടൗണ്‍, കോതകുളങ്ങര, കരയാംപറമ്പ് എന്നിവയാണത്. സാങ്കേതിക തടസങ്ങൾ, പദ്ധതിച്ചെലവ്, യാത്രക്കാരുടെ എണ്ണം എന്നിവ വിലയിരുത്തിയുള്ള നാല് ഓപ്ഷനുകൾ പരിഗണിച്ച് അതിൽ നിന്നാണ് ഏറ്റവും അനുയോജ്യമാണെന്നു കണ്ടെത്തിയ പദ്ധതി തെരഞ്ഞെടുത്തത്. ഡിപിആർ പ്രകാരം ആലുവയിൽ നിന്ന് എൻഎച്ച് 544നു സമാന്തരമായി കരിയാട് വരെ എലിവേറ്റഡ് പാത നിർമിക്കും. പിന്നീട് എയർപോർട്ട് ഭാഗത്തേക്കു തിരിയുകയാണ്. പൂർണമായും മേൽപാതയായാണു നിർമാണമെന്ന് കെഎംആർഎൽ അറിയിക്കുന്നുണ്ട്.
ഇപ്പോൾ ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 27 കിലോമീറ്ററാണ് മെട്രൊ സര്‍വീസ് നടത്തി വരുന്നത്. 6200 കോടിയിലേറെ രൂപയാണ് ഈ പാതയുടെ നിർമാണത്തിനായി ചെലവഴിച്ചത്. വായ്പാ തിരിച്ചടവും പലിശയുമൊക്കെ ബാധ്യതയായുണ്ടെങ്കിലും പ്രവർത്തന ലാഭത്തിലാണു കൊച്ചി മെട്രൊ. പ്രവർത്തനച്ചെലവിന് സർക്കാരിനെ ആശ്രയിക്കാതെ മുന്നോട്ടുപോകാൻ കഴിയുന്നു എന്നതു വലിയ കാര്യമാണ്. കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെ 11.2 കിലോമീറ്റർ വരുന്ന രണ്ടാം ഘട്ടത്തിന്‍റെ നിർമാണ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. 11 സ്റ്റേഷനുകളുള്ള പിങ്ക് ലൈനാണിത്. 1957 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം പൂർത്തിയാകുമെന്നു പ്രതീക്ഷിച്ച ഈ പാതയുടെ നിർമാണം പലവിധ കാരണങ്ങളാൽ വൈകുകയായിരുന്നു. ഭൂമിയേറ്റെടുക്കാനുള്ള നടപടികൾ നീണ്ടുപോയതും ഡിസൈൻ പരിഷ്കാരങ്ങൾ ആവശ്യമായതും വാട്ടർ അഥോറിറ്റിയുടെ പൈപ്പുകളും കെഎസ്ഇബിയുടെ വൈദ്യുതി ലൈനുകളും മാറ്റി സ്ഥാപിക്കേണ്ടി വന്നതുമെല്ലാം പദ്ധതി വൈകാൻ ഇടയാക്കി. എന്തായാലും അടുത്ത വർഷം ഓഗസ്റ്റിൽ ഈ പാത കമ്മിഷൻ ചെയ്യാനാവുമെന്ന് കെഎംആർഎൽ കണക്കുകൂട്ടുന്നുണ്ട്. ഇപ്പോൾ നിർമാണ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിൽ നടക്കുന്നു എന്നാണ് അവർ അവകാശപ്പെടുന്നത്. കടുത്ത ഗതാഗതക്കുരുക്കിൽ നിന്നു കൊച്ചിയെ രക്ഷിക്കുന്നതിന് മെട്രൊയുടെ രണ്ടാം ഘട്ടം ഇനിയും തടസപ്പെടാതെ വേഗത്തിൽ പൂർത്തിയാവേണ്ടതുണ്ട്.