

വിജയ്
തമിഴക രാഷ്‌ട്രീയത്തിൽ പുതിയൊരു കാലഘട്ടത്തിനു തുടക്കമാവുകയാണ്. സൂപ്പർ താരം "ഇളയ ദളപതി' വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് തമിഴ്നാട് മാത്രമല്ല രാജ്യം മുഴുവൻ ശ്രദ്ധ നേടിയിരിക്കുകയാണ്. വിജയ് നയിക്കുന്ന മന്ത്രിസഭയുണ്ടായാൽ അതിന്‍റെ ഓരോ പ്രവർത്തനങ്ങളും ജനക്ഷേമം മുൻനിർത്തിയാവുമെന്ന പ്രതീക്ഷ തമിഴ്നാട്ടിലെ കോടിക്കണക്കിനു ജനങ്ങളാണു വച്ചുപുലർത്തുന്നത്. ആ പ്രതീക്ഷകളെല്ലാം സഫലമാക്കാൻ അദ്ദേഹത്തിന്‍റെ തമിഴക വെട്രി കഴകത്തിന് (ടിവികെ) കഴിയുമോയെന്നു കാത്തിരുന്നു കാണേണ്ടതാണ്. നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷമില്ലാത്ത വിജയ്‌യുടെ പാർട്ടിക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
234 അംഗ നിയമസഭയിൽ 108 സീറ്റുകളാണു ടിവികെ നേടിയത്. കേവല ഭൂരിപക്ഷത്തിനു 10 സീറ്റുകളുടെ കുറവ്. രണ്ടിടത്തു ജയിച്ച വിജയ് ഒരു മണ്ഡലം ഒഴിയണം. ഫലത്തിൽ ടിവികെയുടെ സീറ്റുകൾ 107 ആവും. അതോടൊപ്പം നിയമസഭയുടെ നിലവിലുള്ള അംഗസംഖ്യയും ഒന്നു കുറയും. കോൺഗ്രസിന് അഞ്ചംഗങ്ങളുണ്ട്. ഭൂരിപക്ഷത്തിന് ഇനി ആവശ്യം അഞ്ച് അംഗങ്ങൾ കൂടിയാണ്. രണ്ട് അംഗങ്ങൾ വീതമുള്ള സിപിഐ, സിപിഎം, വിസികെ, നാല് അംഗങ്ങളുള്ള പിഎംകെ തുടങ്ങിയ കക്ഷികളുടെ പിന്തുണയും വിജയ് പ്രതീക്ഷിക്കുന്നു. പുതിയ സർക്കാരിനു പിന്തുണ നൽകണമെന്ന അഭിപ്രായം അണ്ണാ ഡിഎംകെയിലും ശക്തമാണത്രേ. അവരുടെ പിന്തുണ കിട്ടിയാൽ വലിയ ഭൂരിപക്ഷം തന്നെ സർക്കാരിനുണ്ടാവും. 47 എംഎൽഎമാരാണ് അണ്ണാ ഡിഎംകെയ്ക്കുള്ളത്. തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായിരുന്ന ഡിഎംകെ 59 സീറ്റിലൊതുങ്ങി.
ഡിഎംകെയുമായുള്ള ദീർഘകാല സഖ്യം ഉപേക്ഷിച്ചാണ് കോൺഗ്രസ് ടിവികെയുടെ ഒപ്പം പോകുന്നത്. ജനവിധി എതിരായ ഡിഎംകെ സർക്കാരിനെ പിന്തുണച്ചിരുന്നതാണെങ്കിലും ആ സർക്കാരിൽ തങ്ങൾ പങ്കാളികളായിരുന്നില്ല എന്ന ന്യായമാണു കോൺഗ്രസിനുള്ളത്. 1967നു ശേഷം തമിഴ്നാട്ടിലെ ഭരണത്തിൽ നിന്ന് അകന്നു നിൽക്കുന്ന കോൺഗ്രസ് തിരിച്ചുവരവിനുള്ള അവസരമായാവും പുതിയ സഖ്യത്തെ കാണുന്നത്. അതേസമയം, ബിജെപിയുമായുള്ള ഇപ്പോഴത്തെ സഖ്യം അവസാനിപ്പിച്ചു വേണം അണ്ണാ ഡിഎംകെയ്ക്കു വിജയിനെ പിന്തുണയ്ക്കാൻ. ഇതു സംബന്ധിച്ച ചർച്ചകൾ പാർട്ടിയിൽ നടന്നുവരികയാണെന്നാണു റിപ്പോർട്ട്. തമിഴ്നാട് രാഷ്‌ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കു വിജയിന്‍റെ വിജയം കാരണമാവും എന്നാണ് ഇതൊക്കെ കാണിക്കുന്നത്.
ഡിഎംകെയും അണ്ണാ ഡിഎംകെയും നയിക്കുന്ന മുന്നണികൾ തമ്മിലുള്ള മത്സരവും ഇവരുടെ മാറിമാറിയുള്ള ഭരണവുമാണ് ഏറെക്കാലമായി തമിഴ്നാട്ടിൽ കാണുന്നത്. അതിനൊരു മാറ്റം വരികയാണിപ്പോൾ. കന്നിയങ്കത്തിൽ തന്നെ 35 ശതമാനം വോട്ട് ടിവികെയ്ക്കു ലഭിച്ചു എന്നതു സകലരെയും വിസ്മയപ്പെടുത്തി. സൂപ്പർ താരത്തിന്‍റെ പ്രചാരണ പരിപാടികളിൽ കണ്ട വൻ ജനക്കൂട്ടം ടിവികെയ്ക്കു വോട്ടായി മാറില്ലെന്ന രാഷ്‌ട്രീയ എതിരാളികളുടെ കണക്കുകൂട്ടലുകൾ പാടേ തെറ്റി. യുവാക്കളുടെ വലിയ തോതിലുള്ള പിന്തുണ ടിവികെയുടെ കരുത്തായി മാറി. സിനിമാ അഭിനയത്തിൽ നിന്ന് തമിഴ് രാഷ്‌ട്രീയത്തിലെത്തി മുഖ്യമന്ത്രിയായ എംജിആറിനും ജയലളിതയ്ക്കും പിൻഗാമിയാണു വിജയ്. വേണ്ടത്ര രാഷ്‌ട്രീയ പരിചയമില്ലാതെ ഭരണരംഗത്ത് എത്തുമ്പോൾ ശോഭിക്കാനാവുമോയെന്ന സംശയം ചിലർക്കെങ്കിലുമുണ്ടാവും. അദ്ദേഹത്തിന്‍റെ പാർട്ടിക്ക് കൃത്യമായ ധാരണയും പ്രത്യയശാസ്ത്രവുമൊക്കെ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.
ആകർഷകമായ നിരവധി വാഗ്ദാനങ്ങളാണ് പ്രചാരണ കാലത്ത് അദ്ദേഹം ജനങ്ങൾക്കു നൽകിയിട്ടുള്ളത്. വിവാഹിതയാകുന്ന പെൺകുട്ടിക്ക് ഒരു പവൻ സ്വർണം, കുടുംബനാഥകളായ സ്ത്രീകൾക്ക് എല്ലാ മാസവും 2500 രൂപ, നവജാത ശിശുക്കൾക്ക് വസ്ത്രങ്ങളും സോപ്പും അവശ്യവസ്തുക്കളും സ്വർണ മോതിരവും, സ്ത്രീകൾക്കു സംസ്ഥാനം മുഴുവൻ കോർപ്പറേഷൻ ബസിൽ സൗജന്യ യാത്ര, എല്ലാ കുടുംബങ്ങൾക്കും വർഷത്തിൽ ആറ് എൽപിജി സിലിണ്ടർ സൗജന്യം തുടങ്ങിയ വാഗ്ദാനങ്ങൾ നടപ്പാക്കണമെങ്കിൽ വലിയ സാമ്പത്തിക ബാധ്യത സർക്കാരിനുണ്ടാവും. അതൊക്കെ താങ്ങാനുള്ള സാമ്പത്തിക ഭദ്രത തമിഴ്നാടിനുണ്ടോ എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. അഴിമതിയില്ലാത്ത ഭരണം, സാമൂഹിക നീതി, തൊഴിൽ, മികച്ച വിദ്യാഭ്യാസം എന്നൊക്കെ റാലികളിൽ പറഞ്ഞിരുന്നു വിജയ്. അതൊക്കെ ഭരണത്തിലെത്തിയാൽ പ്രായോഗികമാക്കേണ്ടതുണ്ട്. കേന്ദ്ര സർക്കാരുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധം എങ്ങനെയാവുമെന്നതും കാത്തിരുന്നു കാണേണ്ടതാണ്. പല കാര്യങ്ങളിലും നരേന്ദ്ര മോദി സർക്കാരുമായി ഏറ്റുമുട്ടലിന്‍റെ പാതയിലായിരുന്നു സ്റ്റാലിന്‍റെ സർക്കാർ. ഇതേ നയം വിജയ്‌യും തുടർന്നേക്കാം.