വെട്ടിമുറിച്ചു തകർക്കരുത്, പാലക്കാട് ഡിവിഷനെ

പാലക്കാട് ഡിവിഷനിൽ നിന്നു വെട്ടിമാറ്റപ്പെടുന്ന മംഗളൂരു മേഖല ദക്ഷിണ റെയ്‌ൽവേയുടെ കീഴിൽ നിന്നു തന്നെ പോകുകയാണ് എന്നതാണു വസ്തുത
Don't cut and destroy,
Palakkad Division

വെട്ടിമുറിച്ചു തകർക്കരുത്, പാലക്കാട് ഡിവിഷനെ

Updated on

പാലക്കാട് റെയ്‌ൽവേ ഡിവിഷനെ വീണ്ടും വെട്ടിമുറിക്കാനുള്ള റെയ്‌ൽവേയുടെ തീരുമാനം കേരളത്തിനു കനത്ത തിരിച്ചടിയാണ്. സംസ്ഥാനത്തിന്‍റെ റെയ്‌ൽ വികസനത്തെ ഇതു പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെയാണു ശക്തമായ പ്രതിഷേധം ഇതിനെതിരേ ഉയരുന്നതും. രാഷ്‌ട്രീയ പരിഗണനകൾ മാറ്റിവച്ച് ഒറ്റക്കെട്ടായി കേരളം ഈ നീക്കത്തെ എതിർക്കേണ്ടതുണ്ട്. തിരുവോണ ദിവസം പാലക്കാട് റെയ്‌ൽവേ ഡിവിഷൻ ഓഫിസിനു മുന്നിൽ യുഡിഎഫ് എംപിമാർ നിരാഹാര സമരം നടത്തുമെന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി. കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് അവിടുത്തെ ബിജെപിയുടെ രാഷ്‌ട്രീയ താത്പര്യം നോക്കിയാണ് പാലക്കാട് ഡിവിഷനെ വെട്ടിമുറിക്കുന്നത് എന്നാണു യുഡിഎഫ് എംപിമാർ കുറ്റപ്പെടുത്തുന്നത്. കേരളത്തിലെ ആരുമായും ആലോചിക്കാതെ റെയ്‌ൽവേ എടുത്ത തീരുമാനം പാലക്കാട് ഡിവിഷനെ തകർക്കാൻ ലക്ഷ്യമിട്ടാണെന്ന് അവർ ആരോപിക്കുന്നുണ്ട്. റെയ്‌ൽവേയുടെ തീരുമാനം ഏകപക്ഷീയമെന്നും പുനഃപരിശോധന ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചിട്ടുണ്ട്. റെയ്‌ൽവേ ബോർഡ് തീരുമാനം പ്രതിഷേധാർഹമെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയനും പ്രതികരിക്കുകയുണ്ടായി. കേരളത്തിലെ റെയ്‌ൽവേയെ തിരുവനന്തപുരം ഡിവിഷൻ മാത്രമാക്കി ചുരുക്കാനുള്ള നീക്കമാണു നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ, ഡിവിഷൻ വിഭജനം യാത്രക്കാരെ ബാധിക്കുന്നതല്ല, കോൺഗ്രസും സിപിഎമ്മും നടത്തുന്നത് രാഷ്‌ട്രീയ പ്രേരിത പ്രചാരണം എന്ന മട്ടിൽ ബിജെപിയുടെ പ്രതികരണവും വരുന്നുണ്ട്. ഇത്തരത്തിൽ വിഷയത്തെ രാഷ്‌ട്രീയമായി കാണാതെ കേരളത്തിനുണ്ടാവുന്ന നഷ്ടം എന്ന നിലയിൽ ഒറ്റക്കെട്ടായി അതിനെ പ്രതിരോധിക്കുകയാണു വേണ്ടത്.

പാലക്കാട് ഡിവിഷനിൽ നിന്നു വെട്ടിമാറ്റപ്പെടുന്ന മംഗളൂരു മേഖല ദക്ഷിണ റെയ്‌ൽവേയുടെ കീഴിൽ നിന്നു തന്നെ പോകുകയാണ് എന്നതാണു വസ്തുത. ദക്ഷിണ പശ്ചിമ റെയ്‌ൽവേയിലെ മൈസൂരു ഡിവിഷനിലേക്കാണ് ഈ മേഖലയെ കൂട്ടിച്ചേർക്കുന്നത്. പുതിയ ക്രമം ഒക്റ്റോബർ ഒന്നിനു പ്രാബല്യത്തിൽ വരുമെന്നാ‍ണു പ്രഖ്യാപനം. പാലക്കാട് റെയ്‌ൽവേ ഡിവിഷന് മംഗളൂരു മുതൽ ഉള്ളാൾ വരെയുള്ള ഭാഗമാണു നഷ്ടപ്പെടുക. മംഗളൂരു സെൻട്രൽ, മംഗളൂരു ജംക്‌ഷൻ, പനമ്പൂർ സ്റ്റേഷൻ വരെയുള്ള ഭാഗങ്ങൾ പാലക്കാട് ഡിവിഷനിൽ നിന്നു മാറും. ഇതോടെ പാലക്കാട് ഡിവിഷന്‍റെ വരുമാനത്തിൽ കനത്ത തിരിച്ചടിയുണ്ടാകും. റെയ്‌ൽവേ വികസനത്തിലും പുതിയ ട്രെയ്‌നുകൾ അനുവദിക്കുന്നതിലും ഇതു പ്രതിഫലിക്കും. മംഗളൂരുവിൽ നിന്നു പുറപ്പെടുന്ന ട്രെയ്‌നുകളുടെ നിയന്ത്രണം മൈസൂരു ഡിവിഷനിലേക്കു മാറ്റപ്പെടും. പാലക്കാട് ഡിവിഷന്‍റെ പ്രധാന വരുമാന സ്രോതസാണു മംഗളൂരു തുറമുഖം. അതു നഷ്ടമാകുന്നതോടെ ഡിവിഷന്‍റെ ചരക്കുനീക്ക വരുമാനത്തിൽ 60 ശതമാനത്തോളം കുറവുണ്ടാകും. മംഗളൂരു തുറമുഖത്തുനിന്ന് കൽക്കരിയും വളവും പെട്രോളിയവും ഒക്കെ കൊണ്ടുപോകുന്ന പനമ്പൂരാണ് പാലക്കാട് ഡിവിഷനു കീഴിൽ ഏറ്റവുമധികം വരുമാനമുള്ള സ്റ്റേഷൻ. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 625 കോടി രൂപയുടെ ചരക്കുനീക്കമാണ് പനമ്പൂരിൽ നിന്നുണ്ടായത്. ആ വരുമാനം അപ്പാടെ ഡിവിഷനു നഷ്ടമാവുകയാണു ചെയ്യുക. മംഗളൂരു സെൻട്രൽ, മംഗളൂരു ജംക്‌ഷൻ സ്റ്റേഷനുകൾ പരിധിക്കു പുറത്താവുമ്പോൾ ഡിവിഷന്‍റെ ടിക്കറ്റ് വരുമാനത്തെയും അതു ദോഷകരമായി ബാധിക്കും. ഈ വിഭജനം കൊണ്ട് പാലക്കാട് ഡിവിഷന് വാർഷിക വരുമാനത്തിൽ മൊത്തം ആയിരം കോടിയിലേറെ രൂപയുടെ കുറവുണ്ടാകുമെന്നാണു പറയുന്നത്.

തീരദേശ കർണാടക ഏറെക്കാലമായി ആവശ്യപ്പെടുന്ന കാര്യമാണ് ഇപ്പോൾ നടപ്പാവുന്നത് എന്നത്രേ റെയ്‌ൽവേ സഹമന്ത്രിയായ കർണാടകയിൽ നിന്നുള്ള നേതാവ് വി. സോമണ്ണ ഇതേക്കുറിച്ചു പറയുന്നത്. തീരദേശ കർണാടകയുടെ റെയ്‌‌‌ൽവേ വികസനത്തിന് ഇതു സഹായിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. നേരത്തേ, 2007 നവംബറിൽ ഡിഎംകെയുടെ ആർ. വേലു റെയ്‌ൽവേ സഹമന്ത്രിയായിരിക്കെയാണ് യുപിഎ സർക്കാരിന്‍റെ കാലത്ത് പാലക്കാട് ഡിവിഷനെ വെട്ടിമുറിക്കുന്നത്. സേലം ഡിവിഷൻ രൂപീകരണ സമയത്തായിരുന്നു അത്. അതിന്‍റെ പ്രയോജനം ലഭിച്ചത് തമിഴ്‌നാടിന്. പാലക്കാട് ഡിവിഷനെയും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി, മധുര ഡിവിഷനുകളെയും വിഭജിച്ചാണ് സേലം ഡിവിഷൻ രൂപവത്കരിച്ചത്. കോയമ്പത്തൂർ ഉൾപ്പെടെയുള്ള പ്രധാന വാണിജ്യ സ്റ്റേഷനുകളാണ് പാലക്കാട് ഡിവിഷന് അന്നു നഷ്ടമായത്. പ്രവർത്തന വിസ്തൃതി കുറഞ്ഞു എന്നു മാത്രമല്ല ഡിവിഷന്‍റെ സാമ്പത്തിക അടിത്തറയെയും അതു ഗുരുതരമായി ബാധിച്ചു. 1956ൽ രൂപീകരണ സമയത്ത് 1,247.58 റൂട്ട് കിലോമീറ്റർ അധികാര പരിധിയുണ്ടായിരുന്ന പാലക്കാട് ഡിവിഷൻ പലപ്പോഴായി വിഭജിക്കപ്പെട്ട് ഇപ്പോൾ 582.7 റൂട്ട് കിലോമീറ്ററായി ചുരുങ്ങിയിരിക്കുകയാണ്. വീണ്ടും അതിനെ ശോഷിപ്പിക്കുകയാണു റെയ്‌ൽവേ ചെയ്യുന്നത്.

കേരളത്തിന് അനുവദിക്കപ്പെട്ട ശേഷം വർഷങ്ങളായി മുടങ്ങിക്കിടന്ന കഞ്ചിക്കോട് റെയ്‌ൽ കോച്ച് ഫാക്റ്ററി ഉപേക്ഷിച്ചതിനു പിന്നാലെയാണ് പാലക്കാട് ഡിവിഷനെ വീണ്ടും വെട്ടിമുറിക്കുന്നതും എന്നതാണു ശ്രദ്ധേയമായിട്ടുള്ളത്. പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ച് സേലം ഡിവിഷൻ രൂപവത്കരിക്കുന്നതിനു പ്രത്യുപകാരമെന്ന നിലയിലാണ് കോച്ച് ഫാക്റ്ററി വാഗ്ദാനം ചെയ്തത്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ 239 ഏക്കർ ഭൂമി പദ്ധതിക്കായി ഏറ്റെടുത്തു നൽകുകയും ചെയ്തു. 2012 ഫെബ്രുവരി 21ന് അന്നത്തെ റെയ്‌ൽവേ മന്ത്രി ദിനേഷ് ത്രിവേദി കോച്ച് ഫാക്റ്ററിക്കു തറക്കല്ലിട്ടെങ്കിലും പിന്നീടു കാര്യങ്ങൾ മുന്നോട്ടുപോയില്ല. ആവശ്യങ്ങൾ നിറവേറ്റാൻ ഇപ്പോഴുള്ള കോച്ച് ഫാക്റ്ററികൾ മതി എന്ന നിലപാടാണ് ഇപ്പോൾ റെയ്‌ൽവേ സ്വീകരിക്കുന്നത്. ഏറ്റെടുത്തു നൽകിയ ഭൂമി റെയ്‌ൽവേയുടെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കും എന്നു പറയുന്നുണ്ടെങ്കിലും എന്താണു പദ്ധതി എന്നതിലും വ്യക്തത വന്നിട്ടില്ല. കേരളത്തിന്‍റെ താത്പര്യങ്ങൾ ഇത്തരത്തിൽ ആവർത്തിച്ചു നിഷേധിക്കപ്പെടുന്നു എന്നതു നിരാശാജനകമാണ്.

logo
Metro Vaartha
www.metrovaartha.com