തമിഴക രാഷ്‌ട്രീയത്തിൽ പുതിയ കാലഘട്ടം

"ദളപതി'ക്ക് ഒരവസരം നൽകാൻ തീരുമാനിച്ച ജനങ്ങൾ അദ്ദേഹത്തിൽ നിന്ന് ഒട്ടേറെ പ്രതീക്ഷിക്കുന്നുണ്ട് എന്നതും വാസ്തവമാണ്
 A new era in Tamil politics

തമിഴക രാഷ്‌ട്രീയത്തിൽ പുതിയ കാലഘട്ടം A new era in Tamil politics

Updated on

ആയിരക്കണക്കിന് ആരാധകരുടെ ആവേശം അലതല്ലിയ വേദിയിലാണ് തമിഴ്നാട്ടിൽ സൂപ്പർ താരം ജോസഫ് വിജയ് നേതൃത്വം നൽകുന്ന സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സുതാര്യതയുടെയും ക്ഷേമ പ്രവർത്തനങ്ങളുടെയും പുതിയൊരു കാലഘട്ടത്തിനു തുടക്കമാവുന്നു എന്നാണ് മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയ് തമിഴ് ജനതയോടു പറയുന്നതും. പുതിയൊരു കാലഘട്ടം എന്നത് അക്ഷരാർഥത്തിൽ ശരിയാണ്. ആറു പതിറ്റാണ്ടോളം നീണ്ട ദ്രാവിഡ രാഷ്‌ട്രീയ കക്ഷികളുടെ ഭരണം അവസാനിപ്പിച്ചാണല്ലോ വിജയിന്‍റെ തമിഴക വെട്രി കഴകം (ടിവികെ) ഭരണത്തിലെത്തിയിരിക്കുന്നത്. പതിറ്റാണ്ടുകളുടെ രാഷ്‌ട്രീയ പാരമ്പര്യത്തെ മാറ്റിനിർത്തി "ദളപതി'ക്ക് ഒരവസരം നൽകാൻ തീരുമാനിച്ച ജനങ്ങൾ അദ്ദേഹത്തിൽ നിന്ന് ഒട്ടേറെ പ്രതീക്ഷിക്കുന്നുണ്ട് എന്നതും വാസ്തവമാണ്.

എന്നാൽ, വിജയ് അവകാശപ്പെടുന്ന സുതാര്യതയും ക്ഷേമവും ഒക്കെ എത്രമാത്രമുണ്ടാവുമെന്നു വരും നാളുകളിൽ കാത്തിരുന്നു കാണേണ്ടതാണ്. വാക്കു പാലിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞാൽ ഡിഎംകെയുടെയും അണ്ണാ ഡിഎംകെയുടെയും തിരിച്ചുവരവ് ഒട്ടും എളുപ്പമാവില്ല. പ്രത്യേകിച്ച് അണ്ണാ ഡിഎംകെയിൽ ഒരു പിളർപ്പുണ്ടാവുക കൂടി ചെയ്യുന്നുവെങ്കിൽ അവരുടെ അവസ്ഥ തീർത്തും മോശമാവാം. മുഖ്യമന്ത്രിയായിരുന്ന സ്റ്റാലിൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പശ്ചാത്തലത്തിൽ അദ്ദേഹത്തിന്‍റെ പുത്രനും നടനുമായ മുൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനാണ് പ്രതിപക്ഷ നേതാവായി വരുന്നത്. ഉദയനിധി നയിക്കുന്ന ഡിഎംകെ വിജയിന്‍റെ സർക്കാരിനു ശക്തമായ പ്രതിപക്ഷ പ്രതിരോധം സൃഷ്ടിക്കുമെന്നുറപ്പാണ്. വിജയ്‌യും ഉദയനിധിയും തമ്മിലുള്ള രാഷ്‌ട്രീയ പോരാട്ടത്തിനാവും ഇനിയുള്ള നാളുകളിൽ തമിഴ്നാട് സാക്ഷിയാവുക. ആ നിലയ്ക്കും ഇതു പുതിയ തലമുറകളുടെ പോരാട്ടമാണ്. സിനിമയിൽ നിന്നു രാഷ്‌ട്രീയത്തിലെത്തിയ നേതാക്കളുടെ നേർക്കുനേർ പോരാട്ടം. അണ്ണാ ഡിഎകെയെക്കാൾ പിടിച്ചുനിൽക്കാനും തിരിച്ചുവരാനുമുള്ള സാധ്യത ഡിഎംകെയ്ക്കാണ് ഉള്ളതെന്നാണു പൊതുവിൽ കരുതുന്നത്.

സത്യപ്രതിജ്ഞയ്ക്കു ശേഷം സെക്രട്ടേറിയറ്റിലെത്തി അധികാരമേറ്റയുടൻ മൂന്നു പ്രധാന തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പാലിക്കുന്ന ഉത്തരവുകളിൽ വിജയ് ഒപ്പുവച്ചിട്ടുണ്ട്. 200 യൂണിറ്റ് വൈദ്യുതി സൗജന്യം, വനിതാ സുരക്ഷയ്ക്കുള്ള പ്രത്യേക സ്ക്വാഡ് സിംഗപ്പെൺ സ്പെഷ്യൽ ആക്‌ഷൻ ഫോഴ്സിന്‍റെ രൂപീകരണം, ലഹരിമരുന്നു വേട്ടയ്ക്ക് എല്ലാ ജില്ലകളിലും ദൗത്യസേനയുടെ രൂപീകരണം എന്നിവ സംബന്ധിച്ച ഉത്തരവുകളാണിത്. നല്ലൊരു തുടക്കം എന്ന നിലയിൽ ഇതിനെ കാണാവുന്നതാണ്. വിവാഹിതയാകുന്ന പെൺകുട്ടിക്ക് ഒരു പവൻ സ്വർണം, കുടുംബനാഥകളായ സ്ത്രീകൾക്ക് എല്ലാ മാസവും 2,500 രൂപ, എല്ലാ കുടുംബങ്ങൾക്കും വർഷത്തിൽ ആറ് എൽപിജി സിലിണ്ടർ സൗജന്യം, ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ, തൊഴിലില്ലാത്ത ബിരുദധാരികൾക്ക് പ്രതിമാസം 4,000 രൂപയും ഡിപ്ലോമക്കാർക്ക് 2,500 രൂപയും സ്റ്റൈപ്പൻഡ്, വിദ്യാർഥികൾ സ്കൂളിൽ നിന്നു കൊഴിഞ്ഞുപോകാതിരിക്കാൻ അമ്മമാർക്ക് പ്രതിവർഷം 15,000 രൂപ ധനസഹായം, സ്ത്രീകളുടെ സ്വയം സഹായ സംഘം യൂണിറ്റുകൾക്ക് അഞ്ചു ലക്ഷം രൂപ വരെ പലിശരഹിത വായ്പ, ഉന്നത പഠനത്തിന് 20 ലക്ഷം രൂപ വരെ പലിശരഹിത വായ്പ തുടങ്ങി നിരവധി വാഗ്ദാനങ്ങളാണു തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് വിജയ് പ്രഖ്യാപിച്ചിരുന്നത്. ഇതൊക്കെ പാലിക്കണമെങ്കിൽ വലിയ സാമ്പത്തിക ബാധ്യത സർക്കാരിനുണ്ടാവും.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉടൻ ജനങ്ങളോടു വിജയ് പറഞ്ഞത് കാലിയായ ഖജനാവിനെക്കുറിച്ചാണ്. 10 ലക്ഷം കോടി രൂപയുടെ കടം സംസ്ഥാനത്തിനുണ്ടെന്ന് അദ്ദേഹം പറയുന്നു. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചു ധവളപത്രം ഇറക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. വിജയ് പറയുന്നതു പ്രകാരമാണെങ്കിൽ കാലിയായ ഖജനാവ് നിറച്ചിട്ടു വേണം അദ്ദേഹം നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനുള്ള പണം കണ്ടെത്തേണ്ടത്. അതുകൊണ്ടു തന്നെ പ്രായോഗികമായി എന്തൊക്കെ നടക്കുമെന്നു മുഴുവൻ ആളുകളും ഉറ്റുനോക്കുകയാണ്. ഭരണകാര്യങ്ങളിൽ നല്ല പരിചയവും വൈദഗ്ധ്യവുമുള്ളവരുടെ സഹായം പുതിയ സർക്കാരിന് അനിവാര്യമായി വരും. സംസ്ഥാനത്തിന്‍റെ കടം ചൂണ്ടിക്കാണിച്ച് ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റാതിരിക്കരുതെന്നു സ്റ്റാലിൻ ഇപ്പോഴേ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വാഗ്ദാനങ്ങൾ പാലിക്കാനുള്ള മനസും ഇച്ഛാശക്തിയുമാണു വരും ദിവസങ്ങളിൽ ജനങ്ങൾ അളക്കുക എന്നതിൽ സംശയമില്ല.

താൻ ദൈവദൂതനല്ലെന്നും വെറുമൊരു മനുഷ്യനാണെന്നും വിജയ് പറയുന്നുണ്ട്. താൻ മാത്രമായിരിക്കും ഭരണത്തിലെ ഏക അധികാരകേന്ദ്രം എന്നുകൂടി അദ്ദേഹം പ്രഖ്യാപിച്ചതു വലിയ ചർച്ചയായിട്ടുണ്ട്. ജനങ്ങൾ കൂടെയുണ്ടെങ്കിൽ എന്തും നേടാനാകുമെന്നാണ് അദ്ദേഹത്തിന്‍റെ വിശ്വാസം. താൻ ദാരിദ്ര്യത്തിലാണ് വളർന്നതെന്നും വിശപ്പിന്‍റെ വില അറിയാമെന്നുമൊക്കെ പറഞ്ഞതിന്‍റെ സത്യാവസ്ഥയും സോഷ്യൽ മീഡിയകളിൽ ചോദ്യം ചെയ്യപ്പെട്ടുതുടങ്ങിക്കഴിഞ്ഞു. എന്തായാലും ജനങ്ങൾ കൈവിടാതിരിക്കണമെങ്കിൽ ഓരോ ചുവടും അതീവ ശ്രദ്ധയോടെയും വൈദഗ്ധ്യത്തോടെയും മുന്നോട്ടു വയ്ക്കേണ്ടിവരും. ഭരണത്തിൽ ജനങ്ങളെ മറന്നാൽ ഇപ്പോഴുള്ള താരാരാധന അതുപോലെ തുടരില്ല.

logo
Metro Vaartha
www.metrovaartha.com