

പൊറുക്കാനാവില്ല, ജാതി അധിക്ഷേപം
file photo
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റൽ കോളെജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം സ്വദേശി ആർ.എൽ. നിതിൻ രാജിന്‍റെ ആത്മഹത്യ കോളെജ് അധ്യാപകരുടെ ജാതി അധിക്ഷേപത്തെത്തുടർന്നാണെന്ന ആരോപണം സംസ്ഥാനത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ജാതിയുടെയും നിറത്തിന്‍റെയും പേരിൽ നിതിനെ നിരന്തരം അധിക്ഷേപിച്ചിരുന്നുവെന്നും പുഴുത്ത പട്ടിയെന്നു വിളിച്ച് അപമാനിച്ചിരുന്നുവെന്നുമൊക്കെയാണു കേരളം ഇപ്പോൾ കേൾക്കുന്നത്. ഒരു വിദ്യാർഥിയെ ഏതെങ്കിലും ഒരു അധ്യാപകൻ ഈ വിധത്തിൽ അവഹേളിച്ചിട്ടുണ്ടെങ്കിൽ നാം വലിയ അഹങ്കാരത്തോടെ പറഞ്ഞുനടക്കുന്ന സാംസ്കാരിക ഔന്നത്യമൊക്കെ എത്രമാത്രമുണ്ട് എന്ന ചോദ്യം അതുയർത്തുന്നുണ്ട്. ഇതു സംബന്ധിച്ചു വിശദമായ അന്വേഷണം എത്രയും പെട്ടെന്നു പൂർത്തിയാക്കേണ്ടതുണ്ട്. കുറ്റക്കാരെന്നു കണ്ടെത്തുന്നവർക്കെതിരേ ശക്തമായ നടപടിയുണ്ടാവണം. നവോഥാന കേരളമെന്നു മേനി നടിക്കുന്നതിനു മുൻപ് ജാതി വിവേചനത്തിന്‍റെ അവസാന കണിക കൂടി ഈ നാട്ടിൽനിന്നു തുടച്ചുനീക്കേണ്ടത് അത്യാവശ്യമാണ്.
അധ്യാപകരുടെ അധിക്ഷേപത്തിനു പുറമേ നിതിനെ കോളെജിൽ റാഗിങ്ങിനു വിധേയനാക്കിയെന്നും പറയുന്നുണ്ട്. ലോൺ ആപ്പിൽ നിന്നും നിതിൻ കടമെടുത്തിരുന്നുവെന്നും ഓൺലൈൻ വായ്പാസംഘത്തിന്‍റെ ഭീഷണിയും മരണത്തിനു കാരണമായെന്നും സംശയമുണ്ട്. ഇക്കാര്യങ്ങളിലും വിശദമായ അന്വേഷണം ആവശ്യമുള്ളതാണ്. റാഗിങ്ങും ലോൺ ആപ്പും ഇതിനു മുൻപും പല ദുരന്തങ്ങൾക്കും കാരണമായിട്ടുണ്ട്. ഒരു ക്രിമിനൽ കുറ്റമെന്ന നിലയിൽ റാഗിങ് തടയാനുള്ള കർശന നടപടികൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ടതാണ്. സർക്കാർ അത് ആവർത്തിച്ച് ഓർമപ്പെടുത്താറുമുണ്ട്. എന്നിട്ടും ഇപ്പോഴും പൂർണമായി തടയാനായിട്ടില്ല എന്നതാണു വാസ്തവം. ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിൽ റാഗിങ് വിരുദ്ധ പ്രവർത്തനങ്ങൾ പേരിനു മാത്രമായി ഒതുങ്ങുന്നുവെങ്കിൽ അതിന്‍റെ ഭവിഷ്യത്ത് വലുതായി മാറാനുള്ള സാധ്യതയേറെയാണ്.
ലോൺ ആപ്പുകാരുടെ ഭീഷണിയും സംസ്ഥാനത്തിനു പുതിയ കാര്യമല്ല. ഓൺലൈൻ വായ്പാ സംഘങ്ങളുടെ കെണിയിൽ അകപ്പെട്ട പലരുടെയും ജീവിതം തകർന്നതു നമുക്കറിയാം. ഇത്തരം വായ്പാ തട്ടിപ്പുകൾ തടയുന്നതിനു ശക്തമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നു പറയുമ്പോഴും അവരുടെ ഭീഷണികളും ആവർത്തിച്ചുകൊണ്ടിരിക്കുന്നതാണു കാണുന്നത്. നിതിൻ ലോൺ എടുത്തതുമായി ബന്ധപ്പെട്ട് ഒരു അധ്യാപികയുടെ ഫോൺ നമ്പരിലേക്ക് ലോൺ ആപ്പുകാരുടെ സന്ദേശങ്ങൾ വന്നിട്ടുണ്ടെന്നു പറയുന്നു. എന്നാൽ, ലോൺ ആപ്പുകാരുടെ ഭീഷണി കോളെജ് അധികൃതർ തങ്ങളെ അറിയിച്ചില്ലെന്നാണു വീട്ടുകാർ പറയുന്നത്. ഇക്കാര്യങ്ങളിലൊക്കെയുള്ള സംശയങ്ങൾ നീങ്ങേണ്ടതുണ്ട്. എന്തായാലും ലോൺ ആപ്പിന്‍റെ പേരിൽ ജാതി അധിക്ഷേപം സംബന്ധിച്ച ആരോപണം അട്ടിമറിക്കപ്പെടരുത്.
കോളെജിലെ പീഡനങ്ങളെക്കുറിച്ചു നിതിൻ രാജ് സുഹൃത്തിനോടു പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നതോടെയാണ് ആ വിദ്യാർഥി നേരിടേണ്ടിവന്ന മാനസിക പീഡനങ്ങൾ പൊതുസമൂഹത്തിനു വ്യക്തമായത്. ഡിപ്പാർട്ട്മെന്‍റ് ഹെഡ് പച്ചയ്ക്ക് അപമാനിക്കുകയായിരുന്നുവെന്നു നിതിൻ അതിൽ പറയുന്നുണ്ട്. പഠിപ്പിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുമായിരുന്നു. എന്നാല്‍ വെറുതെ തന്നെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തും. അമ്മയെയും അമ്മയ്ക്കുണ്ടായ സര്‍ജറിയെയും വരെ കളിയാക്കി. നിനക്കുള്ള മൂന്നു മാര്‍ക്ക് കുറയ്ക്കുകയാണ്, ഇതു നിന്‍റെ അച്ഛനും അമ്മയ്ക്കും സര്‍പ്രൈസായിട്ട് കൊടുക്കൂ എന്നു പറഞ്ഞ് കളിയാക്കിയതായും ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. സ്റ്റാഫ് മുറിയില്‍ നിന്നും ഇറങ്ങിവന്നപ്പോള്‍ താനൊരു ഇഡിയറ്റാണെന്നും പറഞ്ഞുവത്രേ. ഈ ഗേറ്റിനു പുറത്തിറങ്ങിയാല്‍ കൈയും കാലും വെട്ടും, നീ കൈയില്ലാതെ ജീവിക്കേണ്ടി വരും എന്നൊക്കെ ഭീഷണിപ്പെടുത്തി എന്നും പറയുന്നു.
അധ്യാപകരുടെ ഭാഗത്തുനിന്നുള്ള മാനസിക പീഡനം സഹിക്കാതെ വന്നപ്പോൾ നിതിന്‍ ഇടയ്ക്കു വീട്ടിലേക്കു വന്നിരുന്നുവെന്നാണു കുടുംബം പറയുന്നത്. പിന്നീട് പഠനം മുടങ്ങരുതെന്നു കരുതി വീണ്ടും പോയതാണെന്നും കുടുംബം അവകാശപ്പെടുന്നു. വകുപ്പ് മേധാവിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികളും രംഗത്തെത്തുന്നതാണു കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. ക്ലാസിൽ വച്ച് നിതിനെതിരേ വകുപ്പ് മേധാവി നിരന്തരം അധിക്ഷേപ പരാമർശങ്ങൾ നടത്തിയിരുന്നുവെന്നു വിദ്യാർഥികൾ പറയുന്നു. പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുമെന്നും പ്രാക്റ്റിക്കൽ പരീക്ഷയിൽ തോൽപ്പിച്ചും ഇന്‍റേണൽ മാർക്ക് കുറച്ചും പ്രതികാരം തീര്‍ക്കുമെന്നും വിദ്യാർഥികൾ മാധ്യമ പ്രവർത്തകരോടു പറയുകയുണ്ടായി. പരാതി നൽകുന്നവരെ വകുപ്പു മേധാവി പല വിധത്തിൽ ഉപദ്രവിക്കാറുണ്ടെന്നാണു ചില വിദ്യാർഥികൾ പറയുന്നത്. പല കുട്ടികളെയും പരീക്ഷ എഴുതിക്കാത്ത സാഹചര്യമുണ്ടായിട്ടുണ്ടത്രേ.
വിദ്യാർഥികളോടു മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന അധ്യാപകരെ കേരളീയ സമൂഹത്തിന് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. വിഷയത്തിൽ മനുഷ്യാവകാശ കമ്മിഷനും യുവജന കമ്മിഷനും ഒക്കെ ഇടപെട്ടിട്ടുണ്ട്. കുറ്റക്കാരായ അധ്യാപകര്‍ക്കെതിരേ പട്ടികജാതി- പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും കോളെജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കണ്ണൂർ എസിപിയുടെ നേതൃത്വത്തിൽ അന്വേഷണത്തിനു നിയോഗിക്കപ്പെട്ടിരിക്കുന്ന പ്രത്യേക സംഘം അവരുടെ ജോലി എത്രയും ഭംഗിയായി പൂർത്തിയാക്കട്ടെ. അനാട്ടമി വിഭാഗം മേധാവിക്കും ഒരധ്യാപികയ്ക്കും എതിരേ സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്. അന്വേഷണ വിധേയമായി അവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. അത് ആരോപണമുയർന്ന സാഹചര്യത്തിലുള്ള പ്രാഥമികമായ കാര്യം മാത്രമാണ്. ഒരു വിദ്യാർഥിക്ക് എന്നല്ല, ആർക്കും ജാതിയുടെ പേരിൽ അപമാനം ഏൽക്കേണ്ടിവരുന്ന സാഹചര്യം ഇനിയൊരിക്കലും കേരളത്തിലുണ്ടാവരുത് എന്നുറപ്പാക്കാൻ നമുക്കു കഴിയണം.