

ഇ85 പമ്പിൽ ഇന്ധനം നിറയ്ക്കുന്ന വാഹനം.
അന്താരാഷ്‌ട്ര വിപണിയുടെ നീക്കങ്ങൾക്കനുസരിച്ച് ഉയരുന്ന ക്രൂഡ് ഓയിൽ വില ഇന്ധന ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്ന ഇന്ത്യയ്ക്കു പലപ്പോഴും വലിയ തലവേദനയായി മാറാറുണ്ട്. അന്താരാഷ്‌ട്ര വിലയ്ക്കനുസരിച്ച് പെട്രോൾ, ഡീസൽ വില ഉയർത്തേണ്ടിവരുമ്പോൾ രാജ്യത്തുണ്ടാകുന്ന നാണയപ്പെരുപ്പവും വിലക്കയറ്റവും ജനങ്ങളെ നേരിട്ടു ബാധിക്കുകയാണ്. ഇപ്പോഴത്തെ പശ്ചിമേഷ്യൻ സംഘർഷം തന്നെ എത്രമാത്രം ദോഷകരമായി നമ്മെ ബാധിച്ചുവെന്ന് ഓർക്കാവുന്നതാണ്. സാധാരണക്കാരുടെ ജീവിതച്ചെലവ് ഉയർത്തുകയും ദൈനംദിന ബജറ്റിന്‍റെ താളം തെറ്റിക്കുകയും ചെയ്യുന്നു എന്നതിനപ്പുറം അസംസ്കൃത എണ്ണയുടെ ഇറക്കുമതിക്കു രാജ്യം കൂടുതൽ വിദേശനാണ്യം ഉപയോഗിക്കുകയും ചെയ്യേണ്ടിവരുന്നു. ഇതു രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രതയെയും ബാധിക്കുകയാണ്.
ക്രൂഡ് ഓയിൽ ഇറക്കുമതി എത്രകണ്ട് കുറയ്ക്കാൻ കഴിയുമോ അത്രയും ആശ്വാസമാവും കേന്ദ്ര സർക്കാരിന്. അതുകൊണ്ടു തന്നെയാണു സർക്കാർ പെട്രോളിയം ഉത്പന്നങ്ങൾക്കു ബദൽ മാർഗങ്ങൾ തേടുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് എഥനോൾ ചേർത്ത പെട്രോൾ. നിലവിൽ നമ്മുടെ വിപണിയിൽ ലഭിക്കുന്ന പെട്രോളിൽ 15 മുതൽ 20 ശതമാനം വരെ എഥനോൾ കലർത്തുന്നുണ്ട്. ഇ20 പെട്രോൾ എന്നാണ് ഇതിനെ വിളിക്കുന്നത്. ഇനി 85 ശതമാനം എഥനോൾ ചേർത്ത പെട്രോളും ഉപയോഗത്തിൽ വരുകയാണ്. ഇതേക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ സജീവമായിരിക്കുന്നു. ഇ85 ഇന്ധനം ഇന്ത്യൻ വാഹന വിപണിയിൽ വിപ്ലവകരമായ മാറ്റം വരുത്തുമെന്നു കരുതുന്നവരാണ് ഏറെയും. പെട്രോളിനെക്കാൾ കുറഞ്ഞ വിലയ്ക്ക് ഈ ഇന്ധനം ലഭ്യമാവും എന്നതാണു നേട്ടമായി പറയുന്നത്. ഇന്ധനക്ഷമത കണക്കാക്കുമ്പോൾ എത്രമാത്രം ലാഭകരമാവും എന്നതിൽ കൂടുതൽ പരിശോധനകൾ ആവശ്യമായി വരും. എന്തായാലും ഈ ഇന്ധനം വ്യാപകമായി ഉപയോഗിച്ചാൽ രാജ്യത്തിന്‍റെ ഇറക്കുമതിച്ചെലവു ഗണ്യമായി കുറയും.
85 ശതമാനം എഥനോളും 15 ശതമാനം പെട്രോളും ചേർത്തുണ്ടാക്കുന്ന മിശ്രിത ഇന്ധനമാണ് ഇ85. കരിമ്പ്, ചോളം, കേടായ ധാന്യങ്ങൾ, വൈക്കോലുകൾ എന്നിവയിൽ നിന്നാണ് എഥനോൾ ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഇതു പൂർണമായും ജൈവ ഇന്ധനമാണ്. ബാക്കി വരുന്ന 15 ശതമാനം പെട്രോൾ ചേർക്കുന്നത് എൻജിൻ സുഗമമായി സ്റ്റാർട്ട് ചെയ്യുന്നതിനും ഇന്ധനത്തിന്‍റെ ജ്വലന ക്ഷമത ഉറപ്പാക്കുന്നതിനും വേണ്ടിയാണ്. സാധാരണ പെട്രോൾ എൻജിനുകളിൽ ഇ85 ഇന്ധനം നേരിട്ട് ഉപയോഗിക്കാനാവില്ല. എഥനോളിന്‍റെ അളവ് കൂടുമ്പോൾ അതു സാധാരണ എൻജിനുകളിലെ റബർ പൈപ്പുകളും മെറ്റൽ ഭാഗങ്ങളും വേഗത്തിൽ നശിപ്പിക്കും. ഇ85 ഉപയോഗിക്കുന്നതിന് "ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ' ആവശ്യമാണ്. ഈ വാഹനങ്ങളിലെ എൻജിനുകളും ഇന്ധന വിതരണ സംവിധാനങ്ങളും ഉയർന്ന അളവിലുള്ള എഥനോളിനെ പ്രതിരോധിക്കാൻ കഴിവുള്ള മെറ്റീരിയലുകൾ ഉപയോഗിച്ചു നിർമിക്കുന്നവയാണ്. ഇത്തരം വാഹനങ്ങളിൽ 100 ശതമാനം പെട്രോൾ ഉപയോഗിച്ചോ, ഇ85 ഇന്ധനം ഉപയോഗിച്ചോ യാത്ര ചെയ്യാം.
ഇ85 ഇന്ധനം ഉപയോഗിക്കാവുന്ന വാഹനങ്ങൾ രാജ്യത്തു വ്യാപകമാവാൻ സമയം എടുത്തേക്കും. മാരുതി സുസുക്കിയുടെ വാഗൺആർ ബയോഫ്ലെക്സ് ഏതാനും ദിവസം മുൻപ് പുറത്തിറക്കിയിട്ടുണ്ട്. 7.24 ലക്ഷം രൂപയാണ് ഈ വാഹനത്തിന്‍റെ എക്സ്ഷോറൂം വില. കൂടുതൽ കാർ നിർമാണ കമ്പനികൾ ഈ രംഗത്തേക്കു കടന്നുവരുമെന്നു തന്നെ കരുതണം. ഏറ്റവും മെച്ചപ്പെട്ട മോഡലിനായുള്ള മത്സരവും അതോടെ ആരംഭിക്കും. ഹീറോയുടെ "ഫ്ലെക്സ് ഫ്യുവൽ' ഇരുചക്ര വാഹനങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. ഈ ബൈക്കുകൾ അടുത്തമാസം മുതൽ ഡീലർഷിപ്പുകളിൽ വിൽപ്പനയ്ക്കു ലഭ്യമാവുമെന്നാണു കമ്പനി അവകാശപ്പെടുന്നത്. ഇരുചക്ര വാഹന വിപണിയിൽ ഇതേത്തുടർന്നുള്ള വിപ്ലവം പ്രതീക്ഷിക്കാം. പുതിയ കാലം ഇ85 വാഹനങ്ങളുടേതാവുമോയെന്നു കണ്ടറിയേണ്ടതുണ്ട്.
രാജ്യത്ത് ആവശ്യത്തിനുള്ള ക്രൂഡ് ഓയിലിന്‍റെ 80 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണ് ഇന്ത്യ. ഇ85 പോലുള്ള ഇന്ധനങ്ങൾ വ്യാപകമാകുന്നത് രാജ്യത്തിന് കോടിക്കണക്കിനു രൂപയുടെ വിദേശനാണ്യം ലാഭിക്കാനുള്ള അവസരമാവും. എഥനോൾ ഉത്പാദനം കുതിച്ചുകയറുന്നത് നാട്ടിലെ കരിമ്പ്, ചോളം കർഷകർക്കും മറ്റും വലിയ നേട്ടമായി മാറുകയും ചെയ്യും. കാർബൺ പുറന്തള്ളുന്നതു വൻതോതിൽ കുറയ്ക്കാൻ എഥനോളിനു സാധിക്കുമെന്നതും എടുത്തുപറയേണ്ടതുണ്ട്. വാഹനങ്ങളിൽ നിന്നുള്ള പുക മലിനീകരണം വലിയ അളവിൽ കുറയുന്നതു ചെറിയ നേട്ടമൊന്നുമല്ല. ഇ85 ഇന്ധന ഉപയോഗം സംബന്ധിച്ചുള്ള പരീക്ഷണങ്ങൾ അതുകൊണ്ടു തന്നെ ഗൗരവപൂർവം കാണേണ്ടതുണ്ട്. ഈ ഇന്ധനത്തിനു പ്രോത്സാഹനം നൽകുന്നത് നാടിനു ഗുണകരമാവും എന്നു പ്രതീക്ഷിക്കാം.