

സംസ്ഥാനത്തിന്‍റെ സമഗ്ര വികസനം അനിവാര്യം.
Freepik
പുതിയ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പു വിഭജനം പൂർത്തിയായി. പുതിയ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയും സ്പീക്കർ തെരഞ്ഞെടുപ്പും കഴിഞ്ഞു. ഇനി സർക്കാരിന്‍റെ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കേണ്ട ദിവസങ്ങളാണ്. വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് സർക്കാരിൽ വളരെ വലിയ പ്രതീക്ഷകളാണു ജനങ്ങൾക്കുള്ളത്. പത്തു വർഷത്തെ എൽഡിഎഫ് ഭരണത്തിനു ശേഷം വോട്ടർമാർ യുഡിഎഫിനു നൽകിയത് 102 സീറ്റുകളാണ്. 2021ൽ 99 സീറ്റുകളോടെ അധികാരത്തുടർച്ച നേടിയ എൽഡിഎഫിന് ഇത്തവണ ലഭിച്ചത് 35 സീറ്റുകൾ മാത്രം. യുഡിഎഫിനോടു ജനങ്ങൾ കാണിച്ച ഈ വിശ്വാസം അത്രയും കാത്തുസൂക്ഷിക്കാൻ ഇനിയുള്ള നാളുകളിൽ ശ്രമങ്ങളുണ്ടാവണം.
സർക്കാർ അധികാരമേറ്റതിനു തൊട്ടുപിന്നാലെ ഏതാനും ജനപ്രിയ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൃത്യമായ രൂപരേഖയായില്ലെങ്കിലും കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കു സൗജന്യ യാത്ര ജൂൺ 15 മുതൽ നടപ്പാവുന്നു. വയോജന ക്ഷേമത്തിനു പ്രത്യേക വകുപ്പുണ്ടാക്കുന്നു. ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുന്നു. ആംഗൻവാടി ജീവനക്കാർ, പാചക തൊഴിലാളികൾ, പ്രീ പ്രൈമറി അധ്യാപകർ എന്നിവരുടെ വേതനത്തിൽ വർധന വരുത്തുന്നു- എല്ലാം സ്വാഗതാർഹമായ നടപടികളാണ്. ജനപ്രിയ നടപടികളും ക്ഷേമപദ്ധതികളും തുടരണമെന്നതിൽ സംശയമൊന്നുമില്ല. അതോടൊപ്പം സംസ്ഥാനത്തിന്‍റെ പൊതുവായ പുരോഗതിക്കും വികസന പ്രവർത്തനങ്ങൾക്കും ആവശ്യമായ നടപടികളും സ്വീകരിക്കേണ്ടതുണ്ട്. നാളത്തെ കേരളം രൂപപ്പെടുത്തുന്നതിനു ശ്രദ്ധ നൽകിയില്ലെങ്കിൽ സർക്കാർ അതിന്‍റെ ഉത്തരവാദിത്വം മറക്കുന്നു എന്നു പറയേണ്ടിവരും.
മുന്നണിക്കുള്ളിലെ രാഷ്‌ട്രീയ വടംവലികളും ഗ്രൂപ്പുപോരാട്ടങ്ങളും തർക്കങ്ങളും ഒക്കെയായി ഭരണം അവതാളത്തിലായാൽ ജനങ്ങൾ പൊറുക്കില്ല എന്നു ഭരണപക്ഷം മുഴുവൻ ഓർക്കേണ്ടതുണ്ട്. അധികാരത്തർക്കത്തിൽ ഏർപ്പെടാൻ വേണ്ടിയല്ല ഇതുപോലൊരു ഭൂരിപക്ഷം നൽകി വോട്ടർമാർ യുഡിഎഫിനെ അധികാരത്തിലെത്തിച്ചത്. ഭരണകാര്യങ്ങളിൽ ഒറ്റക്കെട്ടായി നിൽക്കുന്ന മുന്നണിയെയാണു കേരളത്തിനു കാണേണ്ടത്. ക്രമസമാധാന പാലനത്തിൽ യാതൊരു വീഴ്ചയും ഉണ്ടായിക്കൂടാ. ഗൂണ്ടാ വിളയാട്ടം പോലുള്ള പ്രശ്നങ്ങൾ ജനങ്ങൾ അനുഭവിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണം. രാഷ്‌ട്രീയ അക്രമങ്ങളെ കർശനമായി നേരിടണം. വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം സമൂഹത്തിലുണ്ടാക്കുന്ന ഭീഷണികൾ വലുതാണ്. വളർന്നുവരുന്ന തലമുറകളെ അതു നശിപ്പിക്കുന്നതു തടയുക സർക്കാരിന്‍റെ ചുമതലയായി കാണുക തന്നെ വേണം.
സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതു പരമപ്രധാന ലക്ഷ്യമാവണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണു സംസ്ഥാനം കടന്നുപോകുന്നത്. കേന്ദ്ര സർക്കാരിൽ നിന്നുള്ള ധനസഹായത്തിലുണ്ടായിരിക്കുന്ന കുറവ്, സംസ്ഥാന സർക്കാരിന്‍റെ വരുമാനം വേണ്ടത്ര വർധിക്കാത്തത്, ഉയർന്ന കടബാധ്യത തുടങ്ങിയ പ്രശ്നങ്ങൾ കേരളത്തിന് അഭിമുഖീകരിക്കേണ്ടതുണ്ട്. ട്രഷറി പ്രവർത്തനങ്ങൾ അവതാളത്തിലാവാതെ നോക്കേണ്ടതുണ്ട്. സാധാരണ ജനങ്ങളെ ദ്രോഹിക്കാതെ വരുമാന വർധനയ്ക്കുള്ള സാധ്യതകൾ തേടേണ്ടതുണ്ട്. വരവും ചെലവും തമ്മിലുള്ള അന്തരം വർധിച്ചുകൊണ്ടിരിക്കുന്നത് വികസന മുരടിപ്പിനു കാരണമാവും. സർക്കാരിന്‍റെ ധൂർത്തും കെടുകാര്യസ്ഥതയും ഒരു കാരണവശാലും ജനങ്ങൾ അംഗീകരിക്കില്ല. പിണറായി സർക്കാരിന്‍റെ ധൂർത്തിനെക്കുറിച്ച് ആവർത്തിച്ച് ആക്ഷേപം ഉന്നയിച്ചതാണു യുഡിഎഫ് നേതാക്കളെന്നു മറക്കരുത്. ഖജനാവിന്‍റെ നിലവിലുള്ള അവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനു ധവളപത്രം ഇറക്കുന്നതു നല്ലതു തന്നെയാണ്. കെഎസ്ആർടിസിയടക്കം പൊതുമേഖലാ സ്ഥാപനങ്ങളുടെ ധനസ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികൾ ആവശ്യമാണ്.
വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനു മുന്നോടിയായി ചെയ്യേണ്ട പലതും ബാക്കിയാണ്. വിദ്യാഭ്യാസ വകുപ്പും മന്ത്രിയും അടിയന്തരമായി ഈ വിഷയം പരിശോധിക്കണം. ഉന്നത വിദ്യാഭ്യാസ മേഖല നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. പല സർവകലാശാലകളിലും സ്ഥിരം വൈസ് ചാൻസലർമാരില്ലാത്ത അവസ്ഥയാണ്. ചാൻസലർ കൂടിയായ ഗവർണറും സർക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ സർവകലാശാലകളുടെ പ്രവർത്തനത്തെ ബാധിക്കുന്നതാണ് മുൻ സർക്കാരിന്‍റെ കാലത്തു കണ്ടത്. കൃത്യസമയത്തു നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിലടക്കം വീഴ്ചയുണ്ടാവുന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം തേടി യുവാക്കൾ കേരളത്തിനു പുറത്തേക്കും രാജ്യത്തിനു പുറത്തേക്കും ഒഴുകുന്നു. ഗവർണറും സർക്കാരും തമ്മിൽ സർവകലാശാലകളുടെ പ്രവർത്തനം സംബന്ധിച്ചു സമവായം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. തൊഴിൽ ലഭിക്കാനുള്ള സാധ്യത വർധിപ്പിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ രീതികൾ ഉണ്ടാവേണ്ടതുണ്ട്.
ആരോഗ്യ മേഖലയിൽ കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ഏറെ വിവാദങ്ങളുണ്ടായി. പാവപ്പെട്ടവരും സാധാരണക്കാരുമായ രോഗികൾക്കു സർക്കാർ ആശുപത്രികളിൽ വേണ്ടത്ര സൗകര്യങ്ങൾ ലഭിച്ചില്ല എന്ന പരാതി ഉയരുന്നതു സർക്കാരിന്‍റെ പരാജയമായി കാണേണ്ടിവരും. ആവശ്യത്തിനു മരുന്നും ചികിത്സാ ഉപകരണങ്ങളും സർക്കാർ ആശുപത്രികൾക്കു ലഭ്യമാക്കണം. ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണം. ജീവനക്കാരുടെ കുറവു നികത്തണം. ആരോഗ്യ സൂചികകളിൽ ലോകത്തിനു തന്നെ മാതൃകയാണു കേരളം. ആ മികവു കാത്തുസൂക്ഷിക്കേണ്ടതുണ്ട്. വ്യവസായ വികസനത്തിന് ഉതകുന്ന നടപടികളുണ്ടാവണം. ഇക്കാര്യത്തിൽ കാര്യമായ മുന്നേറ്റം ആവശ്യമാണ്. സംരംഭക സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക എന്നതു സർക്കാരിന്‍റെ ബാധ്യതയാണ്. സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങളെയും വൻകിട വ്യവസായങ്ങളെയും ഒരുപോലെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.