മുഖ്യമന്ത്രി അറസ്റ്റിലായ അസാധാരണ സാഹചര്യം| മുഖപ്രസംഗം

ഡൽഹി ജലബോർഡിലെ ക്രമക്കേടുകൾ സംബന്ധിച്ച കേസിലും ഇഡിയുടെ അന്വേഷണം കെജരിവാൾ നേരിടുന്നുണ്ട്.
അരവിന്ദ് കെജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ
അരവിന്ദ് കെജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ

രാജ്യത്ത് പൊതുതെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം പ്രതിപക്ഷ നിരയിലെ പ്രമുഖനായ ഒരു നേതാവിനെ, അതും മുഖ്യമന്ത്രിയെ, കേന്ദ്ര അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത അസാധാരണമായ സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. മദ്യ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തതിനെതിരേ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തുവന്നിട്ടുണ്ട്. ഡൽഹിയും പഞ്ചാബും ഭരിക്കുന്ന പാർട്ടിയുടെ എല്ലാമെല്ലാമാണ് ദേശീയ കൺവീനറായ കെജരിവാൾ. വിവിധ സംസ്ഥാനങ്ങളിൽ ആം ആദ്മി പാർട്ടി(എഎപി)യുടെ പ്രചാരണം നയിക്കുന്നത് അദ്ദേഹം തന്നെയാണ്. "ഇന്ത്യ' മുന്നണിക്കു വേണ്ടിയുള്ള രാഷ്‌ട്രീയ നീക്കങ്ങളിലും സജീവമാണ് അദ്ദേഹം. അങ്ങനെയൊരു നേതാവിനെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ നിന്ന് അകറ്റാനുള്ള കേന്ദ്ര സർക്കാരിന്‍റെ പദ്ധതിയാണ് ഈ അറസ്റ്റ് എന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഇതു ജനാധിപത്യ വിരുദ്ധമാണെന്നും നീതി നിഷേധമാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതേസമയം, തുടർച്ചയായി ഇഡിയുടെ സമൻസുകൾ അവഗണിച്ചുകൊണ്ടിരുന്ന കെജരിവാൾ ഒടുവിൽ അറസ്റ്റിലായത് നിയമപ്രകാരമാണെന്നു ബിജെപി വാദിക്കുന്നു. അറസ്റ്റ് ഒഴിവാക്കാനുള്ള കെജരിവാളിന്‍റെ അപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിക്കളഞ്ഞത് അവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. നേരത്തേ തന്നെ ഇഡിക്കു മുന്നിൽ ഹാജരാകാൻ കോടതി കെജരിവാളിനോടു നിർദേശിച്ചിരുന്നതാണ്. കേസിൽ ഇത്രനാളും നിയമത്തിനു വഴങ്ങാതെ ഒളിച്ചുകളിക്കുകയായിരുന്നു കെജരിവാൾ എന്നാണു ബിജെപി നേതാക്കൾ പറയുന്നത്. ഡൽഹി മദ്യനയ കേസിന്‍റെ കുറ്റപത്രത്തിൽ പലതവണ കെജരിവാളിന്‍റെ പേര് പരാമർശിക്കുന്നുണ്ടെന്ന് ഇഡി വ്യക്തമാക്കുന്നു. ഡൽഹി ജലബോർഡിലെ ക്രമക്കേടുകൾ സംബന്ധിച്ച കേസിലും ഇഡിയുടെ അന്വേഷണം കെജരിവാൾ നേരിടുന്നുണ്ട്. ഈ കേസിലും ചോദ്യം ചെയ്യലിനു ഹാജരാവാൻ ഇഡി അദ്ദേഹത്തോടു നിർദേശിച്ചിരുന്നു. ഈ കേസും രാഷ്‌ട്രീയ പ്രേരിതമാണെന്ന നിലപാടിലാണ് കെജരിവാൾ. മദ്യനയ കേസിനു തുടർച്ചയായി ഇതിലും നടപടികൾ ഉണ്ടാവാം.

അഴിമതിക്കെതിരായ പ്രക്ഷോഭത്തിലൂടെ രൂപമെടുത്ത പാർട്ടിയാണ് എഎപി. അണ്ണാ ഹസാരെ നേതൃത്വം നൽകിയ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്‍റെ തുടർച്ചയായാണ് 2013ൽ അരവിന്ദ് കെജരിവാൾ ആദ്യമായി ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നതും. പാർട്ടിയുടെ ദേശീയ കൺവീനർ തന്നെ അഴിമതിക്കേസിൽ അറസ്റ്റിലായി എന്നതാണ് ഇപ്പോഴുണ്ടായ രാഷ്‌ട്രീയ യാഥാർഥ്യം. ഡൽഹിയിലും പിന്നീടു പഞ്ചാബിലും മറ്റു രാഷ്‌ട്രീയ പാർട്ടികളെയെല്ലാം അസൂയപ്പെടുത്തുന്ന വലിയ വിജയങ്ങളാണ് എഎപിക്കു ജനങ്ങൾ നൽകിയത്. പ്രതിപക്ഷത്ത് കോൺഗ്രസ് കഴിഞ്ഞാൽ രണ്ടിടത്തു മുഖ്യമന്ത്രിയുള്ള ഏക പാർട്ടിയും എഎപിയാണ്. ജനങ്ങൾക്കു വേണ്ടി വേറിട്ട നയങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കുന്ന വേറിട്ട പാർട്ടി എന്ന പ്രതിച്ഛായയെ അഴിമതി കേസുകൾ എങ്ങനെ ബാധിക്കുമെന്നു കാത്തിരുന്നു കാണേണ്ടതുണ്ട്. ഡൽഹി മദ്യനയ കേസിൽ നേരത്തേ എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, വിജയ് നായർ തുടങ്ങിയവർ അറസ്റ്റിലായതാണ്. കെജരിവാൾ സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്ന സിസോദിയ ഏറെ നാളായി ജയിലിൽ കഴിയുകയാണ്. കെജരിവാളും സിസോദിയയും അടക്കം എഎപി നേതാക്കളുമായി ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെടുന്ന തെലങ്കാനയിലെ ബിആർഎസ് നേതാവ് കെ. കവിതയെ ഏതാനും ദിവസം മുൻപ് ഇഡി ഹൈദരാബാദിലെ വസതിയിൽ നിന്ന് അറസ്റ്റുചെയ്ത് ഡൽഹിയിൽ എത്തിച്ചിരുന്നു. കെജരിവാൾ സർക്കാരിൽ ആരോഗ്യ മന്ത്രിയായിരുന്ന സത്യേന്ദർ ജയിനും മന്ത്രിസ്ഥാനത്തിരിക്കെ അറസ്റ്റിലായതാണ്. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായിരിക്കെ ഷെൽ കമ്പനികളിലൂടെ അനധികൃതമായി പണം കൈപ്പറ്റിയെന്ന കേസിലാണിത്.

അഴിമതിക്കേസിൽ അറസ്റ്റിലാവുന്ന രാജ്യത്തെ ആദ്യത്തെ മുഖ്യമന്ത്രിയായി കെജരിവാൾ മാറിയിരിക്കുകയാണ്. ഒന്നര മാസം മുൻപ് ഝാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെയും ഇഡി അറസ്റ്റു ചെയ്തിരുന്നു. എന്നാൽ, അന്ന് ഗവർണർക്ക് രാജിക്കത്ത് നൽകിയതിനു ശേഷമാണ് സോറൻ അറസ്റ്റ് മെമ്മോയിൽ ഒപ്പുവച്ചത്. ചോദ്യം ചെയ്യലിനു ശേഷം ഇഡി റാഞ്ചിയിലെ വസതിയിൽ നിന്ന് കൊണ്ടുംപോകും വഴി രാജ്ഭവനിൽ എത്തി രാജിക്കത്ത് സമർപ്പിക്കുകയായിരുന്നു സോറൻ ചെയ്തത്. ഹേമന്ത് സോറൻ സർക്കാരിലെ ഗതാഗത മന്ത്രിയായിരുന്ന ചംപയ് സോറനാണ് പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഈ മാതൃക പിന്തുടരാൻ കെജരിവാൾ തയാറായില്ല എന്നതു ശ്രദ്ധേയമാണ്. അദ്ദേഹം ജയിലിൽ ഇരുന്നു ഭരിക്കും എന്നത്രേ അറസ്റ്റ് സമയത്ത് എഎപി നേതാക്കൾ അവകാശപ്പെട്ടത്. ഈ നിലപാട് പാർട്ടി തുടർന്നാൽ അതു ഭരണഘടനാ പ്രതിസന്ധിയിലേക്കു നയിച്ചേക്കാം. എഎപിയുടെ തുടർ നടപടികൾ എന്താണ് എന്നത് ഡൽഹിയിലെ ജനങ്ങൾ മാത്രമല്ല രാജ്യം മുഴുവൻ ശ്രദ്ധിക്കുകയാണ്. അടുത്ത വർഷം ആദ്യമാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പു നടക്കേണ്ടത്. അതുവരെ നിയമസഭ സസ്പെൻഡ് ചെയ്തു നിർത്തുകയും ലഫ്റ്റനന്‍റ് ഗവർണർ ഭരിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഉണ്ടാവുമോയെന്ന് കണ്ടറിയണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com