നിർമിത ബുദ്ധിയിൽ വൈദഗ്ധ്യം അനിവാര്യം| മുഖപ്രസംഗം

നൂതന സാങ്കേതിക വിദ്യയ്ക്കു കേരളം നൽകുന്ന പരിഗണന ദേശീയതലത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്.
നിർമിത ബുദ്ധിയിൽ വൈദഗ്ധ്യം അനിവാര്യം
നിർമിത ബുദ്ധിയിൽ വൈദഗ്ധ്യം അനിവാര്യം

വിജ്ഞാനാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യവുമായി മുന്നോട്ടു നീങ്ങുന്ന കേരളത്തിന് ഏറെ പ്രാധാന്യത്തോടെ കാണാവുന്നതാണ് കൊച്ചിയിൽ നടക്കുന്ന രാജ്യാന്തര ജെനറേറ്റീവ് എഐ കോൺക്ലേവ്. നിർമിത ബുദ്ധിയുടെ സാധ്യതകളും സമൂഹത്തിൽ അതുണ്ടാക്കുന്ന സ്വാധീനവും ഐബിഎമ്മുമായി ചേർന്ന് കെഎസ്‌ഐഡിസി സംഘടിപ്പിച്ചിട്ടുള്ള ഈ കോണ്‍ക്ലേവ് ചർച്ച ചെയ്യുകയാണ്. അതിവേഗം വളർന്നുവരുന്ന അത്ഭുതകരമായ സാങ്കേതിക വിദ്യകൾ ഏറ്റവും നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ കേരളത്തിനു കഴിയണം. പുതിയ കാലത്തിനനുസരിച്ചുള്ള മുന്നേറ്റത്തിൽ രാജ്യത്തിനു മാതൃകയാവാൻ നമ്മുടെ യുവതലമുറയെ പ്രാപ്തമാക്കുന്നതിന് സാങ്കേതിക വിദ്യകളുടെ സഹായം അനിവാര്യമാണ്. നിർമിത ബുദ്ധിയെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാൻ ഇനിയുള്ള കാലത്തു സാധ്യമല്ല. അതിനാൽ തന്നെ ഈ മേഖലയിൽ കേരളത്തിനു വൈദഗ്ധ്യം നേടേണ്ടതുണ്ട്. ഇത്തരം കോൺക്ലേവുകൾ അതിനു സഹായിക്കുമെന്നതിൽ സംശയമില്ല. രാജ്യത്ത് ആദ്യമായി കേരളത്തിലാണ് ഇങ്ങനെയൊരു കോൺക്ലേവ് സംഘടിപ്പിക്കുന്നത് എന്നതും എടുത്തുപറയേണ്ടതാണ്.

ലുലു ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടി ഇന്‍റർനാഷണൽ കൺവെൻഷൻ സെന്‍ററിൽ കോൺക്ലേവ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാണിച്ചത് സംസ്ഥാനത്തെ ജെൻ ഹബ്ബ് ആയി ഉയർത്തുന്നതിലെ നാഴികക്കല്ലാണ് ഈ കോൺക്ലേവ് എന്നാണ്. സംസ്ഥാനത്തിന്‍റെ സമ്പദ് ഘടനയ്ക്ക് ആഗോള ശ്രദ്ധ ലഭിക്കുന്നതിന് ഇതു സഹായിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെടുകയുണ്ടായി. ജെന്‍ എഐ അതിവേഗം വികസിക്കുകയും ലോകത്താകെ വലിയ സാധ്യതകള്‍ തുറന്നിടുകയും ചെയ്യുന്ന അവസരത്തിലാണ് കേരളത്തില്‍ കോണ്‍ക്ലേവ് നടക്കുന്നതെന്നത് ഇതിന്‍റെ പ്രാധാന്യം വര്‍ധിപ്പിക്കുകയാണ്. സംസ്ഥാനത്തിന്‍റെ പുതിയ വ്യാവസായിക നയത്തില്‍ എഐ ഒരു പ്രധാന മേഖലയായി തിരിച്ചറിഞ്ഞിട്ടുണ്ട്. അധ്യാപകർക്ക് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ പരിശീലനം നൽകുന്ന ആദ്യ സംസ്ഥാനമാണു കേരളം. നമ്മുടെ വിവിധ സർവകലാശാലകളിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസുമായി ബന്ധപ്പെട്ട കോഴ്സുകളും ആരംഭിച്ചിട്ടുണ്ട്. സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അവതരിപ്പിക്കുന്നുമുണ്ട്. ഇതടക്കം നൂതന സാങ്കേതിക വിദ്യയ്ക്കു കേരളം നൽകുന്ന പരിഗണന ദേശീയതലത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്.

എഐ മേഖലയില്‍ തദ്ദേശീയ സംഭാവനകള്‍ നല്‍കുന്നതില്‍ രാജ്യത്തെ പ്രധാന കേന്ദ്രമായി മാറുകയെന്ന കേരളത്തിന്‍റെ ലക്ഷ്യത്തിൽ ഈ കോൺക്ലേവിന്‍റെ സംഭാവന എന്തായിരിക്കുമെന്നു വരുംകാലങ്ങളിൽ വിലയിരുത്തപ്പെടും. എഐ അടിസ്ഥാനമാക്കിയുള്ള കൂടുതല്‍ നിക്ഷേപങ്ങള്‍ തീർച്ചയായും സംസ്ഥാനത്തുണ്ടാവേണ്ടതുണ്ട്. ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം, ഐടി തുടങ്ങിയ മേഖലകളിലെല്ലാം എഐയെ സംയോജിപ്പിക്കുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്കു സഹായകരമാവും. സംസ്ഥാനത്തെ വന്യജീവി സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ മനുഷ്യജീവന്‍ രക്ഷിക്കാന്‍ എഐ അധിഷ്ഠിത ഓട്ടോമേറ്റഡ് മുന്നറിയിപ്പു സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താനാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുകയുണ്ടായി. ജലസേചനം, കാര്‍ഷികോല്‍പ്പാദനം എന്നിവ മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതിയുടെയും വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെയും സംരക്ഷണത്തിനും എഐ ഉപകരണങ്ങള്‍ ഫലപ്രദമായി വിന്യസിക്കാനാകുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇത്തരത്തിൽ അനന്ത സാധ്യതകൾ തന്നെ നിർമിത ബുദ്ധി നൽകുന്നുണ്ട്. അതെല്ലാം ഉപയോഗപ്പെടുത്താൻ ആത്മാർഥമായ പ്രവർത്തനങ്ങൾ അനിവാര്യമാണ്.

നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങൾ ഇവിടെ വളർന്നുവരണം. അത് പുതുതലമുറകൾക്ക് അവർ ആഗ്രഹിക്കുന്ന തൊഴിൽ അവസരങ്ങൾ നൽകുന്നതിനു സഹായകരമാവുകയും ചെയ്യും. ഐടി, വ്യവസായ മേഖലകളിലെ പ്രമുഖർ ഈ കോൺക്ലേവിന്‍റെ ഭാഗമാണ്. എഐ മേഖലയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ മനസിലാക്കാൻ കഴിയുന്ന സംവിധാനങ്ങൾ കോൺക്ലേവിലുണ്ട്. പ്രഭാഷണങ്ങളും പാനൽ ചർച്ചകളും ഡെമോകളും കോൺക്ലേവിന്‍റെ ഭാഗമാണ്. അതെല്ലാം പ്രതിനിധികൾക്ക‌ു കാര്യങ്ങൾ അടുത്തറിയാൻ ഉപകാരപ്പെടുന്നതാണ്. ഇത് ഇവിടംകൊണ്ട് അവസാനിക്കരുത്. നിർമിത ബുദ്ധി ഉപയോഗിച്ചുള്ള മുന്നേറ്റത്തിൽ രാജ്യത്തെ നയിക്കാൻ കേരളത്തിനു കഴിയും വിധം തുടർ പ്രവർത്തനങ്ങളും ഉണ്ടാവട്ടെ. രാജ്യത്തെ ഏറ്റവും വികസിതമായ വ്യവസായങ്ങളുടെ ഹബ്ബാക്കി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തിലാണ് സംസ്ഥാനത്തിന്‍റെ വ്യവസായ നയം രൂപവത്കരിച്ചിട്ടുള്ളത്. കാലത്തിനനുസൃതമായ ആധുനിക വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ നയം നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ വ്യവസായങ്ങൾക്കു പ്രത്യേക പരിഗണന നൽകുന്നുണ്ട്. അതുകൂടി ചേർത്തു വേണം ഈ കോൺക്ലേവിനെ വിലയിരുത്താൻ.

Trending

No stories found.

Latest News

No stories found.