

അസാധാരണമായ രാഷ്ട്രീയ സംഭവവികാസങ്ങളിലൂടെ ബംഗ്ലാദേശ് കടന്നുപോയത് ഏതാനും മാസങ്ങൾ മുൻപാണ്. പ്രതിപക്ഷത്തിന്‍റെ പിന്തുണയോടെ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭം ആഭ്യന്തര കലാപമായി മാറുകയും രൂക്ഷമായ സംഘർഷത്തിൽ നിരവധി മനുഷ്യജീവനുകൾ നഷ്ടപ്പെടുകയും ചെയ്തു. ഈ കലാപം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിലേക്കു നയിച്ചു. രാജ്യത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത സൈന്യം ഒരു ഇടക്കാല സർക്കാരിനാണു വഴിയൊരുക്കിയത്. സാമ്പത്തിക വിദഗ്ധനും നൊബേൽ ജേതാവുമായ മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരത്തിൽ വന്നത് ഇന്ത്യ- ബംഗ്ലാദേശ് ബന്ധങ്ങളെ ഏതു വിധത്തിലൊക്കെ ബാധിക്കുമെന്ന ആശങ്ക ആ സമയത്തു തന്നെ ഉണ്ടായിരുന്നതാണ്.
ഷെയ്ഖ് ഹസീനയെപ്പോലെ ശക്തയായൊരു നേതാവിന്‍റെ അഭാവത്തിൽ ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിലൂടെയുള്ള മയക്കുമരുന്നുകളുടെ കള്ളക്കടത്തും അനധികൃത കുടിയേറ്റവും വർധിക്കാനുള്ള സാധ്യത ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അതിർത്തിയിൽ അതീവ ജാഗ്രത ആവശ്യമായി വരുന്ന സാഹചര്യം ഇന്ത്യയ്ക്കുണ്ടായി. അതിർത്തി രക്ഷാസേന(ബിഎസ്എഫ്)യുടെ നിരീക്ഷണം ശക്തമാക്കുന്നതടക്കം നടപടികൾ ഇതിന്‍റെ ഭാഗമായി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ അതിർത്തിയിൽ ഇന്ത്യ വേലി നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ഉയർത്തിയ പ്രതിഷേധം കൂടുതൽ ആശങ്ക സൃഷ്ടിക്കുകയാണ്. അതിർത്തിയിലെ അഞ്ചിടങ്ങളിൽ ബിഎസ്എഫ് അടുത്തിടെ വേലി നിർമാണം ആരംഭിച്ചിരുന്നു. നുഴഞ്ഞുകയറ്റം വർധിച്ച പശ്ചാത്തലത്തിലാണിതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
എന്നാൽ, ഈ വേലിനിർമാണം ഉഭയകക്ഷി കരാറിന് എതിരാണെന്നാണു ബംഗ്ലാദേശ് ആരോപിക്കുന്നത്. വേലി നിർമിക്കാനുള്ള ശ്രമം അതിർത്തിയിൽ അസ്വാസ്ഥ്യത്തിനു കാരണമാകുമെന്ന് അവർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ പ്രണയ് വർമയെ വിളിച്ചുവരുത്തി ആശങ്ക അറിയിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ബംഗ്ലാദേശിന്‍റെ ഡെപ്യൂട്ടി ഹൈക്കമ്മിഷണർ നൂറുൾ ഇസ്ലാമിനെ വിളിച്ചുവരുത്തുകയും ചെയ്തു എന്നാണു റിപ്പോർട്ടുകൾ. ബംഗ്ലാദേശിന്‍റെ ഭാഗത്തുനിന്നുള്ള നടപടിയോടു സ്വാഭാവികമായ രീതിയിൽ ഇന്ത്യയും പ്രതികരിച്ചു എന്നാണ് ഇതിൽ നിന്ന് അർഥമാക്കേണ്ടത്. ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയ നടപടി അതിന്‍റെ ഗൗരവത്തിൽ ഇന്ത്യയ്ക്കു കാണാതിരിക്കാനാവില്ല.
അതിർത്തിയിൽ സംഘർഷ സാഹചര്യം ഉണ്ടാവുന്നതു തടയാൻ ആവശ്യമായ നടപടികൾ ഇരു രാജ്യങ്ങളും സ്വീകരിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ പരസ്പര വിശ്വാസത്തോടെയുള്ള നടപടികളാണ് ആവശ്യം. ബംഗ്ലാദേശിൽ നിന്നുള്ള കള്ളക്കടത്തും ക്രിമിനലുകളുടെ സഞ്ചാരവും തടയുന്നതിന് ഇന്ത്യയ്ക്കു സ്വാതന്ത്ര്യവും അധികാരവുമുണ്ട്. അതു ബംഗ്ലാദേശ് അംഗീകരിക്കേണ്ടതുമാണ്. അവിടുത്തെ അനിശ്ചിതത്വങ്ങൾ ഇന്ത്യയ്ക്കു തലവേദനയായി മാറാൻ അനുവദിക്കരുതല്ലോ. ലോകത്തു തന്നെ ഏറ്റവും വലിയ അന്താരാഷ്ട്ര അതിർത്തികളിലൊന്നാണ് ഇന്ത്യയും ബംഗ്ലാദേശും പങ്കിടുന്നത്. നാലായിരം കിലോമീറ്ററിലേറെ നീളത്തിലാണ് ഈ അതിർത്തിയുള്ളത്. ഇതിൽ 2,200 കിലോമീറ്ററിലേറെയും പശ്ചിമ ബംഗാളിന്‍റെ അതിർത്തിയിലാണ്. അസം, ത്രിപുര, മിസോറം, മേഘാലയ അതിർത്തികളിലും ബംഗ്ലാദേശിൽ നിന്നുള്ള ക്രിമിനൽ സംഘങ്ങളുടെ ഭീഷണി ഇന്ത്യയ്ക്കു പ്രതിരോധിക്കേണ്ടതുണ്ട്. അതിർത്തി മാനെജ്മെന്‍റുമായി ബന്ധപ്പെട്ടുള്ള കരാറുകളുടെയും ക്രിയാത്മക ചർച്ചകളുടെയും ഒക്കെ അടിസ്ഥാനത്തിൽ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഇന്ത്യയ്ക്കു കഴിയണം.
ബിഎസ്എഫും ബംഗ്ലാദേശിന്‍റെ അതിർത്തി സംരക്ഷണ സേനയും തമ്മിലുള്ള ആശയവിനിമയം കൃത്യമായി നടക്കുന്നതും ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നതാണ്. ഒരു വശത്ത് പാക്കിസ്ഥാനും മറുവശത്ത് ചൈനയും അതീവ ജാഗ്രത അനിവാര്യമാക്കുന്നതിനിടെയാണ് ബംഗ്ലാദേശിലെ അസ്ഥിരതയും അതുയർത്തുന്ന ഭീഷണിയും ഇന്ത്യയ്ക്കു കൈകാര്യം ചെയ്യേണ്ടിവരുന്നത്. ദക്ഷിണേഷ്യയിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി കൂടിയാണ് ബംഗ്ലാദേശ്. സമീപകാലത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെയേറെ ശക്തമായിട്ടുണ്ട്. "വിശ്വസിക്കാവുന്ന സുഹൃത്ത്" എന്നാണ് ഷെയ്ഖ് ഹസീന ഇന്ത്യയെ വിശേഷിപ്പിച്ചിരുന്നത്. പുതിയ സാഹചര്യങ്ങളിലും ഈ സൗഹൃദം തുടരുന്നതിന് അതിർത്തിയിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കേണ്ടതുണ്ട്. കുറ്റകൃത്യങ്ങൾ ഇല്ലാത്ത അതിർത്തി ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
ബംഗ്ലാദേശ് അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ വർഷങ്ങളായി ഇന്ത്യയ്ക്കു ഭീഷണിയാണ്. ആയുധ കടത്ത്, കന്നുകാലി കടത്ത്, മയക്കുമരുന്നു കടത്ത്, വ്യാജ കറൻസിയുടെ കടത്ത് എന്നിങ്ങനെയുള്ള ഭീഷണികൾ നേരിടാൻ അതിർത്തി കാക്കുന്ന സേന എപ്പോഴും ജാഗ്രത പുലർത്തുന്നുണ്ട്. അതിർത്തി കടക്കാൻ ശ്രമിക്കുന്ന ക്രിമിനലുകളെയും ദേശവിരുദ്ധരെയും തടയുകയും വലിയ ജോലിയാണ്. ബംഗ്ലാദേശിന്‍റെ ഭാഗത്തുനിന്നുള്ള സഹകരണ സമീപനം തന്നെയാണ് ഇക്കാര്യത്തിൽ ആവശ്യമുള്ളത്.