ബംഗാളിന് ഇനി സുവേന്ദു സർക്കാർ

മുഖ്യമന്ത്രിയടക്കം ആറു ബിജെപി നേതാക്കളാണ് ഇപ്പോൾ മന്ത്രിസഭയിൽ അംഗങ്ങളായിട്ടുള്ളത്
editorial on bjp win in west bengal assembly election 2026

പ്രധാനമന്ത്രി മോദിക്കൊപ്പം സുവേന്ദു അധികാരി

Updated on

പശ്ചിമ ബംഗാളിന്‍റെ ചരിത്രത്തിൽ പുതിയ അധ്യായത്തിനു തുടക്കമായിരിക്കുകയാണ്. ആ പ്രമുഖ സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞു. പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കു സാക്ഷികളായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, പാർട്ടി പ്രസിഡന്‍റ് നിതിൻ നബീൻ അടക്കമുള്ള ബിജെപിയുടെ കേന്ദ്ര നേതാക്കൾ, വിവിധ സംസ്ഥാനങ്ങളിലെ ബിജെപിയുടെയും സഖ്യകക്ഷികളുടെയും മുഖ്യമന്ത്രിമാർ തുടങ്ങി നിരവധി വിശിഷ്ട വ്യക്തികളാണ് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ സന്നിഹിതരായത്. കാവിക്കൊടികളും വാദ്യഘോഷങ്ങളും ഉത്സവാന്തരീക്ഷം പകർന്ന ചടങ്ങ് ആയിരക്ക‍ണക്കിനു ബിജെപി പ്രവർത്തകരുടെ മുഴുവൻ ആവേശവും വെളിപ്പെടുത്തുന്നതായി.

മുഖ്യമന്ത്രിയടക്കം ആറു ബിജെപി നേതാക്കളാണ് ഇപ്പോൾ മന്ത്രിസഭയിൽ അംഗങ്ങളായിട്ടുള്ളത്. സാമൂഹിക, പ്രാദേശിക സംതുലനത്തിനു ശ്രമിച്ചുകൊണ്ടാണ് ആറു പേരെയും മന്ത്രിമാരായി തെരഞ്ഞെടുത്തിരിക്കുന്നത്. ബാക്കി മന്ത്രിമാർ ഏറ്റവും അടുത്ത ദിവസം തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നും ബംഗാൾ ബിജെപി നേതാക്കൾ അവകാശപ്പെടുന്നു. രാജ്യത്തിന്‍റെ കിഴക്കു ഭാഗത്ത്, ബംഗാൾ ഉൾക്കടലിന്‍റെ തീരത്ത് 42 ലോക്സഭാ സീറ്റുകളുള്ള ഈ സംസ്ഥാനം തങ്ങളുടെ ഭരണത്തിലായി എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം രാഷ്‌ട്രീയമായി ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്.

ഒരു കാലത്ത് ഇടതുപക്ഷത്തിന്‍റെ ശക്തിപ്രകടന വേദിയായിരുന്നു ബ്രിഗേഡ് പരേഡ് ഗ്രൗണ്ട്. ഇടത് ആശയങ്ങളുടെ ആവേശത്തിൽ കത്തിജ്വലിച്ച വേദി. ഇവിടെ തന്നെയാണ് പിന്നീട് മമത ബാനർജിയുടെ ശക്തിപ്രകടനങ്ങൾ നടന്നതും. ഇതിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തമായി കാവിതരംഗം അലയടിച്ച മൈതാനത്ത് സംസ്ഥാനത്തെ ബിജെപിയുടെ ഏറ്റവും വലിയ നേട്ടം ആയിരക്കണക്കിനു പ്രവർത്തകർ ആഘോഷമാക്കി മാറ്റി. ഇരട്ട എൻജിൻ സർക്കാരിനു കീഴിൽ "സുവർണ ബംഗാൾ' കെട്ടിപ്പടുക്കുമെന്ന ബിജെപിയുടെ വാഗ്ദാനം വിശ്വസിച്ച് അവർക്കനുകൂലമായി വിധിയെഴുതിയ ജനങ്ങൾ പുതിയ സർക്കാരിന്‍റെ ഓരോ നീക്കങ്ങളും ശ്രദ്ധാപൂർവം വീക്ഷിക്കുകയാവും. അതുകൊണ്ടു തന്നെ സുവേന്ദു അധികാരിക്കും മന്ത്രിമാർക്കും ‌ഏറെ ഉത്തരവാദിത്വമുള്ള ജോലികൾ മുന്നിലുണ്ട്. സർക്കാർ നേരായ വഴിയിലാണു പോകുന്നത് എന്നുറപ്പിക്കാൻ ബിജെപി കേന്ദ്ര നേതാക്കൾക്കും കഴിയേണ്ടതാണ്.

ഒന്നര പതിറ്റാണ്ടു നീണ്ട തൃണമുൽ കോൺഗ്രസിന്‍റെയും മമത ബാനർജിയുടെയും ഭരണം ബംഗാളിന് ഇരുണ്ട കാലഘട്ടമായിരുന്നുവെന്നു ചൂണ്ടിക്കാണിച്ചുകൊണ്ടാണു ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. സംസ്ഥാനത്തിന്‍റെ വികസനം ഉറപ്പാക്കുകയാണു പാർട്ടിയുടെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വികസന പ്രവർത്തനങ്ങളിൽ പുതിയ സർക്കാരിന്‍റെ ചുവടുകൾ ഓരോന്നും ജനങ്ങൾ ശ്രദ്ധാപൂർവം നിരീക്ഷിക്കുമെന്നുറപ്പാണ്. അതിർത്തിയിലെ നുഴഞ്ഞുകയറ്റത്തിനും അനധികൃത പശുക്കടത്തിനും എതിരേ കർശന നടപടിയാണ് പാർട്ടി വാഗ്ദാനം ചെയ്തിരിക്കുന്നത്. ആറു മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ ധനസഹായം തുടങ്ങിയ പ്രഖ്യാപനങ്ങളും അവരുടെ പ്രകടന പത്രികയിലുണ്ടായിരുന്നു. അധികാരമേറ്റാൽ 45 ദിവസത്തിനകം സർക്കാർ ജീവനക്കാർക്കായി ശമ്പള കമ്മിഷനും ബിജെപിയുടെ വാഗ്ദാനമാണ്.

294 അംഗ നിയമസഭയിൽ 207 സീറ്റ് നേടിയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തിളങ്ങുന്ന വിജയം സ്വന്തമാക്കിയത്. ഇടത് ആശയങ്ങൾക്കു ശക്തമായ വേരുകളുള്ള ബംഗാളിലെ മണ്ണിൽ ബിജെപിക്കു വേരുപിടിക്കാൻ എളുപ്പമല്ല എന്നൊരു ചിന്ത നേരത്തേയുണ്ടായിരുന്നു. മമത ബാനർജി അധികാരത്തിലെത്തിയ ശേഷം ഇടതു മുന്നണി തകർന്നടിഞ്ഞത് അവസരമാക്കി സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷം എന്ന നിലയിലേക്ക് അവർ വളർന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് സുവേന്ദു അധികാരിയടക്കം നിരവധി തൃണമുൽ നേതാക്കൾ ബിജെപിയിലെത്തി. 2016ൽ 10 ശതമാനം വോട്ടും മൂന്നു സീറ്റും നേടിയിരുന്ന പാർട്ടി 2021ൽ 38 ശതമാനം വോട്ടും 77 സീറ്റും എന്ന നിലയിലേക്ക് ഉയർന്നു. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയുമായി. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാർക്കും തൃണമുൽ കോൺഗ്രസിനും എതിരേ നിരന്തരമായി നടത്തിയ പോരാട്ടത്തിന്‍റെ ഫലമായിരുന്നു ഈ വിജയം.

അടിത്തട്ടിൽ വേരുകൾ ഉറപ്പിക്കാനുള്ള ക്ഷമയോടെയുള്ള ഊർജിത ശ്രമങ്ങളിലൂടെ അധികാരത്തിലെത്താമെന്ന വിശ്വാസം പാർട്ടി നേതാക്കളിൽ വളർത്തി. സംസ്ഥാനത്തിന്‍റെ വളർച്ചയിൽ പുതിയൊരു അധ്യായത്തിനു തുടക്കമാവുന്നുവെന്ന കണക്കുകൂട്ടൽ വ്യവസായ, വാണിജ്യ രംഗത്തെ പ്രമുഖരെല്ലാം പ്രകടിപ്പിക്കുന്നുണ്ട്. സുവേന്ദു അധികാരിയിൽ വലിയ പ്രതീക്ഷയാണുള്ളതെന്ന് അവർ പറയുന്നു. മാറ്റം ആഗ്രഹിച്ച ജനങ്ങളും സുവേന്ദുവിലേക്ക് ഉറ്റുനോക്കുകയാണ്. അതിനെല്ലാം അപ്പുറം ഏറെ മോഹിച്ച് ഭരണം പിടിച്ച ബംഗാളിൽ ബിജെപി എങ്ങനെ ഭരിക്കുന്നുവെന്നു രാജ്യം മുഴുവൻ വീക്ഷിക്കുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com