നേരറിയിക്കട്ടെ, സിബിഐ| മുഖപ്രസംഗം

തത്കാലം ജനരോഷം അടക്കാൻ മാത്രമുള്ള പൊലീസ് നടപടികളല്ല, പഴുതില്ലാത്ത അന്വേഷണമാണ് ആവശ്യമായിട്ടുള്ളത്.
sidharth
sidharthfile

പൂക്കോട് വെറ്ററിനറി കോളെജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിനു സർക്കാർ ഉത്തരവിട്ടിരിക്കുകയാണ്. സിദ്ധാർഥന്‍റെ കുടുംബം ആഗ്രഹിക്കുന്ന അന്വേഷണം ഇക്കാര്യത്തിൽ നടക്കേണ്ടതുണ്ട്. സിദ്ധാർഥന്‍റെ പിതാവ് ജയപ്രകാശ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ അന്വേഷണത്തിനു സർക്കാർ ഉത്തരവിട്ടതും. സംസ്ഥാന പൊലീസിന്‍റെ അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നു സർക്കാർ അവകാശപ്പെടുന്നുണ്ട്. എന്നാൽ, ഇപ്പോഴത്തെ അന്വേഷണത്തിൽ വിദ്യാർഥിയുടെ കുടുംബത്തിനു തൃപ്തിയില്ല എന്നതു കണക്കിലെടുക്കേണ്ടതുണ്ട്. പൊലീസ് അന്വേഷണത്തിൽ തുടക്കത്തിലുണ്ടായ വലിയ അലംഭാവം പലരും ചൂണ്ടിക്കാണിക്കുകയും ചെയ്തതാണ്. ഇപ്പോഴും സിദ്ധാർഥനെ മർദിച്ചുവെന്നു പറയുന്ന ചിലരുടെ പേര് പൊലീസിന്‍റെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നാണല്ലോ ആരോപണം.

അന്വേഷണ ഉദ്യോഗസ്ഥർ പ്രതികൾക്ക് ഏതെങ്കിലും തരത്തിൽ സഹായം ചെയ്യുമോ എന്ന സംശയം ഇല്ലാതാക്കാൻ സിബിഐ അന്വേഷണം തന്നെയാണ് ഉചിതം. സംസ്ഥാനത്തെ ഒന്നാകെ ഞെട്ടിച്ച ക്രിമിനൽ കുറ്റമാണ് അക്രമികൾ കാണിച്ചിരിക്കുന്നത്. അവർക്കെല്ലാം അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിയേണ്ടതാണ്. തത്കാലം ജനരോഷം അടക്കാൻ മാത്രമുള്ള പൊലീസ് നടപടികളല്ല, പഴുതില്ലാത്ത അന്വേഷണമാണ് ആവശ്യമായിട്ടുള്ളത്. സിബിഐ വിഷയത്തിന്‍റെ ഗൗരവം അറിഞ്ഞ് അന്വേഷണ നടപടികൾ എടുക്കുമെന്നു കരുതാം. ഏതു വിധത്തിലായാലും സിദ്ധാർഥന്‍റെ കുടുംബത്തിനു നീതി കിട്ടുക എന്നതാണു പ്രധാനം.

കോളെജിൽ സിദ്ധാർഥൻ ഏൽക്കേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് അന്വേഷിച്ച ആന്‍റി റാഗിങ് സ്ക്വാഡിന്‍റെ റിപ്പോർട്ട് മനുഷ്യത്വം മരവിച്ച ഒരു സംഘത്തിന്‍റെ മാപ്പർഹിക്കാത്ത ക്രൂരതകളാണു പുറത്തുകൊണ്ടുവന്നത്. പരസ്യ വിചാരണയാണു സിദ്ധാർഥനെതിരേ നടന്നതെന്ന് ഈ റിപ്പോർട്ടും സ്ഥിരീകരിക്കുന്നുണ്ട്. പതിനെട്ടു പേർ പല സ്ഥലങ്ങളിൽ വച്ച് അതിക്രൂരമായി മർദിച്ചു. കോളെജിനു സമീപത്തെ മലമുകളിലും വാട്ടർ ടാങ്കിനു സമീപത്തും ഹോസ്റ്റലിലെ ഇരുപത്തൊന്നാം നമ്പർ മുറിയിലും നടുമുറ്റത്തും ഒന്നാം നിലയിലെ ഡോർമെട്രിയിലും വച്ച് നിസഹായനായ ഈ യുവാവിനെ ഒരുസംഘം സഹപാഠികൾ മർദിച്ചിട്ടുണ്ട്. വയറിലും മുതുകിലുമൊക്കെ പലതവണ ചവിട്ടി. ബെൽറ്റും ഗ്ലു ഗണ്ണും ചാർജറിന്‍റെ കേബിളും ഉപയോഗിച്ച് അടിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഇടനാഴിയിൽ നടത്തിച്ചു.

തറ തുടപ്പിക്കുക, സാങ്കൽപ്പിക കസേരയിലിരുത്തുക തുടങ്ങിയ റാഗിങ്ങുകാരുടെ പ്രാകൃത ശിക്ഷകളും നടപ്പാക്കി. നടുമുറ്റത്തു വച്ച് പരസ്യ വിചാരണ നടത്തി. വേദന കൊണ്ട് കഞ്ഞിവെള്ളം കുടിക്കാൻ പോലും സിദ്ധാർഥനു കഴിഞ്ഞില്ലെന്നാണു പറയുന്നത്. പലയിടത്തും കൊണ്ടുപോയി തോന്നിയപോലൊക്കെ മർദിച്ച് അവശനാക്കാൻ ഇരയെ കിട്ടിയ സന്തോഷത്തിലായിരുന്നിരിക്കണം അക്രമികൾ. ഹോസ്റ്റൽ മുറികളിൽ തട്ടിവിളിച്ച് ഉറങ്ങിക്കിടന്നവരെ പോലും വിളിച്ചുണർത്തി പരസ്യ വിചാരണയിൽ സാക്ഷികളാക്കി. അക്രമികളെ ഭയന്ന് പലരും ഒരക്ഷരം മിണ്ടാതിരുന്നു. എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത അവനെങ്ങനെയാണു തൂങ്ങി മരിക്കുകയെന്ന് സിദ്ധാർഥന്‍റെ കുടുംബം ചോദിക്കുന്നുണ്ട്. സിദ്ധാർഥൻ മരിച്ചതല്ല കൊന്നതാണെന്നു തന്നെയാണു കുടുംബം വിശ്വസിക്കുന്നത്. അതിക്രൂരമായ പീഡനമാണ് സിദ്ധാർഥൻ നേരിട്ടതെന്നു നേരത്തേ പോസ്റ്റ്മോർട്ടം റിപ്പോർട്ടും കാണിക്കുകയുണ്ടായി. മൂന്നു ദിവസം വരെ പഴക്കമുളള പരുക്കുകളാണു ശരീരത്തിൽ കണ്ടെത്തിയത്.

പൂക്കോട് വെറ്ററിനറി കോളെജിലെ ഹോസ്റ്റലിൽ മുൻപും റാഗിങ് സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് ആന്‍റി റാഗിങ് സ്ക്വാഡിന്‍റെ റിപ്പോർട്ടിൽ പറയുന്നത്. കോളെജ് യൂണിയനിലും ഹോസ്റ്റൽ കമ്മിറ്റിയിലും ഭാരവാഹികളായ വിദ്യാർഥികൾ പോലും വിവരങ്ങൾ മറച്ചുവച്ചുവത്രേ. അക്രമികളെ ഭയന്ന് വിദ്യാർഥികൾ യഥാർഥ വസ്തുതകൾ പുറത്തുപറയാൻ തയാറാവുന്നില്ലെന്നത് എത്രമാത്രം ഭയാനകമാണ് ഹോസ്റ്റലിലെ അവസ്ഥ എന്നു കാണിക്കുന്നുണ്ട്. ക്രിമിനൽ മനസുള്ള സഹപാഠികളെ പഠനം മുടങ്ങാതിരിക്കാൻ സഹിക്കേണ്ടിവരുന്ന അവസ്ഥ ഇനി ഒരു കോളെജിലും ഉണ്ടാവാതിരിക്കണം. ഏതെങ്കിലും തരത്തിലുള്ള റാഗിങ് നടക്കുന്നുണ്ടോയെന്ന് മുഴുവൻ കോളെജുകളിലും ഒരന്വേഷണവും അത്യാവശ്യമാണ്. റാഗിങ്ങിനെതിരേ ശക്തമായ നിയമമുള്ള സംസ്ഥാനമാണു കേരളം. പക്ഷേ, ആ നിയമം വേണ്ടവിധം നടപ്പാവുന്നില്ലെന്നത് പൂക്കോട് കോളെജ് തെളിയിക്കുന്നുണ്ട്. നിയമം നടപ്പാക്കാൻ മുൻകൈ എടുക്കേണ്ടവർ അക്രമികൾക്കു കൂട്ടുനിൽക്കുകയാണെങ്കിൽ പിന്നെ പറഞ്ഞിട്ടെന്തിന്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com