കേരളത്തിന് എന്തു പറ്റി?

നാം കൊട്ടിഘോഷിക്കുന്ന കേരളമല്ല യാഥാർഥ്യം
Representative image of a crime scene
Representative image of a crime scene

പ്രമുഖ മാധ്യമ പ്രവർത്തകനും സാമൂഹ്യനിരീക്ഷകനുമായ റജിമോൻ കുട്ടപ്പൻ ഫെയ്സ്ബുക്കിൽ ഇട്ട പോസ്റ്റ് കേരളം ഗൗരവപൂർവം ചർച്ച ചെയ്യേണ്ടതുണ്ട്.

ഇതാണ് ആ പോസ്റ്റ്:

""ഞാൻ നിർത്തി.

ഇപ്പോൾ Update:

അമ്മായിമ്മ മരുമകന്‍റെ വെട്ടേറ്റ് മരിച്ചു

സത്യമായിട്ടും പറയുവാ, ഈ കേരള സമൂഹത്തിന് എന്തോ സാരമായ കുഴപ്പമുണ്ട്.

ഇന്ന്:

മലയാളികളായ ദമ്പതിമാരെയും സുഹൃത്തായ അധ്യാപികയെയും അരുണാചൽ പ്രദേശിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദൂരൂഹത. സംഭവത്തിന് പിന്നിൽ ബ്ലാക് മാജിക് സംശയമാണ് ഉയരുന്നത്.

ഇന്നലെ:

മകൻ ഇരുമ്പുകമ്പി കൊണ്ട് പിതാവിനെ അടിച്ചു കൊന്നു.

മിനിഞ്ഞാന്ന്:

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍.

കഴിഞ്ഞാഴ്ച്ച:

1) അടൂരിൽ ഒരു പുരുഷനും ഒരു സ്ത്രീയും കാർ ലോറിയിലേക്ക് ഇടിച്ചുകയറ്റി മരിക്കുന്നു.

2) തിരുവനന്തപുരത്തു ബൈക്ക് പണയത്തിൽ കൊടുക്കുന്നു. പൈസ തർക്കം ഉണ്ടാകുന്നു. ആളെ വെട്ടിക്കൊല്ലുന്നു. കൊലയാളികൾ വന്ന കാറിന്റെ ഉടമയുടെ അച്ഛൻ ആത്മഹത്യ ചെയ്യുന്നു.

3) തൃശൂർ ഉറങ്ങിക്കിടക്കവേ കാർ കയറി മരിച്ചു; മൃതദേഹം ഡിക്കിയിലാക്കി പാടത്തു തള്ളി: സ്വർണവ്യാപാരിയും കുടുംബവും പിടിയിൽ.

4) കോഴിക്കോട് മോഷ്ടിച്ച ബൈക്കിലെത്തി ലിഫ്റ്റ് നല്‍കിയ പ്രതി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് യുവതിയെ വെള്ളത്തിൽ മുക്കി കൊല്ലുന്നു.

5) കോഴിക്കോട് രണ്ടു പെൺമക്കളെ കൊലപ്പെടുത്തിയതിനു ശേഷം പിതാവ് ട്രെയിനിനു മുന്നിൽ ചാടി മരിക്കുന്നു.

6) മലപ്പുറം രണ്ടര വയസുകാരിയെ അച്ഛൻ അടിച്ചു കൊല്ലുന്നു.

7) പൂക്കോട് മൂന്നു ദിവസം വച്ച് പീഡിപ്പിച്ച കെട്ടിത്തൂക്കിയ സിദ്ധാർത്ഥനും''

ഇത്രയുമൊക്കെ വായിച്ച ശേഷവും നിസംഗരായിരിക്കുന്ന സമൂഹമാണ് മലയാളി.

വാസ്തവത്തിൽ കേരള സമൂഹത്തിന് എന്താണു സംഭവിക്കുന്നത്? എന്താണു സംഭവിച്ചിരിക്കുന്നത്? ഇതൊക്കെ ചൂണ്ടിക്കാട്ടി പോസ്റ്റിട്ടയാളെ ട്രോളാനോ വിമർശിക്കാനോ ചീത്ത വിളിക്കാനോ കേരളവിരുദ്ധൻ എന്ന് ആക്ഷേപിക്കാനോ എളുപ്പമാണ്. പക്ഷേ യാഥാർഥ്യങ്ങൾക്കു നേരേ കണ്ണടച്ചിട്ടു കാര്യമുണ്ടോ?

മലയാളികൾ എക്കാലത്തും ഒരു കപട സമൂഹമാണ് എന്നു പലരും വിമർശിക്കാറുണ്ട്. വെറുതേ നവോത്ഥാനം പറയും. സാക്ഷരതയും സാമൂഹ്യ പശ്ചാത്തലവും വിളമ്പും. ലോകത്തെ ഏറ്റവും മുന്തിയ പുരോഗമന സമൂഹമെന്ന് മേനി നടിക്കും. ഞങ്ങളേക്കാൾ കൂടുതൽ ലോകം കണ്ടവരുണ്ടോ എന്നു വീമ്പിളക്കും. പക്ഷേ, മേൽപ്പറഞ്ഞ ഉദാഹരണങ്ങൾ നോക്കൂ.

അരുണാചൽ പ്രദേശിൽ പോയി മരണം വരിച്ച യുവ ദമ്പതിമാരും വനിതാ സുഹൃത്തും വലിയ വിദ്യാഭ്യാസ യോഗ്യതകളുള്ളവരാണ്. അവർ ബ്ലാക് മാജിക്കിന്‍റെ ആളുകളായിരുന്നത്രെ! മരിച്ച ഒരു യുവതിയുടെ ബന്ധുവായ പ്രമുഖ കലാകാരൻ സൂര്യ കൃഷ്ണമൂർത്തി പറയുന്നതു കേട്ടാൽ മലയാളിയുടെ ശരിയായ മുഖം നമുക്കു വ്യക്തമാകും. വിദ്യാഭ്യാസവും വിവരവും രണ്ടാണെന്നു വ്യക്തമാകും.

""ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്‍റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമായി കണക്കാക്കി പരിഹാരം കാണണം. മരിച്ച മൂന്നു പേരും ഉയർന്ന വിദ്യാഭ്യാസം നേടിയവരാണ്. ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്‍റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്. ഇനി ഒരാൾക്ക് അങ്ങനെ വരാതിരിക്കാനുള്ള ബോധവത്കരണം ഉണ്ടാകണം. ഞാൻ കഴിഞ്ഞ ഇടയ്ക്ക് അമെരിക്കയിൽ പോയപ്പോൾ അവിടെ ഇതേപോലൊരു കേസുണ്ടായിരുന്നു. രക്തമാണ് അവരുടെ തീർഥമെന്നാണ് പറയുന്നത്. ഇതിൽനിന്നും ആളുകളെ മോചിപ്പിക്കാൻ എല്ലാവരും പ്രവർത്തിക്കണം''- സൂര്യ കൃഷ്ണമൂർത്തി പറ‍ഞ്ഞു.

ഇതിൽ എല്ലാമുണ്ട്. നാം കൊട്ടിഘോഷിക്കുന്ന കേരളമല്ല യാഥാർഥ്യം. ഇവിടെ അന്ധവിശ്വാസത്തിന്‍റെയും ദുരാചാരത്തിന്‍റെയും മന്ത്രവാദത്തിന്‍റെയും ജിന്ന് പ്രാർഥനകളുടെയും സാത്താൻ സേവകളുടെയും ചാത്തൻ സേവകളുടെയുമൊക്കെ സജീവ സാന്നിധ്യമുണ്ട്. എല്ലാ മതങ്ങളിലും അതുണ്ട്. വിദ്യാസമ്പന്നരാണ് അതു പിന്തുടരുന്നവരിലേറെയും. അതിനു മത- ജാതി- വർണ- വർഗ ഭേദമൊന്നുമില്ല. ഇതൊക്കെ ആര് അവസാനിപ്പിക്കും എന്നതിന് ഉത്തരം തത്കാലം കിട്ടില്ല. കാരണം കേരളം കപട വിശ്വാസത്തിന്‍റെ ആഗോള തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്നു. ആരുണ്ടിതിനെ രക്ഷിക്കാൻ?

Trending

No stories found.

Latest News

No stories found.