കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ അധികാരത്തിലേറിയതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിനു തീയതികളായി. ജമ്മു കശ്മീർ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകൾ തെരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിച്ചു കഴിഞ്ഞു. സെപ്റ്റംബർ 18, 25, ഒക്റ്റോബർ ഒന്ന് എന്നിങ്ങനെ മൂന്നു ഘട്ടമായാണ് ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ്. ഒക്റ്റോബർ ഒന്നിന് ഒരൊറ്റ ഘട്ടമായി ഹരിയാനയിൽ വോട്ടെടുപ്പു നടക്കും. രണ്ടിടത്തും വോട്ടെണ്ണുന്നത് ഒക്റ്റോബർ നാലിനാണ്. പത്തു വർഷത്തിനു ശേഷമാണ് ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നത്. ഹരിയാനയിൽ നിലവിലുള്ള സർക്കാരിന്‍റെ കാലാവധി നവംബർ മൂന്നിന് അവസാനിക്കുകയാണ്. നവംബർ 26നു കാലാവധി തീരുന്ന മഹാരാഷ്‌ട്ര നിയമസഭയിലേക്കും ഇതിനോടൊപ്പം വോട്ടെടുപ്പുണ്ടാവുമെന്നു പ്രതീക്ഷിച്ചതാണെങ്കിലും കമ്മിഷൻ തീയതി പ്രഖ്യാപിച്ചിട്ടില്ല. 2019ൽ ഹരിയാനക്കൊപ്പമാണ് മഹാരാഷ്‌ട്രയിലും തെരഞ്ഞെടുപ്പു നടന്നത്. ജമ്മു കശ്മീർ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ മഹാരാഷ്‌ട്രയിലെ വോട്ടെടുപ്പ് ഇക്കുറി പിന്നീടു നടത്താൻ തീരുമാനിക്കുകയായിരുന്നു.
ജമ്മു കശ്മീരിൽ അവസാനമായി വോട്ടെടുപ്പു നടന്നത് 2014ൽ ആയിരുന്നു. അന്ന് ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന തൂക്കുസഭയിൽ പിഡിപിയും ബിജെപിയും ചേർന്ന് സഖ്യസർക്കാരുണ്ടാക്കി. 2018ൽ ഈ സർക്കാർ നിലംപതിച്ച ശേഷം കശ്മീർ രാഷ്‌ട്രപതി ഭരണത്തിലായി. 370ാം വകുപ്പു പ്രകാരമുള്ള പ്രത്യേക അധികാരങ്ങൾ 2019ൽ റദ്ദാക്കുകയും ജമ്മു കശ്മീരും ലഡാഖും പ്രത്യേകം കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയിൽ ഇത്തവണത്തെ തെരഞ്ഞെടുപ്പിനു സവിശേഷ പ്രാധാന്യമുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന സർക്കാർ ഏതു രാഷ്‌ട്രീയ പാർട്ടിയുടേതായാലും ജമ്മു കശ്മീരിൽ ജനങ്ങൾ തെരഞ്ഞെടുത്ത ഒരു സർക്കാരുണ്ടാവുന്നു എന്നതു സ്വാഗതാർഹമാണ്. ജമ്മു കശ്മീരിന്‍റെ പുരോഗതിക്കു തെരഞ്ഞെടുക്കപ്പെട്ട സർക്കാരുണ്ടാകുന്നതു നിർണായക ഘടകമാണ്. വോട്ടു ചെയ്യുന്നതിന് ജനങ്ങൾ ധാരാളമായി പോളിങ് ബൂത്തുകളിലേക്ക് എത്തുമെന്നു തന്നെയാണു തെരഞ്ഞെടുപ്പു കമ്മിഷൻ വിശ്വസിക്കുന്നത്. ഓരോ വോട്ടിന്‍റെയും വില എത്ര വലുതാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള പ്രചാരണ പ്രവർത്തനങ്ങൾ കമ്മിഷനിൽ നിന്ന് ഉണ്ടാവുമെന്നും കരുതാം.
രാജ്യത്തിന്‍റെ അതിർത്തി പ്രദേശത്ത് ഭീകരപ്രവർത്തനം പ്രോത്സാഹിപ്പിക്കാനുള്ള രാജ്യശത്രുക്കളുടെ നീക്കങ്ങൾ ഫലപ്രദമായി തടഞ്ഞ് തെരഞ്ഞെടുപ്പ് വലിയ വിജയമാക്കി മാറ്റാൻ ഇനിയുള്ള ദിവസങ്ങളിൽ അതീവ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളുണ്ടാവേണ്ടതുണ്ട്. ജനാധിപത്യ തെരഞ്ഞെടുപ്പിലെ ഉയർന്ന ജനപങ്കാളിത്തം കശ്മീരിൽ അസ്വസ്ഥതകളുണ്ടാക്കാൻ ശ്രമിക്കുന്ന ശക്തികൾക്കുള്ള തിരിച്ചടി കൂടിയാവും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിലെ 58 ശതമാനത്തിലേറെ വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു. 2019ലേതിനെക്കാൾ വളരെ ഉയർന്ന ജനപങ്കാളിത്തം കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലായതിന്‍റെ പ്രതിഫലനമായാണ് കേന്ദ്ര സർക്കാർ കാണുന്നത്. തെരഞ്ഞെടുപ്പു കമ്മിഷനും ഉയർന്ന പോളിങ് വലിയ നേട്ടമായി ചൂണ്ടിക്കാണിക്കുകയുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ വോട്ടിങ് ശതമാനം കൂടുതൽ മെച്ചപ്പെടുത്താൻ കഴിയേണ്ടതുണ്ട്. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 65 ശതമാനത്തിലേറെയായിരുന്നു ജമ്മു കശ്മീരിലെ പോളിങ്. 2002ൽ നാലും 2008ൽ ഏഴും 2014ൽ അഞ്ചും ഘട്ടമായാണ് ജമ്മു കശ്മീരിൽ വോട്ടെടുപ്പു നടന്നത്. 1996ലും നാലു ഘട്ടമായിരുന്നു. ആ നിലയ്ക്കു നോക്കുമ്പോൾ സമീപകാലത്ത് ഏറ്റവും കുറച്ചു ഘട്ടമായി വോട്ടെടുപ്പു നടക്കുന്നത് ഇത്തവണയാണ്. എന്നാൽ, ലഡാഖ് പ്രത്യേക കേന്ദ്രഭരണ പ്രദേശമായി മാറി എന്നതും ഓർക്കേണ്ടതുണ്ട്. സമാധാനത്തിന്‍റെയും പുരോഗതിയുടെയും പുതിയൊരു കാലഘട്ടം കശ്മീരിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. അവിടെ ജനാധിപത്യത്തിന്‍റെ വേരുകൾ കൂടുതൽ ശക്തമാക്കാനും ഈ തെരഞ്ഞെടുപ്പു സഹായിക്കും. നാടിന്‍റെ പുരോഗതി വേഗത്തിലാക്കുന്നതിന് തെരഞ്ഞെടുക്കപ്പെടുന്ന സർക്കാർ ഉപകരിക്കുകയും ചെയ്യും.
ബിജെപിയും കോൺഗ്രസും തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടലിനാണു ഹരിയാന വേദിയാകുന്നത്. പത്തുവർഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് ഹാട്രിക് വിജയം നേടിക്കൊടുക്കാൻ മുഖ്യമന്ത്രി നായബ് സിങ് സൈനിക്കു കഴിയുമോ എന്നതാണു രാഷ്‌ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ഒമ്പതു വർഷത്തിലേറെക്കാലവും മുഖ്യമന്ത്രിയായിരുന്ന മനോഹർ ലാൽ ഖട്ടറിനെ മാറ്റി നായബ് സിങ്ങിനെ ബിജെപി മുഖ്യമന്ത്രിയാക്കിയത് കഴിഞ്ഞ മാർച്ചിലാണ്. നേതൃസ്ഥാനത്ത് നായബ് സിങ് തുടരുമെന്നും ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും എഎപിയും ഒരുമിച്ചാണു ബിജെപിയെ നേരിട്ടത്. ആകെയുള്ള പത്തിൽ അഞ്ചു ലോക്സഭാ സീറ്റുകളും കോൺഗ്രസ് നേടുകയും ചെയ്തിരുന്നു. അഞ്ചിടത്ത് ബിജെപിയും ജയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപിയുമായി സഖ്യത്തിനില്ലെന്നു കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസും ബിജെപിയും തമ്മിലുള്ള വോട്ട് വ്യത്യാസം വളരെ നേരിയതാണ്. അതുകൊണ്ടുതന്നെ സഖ്യത്തിലല്ലാതെ കോൺഗ്രസ് മത്സരിക്കുന്നത് ഏതു തരത്തിലാണ് അന്തിമ വിധിയെ സ്വാധീനിക്കുകയെന്നു കണ്ടറിയേണ്ടതുണ്ട്. സഖ്യം വേണോ എന്നു തീരുമാനിക്കേണ്ടതു സംസ്ഥാന ഘടകങ്ങളാണ് എന്നാണ് കോൺഗ്രസ് ഹൈക്കമാൻഡ് പറയുന്നത്. മുൻ മുഖ്യമന്ത്രി കൂടിയായ ഹരിയാനയിലെ സീനിയർ കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിങ് ഹൂഡയ്ക്ക് എഎപി സഖ്യത്തോടു താത്പര്യമില്ലെന്നാണു സൂചന. എന്തായാലും ശക്തമായ രാഷ്‌ട്രീയ മത്സരം തന്നെ ഹരിയാനയിൽ പ്രതീക്ഷിക്കാം.