ജനാധിപത്യ പ്രക്രിയയെ വിരൽ നീട്ടി സ്വീകരിച്ച് കേരളം| മുഖപ്രസംഗം
File

ജനാധിപത്യ പ്രക്രിയയെ വിരൽ നീട്ടി സ്വീകരിച്ച് കേരളം| മുഖപ്രസംഗം

ആദ്യ കണക്കുകൾ പ്രകാരം പോളിങ് 70 ശതമാനം കടന്നിട്ടുണ്ട്

കേരളം ആവേശത്തോടെ തന്നെ വിധിയെഴുതി. 20 ലോക്സഭാ മണ്ഡലങ്ങളിലും കനത്ത പോരാട്ടത്തിനൊത്ത ജനാവേശം വോട്ടെടുപ്പിൽ പ്രകടമായി എന്നതാണു വിവിധ മേഖലകളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യ കണക്കുകൾ പ്രകാരം പോളിങ് 70 ശതമാനം കടന്നിട്ടുണ്ട്. രാജ്യത്തെ മറ്റു പല ഭാഗങ്ങളിലെയും ആദ്യ രണ്ടു ഘട്ടങ്ങളിലെ പോളിങ് ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ കേരളം ഏറെ മുന്നിൽ തുടരുകയാണെന്നു നമുക്ക് അഭിമാനപൂർവം പറയാനാവും. അസഹനീയമായ കടുത്ത ചൂട് അവഗണിച്ചും, പലേടത്തും വൈകിട്ടു പെയ്ത വേനൽ മഴയെ വകവയ്ക്കാതെയും വോട്ടർമാർ പോളിങ് ബൂത്തുകളിലെത്തി മണിക്കൂറുകൾ കാത്തുനിന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. പൊതുവേ സമാധാനപരവുമായിരുന്നു വോട്ടെടുപ്പ്. ഇന്നലെ വൈകിട്ട് ആറു മണി കഴിയുമ്പോഴും പല സ്ഥലത്തും വോട്ടർമാരുടെ നീണ്ട ക്യൂ ആയിരുന്നു. അതിനാൽ തന്നെ കൃത്യമായ പോളിങ് ശതമാനം അറിയാൻ ഏറെ വൈകി.

2019ൽ 77.67 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിങ്. 2014ൽ 74 ശതമാനവും 2009ൽ 73 ശതമാനവും. ഇത്തവണത്തെ അന്തിമ പോളിങ് ശതമാനം ഇതിൽ ഏതിനോട് അടുത്തു നിന്നാലും അതു മോശപ്പെട്ടതല്ല. ചിലയിടങ്ങളിൽ പോളിങ് മന്ദഗതിയിലായതു പരാതികൾക്ക് ഇടയാക്കിയിട്ടുണ്ട്. പ്രത്യേകിച്ചു വടകരയിൽ നൂറുകണക്കിനാളുകളാണു വോട്ടെടുപ്പു സമയം കഴിഞ്ഞും ബൂത്തുകളിൽ കാത്തിരുന്നത്. നിരവധി പേർ വോട്ടുചെയ്യാനാവാതെ മടങ്ങിയെന്നും ആക്ഷേപമുണ്ട്. വോട്ടെടുപ്പു വൈകിപ്പിക്കുന്നതിൽ ഗൂഢാലോചന ആരോപിച്ച് യുഡിഎഫ് രംഗത്തെത്തിയിരുന്നു. എന്തായാലും വോട്ടെടുപ്പ് ഇതുപോലെ വൈകുന്നത് ഒഴിവാക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കേണ്ടതാണ്. എത്ര കുറച്ചായാലും ആളുകൾ നിരാശരായി വോട്ടുചെയ്യാതെ മടങ്ങുന്നതു തീർത്തും നിരാശാജനകം.

കേരളമടക്കം 13 സംസ്ഥാനങ്ങളിലെ 88 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് ഇന്നലെ രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പു നടന്നത്. ആദ്യ റിപ്പോർട്ടുകൾ പ്രകാരം ഈ ഘട്ടത്തിലെ ശരാശരി പോളിങ് 60 ശതമാനത്തിന് അൽപ്പം മുകളിൽ മാത്രമാണ്. ആദ്യ കണക്കുകളിൽ ഉത്തർപ്രദേശിലും ബിഹാറിലും മഹാരാഷ്‌ട്രയിലുമൊക്കെ 55 ശതമാനത്തിൽ താഴെയാണ് ഇന്നലത്തെ പോളിങ്. നേരത്തേ, ഒന്നാം ഘട്ടത്തിൽ രാജ്യത്തെ 102 മണ്ഡലങ്ങളിൽ വോട്ടെടുപ്പു നടന്നപ്പോൾ തെരഞ്ഞെടുപ്പു കമ്മിഷന്‍റെ ആദ്യ കണക്കു പ്രകാരം 62.4 ശതമാനം പേരാണു വോട്ടു ചെയ്തത്. പിന്നീട് 66 ശതമാനത്തിനടുത്ത് എന്നു കണക്കു വന്നെങ്കിലും അതും 2019ലെ 69.43 ശതമാനത്തിൽ എത്തിയില്ല. ബിഹാറിൽ 48 ശതമാനം മാത്രമായിരുന്നു ആദ്യ ഘട്ടത്തിലെ പോളിങ്. ഉത്തരഖണ്ഡിൽ 57 ശതമാനവും രാജസ്ഥാനിൽ 58 ശതമാനവും പേർ മാത്രമാണ് ആദ്യ ഘട്ടത്തിൽ വോട്ടു ചെയ്തത്. കഴിഞ്ഞ തവണത്തെ 63.71 ശതമാനത്തിലും വളരെ കുറവാണ് രാജസ്ഥാനിലെ ഇത്തവണത്ത പോളിങ് നിരക്ക്. ഉത്തർപ്രദേശിൽ 60 ശതമാനത്തിന് അടുത്ത് പോളിങ്ങാണ് ആദ്യ ഘട്ടത്തിൽ രേഖപ്പെടുത്തിയത്.

വോട്ടർമാരുടെ പങ്കാളിത്തം ഗണ്യമായി വർധിപ്പിക്കാനുള്ള തെരഞ്ഞെടുപ്പു കമ്മിഷന്‍റെ പ്രവർത്തനങ്ങൾ ഉത്തരേന്ത്യയിലെ പലയിടങ്ങളിലും വേണ്ടത്ര വിജയിച്ചില്ല എന്നു തെളിയിക്കുകയായിരുന്നു ആദ്യ ഘട്ടത്തിൽ. കടുത്ത ഉഷ്ണതരംഗമാണ് ഉത്തരേന്ത്യയിലെ ആദ്യ ഘട്ടം വോട്ടെടുപ്പിനെ ബാധിച്ചത് എന്നും വിലയിരുത്തലുകളുണ്ട്. ആദ്യ ഘട്ടത്തിൽ തന്നെ മുഴുവൻ മണ്ഡലങ്ങളിലും വോട്ടെടുപ്പു പൂർത്തിയായ തമിഴ്നാട്ടിലും കഴിഞ്ഞ തവണത്തെ പോളിങ് ശതമാനം ഇത്തവണയുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പു കമ്മിഷന്‍റെ അവസാന കണക്കനുസരിച്ച് 69.72 ശതമാനമാണ് തമിഴകത്തെ പോളിങ്. 2009ൽ 73.02 ശതമാനവും 2014ൽ 73.74 ശതമാനവും 2019ൽ 72.47 ശതമാനവും വോട്ടർമാരാണ് തമിഴ്നാട്ടിൽ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഇത്തവണ സെൻട്രൽ ചെന്നൈയിലെ പോളിങ് 54 ശതമാനത്തിൽ താഴെയായിരുന്നു. ഈ കണക്കുകളെല്ലാം നോക്കുമ്പോൾ കേരളം മികച്ച രീതിയിലാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്.

ഒന്നാം ഘട്ടത്തിൽ കടുത്ത ഉഷ്ണതരംഗം വോട്ടർമാർക്കു വെല്ലുവിളിയായ സാഹചര്യത്തിൽ ദുഷ്കരമായ കാലാവസ്ഥാ സാഹചര്യം നേരിടുന്നതിനു തെരഞ്ഞെടുപ്പു കമ്മിഷൻ നടപടികൾ പ്രഖ്യാപിച്ചിരുന്നു. ഉഷ്ണതരംഗത്തിന്‍റെ തോത് അവലോകനം ചെയ്യുന്നതിന് ടാസ്ക് ഫോഴ്സ് രൂപവത്കരിച്ച കമ്മിഷൻ പോളിങ് ബൂത്തുകളിൽ എത്തുന്നവർ ഉഷ്ണതരംഗം ഏൽക്കാതെ ശ്രദ്ധിക്കണമെന്നും നിർദേശിച്ചു. ചൂടിന്‍റെ തോതും പ്രദേശത്തെ ഈർപ്പത്തിന്‍റെ അളവും മനസിലാക്കി ആവശ്യമായ നടപടി സ്വീകരിക്കുക എന്നതായിരുന്നു നിർദേശം. വോട്ടെടുപ്പിനിടെ കേരളത്തിൽ ഒമ്പതു പേരാണു കുഴഞ്ഞുവീണു മരിച്ചത്. ഇതിനു പുറമേ പലരും കുഴഞ്ഞു വീണിട്ടുണ്ട്. ചൂട് സഹിക്കാൻ വയ്യാതെ മടങ്ങിപ്പോയവരും പലരുണ്ട്. കത്തുന്ന ചൂടിൽ വോട്ടെടുപ്പു നടത്തുന്നതു വെല്ലുവിളിയാവുന്നുണ്ടോ എന്നു പരിശോധിച്ച് വരുംകാല തെരഞ്ഞെടുപ്പുകളിൽ ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കേണ്ടതാണ്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com