ജനാധിപത്യത്തിന്‍റെ ഉത്സവകാലം| മുഖപ്രസംഗം

ജനാധിപത്യത്തിലെ മഹത്തായ ഉത്സവം ഏറ്റവും ഭംഗിയായി നടത്താൻ ഈ നാട്ടിലെ ജനങ്ങൾക്കു കഴിയും. അതു നിസംശയം തെളിയിച്ചിട്ടുണ്ട് ഇവിടുത്തെ ജനകോടികൾ.
ജനാധിപത്യത്തിന്‍റെ ഉത്സവകാലം| മുഖപ്രസംഗം

ലോക്സഭാ തെരഞ്ഞെടുപ്പിനു തീയതി പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രതീക്ഷിച്ചതുപോലെ ഏഴു ഘട്ടമായാണ് പോളിങ് നടക്കുന്നത്. ഉത്തർപ്രദേശും ബിഹാറും പശ്ചിമ ബംഗാളും ഏഴു ഘട്ടത്തിലും വോട്ടെടുപ്പിനുണ്ട് എന്നതാണു സവിശേഷത. ഉത്തർപ്രദേശിൽ എൺപതും പശ്ചിമ ബംഗാളിൽ നാൽപ്പത്തിരണ്ടും ബിഹാറിൽ നാൽപ്പതും ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. ഏപ്രിൽ 19നു തുടങ്ങി ജൂൺ ഒന്നിന് അവസാനിക്കുന്നതാണ് പോളിങ് ഘട്ടങ്ങൾ. രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26നാണു കേരളത്തിലെ പോളിങ്. നേരത്തേ സ്ഥാനാർഥി നിർണയം നടത്തി പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനാൽ സംസ്ഥാനത്ത് രാഷ്‌ട്രീയ പാർട്ടികൾക്കു വേണ്ടത്ര സമയം പ്രചാരണ പ്രവർത്തനങ്ങൾക്കു ലഭിക്കുന്നുണ്ട്. കേരളത്തിലെ വോട്ടെടുപ്പു കഴിഞ്ഞ് ഒരു മാസത്തിലേറെക്കാലം ഫലപ്രഖ്യാപനത്തിനു മലയാളികൾ കാത്തിരിക്കണം. ആദ്യ ഘട്ടത്തിൽ തന്നെ തെരഞ്ഞെടുപ്പു പൂർത്തിയാകുന്ന തമിഴ്നാട്ടിൽ വോട്ടെടുപ്പിനു ശേഷമുള്ള കാത്തിരിപ്പു സമയം അതിലും കൂടുതലാണ്. ജൂൺ നാലിനു വോട്ടെണ്ണുമ്പോഴാണ് അടുത്ത സർക്കാർ ആരുടേതെന്നു വ്യക്തമാവുക. എന്തായാലും ഇനിയുള്ള രണ്ടര മാസമാണ് പുതിയ കേന്ദ്ര സർക്കാരിനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ. ജനാധിപത്യത്തിലെ മഹത്തായ ഉത്സവം ഏറ്റവും ഭംഗിയായി നടത്താൻ ഈ നാട്ടിലെ ജനങ്ങൾക്കു കഴിയും. അതു നിസംശയം തെളിയിച്ചിട്ടുണ്ട് ഇവിടുത്തെ ജനകോടികൾ.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ലോകത്തു നടക്കുന്ന ഏറ്റവും വലിയ പൊതുതെരഞ്ഞെടുപ്പും ഇതാണ്. 97 കോടിയോളം വോട്ടർമാരാണ് രാജ്യത്തുള്ളത്. കഴിഞ്ഞ തവണത്തെക്കാൾ ഏഴു കോടിയിലേറെ വോട്ടർമാർ കൂടുതൽ. 1951-52ൽ 17 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. ആദ്യ തെരഞ്ഞെടുപ്പിൽ രണ്ടു ലക്ഷത്തിൽ താഴെ പോളിങ് സ്റ്റേഷനുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ പത്തു ലക്ഷത്തിലേറെയാണ്. 55 ലക്ഷം ഇലക്‌ട്രോണിക്സ് വോട്ടിങ് മെഷീനുകളാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുക. ഏതാണ്ട് ഒന്നര കോടിയോളം പോളിങ്, സുരക്ഷാ ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പു ജോലിക്കു നിയോഗിക്കപ്പെടുന്നത്. നാലു ലക്ഷത്തിലേറെ വാഹനങ്ങൾ ഉപയോഗിക്കുന്നു. ഇത്രയും സംവിധാനങ്ങളൊരുക്കി ഒരു തെരഞ്ഞെടുപ്പു നടത്തുന്നതിന് എത്രയോ മുൻപ് കമ്മിഷൻ ഒരുക്കങ്ങൾ തുടങ്ങിക്കാണണം. ഉദ്യോഗസ്ഥർക്കു പരിശീലനം നൽകുന്നതും ഇവിഎമ്മുകൾ തയാറാക്കുന്നതും അടക്കം എന്തൊക്കെ ക്രമീകരണങ്ങളാണു ചെയ്യാനുള്ളത്. ഒന്നിലും യാതൊരു പാളിച്ചയും സംഭവിക്കാതെ നോക്കേണ്ടതുമുണ്ട്. തെരഞ്ഞെടുപ്പു കമ്മിഷന്‍റെ ഉത്തരവാദിത്വം എത്ര വലുതാണെന്ന് ഇതിൽ നിന്നെല്ലാം ഊഹിക്കാവുന്നതേയുള്ളൂ. രാജ്യത്തെ മുഴുവൻ രാഷ്‌ട്രീയ കക്ഷികളും നേതാക്കളും ഈ ഉത്തരവാദിത്വം തിരിച്ചറിഞ്ഞ് കമ്മിഷനോടു സഹകരിക്കുക എന്നതാണു വോട്ടെടുപ്പ് ഏറ്റവും ഭംഗിയാക്കാൻ അനിവാര്യമായിട്ടുള്ളത്.

തെരഞ്ഞെടുപ്പിൽ വനിതകളുടെ പങ്കാളിത്തം വർധിപ്പിച്ചുകൊണ്ടുവരുന്നതിൽ തെരഞ്ഞെടുപ്പു കമ്മിഷന്‍റെ പരിശ്രമങ്ങൾ പ്രശംസനീയമായ രീതിയിൽ വിജയിച്ചിട്ടുണ്ട്. സ്ത്രീകൾ വോട്ടു ചെയ്യാൻ മടിക്കുന്ന സാഹചര്യം ഇന്നില്ല. ചരിത്രത്തിൽ ആദ്യമായി പുരുഷൻമാരെക്കാൾ ഉയർന്ന വോട്ടിങ് ശതമാനം സ്ത്രീകൾ രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പ് 2019ൽ ആയിരുന്നു. സ്ത്രീകളുടേത് 67.18 ശതമാനവും പുരുഷൻമാരുടേത് 67.01 ശതമാനവും. മുപ്പതു കോടിയോളം സ്ത്രീകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തത്. രാജ്യഭരണം തീരുമാനിക്കുന്നതിലെ വനിതാ പങ്കാളിത്തം വളരെ നിർണായകമാവുന്നു എന്നത് രാഷ്‌ട്രീയ കക്ഷികളുടെ തെരഞ്ഞെടുപ്പു തന്ത്രങ്ങളെയും സ്വാധീനിക്കുന്നുണ്ട്. ഇ‍ത്തവണയും മൊത്തം വോട്ടർമാരിൽ പകുതിയുടെ തൊട്ടടുത്ത് സ്ത്രീകളാണ്. 49 കോടിയിലേറെ പുരുഷൻമാരും 47 കോടിയിലേറെ സ്ത്രീകളും.

യുവാക്കൾ വോട്ടെടുപ്പിനെ പൂർണ ഗൗരവത്തിൽ കാണുന്നുവെന്നും ഉറപ്പാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലെ യുവാക്കൾ തെരഞ്ഞെടുപ്പിൽ കൂടുതൽ താത്പര്യം കാണിക്കേണ്ടതാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 21 കോടിയിലേറെ വോട്ടർമാരാണ് 30 വയസിൽ താഴെയുള്ളവരായുള്ളത്. യുവാക്കൾ പോളിങ് ബൂത്തിലെത്തേണ്ടതിന്‍റെ പ്രാധാന്യം ഇതിൽ നിന്നു വ്യക്തമാണ്. രാജ്യത്തിന്‍റെ ഭാവി നിർണയിക്കുന്നതിൽ യുവാക്കളുടെ പങ്ക് കൃത്യമായി നിർവഹിക്കപ്പെടണം.

യുവാക്കളും സ്ത്രീകളും അടക്കം വോട്ടർമാരെ പോളിങ് ബൂത്തുകളിലേക്ക് എത്തിക്കുന്നതിന് വർഷങ്ങളായി തെരഞ്ഞെടുപ്പു കമ്മിഷൻ നടത്തിവരുന്ന പരിശ്രമങ്ങൾ ക്രമമായ പുരോഗതി കാണിക്കുന്നുണ്ട്. 2009ൽ 58.2 ശതമാനമായിരുന്ന പോളിങ് 2014ൽ എത്തിയപ്പോൾ 66.4 ശതമാനമായി ഉയർന്നത് കമ്മിഷന്‍റെ പ്രവർത്തനങ്ങളുടെ കൂടി ഫലമാണ്. 2019ൽ അത് 67 ശതമാനത്തിനു മുകളിലായി. ഇത്തവണ വോട്ടിങ് ശതമാനം ഇനിയും ഉയർത്തേണ്ടതുണ്ട്. സാധ്യമായ എല്ലാവരുടെയും പങ്കാളിത്തം രാജ്യഭരണം നിർണയിക്കുന്നതിൽ ഉണ്ടാവേണ്ടിയിരിക്കുന്നു.

സ്ഥാനാർഥികൾക്കും രാഷ്‌ട്രീയ പാർട്ടികൾക്കുമുള്ള മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു കഴിഞ്ഞു. ഇവ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമായ സംവിധാനങ്ങൾ എല്ലായിടത്തും ഒരുക്കേണ്ടതുണ്ട്. ആരോടും പക്ഷഭേദമില്ലാതെ നടപടികളെടുക്കാൻ കമ്മിഷനു കഴിയണം. ജാതിയുടെയോ മതത്തിന്‍റെയോ ഭാഷയുടെയോ പേരിൽ സംഘർഷങ്ങളുണ്ടാക്കുക, ജാതിയുടെയും മതത്തിന്‍റെയും പേരിൽ വോട്ടു ചോദിക്കുക, പരസ്പര വിദ്വേഷം ജനിപ്പിക്കുക, സ്ഥാനാർഥികളുടെ സ്വകാര്യ ജീവിതത്തെ മോശമായി ചിത്രീകരിക്കുക, വോട്ടർമാർക്കു കൈക്കൂലി നൽകുക, ഭീഷണിപ്പെടുത്തുക തുടങ്ങി കമ്മിഷൻ വിലക്കു കൽപ്പിച്ചിട്ടുള്ള കാര്യങ്ങളെക്കുറിച്ച് തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കിറങ്ങുന്ന മുഴുവൻ ആളുകൾക്കും ബോധ്യമുണ്ടാവണം. ലോകം മുഴുവൻ ശ്രദ്ധിക്കുന്നതാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ്. അത് ഏറ്റവും മാതൃകാപരമായി നടക്കുന്നുവെന്ന് എല്ലാവരും ചേർന്നാണ് ഉറപ്പാക്കേണ്ടത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com