
വൈദ്യുതിക്കെണി: വിവാദങ്ങളല്ല, നടപടികളാണ് ആവശ്യം
കൃഷിയിടത്തിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നതു തടയാൻ നിയമവിരുദ്ധമായി ഒരുക്കിവയ്ക്കുന്ന വൈദ്യുതിക്കെണിയിൽപ്പെട്ട് ആളുകൾ മരിച്ച സംഭവങ്ങൾ പലതുണ്ടായിട്ടുണ്ട്. എന്നാൽ, നിലമ്പൂർ വഴിക്കടവ് വെള്ളക്കട്ടയിൽ വൈദ്യുതിക്കെണിയിൽപ്പെട്ട് പത്താം ക്ലാസ് വിദ്യാർഥിയായ 15 വയസുകാരൻ മരിച്ചത് വ്യത്യസ്ത സാഹചര്യത്തിലാണ്. കൃഷി സംരക്ഷിക്കാൻ കർഷകർ ഒരുക്കിവച്ചതായിരുന്നില്ല ഈ കെണി എന്നാണ് സൂചന. വിനീഷ് എന്നൊരു പ്രദേശവാസി കാട്ടുപന്നിയുടെ ഇറച്ചിക്കു വേണ്ടി ഒരുക്കിയ കെണിയിലാണ് മീൻ പിടിക്കാൻ പോയ കുട്ടികൾ പെട്ടത്. ഒപ്പമുണ്ടായിരുന്നവർക്കു ഷോക്കേറ്റെങ്കിലും ജീവൻ തിരിച്ചുകിട്ടി.
വിനീഷ് സ്ഥിരം കുറ്റവാളിയാണെന്നും ഇറച്ചിക്കു വേണ്ടി ഇത്തരത്തിൽ കെണി വയ്ക്കുന്നതു പതിവാണെന്നും നാട്ടുകാർ പറയുന്നുണ്ട്. കാട്ടുപന്നിയെ കെണിവച്ചു പിടിച്ച് ഇറച്ചി വിൽക്കാറുണ്ടെന്നു പ്രതി പൊലീസിനോടു സമ്മതിച്ചിട്ടുമുണ്ട്. കെഎസ്ഇബിയുടെ സിംഗിൾ ഫേസ് ലൈനിൽ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിക്കുകയായിരുന്നു. അനധികൃതമായി ലൈൻ വലിക്കാൻ വയർ മാത്രമല്ല ഇൻസുലേഷനില്ലാത്ത കമ്പികളും ഉപയോഗിച്ചിട്ടുണ്ട്.
വൈദ്യുതി മോഷ്ടിച്ച് ഇത്തരത്തിൽ കെണിയൊരുക്കുന്നതിനെക്കുറിച്ചു വൈദ്യുതി ബോർഡിനു നേരത്തേ തന്നെ അറിവുള്ളതാണെങ്കിലും അവർ ഒരു നടപടിയും എടുത്തില്ലെന്നാണ് ആരോപണമുയരുന്നത്. എന്നാൽ, നിയമലംഘനങ്ങൾക്കെതിരേ നിരന്തരം ബോധവത്കരണം നടത്താറുള്ളതാണെന്ന് കെഎസ്ഇബി അവകാശപ്പെടുന്നു. ഇതുപോലുള്ള കുറ്റവാളികളെ പിന്തിരിപ്പിക്കാൻ ബോധവത്കരണംകൊണ്ട് സാധ്യമാവുമോ എന്നതാണ് വിഷയം. എന്തായാലും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയും, ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും വേണം. അനധികൃതമായി കെണിയൊരുക്കുന്നവർക്കു തക്കതായ ശിക്ഷ ഉറപ്പാക്കിയാലേ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കൂ. കാട്ടുമൃഗങ്ങളല്ലേ, ചത്തുപോയ്ക്കോട്ടെ എന്നു കരുതി മൗനാനുവാദം നൽകുന്ന സ്ഥിതിയുണ്ടെങ്കിൽ അത് അവസാനിപ്പിക്കുകയും വേണം. ഇത്തരം കെണികളിൽ നിന്ന് ഷോക്കേറ്റാൽ ജീവൻ അപകടത്തിലാവുന്നത് കാട്ടുമൃഗങ്ങൾക്കു മാത്രമല്ല മനുഷ്യനും കൂടിയാണെന്ന് എത്രയോ വട്ടം തെളിഞ്ഞുകഴിഞ്ഞതാണ്.
വന്യമൃഗങ്ങൾ ജനവാസ മേഖലകളിൽ ഇറങ്ങുന്നതു തടയാൻ വനം വകുപ്പിനു കഴിയുന്നില്ലെന്ന പരാതി വ്യാപകമായുണ്ട്. സമീപകാലത്ത് നിരവധിയാളുകൾ വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായി മരിച്ചിട്ടുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ നിരന്തരം പഴി കേട്ടുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് കർഷകർ ഒരുക്കിയ വൈദ്യുതി കെണിയിൽ പെട്ട് ആളുകൾ മരിച്ച സംഭവങ്ങളുണ്ടായിട്ടുള്ളത്. ഇപ്പോഴിതാ കാടിറങ്ങുന്ന മൃഗത്തിന്‍റെ ഇറച്ചിക്കു വേണ്ടിയുള്ള ശ്രമം ഒരു കുട്ടിയുടെ ജീവനെടുത്തിരിക്കുന്നു. ഒരു കുടുംബം തീരാക്കണ്ണീരിലായിരിക്കുന്നു. ഒരു നാടു മുഴുവൻ ദുഃഖത്തിലായിരിക്കുന്നു. അതിനു പുറമേയാണ് ഇതുമായി ബന്ധപ്പെട്ടുയർന്നിട്ടുള്ള രാഷ്‌ട്രീയ വിവാദം. നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിനു പ്രചാരണം നടക്കുന്ന സമയമാണ് എന്നതിനാൽ വിവാദത്തിനു ചൂടേറിയിട്ടുണ്ട്.
വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ ഗൂഢാലോചന സംശയിക്കുന്നുവെന്ന വനം മന്ത്രി എ.കെ. ശശീന്ദ്രന്‍റെ പ്രസ്താവന ഞെട്ടിക്കുന്നതാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീണുകിട്ടിയ അവസരമാണോ അതോ അവസരം ഉണ്ടാക്കിയതാണോ എന്നൊക്കെയാണ് മന്ത്രി ചോദിക്കുന്നത്. ഒരു കുട്ടിയുടെ ജീവനെടുക്കുന്ന തരത്തിലേക്ക് രാഷ്‌ട്രീയ ഗൂഢാലോചനയുണ്ടായി എന്നൊക്കെ പറഞ്ഞാൽ അതെത്ര ഗൗരവമുള്ള വിഷയമാണ്. എന്തടിസ്ഥാനത്തിലാണ് മന്ത്രി അങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നത് എന്ന ചോദ്യം പ്രസക്തമാണ്. ഇങ്ങനെയൊരു സംഭവം നടന്നാൽ ആരായിരിക്കും അതിന്‍റെ ഗുണഭോക്താക്കൾ എന്നതാണ് മന്ത്രിയുടെ ഒരു ചോദ്യം. ഷോക്കേറ്റ സംഭവം നിലമ്പൂരിൽ അറിയും മുൻപ് മലപ്പുറത്തു പ്രകടനം നടന്നുവെന്നും മന്ത്രി കൂട്ടിച്ചേർക്കുന്നു.
വനം വകുപ്പിനെയും കെഎസ്ഇബിയെയും സർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്താൻ റോഡ് ഉപരോധം അടക്കം സംഘടിപ്പിച്ച് പ്രതിപക്ഷം ശ്രമിക്കുമ്പോഴാണ് മന്ത്രി രാഷ്‌ട്രീയ ഗൂഢാലോചന ഉന്നയിച്ചു പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. സർക്കാർ സ്പോൺസേർഡ് കൊലപാതകമാണെന്ന് യുഡിഎഫ് പറഞ്ഞത് എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണെന്നതാണു മന്ത്രിയുടെ മറ്റൊരു ചോദ്യം. യുഡിഎഫ് അങ്ങനെ പറഞ്ഞാൽ ഇങ്ങനെ പറയാൻ തനിക്കും അവകാശമുണ്ടെന്നതാണോ മന്ത്രിയുടെ ന്യായം? എന്തായാലും മന്ത്രിയുടെ ആരോപണത്തിൽ എന്തെങ്കിലും കഴമ്പുണ്ടോയെന്ന് പൊലീസ് അന്വേഷണത്തിലാണു തെളിയേണ്ടത്. പൊലീസ് അന്വേഷണം നടക്കുമ്പോൾ തന്നെ വിഷയത്തെ നേതാക്കൾ വളരെ വേഗം രാഷ്‌ട്രീയവത്കരിച്ചുകഴിഞ്ഞുവെന്നതാണു വാസ്തവം. പരസ്പരമുള്ള രാഷ‌്‌ട്രീയ കുറ്റാരോപണങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്നതു കൊണ്ട് അനധികൃതമായ വൈദ്യുതിക്കെണികൾ മനുഷ്യ ജീവനെടുക്കുന്ന പ്രശ്നത്തിനു പരിഹാരമുണ്ടാവില്ല. ഇത്തരത്തിൽ കെണിയൊരുക്കി പന്നിയെ പിടിച്ച് ഇറച്ചി വിൽപ്പന നടത്തുന്നവർ സംസ്ഥാനത്ത് എവിടെയൊക്കെയുണ്ടെന്ന് അന്വേഷിച്ചു തടഞ്ഞില്ലെങ്കിൽ ഇനിയും ദുരന്തങ്ങൾക്കു സാധ്യതയുമുണ്ട്.