ഗവർണറും സർക്കാരും യോജിച്ചു നിൽക്കണം

കേന്ദ്ര സഹായത്തിന്‍റെ കാര്യത്തിൽ രാഷ്‌ട്രീയം വിഷയമാകരുത്. അതിനൊപ്പം സംസ്ഥാന സർക്കാരിന്‍റെ സാമ്പത്തിക അച്ചടക്കവും പ്രധാനമാണ്
Editorial on governor and kerala government
ഗവർണറും സർക്കാരും യോജിച്ചു നിൽക്കണം
Updated on

ഏതാനും ദിവസം മുൻപാണ് തമിഴ്നാട് നിയമസഭയിൽ സഭാ സമ്മേളനത്തിന്‍റെ ആദ്യ ദിനത്തിൽ ചില നാടകീയ രംഗങ്ങളുണ്ടായത്. നയപ്രഖ്യാപന പ്രസംഗം നടത്താതെ നിയമസഭയിൽ നിന്ന് കുപിതനായി ഗവർണർ ആർ.എൻ. രവി ഇറങ്ങിപ്പോയി. സഭാ സമ്മേളനം ആരംഭിക്കുമ്പോൾ ദേശീയ ഗാനത്തിനു പകരം തമിഴ്നാടിന്‍റെ സംസ്ഥാന ഗീതം പാടിയതാണു ഗവർണറെ ചൊടിപ്പിച്ചത്. ഗവർണർ സഭ വിട്ട ശേഷം സ്പീക്കറാണ് നയപ്രഖ്യാപനം വായിച്ചത്. അതിനു ശേഷം പരസ്പരം പഴി ചാരുകയാണ് ഗവർണറും ഭരണകക്ഷിയായ ഡിഎംകെയും ചെയ്യുന്നത്. സംസ്ഥാന സർക്കാരുമായി നിരന്തരം പോരടിക്കുന്ന ഗവർണറെയാണ് ഈ വർഷങ്ങളിലൊക്കെ തമിഴ്നാട്ടിൽ കാണുന്നത്.

കേരളത്തിൽ ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനും എൽഡിഎഫ് സർക്കാരും തമ്മിലും സ്വരച്ചേർച്ച ഉണ്ടായിരുന്നില്ല. എന്തായാലും കേരളത്തിൽ പുതുതായി അധികാരമേറ്റ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കർ തുടക്കത്തിലെങ്കിലും സംസ്ഥാന സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന സൂചനയാണു നൽകുന്നത്. ഇന്നലെ കേരള നിയമസഭയിൽ തന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗം നടത്തിയപ്പോഴും ഗവർണർ സംസ്ഥാന സർക്കാരിന്‍റെ നയങ്ങളെ പൂർണമായി ഉൾക്കൊണ്ടാണു സംസാരിച്ചത്. നയപ്രഖ്യാപനത്തിന്‍റെ കരട് മാറ്റങ്ങളില്ലാതെ ഗവർണർ അംഗീകരിച്ചുവെന്നാണു റിപ്പോർട്ടുകൾ.

സംസ്ഥാന സർക്കാർ തയാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിന്‍റെ സഹായങ്ങൾ കുറഞ്ഞത് സംസ്ഥാനത്തിനു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നു വിശദീകരിക്കുന്നുണ്ട്. അതെല്ലാം ഗവർണർ അതുപോലെ തന്നെ വായിച്ചു. കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാന സർക്കാരുമായി പോരടിച്ചു നിൽക്കുകയായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും നീളം കുറഞ്ഞ നയപ്രഖ്യാപന പ്രസംഗമായിരുന്നു കഴിഞ്ഞ വർഷം നടത്തിയത്. ഒരു മിനിറ്റ് 17 സെക്കൻഡിൽ അദ്ദേഹത്തിന്‍റെ പ്രസംഗം തീർന്നു. എന്നാൽ, ഇക്കുറി അർലേക്കറുടെ പ്രസംഗം രണ്ടു മണിക്കൂറോളം നീണ്ടു. ഗവർണറും സർക്കാരും തമ്മിലുള്ള ഈ സൗഹൃദം തുടർന്നും നിലനിൽക്കണം. സംസ്ഥാനത്തിന്‍റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് കേന്ദ്രവും സംസ്ഥാന സർക്കാരും ഗവർണറും ഒന്നിച്ചുനിൽക്കുന്നതാണ് ആവശ്യമായിട്ടുള്ളത്.

നയപ്രഖ്യാപന പ്രസംഗത്തിൽ ചൂണ്ടിക്കാണിക്കുന്ന സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സഹായം അനിവാര്യമാണ്. ജിഎസ്ടി നഷ്ടപരിഹാരം നിർത്തിയതും ഗ്രാന്‍റുകൾ കുറഞ്ഞതും കേരളത്തെ ബാധിക്കുന്നുണ്ട്. അതു കുറച്ചുകാലമായി സംസ്ഥാനം ചൂണ്ടിക്കാണിക്കുന്നതാണ്. കേന്ദ്രത്തിൽ നിന്നുള്ള സാമ്പത്തിക കൈമാറ്റം കുറയുന്നത് സാമ്പത്തിക ഞെരുക്കത്തിനു കാരണമാവുമെന്ന് ആർക്കും അറിയാവുന്നതാണ്. കേന്ദ്ര സർക്കാർ കടമെടുപ്പു പരിധി കുറച്ചതിനെതിരേയും നേരത്തേ സംസ്ഥാന സർക്കാർ രംഗത്തുവന്നിട്ടുണ്ട്. ഈ വിഷയങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിൽ ഗൗരവമായ ചർച്ച ആവശ്യപ്പെടുന്നതാണ്. നിലവിലുള്ള പതിനഞ്ചാം ധനകാര്യ കമ്മിഷന്‍റെ പല ശുപാർശകളും മാനദണ്ഡങ്ങളും കേരളത്തിന് അർഹതപ്പെട്ട കേന്ദ്രവിഹിതം ലഭിക്കുന്നതിനു തടസം നിൽക്കുന്നുണ്ട്. അടുത്തിടെ പതിനാറാം ധനകാര്യ കമ്മിഷൻ കേരളം സന്ദർശിച്ച് സർക്കാരുമായി ചർച്ച നടത്തിയപ്പോൾ നൽകിയ വിശദമായ നിവേദനത്തിൽ സംസ്ഥാനം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കേരളത്തിന് അനുകൂലമായ നടപടികൾ ആവശ്യപ്പെടുന്നുമുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനുള്ള ശുഭ പ്രതീക്ഷ നയപ്രഖ്യാപന പ്രസംഗത്തിൽ പ്രകടിപ്പിക്കുന്നുണ്ട്. കേരളത്തിന് അർഹമായതു കിട്ടുന്നതിന് കേന്ദ്ര സർക്കാർ കനിയുക തന്നെ വേണം. കേന്ദ്ര സഹായത്തിന്‍റെ കാര്യത്തിൽ രാഷ്‌ട്രീയം വിഷയമാകരുത്. അതിനൊപ്പം സംസ്ഥാന സർക്കാരിന്‍റെ സാമ്പത്തിക അച്ചടക്കവും പ്രധാനമാണ്.

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് മേപ്പാടിയിലെ ജനങ്ങളുടെ പുനരധിവാസത്തിനു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നുണ്ട്. ടൗണ്‍ഷിപ്പ് നിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നാണു വാഗ്ദാനം. വയനാട്ടിൽ പ്രകൃതിദുരന്തം സർവതും കവർന്നെടുത്തവരുടെ പുനരധിവാസം കേന്ദ്ര സർക്കാരിന്‍റെ കൂടി ഉത്തരവാദിത്വമാണ്. ഇക്കാര്യത്തിലുള്ള കേന്ദ്ര സഹായവും ഒട്ടും വൈകരുത്. തുടർച്ചയായി പ്രകൃതി ദുരന്തങ്ങൾക്കു സംസ്ഥാനം ഇരയാവുന്ന പശ്ചാത്തലത്തിൽ കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ കേന്ദ്ര സഹായത്തോടെ പദ്ധതി ആവിഷ്‌കരിക്കുമെന്ന പ്രഖ്യാപനം പ്രാധാന്യത്തോടെ നടപ്പാക്കേണ്ടതാണ്. നവകേരളം, ഭൂരഹിതരില്ലാത്ത കേരളം തുടങ്ങിയ സർക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ നയപ്രഖ്യാപനത്തിൽ ആവർത്തിക്കുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യ നിര്‍മാർജനം, കൃഷി, അടിസ്ഥാന സൗകര്യം, ഭവനരഹിതർക്കുള്ള വീട് നിർമാണം തുടങ്ങിയവയിൽ സർക്കാരിനുള്ള മുന്‍ഗണനയും നയപ്രഖ്യാപനം എടുത്തുപറയുന്നു. ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള കേരളത്തിന്‍റെ ശ്രമങ്ങളെക്കുറിച്ചും ഗവർണർ പറയുന്നുണ്ട്. ധനമന്ത്രി കെ.എന്‍. ബാലഗോപാൽ ഫെബ്രുവരി ഏഴിന് സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ഇതെല്ലാമായി ബന്ധപ്പെട്ട് എന്തൊക്കെ പ്രഖ്യാപനങ്ങളാണ് ഉണ്ടാവുകയെന്നറിയാൻ കേരളം കാത്തിരിക്കുകയാണ്.

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ സമവായ ശ്രമം നടത്തുമെന്ന പ്രഖ്യാപനം മുഴുവൻ മലയാളികളും സ്വാഗതം ചെയ്യും. ഈ പ്രഖ്യാപനം പക്ഷേ, വാക്കുകളിൽ ഒതുങ്ങരുത്. കേരളത്തിലെ ജനങ്ങൾക്ക് നിലവിലുള്ള ഡാം ഉയർത്തുന്ന ഭീഷണി തമിഴ്നാടിനെ ബോധ്യപ്പെടുത്താൻ സംസ്ഥാന സർക്കാരിനു കഴിയണം. ഡിഎംകെ സർക്കാരുമായി എൽഡിഎഫ് സർക്കാരിനുള്ള രാഷ്‌ട്രീയ സൗഹൃദം മുല്ലപ്പെരിയാറിൽ ശാശ്വത പരിഹാരം കണ്ടെത്താൻ സഹായിക്കട്ടെ. ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുകയെന്നത് തമിഴ്നാടിന്‍റെ സ്വപ്നമാണെന്നും ഡിഎംകെ അതു യാഥാർഥ്യമാക്കുമെന്നും തമിഴ്നാട് ഗ്രാമവികസന മന്ത്രി ഐ പെരിയസ്വാമി പറഞ്ഞത് കഴിഞ്ഞ മാസമാണ്. കേരളത്തിലെ ജനങ്ങളുടെ ആശങ്ക കാണാതെയുള്ള ഇത്തരം പ്രസ്താവനകൾ ആവർത്തിക്കാതിരിക്കട്ടെ. തമിഴ്നാടിന് ജലലഭ്യത ഉറപ്പുവരുത്തുമ്പോൾ തന്നെ കേരളത്തിനു സുരക്ഷയും ഉറപ്പാക്കാൻ പുതിയ ഡാം തന്നെയാണു വേണ്ടത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com