ജനങ്ങളെ വലയ്ക്കാനല്ല, സർക്കാർ ഓഫിസുകൾ| മുഖപ്രസംഗം

ഓഫിസിൽ എത്തുന്നവരുടെ ആവശ്യങ്ങൾ കേൾക്കാനും അവരെ ബുദ്ധിമുട്ടിക്കാതെ കാര്യങ്ങൾ നടത്തിക്കൊടുക്കാനും ഉദ്യോഗസ്ഥർക്കു കഴിയണം.
Representative image
Representative image

സാധാരണക്കാരെ സഹായിക്കാനുള്ളതാണു സർക്കാർ ഓഫിസുകൾ. ജനങ്ങളുടെ പ്രശ്നങ്ങൾ നൂലാമാലകളിൽ കുടുങ്ങിക്കിടക്കുന്നതുകണ്ടാലും കണ്ടില്ലെന്നു നടിക്കുന്നതും കുരുക്കഴിക്കാൻ വേണ്ട സഹായം ചെയ്തുകൊടുക്കാതിരിക്കുന്നതും ജനസൗഹൃദ നയങ്ങൾക്കു വിരുദ്ധമാണ്. ജനങ്ങൾക്കു വേണ്ട സഹായങ്ങൾ കഴിയുന്നത്ര വേഗത്തിൽ ചെയ്തുകൊടുക്കുന്ന ഉദ്യോഗസ്ഥർ ഇല്ലെന്നല്ല. അത്തരം ധാരാളം പേരുണ്ടാവാം. എന്നാൽ, ജനദുരിതം കണ്ടില്ലെന്നു നടിക്കുന്നവരും മനപ്പൂർവം വട്ടം ചുറ്റിക്കുന്നവരും സർക്കാർ ഓഫിസുകളിൽ ഇല്ലാതായിട്ടില്ല എന്നതാണ് സാധാരണക്കാരുടെ അനുഭവം. ഒരു ജനാധിപത്യ സമ്പ്രദായത്തിൽ എങ്ങനെയാണു പ്രവർത്തിക്കേണ്ടതെന്ന് ഇത്തരം ഉദ്യോഗസ്ഥരെ പഠിപ്പിക്കാനുള്ള സമയം അതിക്രമിച്ചുകഴിഞ്ഞതാണ്.

പിഎഫ് തുക ലഭിക്കാത്തതിൽ മനംനൊന്ത് കൊച്ചിയിലെ പിഎഫ് ഓഫിസിനു മുന്നിൽ വിഷം കഴിച്ച തൃശൂർ പേരാമ്പ്ര സ്വദേശി‌ ശിവരാമന്‍റെ മരണം നമ്മെ ബോധ്യപ്പെടുത്തുന്നത് ഇനിയും സർക്കാർ സംവിധാനങ്ങൾ എത്രയോ മാറാനുണ്ട് എന്നതാണ്. അപ്പോളോ ടയേഴ്സിൽ കരാർ ജീവനക്കാരനായിരുന്ന ശിവരാമൻ ജോലിയിൽ നിന്നു വിരമിച്ചിട്ടു വർഷങ്ങളായി. ലഭിക്കാനുണ്ടായിരുന്ന 80,000 രൂപയുടെ പിഎഫ് ആനുകൂല്യത്തിനായി കഴിഞ്ഞ വർഷങ്ങളിലൊക്കെയും ശിവരാമൻ ഓഫിസ് കയറിയിറങ്ങുകയായിരുന്നുവെന്നാണു ബന്ധുക്കൾ പറയുന്നത്. ആധാറിൽ വയസുമായി ബന്ധപ്പെട്ടുണ്ടായിരുന്ന സാങ്കേതികപ്പിഴവ് പണം ലഭ്യമാക്കാൻ തടസമായത്രേ. ഇതിനു പകരം സ്കൂൾ സർട്ടിഫിക്കറ്റ് വേണമെന്ന് പിഎഫ് ഓഫിസ് നിർബന്ധം പിടിച്ചതായും പറയുന്നു. അങ്ങനെയൊരു സർട്ടിഫിക്കറ്റ് ശിവരാമനു ലഭിച്ചുമില്ല. രോഗിയായ തനിക്ക് അർഹതപ്പെട്ട തുക ലഭിക്കാതെ വന്നത് ശിവരാമനു കടുത്ത മാനസിക വിഷമമുണ്ടാക്കിയെന്നു ബന്ധുക്കൾ പറയുന്നുണ്ട്. പിഎഫ് ഉദ്യോഗസ്ഥർ മനപ്പൂർവം തന്നെ വട്ടംചുറ്റിക്കുകയാണെന്നു ശിവരാമൻ ബന്ധുക്കളോടു പറഞ്ഞിരുന്നു.

ജനങ്ങൾക്കുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ വേണ്ടിയാണു സർക്കാർ സേവനങ്ങൾ ഓൺ ലൈൻ വഴിയാക്കിയതടക്കം ജനസൗഹൃദ നടപടികൾ പല ഘട്ടങ്ങളിലായി സർക്കാരുകൾ സ്വീകരിച്ചത്. എന്നിട്ടും ജനങ്ങൾ ഓഫിസ് കയറിയിറങ്ങി മടുക്കുന്നു എന്നതു ഞെട്ടിക്കുന്നതാണ്. പിഎഫ് ഓഫിസുകളിൽ സംശയങ്ങളുമായി എത്തുന്ന സാധാരണക്കാർക്ക് പലപ്പോഴും ഉദ്യോഗസ്ഥർ പറയുന്ന സാങ്കേതികത്വമൊന്നും എളുപ്പം മനസിലായെന്നു വരില്ല. അതു പരിഹരിക്കാനുള്ള പ്രാപ്തിയും ഉണ്ടാവണമെന്നില്ല. അർഹതപ്പെട്ട പണം നൽകാതിരിക്കാൻ തക്കവണ്ണമുള്ള സാങ്കേതിക പ്രശ്നങ്ങളുണ്ടെങ്കിൽ അതിനു പരിഹാരം എത്രയും വേഗം കാണേണ്ടത് ഉദ്യോഗസ്ഥരുടെ കർത്തവ്യമാണ്. നടന്നാൽ നടന്നു, ഇല്ലെങ്കിൽ ഇല്ല എന്ന സമീപനം ഉദ്യോഗസ്ഥർ സ്വീകരിക്കരുത്. ഒരാളെ വർഷങ്ങൾ നടത്തിച്ച് നിരാശയുടെ പടുകുഴിയിലേക്കു തള്ളിവിടുന്നത് പൊറുക്കാനാവുന്ന കുറ്റമല്ല. ഓഫിസിൽ എത്തുന്നവരുടെ ആവശ്യങ്ങൾ കേൾക്കാനും അവരെ ബുദ്ധിമുട്ടിക്കാതെ കാര്യങ്ങൾ നടത്തിക്കൊടുക്കാനും ഉദ്യോഗസ്ഥർക്കു കഴിയണം.

പിഎഫും പെൻഷനും ഒക്കെയായി ബന്ധപ്പെട്ട ഓഫിസുകളിൽ കയറിയിറങ്ങേണ്ടിവരുന്നത് കൂടുതലായും പ്രായം ചെന്നവർക്കാവും. അതുകൊണ്ടു തന്നെ അത്തരം ഓഫിസുകളിലെ ഉദ്യോഗസ്ഥർ കൂടുതൽ സഹായമനസ്കരാവേണ്ടതുണ്ട്. ഉദ്യോഗസ്ഥരെ കാണാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥയും രേഖകളുടെ പേരിലുള്ള മാനസിക പീഡനവും എല്ലാവർക്കും താങ്ങാൻ കഴിയുന്നതാവില്ല. എത്രയോ വർഷങ്ങൾ ഈ സമൂഹത്തിൽ സേവനമനുഷ്ഠിച്ചവരും നൽകേണ്ട വിഹിതം മുടക്കാതെ അടച്ചവരുമാണ് വിരമിച്ച ശേഷം ആനുകൂല്യങ്ങൾക്കായി പിഎഫ് ഓഫിസുകളിലെത്തുന്നത്. അവരോടു പൂർണമായും കനിവാർന്ന സമീപനമാവണം ഓഫിസ് സംവിധാനങ്ങൾ പുലർത്തേണ്ടത്. ശിവരാമന്‍റെ ആത്മഹത്യയിലേക്കു നയിച്ച സാഹചര്യത്തെക്കുറിച്ചു വിശദമായ അന്വേഷണം തന്നെ നടക്കണം. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയുമുണ്ടാവണം. സംവിധാനത്തിലെ നൂലാമാലകളാണ് ആളുകളെ വലയ്ക്കുന്നതെങ്കിൽ എത്രയും വേഗം അതു പൊട്ടിച്ചെറിയണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com