വിട്ടുവീഴ്ചകളില്ലാതെ പ്രതിപക്ഷ മുന്നണി | മുഖപ്രസംഗം

വോട്ടെടുപ്പിനു മുൻപ് മുന്നണിക്ക് ഒരു പ്രധാനമന്ത്രി സ്ഥാനാർഥിയുണ്ടാവില്ലെന്നു വ്യക്തമായിക്കഴിഞ്ഞു.
INDIA leaders after the Mumbai meet.
INDIA leaders after the Mumbai meet.

വിട്ടുവീഴ്ചകളാണ് ഒത്തുതീർപ്പുകൾക്കു കളമൊരുക്കുക. ഒത്തുതീർപ്പുകളാണ് പൊതുവായ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനു സഹായിക്കുക. വിട്ടുവീഴ്ചയും ഒത്തുതീർപ്പുമില്ലാതെ ബിജെപിക്കെതിരായ രാജ്യത്തെ പ്രതിപക്ഷ മുന്നണി ദുർബലമാവുന്ന അവസ്ഥയാണ് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കിടെ കാണാനാവുന്നത്. തുടർച്ചയായി മൂന്നാം തവണയും ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതു തടയുമെന്ന പ്രഖ്യാപനവുമായി രൂപവത്കരിക്കപ്പെട്ട "ഇന്ത്യ' മുന്നണിയിൽ സർവത്ര പ്രശ്നങ്ങളാണ്.

വോട്ടെടുപ്പിനു മുൻപ് മുന്നണിക്ക് ഒരു പ്രധാനമന്ത്രി സ്ഥാനാർഥിയുണ്ടാവില്ലെന്നു വ്യക്തമായിക്കഴിഞ്ഞു. നരേന്ദ്ര മോദി മുന്നിൽ നിന്നു നയിക്കുന്നതാണ് ബിജെപിയുടെ പ്രചാരണം. മോദിയുടെ ഭരണത്തിനാണ് അവർ വോട്ടു ചോദിക്കുന്നത്. മോദിയുടെ ഗ്യാരന്‍റിയാണ് പ്രധാന പ്രചാരണായുധം. അതേസമയം, പ്രതിപക്ഷത്തിന് അങ്ങനെയൊരു നേതാവില്ല. പ്രധാനമന്ത്രി സ്ഥാനാർഥിയാവണമെന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ മോഹം പൊലിഞ്ഞു എന്നാണു കേൾക്കുന്നത്. അതോടെ വീണ്ടും എൻഡിഎയിലേക്കു തിരിച്ചുപോകാനാണു നിതീഷിന്‍റെ ശ്രമം എന്നും അഭ്യൂഹങ്ങളുണ്ട്. ജെഡിയു പോലുള്ള മുൻ സഖ്യകക്ഷികൾ തിരിച്ചുവരാൻ തയാറായാൽ എൻഡിഎയിൽ ഉൾപ്പെടുത്തുന്നതു പരിഗണിക്കുമെന്നാണ് അടുത്തിടെ കേന്ദ്ര മന്ത്രി അമിത് ഷാ പറഞ്ഞത്.

ബിഹാർ മുൻ മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കർപ്പൂരി ഠാക്കൂറിന് കേന്ദ്ര സർക്കാർ മരണാനന്തര ബഹുമതിയായി "ഭാരത രത്ന' പ്രഖ്യാപിച്ചിരിക്കുകയാണ്. ബിഹാറിൽ ബിജെപിയുടെ സാധ്യതകൾ വർധിപ്പിക്കാൻ ഈ നീക്കം ഉപകരിക്കും. അതോടൊപ്പം നിതീഷ് കുമാറിന് എൻഡിഎയിലേക്കു തിരിച്ചുവരാനുള്ള വഴിയൊരുക്കുക കൂടിയാണെന്നു ചില നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുമ്പോൾ നിതീഷ് കുമാർ ഇന്ത്യ മുന്നണിയിൽ ഉണ്ടാവുമോയെന്നു കണ്ടുതന്നെ അറിയണം.

പശ്ചിമ ബംഗാളിലെ മുഴുവൻ മണ്ഡലങ്ങളിലും തൃണമുൽ കോൺഗ്രസ് മത്സരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കിക്കഴിഞ്ഞു. കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പൊളിഞ്ഞു എന്നതാണ് ഇതു കാണിക്കുന്നത്. സീറ്റ് വിഭജനം സംബന്ധിച്ചു കോൺഗ്രസിനു നൽകിയ നിർദേശങ്ങൾ അവർ കൈയോടെ തള്ളിക്കളഞ്ഞെന്നു മമത പറയുന്നു. അതിനാൽ തൃണമുൽ ഒറ്റയ്ക്കു തെരഞ്ഞെടുപ്പിനെ നേരിടുകയാണത്രേ. ഭാരത് ജോഡോ ന്യായ് യാത്രയെക്കുറിച്ച് കോൺഗ്രസ് അറിയിച്ചില്ലെന്നും മമതയ്ക്കു പരാതിയുണ്ട്. പശ്ചിമ ബംഗാളിൽ ഇടതുപക്ഷവും കോൺഗ്രസും മമതയ്ക്കെതിരേ മത്സരിക്കുമ്പോൾ ഇന്ത്യ മുന്നണിയുടെ മൊത്തത്തിലുള്ള പ്രതിച്ഛായയെ അതു ബാധിക്കും.

പഞ്ചാബിലെ മുഴുവൻ ലോക്സഭാ സീറ്റുകളിലും എഎപി മത്സരിക്കുമെന്നാണ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ അവകാശപ്പെടുന്നത്. സംസ്ഥാനത്തുനിന്നുള്ള 13 സീറ്റും എഎപി തന്നെ നേടുമെന്നും അദ്ദേഹം പറയുന്നുണ്ട്. പഞ്ചാബിൽ കോൺഗ്രസുമായി ഒരു ബന്ധവുമില്ലത്രേ! എഎപിയുടെയും കോൺഗ്രസിന്‍റെയും ദേശീയ നേതൃത്വങ്ങൾ രണ്ട് റൗണ്ട് സീറ്റ് വിഭജന ചർച്ചകൾ നടത്തിക്കഴിഞ്ഞതാണ്. അതു ഫലം കാണാതിരിക്കുമ്പോഴാണ് പഞ്ചാബിൽ ഒറ്റയ്ക്കു മത്സരിക്കുമെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എട്ടു സീറ്റിൽ കോൺഗ്രസും ഒരിടത്ത് എഎപിയുമാണ് ജയിച്ചിരുന്നത്. എന്നാൽ, 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 117ൽ 92 സീറ്റുകളും തൂത്തുവാരി കോൺഗ്രസിനെ തകർത്ത് എഎപി സംസ്ഥാന ഭരണം പിടിക്കുകയായിരുന്നു. ഇതിന്‍റെ ആത്മവിശ്വാസത്തിലാണ് ഭഗവന്ത് മാൻ ഇപ്പോഴുമുള്ളത്. എഎപി ഭരിക്കുന്ന ഡൽഹിയിലെ ത്രികോണ മത്സരത്തിൽ ആകെയുള്ള ഏഴു സീറ്റുകളും 2019ൽ ബിജെപി തൂത്തുവാരുകയായിരുന്നു.

യുപിയിൽ ഒറ്റയ്ക്കു മത്സരിക്കുമെന്നു ബിഎ‍സ്പി നേതാവ് മായാവതി പ്രഖ്യാപിച്ചതോടെ അവിടെയും ബിജെപി ഇതര വോട്ടുകളുടെ വിഭജനം ഉറപ്പായിട്ടുണ്ട്. സീറ്റ് സംബന്ധിച്ച് കോൺഗ്രസിന്‍റെ അവകാശവാദങ്ങൾ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അംഗീകരിച്ചുകൊടുക്കില്ലെന്നും സൂചനകളുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സമാജ് വാദി പാർട്ടി അടക്കം കക്ഷികളോടു കോൺഗ്രസ് വിട്ടുവീഴ്ച കാണിച്ചില്ല. ജനവിധി കോൺഗ്രസിന് എതിരാവുകയും ചെയ്തു. ‍എസ്പിക്കു സ്വാധീനമുള്ള യുപിയിൽ കോൺഗ്രസിനോടുള്ള അഖിലേഷിന്‍റെ സമീപനം എന്താവുമെന്ന് അറിയാനിരിക്കുന്നു.

യുപിയിൽ ആകെയുള്ളത് 80 ലോക്സഭാ സീറ്റുകളാണ്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ട് നില വച്ച് 20 ലോക്സഭാ സീറ്റുകളിൽ സമാജ് വാദി പാർട്ടിക്കു ജയിക്കാനാവും. കോൺഗ്രസ് വോട്ടുകൾ കൂടിയുണ്ടെങ്കിൽ മൂന്നു സീറ്റുകളിൽ കൂടി ഇന്ത്യ മുന്നണിക്കു മുൻതൂക്കമാവും. ബിഎസ്പിയുടെ വോട്ടുകൾ കൂടി ചേർന്നാൽ ‌53 സീറ്റിൽ പ്രതിപക്ഷ മുന്നണിക്ക് ബിജെപിയെക്കാൾ കൂടുതൽ വോട്ടാകും. എന്തായാലും അതുണ്ടാവില്ലെന്നാണു വ്യക്തമായിരിക്കുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 62 സീറ്റിലും ബിജെപിയാണു ജയിച്ചത്. രണ്ടിടത്ത് സഖ്യകക്ഷി അപ്നാദളും വിജയം നേടി. ഇതിലും മികച്ച പ്രകടനമാണ് ഇക്കുറി ബിജെപിയുടെ ലക്ഷ്യം. പ്രതിപക്ഷത്തെ വോട്ട് വിഭജനം ഇതിനു സഹായിക്കുമെന്ന് അവർ കരുതുന്നുണ്ട്.

2014ലും 19ലും ഗുജറാത്തിലെ 26 സീറ്റുകളും ബിജെപിയാണു നേടിയത്. ഇക്കുറിയും ഗുജറാത്തിനൊപ്പം യുപി കൂടി തൂത്തുവാരിയാൽ ഒറ്റയടിക്ക് ബിജെപിക്ക് 100ൽ ഏറെ സീറ്റുകളാവും. കേന്ദ്ര ഭരണത്തുടർച്ചയ്ക്ക് അതു വലിയ സഹായം ചെയ്യും. അതിനാൽ യുപിയിൽ പ്രതിപക്ഷത്തിനൊരു ഗെയിം പ്ലാൻ വേണം. അതു തെളിഞ്ഞിട്ടില്ല. ഗുജറാത്തിൽ മോദിയെ തടയാൻ ഒരു സാധ്യതയും ഇപ്പോഴും കോൺഗ്രസിനു മുന്നിൽ ഇല്ല എന്നു തന്നെ കരുതണം.

വലിയ സംസ്ഥാനങ്ങളിൽ കോൺഗ്രസും മറ്റു കക്ഷികളും തമ്മിലടിക്കുന്നത് പ്രതിപക്ഷ ഐക്യം ആഗ്രഹിക്കുന്നവരെയെല്ലാം നിരാശപ്പെടുത്തുകയാണ്. തങ്ങൾക്കു കരുത്തുള്ള ഒരു സംസ്ഥാനത്തും മറ്റുള്ളവരെ കൂടി ഉൾക്കൊള്ളാൻ ആരും തയാറാവുന്നില്ല. മുന്നണിയെ ഒന്നിപ്പിച്ചു നിർത്താനുള്ള സമയം വളരെ വൈകിക്കഴിഞ്ഞു. പ്രതിപക്ഷ മുന്നണി ശക്തമല്ല എന്ന സന്ദേശം ജനങ്ങളിൽ എത്തുന്നത് ബിജെപിക്കുള്ള വോട്ടുകൾ വർധിപ്പിക്കുകയാണു ചെയ്യുക. മോദിക്കു ബദൽ ആര് എന്ന ചോദ്യത്തിനാണ് പ്രതിപക്ഷം ജനങ്ങൾക്കു ബോധ്യം വരുന്ന ഉത്തരം നൽകാതിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.