

ശബരിമലയിൽ നടൻ മമ്മൂട്ടിയുടെ പേരിൽ മോഹൻലാൽ ഉഷഃപൂജ നടത്തിയത് കഴിഞ്ഞ ദിവസമാണ് . "മുഹമ്മദ് കുട്ടി, വിശാഖം' എന്ന പേരിലും നക്ഷത്രത്തിലുമാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്. മലയാള സിനിമയിലെ താരരാജാക്കളായി ഒരുമിച്ചുവളർന്ന അഭിനയപ്രതിഭകളായ മമ്മൂട്ടിയും മോഹൻലാലും സാഹോദര്യത്തിലധിഷ്ഠിതമായ ആത്മബന്ധത്തിന്‍റെ ഉടമകളാണെന്ന് അറിയാത്ത മലയാളികൾ കുറവായിരിക്കും. ജാതി- മത- പ്രാദേശിക വിഭാഗീയതകൾ പലേടത്തും സജീവമാവുന്ന ഇക്കാലത്ത് ഇരുവരുടെയും ഹൃദ്യബന്ധം തീർച്ചയായും മാതൃകയാണ്.
കേരളം എക്കാലത്തും മതസൗഹാർദത്തിന്‍റെ പച്ചപ്പു നിറഞ്ഞ ഹൃദയഭൂമിയാണ്. രാമനും റഹ്‌മാനും റോബർട്ടും ഒരേപാത്രത്തിലുണ്ട്, ഒരേ ബഞ്ചിലിരുന്ന് പഠിച്ച്, ഒരേ പായിൽ കിടന്നുറങ്ങുന്ന രീതിയിലുള്ള സൗഹൃദങ്ങൾ മലയാളികൾക്ക് പുതിയതല്ല. മലപ്പുറത്തെ കാളികാവ് ഗ്രാമത്തിൽ അധ്വാനിച്ച് കുടുംബം പോറ്റിയിരുന്ന ഊർജസ്വലനായ യുവാവായിരുന്നു ദിബേഷ്. അയാളുടെ ഇരുവൃക്കകളും തകരാറിലായതോടെകുടുംബത്തിന്‍റെ വരുമാനം നിലച്ചു. ദിബേഷിന്‍റെ അമ്മ കോമളകുമാരി വൃക്ക പകുത്തുനൽകാൻ തയാറായി. പക്ഷേ, ശസ്‌ത്രക്രിയാ ചെലവ് അവരെ തളർത്തി. ഇതോടെ അവരുടെ വീടിനടുത്ത് കല്ലാമൂല മഹല്ല് കമ്മറ്റി രംഗത്തിറങ്ങി. അവർ സബീലുൽ ഹുദ യുവജന സംഘത്തിന്‍റെ നേതൃത്വത്തിൽ മതപ്രഭാഷണ പരമ്പര നടത്തി. അതിൽ നിന്നുള്ള വരുമാനം ദിബേഷിന്‍റെ ചികിത്സയ്ക്കായി വിനിയോഗിച്ചു.
കേരളത്തിന്‍റെ അങ്ങേ അറ്റത്ത് കാസർഗോഡ്- കണ്ണൂര്‍ ദേശീയ പാത 66 നു സമീപത്ത് കുണിയയില്‍ മസ്ജിദിന്‍റെയും ക്ഷേത്രത്തിന്‍റെയും പേരുകള്‍ ഒരേ കവാടത്തില്‍ കൊത്തിവച്ചിട്ടുണ്ട്. ഇത് ഒറ്റപ്പെട്ടതല്ലെന്ന് കേരളത്തിന്‍റെ ഇങ്ങേ അറ്റത്ത് തിരുവനതപുരത്ത് വെഞ്ഞാറമൂട് മേലേകുറ്റിമൂട്ടില്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിനും പാറയിൽ മസ്ജിദിനും ഒരു ആർച്ച് തന്നെ ധാരാളമെന്ന തീരുമാനം വിളിച്ചുപറയുന്നു. ഇതിന് അധികം അകലെയല്ലാതെ മറ്റൊരു കാഴ്ചയുണ്ട് - പാലോടിനടുത്ത് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദും നൂറുൽ ഇസ്‌ലാം മദ്രസയും മാടൻ തമ്പുരാൻ ക്ഷേത്രവും ഒറ്റ കോമ്പൗണ്ടിൽ മതിൽ കെട്ടി വേർതിരിക്കാതെയാണ് സ്ഥിതി ചെയ്യുന്നത്. പള്ളിയുടെ കാണിക്ക വഞ്ചി ഇരിക്കുന്നത് ക്ഷേത്രനടയ്ക്കു മുന്നിലാണ്. പള്ളിയിലേക്കും അമ്പലത്തിലേക്കുമുള്ള പ്രവേശന വഴി ഒന്നു തന്നെ. പള്ളിയിൽ ബാങ്ക് വിളിക്കുമ്പോൾ ക്ഷേത്രത്തിലെ ഭക്തിഗാനം നിലയ്ക്കും. ക്ഷേത്രത്തിലെ അന്നദാന സദ്യയിലും മറ്റും മസ്ജിദ് ഭാരവാഹികൾ സഹായവുമായി സജീവ സാന്നിധ്യമാവുന്നു.
പത്തനംതിട്ട കല്ലൂപ്പാറ ശ്രീഭഗവതി ക്ഷേത്രത്തിലെ ഉത്സവവും കല്ലൂപ്പാറ വലിയ പള്ളി പെരുന്നാളും ഒരുമിച്ച് വന്നപ്പോഴൊക്കെ ഉത്സവ- പെരുന്നാൾ അറിയിപ്പിന് ഒരേ ബോർഡ് സ്ഥാപിച്ചത് വാർത്തയായിരുന്നു, അതിന്‍റെ ആഘോഷങ്ങൾക്കായി ഒരേ നോട്ടീസ് ഇറക്കിയതും പുതിയ കാര്യമല്ല. ക്ഷേത്ര എഴുന്നെള്ളിപ്പ് കടന്നുപോവുമ്പോൾ പള്ളിക്ക് മുമ്പിൽ അല്പസമയം നിർത്തും. പള്ളി മതിലിൽ ചെരാതുകളും തെളിയിക്കാറുണ്ട്. വലിയ പള്ളിയുടെ റാഫ കടന്നുപോവുമ്പോൾ ക്ഷേത്ര ഭാരവാഹികൾ ആദരവർപ്പിക്കും. ഇരുകൂട്ടരും പരസ്പരം മത്സരിക്കുന്നതിന് പകരം സഹകരിച്ച് ഏറ്റവും മികച്ച ആഘോഷമാക്കാനാണ് ശ്രമിക്കാറുള്ളത്.
കേരളത്തിൽ ഇഫ്താർ സംഗമങ്ങൾ നടത്തുന്ന എത്രയോ ഹിന്ദു, ക്രിസ്ത്യൻ ആരാധനാലയങ്ങളുണ്ട്. ക്രിസ്മസ് ആഘോഷിക്കുന്ന ഹിന്ദു, മുസ്‌ലിം ആരാധനാലയങ്ങളും കുറവല്ല. ഉത്സവങ്ങൾക്ക് എണ്ണയും പൂവും മാത്രമല്ല വലവേല്പ് നൽകുന്ന മുസ്‌ലിം, ക്രിസ്ത്യൻ ദേവാലയങ്ങളും ഏറെയാണ്. അര്‍ത്തുങ്കല്‍ പള്ളിയിലെ അയ്യപ്പപൂജ വലിയ വാർത്താ പ്രാധാന്യം കേരളത്തിന് പുറത്ത് നേടാറുണ്ട്. പള്ളിക്കുള്ളിലാണ് പൂജ. ശബരിമല ദര്‍ശന ശേഷം അയ്യപ്പന്മാര്‍ മാലയൂരുന്ന സ്ഥലംകൂടിയാണ് അര്‍ത്തുങ്കല്‍ പള്ളി. സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളി എന്നറിയപ്പെടുന്ന അര്‍ത്തുങ്കലില്‍ മണ്ഡല- മകരവിളക്ക് കാലത്ത് അയ്യപ്പ ഭക്തരുടെ ഒഴുക്കാണ്.
ശബരിമലയിൽ ആദ്യമായി എത്തുന്നവർ കന്നി അയ്യപ്പന്മാർ എന്നാണല്ലോ അറിയപ്പെടുന്നത്. അവർ എരുമേലി പേട്ടയിലുള്ള കൊച്ചമ്പലം അയ്യപ്പക്ഷേത്രത്തിൽ നിന്നും തുടങ്ങി "വാവർ പള്ളി' എന്നു വിളിക്കപ്പെടുന്ന മുസ്‌ലിം ദേവാലയത്തിൽ കയറി വലംവച്ചു പ്രാർഥന നടത്തി അര കിലോമീറ്റർ തെക്കുമാറിയുള്ള വലിയമ്പലം ശാസ്താക്ഷേത്രത്തിലേക്കു നടത്തുന്ന താളമേളവാദ്യ അകമ്പടിയോടുകൂടിയ അനുഷ്ഠാന ആനന്ദനൃത്തമാണ് പേട്ടതുള്ളൽ.
പെരുന്നാൾ നിസ്കാരത്തിന് ക്ഷേത്ര ഹാൾ വിട്ടുനൽകിയതും ക്ഷേത്രം ശുചീകരിക്കാൻ മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും തോളോട് തോൾ ചേർന്നതും ഉൾപ്പെടെ മതമൈത്രിയുടെ സമാനതകളില്ലാത്ത അനുഭവങ്ങൾ കഴിഞ്ഞ പ്രളയകാലത്ത്പങ്കുവച്ചവരാണ് നമ്മൾ, മലയാളികൾ. ഈയിടെ, സ്വന്തം സ്കൂളിലെ അനുഭവം ഒരു അധ്യാപകൻ വിവരിച്ചു: "പതിവായി ഉച്ചഭക്ഷണം കൊണ്ടുവരുന്ന 3 കുട്ടികൾ അത് കൊണ്ടുവരുന്നില്ല. അന്വേഷിച്ചപ്പോൾ അവരുടെ കൂട്ടുകാരിലൊരാൾ നോമ്പെടുക്കുന്നതിനാലാണത്. മറ്റൊരധ്യാപിക കൂട്ടുകാരി നോമ്പെടുക്കുന്നതിനാൽ ഉച്ചഭക്ഷണം കൊണ്ടുവരാത്ത കുട്ടികൾ തന്‍റെ ക്ലാസിലും ഉണ്ടെന്ന് അറിയിച്ചു'. ഇവരെല്ലം എ പ്ലസ് ഉറപ്പുള്ള, മിടുക്കരായ വിദ്യാർഥികളാണ്. ഒരു വിഭാഗത്തിന്‍റെ ആഘോഷത്തിന് മറ്റൊരു വിഭാഗത്തിന്‍റെ ആരാധനാലയം ഷീറ്റിട്ട് മൂടേണ്ടിവരുന്ന നാട്ടിൽ കേരളം വേറിട്ടുനിൽക്കുമെന്ന് ഉറച്ചു വിശ്വിസിക്കാൻ സാധിക്കുന്നതിന് കാരണം ഇതൊക്കെയാണ്.
ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 1510 ജനുവരി 3ന് വാസ്കോഡ ഗാമയുടെ പിൻഗാമിയായി കോഴിക്കോട്ടെത്തിയ അൽബുക്കർക്കിന്‍റെ നേതൃത്വത്തിലുള്ള പറങ്കിപ്പട കല്ലായിപ്പുഴ വഴി പട്ടണത്തിലേക്ക് പ്രവേശിച്ച് കുറ്റിച്ചിറ മിശ്കാൽ പള്ളി അഗ്നിക്കിരയാക്കി എന്നാണല്ലോ ചരിത്രം . കുഞ്ഞാലി മരക്കാരുടെ നേതൃത്വത്തിൽ തകർത്ത ചാലിയത്തെ പോർച്ചുഗീസ് കോട്ടയുടെ മരത്തടികൾ മിശ്കാൽ പള്ളി പുനർനിർമാണത്തിന് ഉപയോഗിച്ച് പോർച്ചുഗീസുകാർക്ക് സാമൂതിരി നൽകിയ
തിരിച്ചടി ഇന്നും രോമാഞ്ചമുണർത്തുന്നതാണ്.
1925 മാർച്ച് 8 ന് വൈക്കം സത്യഗ്രഹ വോളണ്ടിയർമാരെ കാണാൻ പോയ ഗാന്ധിജി പിന്നീട് പ്രസംഗത്തിൽ പറഞ്ഞത് ഇങ്ങനെ : "കേരളത്തിലെ ഹിന്ദു- മുസ്‌ലിം ഐക്യത്തെ പരാമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, എല്ലാ ജാതിമതക്കാരും ഈ സംസ്ഥാനത്ത് സമാധാനത്തിലും സൗഹൃദത്തിലും സാഹോദര്യത്തിലും ജീവിക്കുന്നത് കണ്ടത് വളരെ സന്തോഷകരമാണ്. ആ അവസ്ഥ എന്നേക്കും നിലനിൽക്കട്ടെ'. ഗാന്ധിജിയുടെ ആ ആശംസ ഈ തലമുറയും കടന്നുപോവുമെന്ന് പ്രതീക്ഷിക്കാനാവുന്നത് ആഹ്ലാദകരമാണ്. അത്തരം പ്രതീക്ഷകൾക്ക് പ്രചോദനമാവുന്നതാണ് മമ്മൂട്ടിക്കായി മോഹൻലാൽ നടത്തിയ ഉഷഃപൂജ .