
ഛത്തിസ്ഗഡിലെ ബിജാപ്പുരിൽ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ ചുരുങ്ങിയത് എട്ടു സുരക്ഷാ ഉദ്യോഗസ്ഥർക്കും പൊലീസ് വാഹനത്തിന്‍റെ ഡ്രൈവർക്കും ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. മറ്റു ചില ജവാന്മാർക്കു കൂടി ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കുത്രു ബെദ്രെ റോഡിൽ തീവ്രവാദികൾ സ്ഥാപിച്ചിരുന്ന സ്ഫോടക വസ്തു ജവാന്മാരുടെ വാഹനം കടന്നുപോകുമ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. മാവോയിസ്റ്റുകളുടെ കൃത്യമായ ആസൂത്രണം ഇതിനു പിന്നിലുണ്ടാവാം. പ്രദേശം വളഞ്ഞ് പരിശോധന നടത്തുന്ന സുരക്ഷാ സേനയ്ക്ക് ഇതു സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭിക്കുമെന്നു കരുതാം. സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആളുകളെയും പിടികൂടാനും സേനയ്ക്കു കഴിയട്ടെ. എന്തായാലും രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറെ ദുഃഖകരമായ സംഭവമാണിത്.
രാജ്യസുരക്ഷ ഉറപ്പാക്കാൻ നിയോഗിക്കപ്പെട്ട ജവാന്മാരുടെ ജീവൻ മാവോയിസ്റ്റുകൾ കവരുന്നത് ഇതാദ്യമല്ല. നിരപരാധികളായ നിരവധി സാധാരണക്കാരുടെ ജീവനും മാവോയിസ്റ്റുകൾ ഇതിനകം കവർന്നിട്ടുണ്ട്. ഈ തീവ്രവാദികൾ ഉയർത്തുന്ന ഭീഷണി അവസാനിപ്പിക്കാനുള്ള ശക്തമായ നടപടികൾ വർഷങ്ങളായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചുവരുന്നുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ യോജിച്ചുള്ള പ്രവർത്തനങ്ങൾ വലിയൊരു പരിധി വരെ മാവോയിസ്റ്റ് തീവ്രവാദത്തിനു തടയിടുന്നതുമാണ്. രാജ്യത്ത് ഒരു പതിറ്റാണ്ടിനിടെ മാവോയിസ്റ്റ് ആക്രമണങ്ങൾ 77 ശതമാനത്തോളം കുറഞ്ഞിട്ടുണ്ടെന്നാണു കണക്കുകൾ കാണിക്കുന്നത്. തീവ്രവാദികളുടെ സ്വാധീന മേഖലകൾ ചുരുങ്ങിക്കഴിഞ്ഞതായി നക്സലുകളെ നേരിടാൻ നിയോഗിക്കപ്പെട്ട സേനകളുടെ ഉദ്യോഗസ്ഥർ പറയുന്നു. കൊടും വനങ്ങളുടെ അകത്തു വരെ താവളങ്ങൾ തുറന്നുകൊണ്ട് സേനകൾ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ നക്സലുകളെ നേരിടുന്നതിനു സഹായകരമാണ്. പഴയതുപോലെ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ നടത്തുന്നതിന് നക്സലുകൾക്കു കരുത്തു കുറഞ്ഞിട്ടുണ്ട്. നക്സൽ ബാധിത മേഖലകളിൽ വലിയ ആശ്വാസമാണ് അതു നൽകുന്നത്. നക്സൽ ശൃംഖലയെ തകർക്കുന്നതിൽ രക്ഷാസേന നേരിടുന്ന അവസാന വെല്ലുവിളിയാണ് ഐഇഡി ആക്രമണങ്ങളെന്നാണു സുരക്ഷാവൃത്തങ്ങൾ അവകാശപ്പെടുന്നത്.
ഝാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിൽ നിന്ന് ഇടതു തീവ്രവാദം ഏറെക്കുറെ പൂർണമായും ഇല്ലാതാക്കിയെന്നു കേന്ദ്ര സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഛത്തിസ്ഗഡിലും തെലങ്കാനയിലെ ചില മേഖലകളിലും മറ്റും ഇനിയും വെല്ലുവിളികൾ അവസാനിച്ചിട്ടില്ല. ഛത്തിസ്ഗഡിലെ ബസ്തറിൽ വനപ്രദേശത്ത് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു വനിതകളടക്കം അഞ്ചു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ബസ്തർ ഡിവിഷനിലെ തന്നെ ബിജാപ്പുർ ജില്ലയിൽ തീവ്രവാദികൾ മറ്റൊരു ആക്രമണത്തിനു പദ്ധതിയിട്ടത്. ഇതിനുമുൻപ് കഴിഞ്ഞ നവംബറിലാണ് സുക്മ ജില്ലയിൽ രക്ഷാസേനയുമായി ഏറ്റുമുട്ടിയ മൂന്നു സ്ത്രീകൾ അടക്കം പത്തു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. നവംബറിൽ ബിജാപ്പുർ ജില്ലയിലും മൂന്നു മാവോയിസ്റ്റുകൾ രക്ഷാസേനയോട് ഏറ്റുമുട്ടി കൊല്ലപ്പെട്ടു. ഒക്റ്റോബർ ആദ്യം ബസ്തർ ജില്ലയിൽ രക്ഷാസേനയുമായി ഏറ്റുമുട്ടിയ 28 മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷത്തെ മൊത്തം കണക്കെടുത്താൽ ഇരുനൂറിലേറെ മാവോയിസ്റ്റുകൾ ഛത്തിസ്ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 2000ൽ സംസ്ഥാനം രൂപവത്കരിച്ച ശേഷം ഇത്രയും മാവോയിസ്റ്റുകൾ അവിടെ കൊല്ലപ്പെടുന്നത് ഇതാദ്യമായാണ്.
സർക്കാർ കണക്കു പ്രകാരം 219 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിൽ 217 പേരും ബസ്തർ മേഖലയിൽ ആക്രമണങ്ങൾ നടത്തിയവരായിരുന്നു. എണ്ണൂറിലേറെ മാവോയിസ്റ്റുകൾ അറസ്റ്റിലായിട്ടുമുണ്ട്. എണ്ണൂറിലേറെ തീവ്രവാദികൾ ആയുധം വച്ച് കീഴടങ്ങി.
മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ 18 സുരക്ഷാ ഉദ്യോഗസ്ഥർക്കാണു കഴിഞ്ഞ വർഷം ഛത്തിസ്ഗഡിൽ ജീവൻ നഷ്ടമായത്. 65 സാധാരണ ജനങ്ങളെയും മാവോയിസ്റ്റുകൾ വധിച്ചു. ഛത്തിസ്ഗഡിൽ മാവോയിസ്റ്റ് ഭീഷണി പൂർണമായി ഒഴിവാക്കാൻ ഇനിയും സർക്കാർ ഭാഗത്തുനിന്ന് ശക്തമായ നടപടികൾ ഉണ്ടാവേണ്ടതുണ്ടെന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്. ഇതോടൊപ്പമാണ് അടുത്തകാലത്ത് അയൽ സംസ്ഥാനമായ തെലങ്കാനയിലും പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഏഴു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവമുണ്ടായത്. മുളുഗു ജില്ലയിലെ ചൽപാക വനത്തിൽ ഒളിച്ചിരിക്കുകയായിരുന്ന മാവോയിസ്റ്റുകൾ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. എ.കെ. 47 തോക്കുകൾ അടക്കം നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും അവരിൽ നിന്നും പിടിച്ചെടുക്കുകയും ചെയ്തു. ഛത്തിസ്ഗഡിൽ നിന്നുള്ള മാവോയിസ്റ്റുകൾ തെലങ്കാനയിലേക്കു കടക്കാനുള്ള സാധ്യത കൂടി കണ്ടറിഞ്ഞുള്ള പൊലീസിന്‍റെ പ്രവർത്തനമാണ് അന്നത്തെ മാവോയിസ്റ്റ് വേട്ടയിലേക്കു നയിച്ചത്. 2026 മാർച്ച് 31നു മുൻപ് നക്സലിസം രാജ്യത്തുനിന്നു തുടച്ചുനീക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തേ അവകാശപ്പെട്ടിരുന്നത്. തീവ്രവാദം ഉപേക്ഷിച്ച് ജനാധിപത്യത്തിലേക്കും സമാധാനത്തിലേക്കും കടന്നുവരാൻ മാവോയിസ്റ്റ് ചിന്താഗതിയുള്ളവർക്ക് കഴിയട്ടെ. ജനങ്ങളുടെ സമാധാന ജീവിതത്തിനു ഭീഷണി ഉയർത്തുന്ന ഒരു പ്രവർത്തനങ്ങളും രാജ്യത്തിന് അംഗീകരിക്കാനാവില്ല.