
മഴക്കാലം: ജാഗ്രത വേണം, രോഗങ്ങൾക്കെതിരേ
സംസ്ഥാനത്ത് ഇക്കുറി പതിവിലും നേരത്തേ കാലവർഷം ആരംഭിച്ചു എന്നു മാത്രമല്ല അതിശക്തമായ മഴയാണു കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ സംസ്ഥാനത്തുണ്ടായിക്കഴിഞ്ഞു. പലയിടത്തും രൂക്ഷമായ വെള്ളക്കെട്ടിന്‍റെ ദുരിതം അനുഭവിക്കുകയാണു ജനങ്ങൾ. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ വേണ്ടപോലെ നടത്താത്തത് വെള്ളക്കെട്ടിന്‍റെ രൂക്ഷത വർധിപ്പിച്ച സ്ഥലങ്ങളുണ്ട്. ശുചീകരണ പ്രവർത്തനങ്ങളിലെ പോരായ്മ മഴയ്ക്കൊപ്പം മഴക്കാല രോഗങ്ങളും പടരാനുള്ള സാധ്യത വർധിപ്പിക്കും. അതുകൊണ്ടു തന്നെ ശുചീകരണ പ്രവർത്തനങ്ങൾ പൂർണമാവാത്ത സ്ഥലങ്ങളിൽ എത്രയും വേഗം അതു പൂർത്തീകരിക്കേണ്ടതുണ്ട്. മഴക്കാല രോഗങ്ങൾക്കെതിരായ ജാഗ്രത സംസ്ഥാനം മുഴുവൻ ആവശ്യമാണ്. മഴക്കാലത്ത് വർധിച്ചു വരാൻ സാധ്യതയുള്ള സാംക്രമിക രോഗങ്ങളെ ചെറുക്കുന്നതിനും അതിന്‍റെ തോത് പരമാവധി കുറയ്ക്കുന്നതിനും സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനങ്ങളും സഹകരിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. കൊതുകുജന്യ രോഗങ്ങളും ജലജന്യ രോഗങ്ങളും ജലദോഷപ്പനികളും വൈറൽ പനിയും എല്ലാം മഴക്കാലത്ത് ഭീഷണി ഉയർത്താറുണ്ട്.
ഇതിനൊക്കെ പുറമേയാണ് ഇപ്പോൾ കൊവിഡ് വ്യാപനവും കാണുന്നത്. രാജ്യത്ത് മൊത്തത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. അതിൽ ഏതാണ്ടു മൂന്നിലൊന്നും കേരളത്തിലാണ്. തീവ്രത കുറവാണെങ്കിലും രോഗവ്യാപന ശേഷി കൂടുതലുള്ള വകഭേദമാണ് ഇപ്പോൾ കാണുന്നത്. മഴക്കാല രോഗങ്ങൾക്കൊപ്പം കൊവിഡ് വൈറസിനെ കൂടി നിയന്ത്രിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. വൈറസിന്‍റെ വ്യാപനം വിലയിരുത്തുകയും നിരന്തരം നിരീക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. ആശുപത്രികളിൽ ആവശ്യമായ മരുന്നും മറ്റു സജ്ജീകരണങ്ങളും ഒരുക്കേണ്ടതുമുണ്ട്. കൊവിഡിനെ തടയുന്നതിൽ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രോഗലക്ഷണങ്ങളുള്ളവർ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതുണ്ട്. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുന്നതടക്കം ആരോഗ്യ വകുപ്പ് നൽകിയിട്ടുള്ള നിർദേശങ്ങൾ പാലിക്കപ്പെടേണ്ടതാണ്.
കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും ജലജന്യ രോഗങ്ങളും വർധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് നേരത്തേ വിലയിരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മേയ് 15നകം പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള മൈക്രോ പ്ലാൻ തയാറാക്കാൻ തദ്ദേശ സ്ഥാപനങ്ങളോടു നിർദേശിക്കുകയും ചെയ്തിരുന്നു. കൊതുകുജന്യ രോഗങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ ജാഗ്രതാ കലണ്ടർ പ്രകാരം ഫീൽഡ്തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും നിർദേശിച്ചിരുന്നതാണ്. ഇത്തരം പ്രവർത്തനങ്ങൾ എത്രമാത്രം കാര്യക്ഷമമായി നടത്തിയിട്ടുണ്ടെന്ന് ഓരോ തദ്ദേശ സ്ഥാപനങ്ങളും സ്വയം വിലയിരുത്തി പോരായ്മകളുണ്ടെങ്കിൽ പരിഹരിക്കേണ്ടതുണ്ട്. കൊതുകിൽ നിന്നു സംരക്ഷണം നേടുന്നതു തന്നെ വളരെ പ്രാധാന്യമുള്ളതാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ടു പെരുകുന്നത് ഒഴിവാക്കേണ്ടതുണ്ട്. ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. വീടും പരിസരവും ഓഫിസും പൊതുസ്ഥലങ്ങളും എല്ലാം വൃത്തിയായി സൂക്ഷിക്കാനാവണം. രാവിലെയും വൈകുന്നേരങ്ങളിലും വീടിന്‍റെ ജനാലകളും വാതിലുകളും അടച്ചിടുക, പാത്രങ്ങള്‍, ചിരട്ടകള്‍, തൊണ്ട്, ടയര്‍, മുട്ടത്തോട്, ടിന്നുകള്‍ തുടങ്ങിയവ വലിച്ചെറിയാതെ നശിപ്പിക്കുകയോ വെള്ളം കെട്ടിനില്‍ക്കാതെ കമഴ്ത്തി വയ്ക്കുകയോ ചെയ്യുക, വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും അടച്ചു സൂക്ഷിക്കുക തുടങ്ങി പല നിർദേശങ്ങളും ജനങ്ങൾക്കായി ആരോഗ്യ വകുപ്പ് നൽകുന്നുണ്ട്. സ്വകാര്യ മേഖലയിലേത് അടക്കമുള്ള ആശുപത്രികൾ രോഗവിവരങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതും പ്രധാനമാണ്. പനിയുള്ളവർ വിദഗ്ധ ചികിത്സ തേടാൻ മടികാണിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നുണ്ട്.
സമീപകാലത്ത് ആരോഗ്യ മേഖലയിൽ വലിയ വെല്ലുവിളിയാണു ഡെങ്കിപ്പനി ഉയർത്തുന്നത്. മുൻവർഷങ്ങളിൽ പല ജില്ലകളിലും ഡെങ്കി വലിയ ഭീഷണി ഉയർത്തിയിട്ടുണ്ട്. ഈഡിസ് വിഭാഗത്തിൽപെട്ട കൊതുകുകള്‍ പരത്തുന്ന രോഗമാണു ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ടു വളരുന്നത്. ഈ മഴക്കാലത്ത് നമ്മെ ആശുപത്രിയിലെത്തിക്കാൻ കരുത്തുള്ള പ്രധാന വില്ലനാണു കൊതുകെന്ന് എല്ലാവരും തിരിച്ചറിയുകയാണ് ഏറ്റവും പ്രധാനം. പ്രാരംഭ ഘട്ടത്തിൽ ചികിത്സിക്കാതിരുന്നാൽ എലിപ്പനി ഗുരുതരമാവാനുള്ള സാധ്യതയുണ്ട്. മലിനജലത്തിൽ ഇറങ്ങുന്നവർ ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കേണ്ടതാണ്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, മലിനജലത്തിൽ മുഖം കഴുകുകയോ കുളിക്കുകയോ ചെയ്യാതിരിക്കുക തുടങ്ങിയവയും മഴക്കാല രോഗങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങളാണ്. രോഗം പടരുന്നതു വരെ കാത്തിരിക്കാതെ അതിനുള്ള സാധ്യതകൾ പരമാവധി ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് അധികൃതരിൽ നിന്നുണ്ടാവേണ്ടത്. കൂടുതൽ പനിക്കേസുകൾ കൈകാര്യം ചെയ്യുന്നതിന് സർക്കാർ ആശുപത്രികളിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ ആരോഗ്യ വകുപ്പിനു കഴിയണം. എല്ലായിടത്തും ആവശ്യത്തിനു ഡോക്റ്റർമാരും മരുന്നും ഉണ്ടെന്ന് സർക്കാർ ഉറപ്പാക്കട്ടെ.