നവകേരള ലക്ഷ്യങ്ങൾ പൂർത്തീകരിക്കണം

രണ്ടാം ഘട്ടത്തിലെ ഈ മെല്ലെപ്പോക്ക് അതിജീവിച്ച് അടുത്ത നവംബർ ഒന്നിനു മുൻപായി ലക്ഷ്യം പൂർണമായി കൈവരിക്കുക എന്നതാണു സർക്കാരിനും തദ്ദേശ സ്ഥാപനങ്ങൾക്കും ചെയ്യാനുള്ളത്.
editorial on nava kerala targets
നവകേരള ലക്ഷ്യങ്ങൾ പൂർത്തീകരിക്കണം
Updated on

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണസമിതികള്‍ ഒരേദിവസം ഒരേസമയം യോഗം ചേർന്നതു കഴിഞ്ഞ ദിവസമാണ്. കേരളം അഭിമുഖീകരിക്കുന്ന മൂന്നു പ്രധാന വിഷയങ്ങളിൽ തുടർ പ്രവർത്തനങ്ങൾ സംബന്ധിച്ച തീരുമാനം കൈക്കൊള്ളാനായിരുന്നു ഈ യോഗം എന്നതാണ് ഇതിൽ പ്രത്യേകമായി പറയേണ്ടത്. ഈ മൂന്നു വിഷയങ്ങളിലും വിജയകരമായ പ്രവർത്തനം ഉറപ്പിക്കാനും ലക്ഷ്യം നേടാനും കഴിഞ്ഞാൽ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അതു വളരെ വലിയ നേട്ടമായി മാറുമെന്ന് ഉറപ്പാണ്. ആ നിലയ്ക്കു നോക്കുമ്പോൾ കൃത്യമായ ഒരു ഫോക്കസ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈ മൂന്നു കാര്യങ്ങളിൽ നൽകേണ്ടതുണ്ട്. യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം നൽകിയ നിർദേശങ്ങൾ സമയബന്ധിതമായി പാലിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കും അവരെ സഹായിക്കേണ്ട മറ്റ് ഉദ്യോഗസ്ഥർക്കും കഴിയേണ്ടതാണ്. അതിദാരിദ്ര്യ നിർമാര്‍ജനം, മാലിന്യമുക്ത നവകേരളം, ഗുണമേന്മയിലധിഷ്ഠിതമായ പാലിയേറ്റിവ് പരിചരണം എന്നീ വിഷയങ്ങളിലാണ് ഇപ്പോൾ നടന്നുവരുന്ന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടതും അതിനു തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക ശ്രദ്ധ നൽകേണ്ടതും. മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നതുപോലെ കൂടുതല്‍ ഗൗരവത്തോടെയും ഉത്തരവാദിത്വത്തോടെയും തുടർ പ്രവർത്തനങ്ങൾ ഏറ്റെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങൾക്കു സാധ്യമാവേണ്ടതുണ്ട്.‌

അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന് 2021ല്‍ ആരംഭിച്ചതാണ് അതിദാരിദ്ര്യ നിർമാർജന പദ്ധതി. 1,032 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 64,006 കുടുംബങ്ങളിലെ 1,03,099 പേര്‍ അതിദരിദ്രരാണെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് അതിദരിദ്രരെ നിര്‍ണയിച്ചത്. 2025 നവംബര്‍ ഒന്നിന് കേരളത്തെ അതിദരിദ്ര വിമുക്തമായി പ്രഖ്യാപിക്കുകയാണു സർക്കാർ ലക്ഷ്യം. അതായത് പദ്ധതി ലക്ഷ്യത്തിലെത്തിക്കുന്നതിന് ഇനി ഒരു വർഷം തികച്ചില്ല. ആദ്യഘട്ടം പ്രവര്‍ത്തനങ്ങള്‍ 2023 നവംബര്‍ ഒന്നിനു പൂര്‍ത്തിയായതാണ്. ഈ ഘട്ടത്തില്‍ തന്നെ 47.89 ശതമാനം പേരെ അതിദാരിദ്ര്യത്തില്‍ നിന്നു മുക്തരാക്കാന്‍ കഴിഞ്ഞുവെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ട്. രണ്ടാം ഘട്ടത്തിൽ ഇക്കഴിഞ്ഞ നവംബര്‍ ഒന്നിനു മുൻപ് 90 ശതമാനം പേരെയും അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കുന്നതിനാണ് ലക്ഷ്യമിട്ടത്. എന്നാല്‍ 63.82 ശതമാനം കുടുംബങ്ങളുടെ കാര്യത്തിൽ മാത്രമേ പുരോഗതി ഉണ്ടായിട്ടുള്ളൂ. രണ്ടാം ഘട്ടത്തിലെ ഈ മെല്ലെപ്പോക്ക് അതിജീവിച്ച് അടുത്ത നവംബർ ഒന്നിനു മുൻപായി ലക്ഷ്യം പൂർണമായി കൈവരിക്കുക എന്നതാണു സർക്കാരിനും തദ്ദേശ സ്ഥാപനങ്ങൾക്കും ചെയ്യാനുള്ളത്.

അതിദാരിദ്ര്യത്തിലുള്ള മുഴുവൻ കുടുംബങ്ങൾക്കും തൊഴിൽ, വരുമാനം, ഭക്ഷണം എന്നിവ ഉറപ്പാക്കുന്നതിന് കഴിയുകയെന്നത് വളരെ പ്രധാനമാണ്. ആരോഗ്യപരമായ കാരണങ്ങളാല്‍ തൊഴിലെടുക്കാന്‍ സാധിക്കില്ലെന്നു കണ്ടെത്തിയ 923 കുടുംബങ്ങള്‍ക്കു വരുമാനം കണ്ടെത്തുന്നതിനു പ്രത്യേക പദ്ധതി ആവിഷ്ക്കരിക്കണമെന്നു മുഖ്യമന്ത്രി നിർദേശിക്കുന്നുണ്ട്. തൊഴിലുറപ്പു പദ്ധതിയുടെ സാധ്യത പ്രയോജനപ്പെടുത്തുന്നതില്‍ കുറവുകളുണ്ടെങ്കില്‍ അതും നികത്തേണ്ടതായിട്ടാണിരിക്കുന്നത്. വീടില്ലാത്ത അതിദരിദ്രര്‍ക്കു വീട് ലഭ്യമാക്കുന്നതിനും പ്രത്യേക പദ്ധതി ആവിഷ്കരിക്കേണ്ടതുണ്ട്.

കഴിഞ്ഞ ഒക്റ്റോബര്‍ രണ്ടു മുതല്‍ 2025 മാര്‍ച്ച് 30 വരെയാണു മാലിന്യമുക്ത നവ കേരളത്തിനായുള്ള ജനകീയ ക്യാംപെയ്‌ൻ സംഘടിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് 30ന് സമ്പൂര്‍ണ ശുചിത്വ കേരള പ്രഖ്യാപനം നടത്താനാണു തീരുമാനം. എന്നാൽ, ഇതു സംബന്ധിച്ച പ്രവർത്തനങ്ങൾ വേണ്ടത്ര പുരോഗതി കൈവരിച്ചിട്ടില്ലെന്നു സൂചനകളുണ്ട്. 5,704 വാര്‍ഡുകളില്‍ ഇനിയും നിര്‍വഹണ സമിതികള്‍ രൂപീകരിച്ചിട്ടില്ലെന്നു സർക്കാർ തന്നെ ചൂണ്ടിക്കാണിക്കുന്നു. സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ- സാമൂഹിക- സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം വേണ്ടത്ര ഉണ്ടായിട്ടില്ലെന്നാണത്രേ വിലയിരുത്തപ്പെട്ടിട്ടുള്ളത്. ക്യാംപെയ്‌നിന്‍റെ ഭാഗമായി ടൂറിസം കേന്ദ്രങ്ങള്‍, ഓഫിസുകള്‍, ടൗണുകള്‍, മാര്‍ക്കറ്റുകള്‍, പൊതുസ്ഥലങ്ങള്‍, സ്കൂളുകള്‍, കലാലയങ്ങള്‍ എന്നിവ ഹരിതമാക്കാനുള്ള സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. സമയബന്ധിതമായി ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിക്കുന്നു. ജലസ്രോതസുകൾ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും തദ്ദേശ സ്ഥാപനങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വീടുകളിലെ ഒറ്റക്കുഴി കക്കൂസുകള്‍ക്കു പകരം സുരക്ഷിതമായ സെപ്റ്റിക് ടാങ്കുകള്‍ സ്ഥാപിക്കുക, ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍, ടൂറിസം കേന്ദ്രങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയ്‌ല്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ നിന്ന് സാനിറ്ററി മാലിന്യം ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനും പൊതുസംവിധാനം ഏര്‍പ്പെടുത്തുക, ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുക തുടങ്ങി നിരവധി നിർദേശങ്ങൾ മുഖ്യമന്ത്രി നൽകുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ സംസ്കരണ പദ്ധതികള്‍ വേണ്ടത്ര വേഗത്തിൽ മുന്നോട്ടുനീങ്ങുന്നില്ല എന്നത് നിരാശാജനകമായി മാറുകയാണ്.

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പാലിയേറ്റിവ് കെയര്‍ ഉറപ്പാക്കുന്നതിന് നേരത്തേ തദ്ദേശ സ്വയംഭരണ വകുപ്പ് മാര്‍ഗരേഖ പുറപ്പെടുവിച്ചിട്ടുള്ളതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയും ആരോഗ്യവകുപ്പിന്‍റെ സഹകരണവും പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തനങ്ങളിൽ അത്യാവശ്യമാണ്. ദീര്‍ഘകാല രോഗങ്ങള്‍ മൂലം പ്രയാസങ്ങള്‍ അനുഭവിക്കുന്നവർക്ക് പരിചരണം ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പിന്‍റെ ഹോം കെയര്‍ യൂണിറ്റുകള്‍ക്കു കഴിയേണ്ടതുണ്ട്. വീടുകളില്‍ പരിചരണം നല്‍കിവരുന്ന ഡോക്റ്റര്‍മാര്‍ക്കും നഴ്സുമാര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും ആവശ്യമായ പരിശീലനം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്. കിടപ്പിലായ രോഗികള്‍ക്കു മെച്ചപ്പെട്ട പരിചരണം ലഭിക്കാന്‍ 20,000 ജനസംഖ്യയുള്ള പ്രദേശത്ത് ഒരു ഹോം കെയര്‍ യൂണിറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരംഭിക്കണമെന്നാണ് പാലിയേറ്റിവ് കെയര്‍ ആക്ഷന്‍ പ്ലാനില്‍ നിർദേശിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പോൾ 30,000 പേരടങ്ങുന്ന ജനസംഖ്യയുള്ള പ്രദേശത്തിന് ഒരു കെയര്‍ യൂണിറ്റാണു പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ ഹോം കെയര്‍ യൂണിറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്നു മുഖ്യമന്ത്രി പറയുന്നു. സർക്കാരിന്‍റെ മാർഗനിർദേശത്തിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉണർന്നു പ്രവർത്തിച്ചാലേ പല നവകേരള ലക്ഷ്യങ്ങളും പൂർത്തീകരിക്കാൻ നമുക്കു കഴിയൂ. ഇക്കാര്യത്തിൽ കക്ഷി രാഷ്ട്രീയം മാറ്റിവച്ചുള്ള ഒറ്റക്കെട്ടായ പ്രവർത്തനങ്ങളാണ് നാടിന് ആവശ്യമായുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com