മന്ത്രിസഭ നൽകുന്ന സന്ദേശം വ്യക്തം | മുഖപ്രസംഗം

കർഷകരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിലുള്ള പരാജയം ഭരിക്കുന്ന സർക്കാരിനു തിരിച്ചടിയാവുമെന്നു പല അനുഭവങ്ങളിലൂടെയും തെളിഞ്ഞിട്ടുള്ളതാണ്.
മന്ത്രിസഭ നൽകുന്ന സന്ദേശം വ്യക്തം
മന്ത്രിസഭ നൽകുന്ന സന്ദേശം വ്യക്തം

ഒരു സഖ്യകക്ഷി സർക്കാരാണെന്നതിന്‍റെ യാതൊരു ബുദ്ധിമുട്ടുകളും തോന്നിക്കാത്ത വിധത്തിലാണ് നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ അധികാരമേറ്റിരിക്കുന്നത്. പ്രധാനമന്ത്രിയടക്കം 72 അംഗങ്ങളുള്ള വിശാലമായ മന്ത്രിസഭ തുടക്കത്തിൽ തന്നെ രൂപവത്കരിക്കാൻ മോദിക്കും പാർട്ടിക്കും കഴിഞ്ഞു. സഖ്യകക്ഷികളുടെ പിടിവാശികൾക്കു വഴങ്ങിയ ഒരു മന്ത്രിസഭയല്ല ഇതെന്നു വ്യക്തമാണ്. ആഭ്യന്തരം, ധനകാര്യം, പ്രതിരോധം, വിദേശകാര്യം തുടങ്ങിയ പ്രധാന വകുപ്പുകൾ സഖ്യകക്ഷികൾക്കു വിട്ടുകൊടുത്തിട്ടില്ല ബിജെപി. ഇതിലൂടെ ഇതു തന്‍റെ തന്നെ മന്ത്രിസഭയാണെന്ന് ഉറപ്പിച്ചുപറയുകയാണു മോദി ചെയ്യുന്നത്. ലോക്സഭയിൽ ഒറ്റയ്ക്ക് 240 സീറ്റുള്ള പാർട്ടിക്ക് ഏതെങ്കിലും ഒരു സഖ്യകക്ഷിയെ അമിതമായി ആശ്രയിക്കേണ്ടതില്ലെന്ന സന്ദേശം ഈ സർക്കാരിന്‍റെ രൂപവത്കരണത്തിലുണ്ട്. അതേസമയം, ചെറിയ സഖ്യകക്ഷികളെയടക്കം ഉൾക്കൊള്ളാനുള്ള ശ്രമവും മോദി നടത്തി. 5 ക്യാബിനറ്റ് മന്ത്രിമാർ അടക്കം സഖ്യകക്ഷികൾക്ക് 11 മന്ത്രിമാരെയാണു നൽകിയത്. അതിൽ തെലുങ്കു ദേശത്തിനും ജെഡിയുവിനും മാത്രമാണ് രണ്ടു മന്ത്രിമാർ വീതമുള്ളത്. ഒരു ക്യാബിനറ്റ് മന്ത്രിയും ഒരു സഹമന്ത്രിയും വീതം. 2014ലും 2019ലും ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും എന്‍ഡിഎ സഖ്യകക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകാൻ മോദി തയാറായിരുന്നു എന്നതും ഇതിനോടു ചേർത്തു കാണണം.

ഇക്കുറി എൻഡിഎയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ തെലുങ്കു ദേശത്തിന് ലോക്സഭയിൽ 16 അംഗങ്ങളാണുള്ളത്. മൂന്നാമത്തെ വലിയ കക്ഷിയായ ജെഡിയുവിന് 12 അംഗങ്ങളുണ്ട്. ഇവർക്ക് രണ്ടു വീതം മന്ത്രിസ്ഥാനങ്ങൾ മാത്രമാണു നൽകുന്നത് എന്നതിൽ നിന്നു തന്നെ ഏതെങ്കിലും സമ്മർദത്തിനു വഴങ്ങിയിട്ടില്ല പ്രധാനമന്ത്രി എന്നു തിരിച്ചറിയാവുന്നതാണ്. സംസ്ഥാനത്തിനു പ്രത്യേക പദവി, പാക്കേജ് തുടങ്ങിയ ആവശ്യങ്ങളിൽ ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും കൂടുതൽ സമ്മർദം ചെലുത്തിയേക്കാം. അതിന്മേലുള്ള ചർച്ചകൾ ഒരുതരത്തിലും സർക്കാരിനെ ബാധിക്കില്ലെന്ന് മോദി ഉറപ്പുവരുത്തുമെന്നു വേണം കരുതാൻ. ലോക്ജനശക്തി പാർട്ടി, ജെഡിഎസ്, ശിവസേന, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അതാവാലെ), ആർഎൽഡി, അപ്നാദൾ, ഹിന്ദുസ്ഥാനി അവാം മോർച്ച എന്നീ സഖ്യകക്ഷികൾക്കാണ് ഓരോ മന്ത്രിമാരെ വീതം ലഭിച്ചിരിക്കുന്നത്.

രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിർമല സീതാരാമൻ, എസ്. ജയശങ്കർ തുടങ്ങിയ സീനിയർ മന്ത്രിമാർ പുതിയ മന്ത്രിസഭയിലും അംഗങ്ങളായുണ്ട്. പിയൂഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, പ്രഹ്ലാദ് ജോഷി, അശ്വിനി വൈഷ്ണവ്, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, മൻസുഖ് മാണ്ഡവ്യ, ഹർദീപ് സിങ് പുരി, സർബാനന്ദ സൊനോവാൾ, ഗിരിരാജ് സിങ് തുടങ്ങിയ മന്ത്രിമാരും തുടരുകയാണ്. ജെ.പി. നഡ്ഡ മന്ത്രിസഭയിൽ തിരിച്ചെത്തിയതിനർഥം ബിജെപിക്കു പുതിയ അധ്യക്ഷനുണ്ടാവും എന്നതാണ്. ദേവന്ദ്ര ഫഡ്നാവിസ്, വിനോദ് താവ്‌‌ഡെ, സുനിൽ ബൻസാൽ, ഒ.പി. മാഥൂർ, കെ. ലക്ഷ്മൺ, അനുരാഗ് ഠാക്കൂർ തുടങ്ങി പല പേരുകളും പുതിയ അധ്യക്ഷനുമായി ബന്ധപ്പെട്ട് ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ, മോദിയും അമിത് ഷായും ആരെയാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നു പ്രഖ്യാപനം വരുമ്പോഴേ വ്യക്തമാകൂ.

രണ്ടാം മന്ത്രിസഭയുടെ തുടർച്ച എന്ന നിലയിലാണ് ഈ ക്യാബിനറ്റിനെയും മോദി കാണുന്നത്. ഇന്നലെ ഡൽഹിയിലെ സൗത്ത് ബ്ലോക്കിലെ തന്‍റെ ഓഫിസിലെത്തി ചുമതലയേറ്റ പ്രധാനമന്ത്രി ആദ്യം ഒപ്പുവച്ച ഫയൽ പിഎം കിസാൻ നിധിയുടെ പതിനേഴാം ഗഡു വിതരണം ചെയ്യുന്നതിനുള്ളതാണ്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു കീഴിൽ 3 കോടി പുതിയ വീടുകൾ നിർമിക്കുന്നതിന് ആദ്യ മന്ത്രിസഭാ യോഗം അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്. മുൻ സർക്കാരിന്‍റെ തുടർച്ച ഈ നടപടികളിൽ നിന്നു തന്നെ വ്യക്തം. കർഷകക്ഷേമത്തിനു പ്രതിജ്ഞാബദ്ധമായ സർക്കാരാണു തങ്ങളുടേതെന്നു മോദി വ്യക്തമാക്കിയിട്ടുണ്ട്. കർഷകരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിലുള്ള പരാജയം ഭരിക്കുന്ന സർക്കാരിനു തിരിച്ചടിയാവുമെന്നു പല അനുഭവങ്ങളിലൂടെയും തെളിഞ്ഞിട്ടുള്ളതാണ്. അതിനാൽ തന്നെ ഈ സർക്കാർ കർഷകരെ കൈവിടില്ലെന്നു പ്രതീക്ഷിക്കാം.

പുതിയ മന്ത്രിസഭയുടെ തുടക്കത്തിൽ തന്നെ മലയാ‍ളികളായ രണ്ടു സഹമന്ത്രിമാരെ കിട്ടിയെന്നതു കേരളത്തിനു പ്രതീക്ഷകൾ നൽകുന്നതാണ്. സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം എല്ലാവരും പ്രതീക്ഷിച്ചതാണെങ്കിൽ അപ്രതീക്ഷിതമായാണ് ജോർജ് കുര്യൻ മന്ത്രിസഭയിലെത്തിയത്. ക്രൈസ്തവർക്കിടയിൽ പാർട്ടിക്ക് കൂടുതൽ അംഗീകാരം നേടാനുള്ള രാഷ്‌ട്രീയ ശ്രമങ്ങളുടെ ഭാഗമായാണു പലരും ജോർജ് കുര്യന്‍റെ മന്ത്രിസ്ഥാനത്തെ കാണുന്നത്. എന്നാൽ, തുടക്കകാലം മുതൽ ബിജെപിയുമായി ചേർന്നു നിന്ന നേതാവാണ് അദ്ദേഹം. കേരളത്തിൽ ബിജെപിക്കു വലിയ പ്രതീക്ഷകൾ ഇല്ലാതിരുന്ന കാലത്തും പാർട്ടിയുടെ നയങ്ങളും ആശയങ്ങളുമായി സമൂഹത്തിൽ പ്രവർത്തിച്ച ജോർജ് കുര്യൻ അതിന്‍റെ പേരിൽ നേരിടേണ്ടിവന്ന വിമർശനങ്ങളെ ഒട്ടും കാര്യമാക്കിയിരുന്നില്ല. ക്രൈസ്തവ സമൂഹത്തെ ബിജെപിയുമായി അടുപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ പ്രധാന പങ്കു വഹിച്ച അദ്ദേഹം പാർട്ടി നയങ്ങൾ ജനങ്ങൾക്കിടയിൽ വിശദീകരിക്കുന്നതിലും മികവു കാണിച്ചിട്ടുണ്ട്. മുൻപ് പാർലമെന്‍റിലേക്കും നിയമസഭയിലേക്കും മത്സരിക്കുകയും ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള അദ്ദേഹത്തിന് ദേശീയ നേതാക്കളുമായി നല്ല ബന്ധങ്ങളാണുള്ളത്. സംസ്ഥാനത്തു പാർട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലും അദ്ദേഹം മികവാർന്ന പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട്. അചഞ്ചലമായി പാർട്ടിക്കു വേണ്ടി പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു നേതാവിന് തികച്ചും അർഹതപ്പെട്ട പദവി ബിജെപി നൽകുന്നു എന്നതാണ് ഈ മന്ത്രിസ്ഥാനം വ്യക്തമാക്കുന്നത്.

ക്യാബിനറ്റ് മന്ത്രിസ്ഥാനം കിട്ടാത്തതിൽ തനിക്ക് അതൃപ്തിയുണ്ടെന്നും മന്ത്രിസഭയിൽ നിന്നു രാജിവയ്ക്കാൻ പോവുകയാണെന്നുമുള്ള അഭ്യൂഹങ്ങൾ സുരേഷ് ഗോപി നിഷേധിച്ചിട്ടുണ്ട്. കേരളത്തിന്‍റെ വികസനത്തിനു വേണ്ടി പ്രവർത്തിക്കുമെന്നും സംസ്ഥാനത്തേക്ക് എയിംസ് കൊണ്ടുവരാനാണ് ആദ്യ ശ്രമമെന്നും സത്യപ്രതിജ്ഞയ്ക്കു ശേഷം അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. നരേന്ദ്ര മോദിയും അമിത് ഷായുമായി വളരെ അടുത്ത ബന്ധമാണ് സുരേഷ് ഗോപിക്കുള്ളത്. അതുകൊണ്ടുതന്നെ നിരവധി കാര്യങ്ങൾ കേരളത്തിനു വേണ്ടി ചെയ്യാൻ അദ്ദേഹത്തിനു കഴിയും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിൽ അഭിപ്രായ ഭിന്നതകൾ ഉടലെടുക്കുന്നതു സ്വാഭാവികമാണ്. മോദിയുടെ രണ്ടാം സർക്കാരിന്‍റെ കാലത്ത് അതു പലവട്ടം കണ്ടിട്ടുണ്ട്. ഇനിയും അതു പ്രതീക്ഷിക്കണം. അത്തരം അവസരങ്ങളിൽ അടക്കം സംസ്ഥാനത്തിന് ഏറ്റവും അനുയോജ്യമായ തീരുമാനമാണ് കേന്ദ്രത്തിൽ നിന്നുണ്ടാവുന്നതെന്ന് ഉറപ്പുവരുത്താൻ സുരേഷ് ഗോപിക്കും ജോർജ് കുര്യനും കഴിയട്ടെ. വികസന കാര്യങ്ങളിൽ ഇവരുമായി സഹകരിച്ചു പ്രവർത്തിക്കാൻ സംസ്ഥാന സർക്കാരും തയാറാവട്ടെ. പുതിയ കേന്ദ്ര മന്ത്രിമാർക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com