കേരളത്തിൽ നിന്നുള്ള മന്ത്രിമാർക്ക് സാധ്യതകളേറെ| മുഖപ്രസംഗം

കേന്ദ്ര മന്ത്രിസഭയിൽ കേരളത്തിൽ നിന്നുള്ള രണ്ടു സഹമന്ത്രിമാർക്കും ലഭിച്ചിരിക്കുന്ന വകുപ്പുകൾ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതാണ്
ജോർജ് കുര്യൻ | സുരേഷ് ഗോപി
ജോർജ് കുര്യൻ | സുരേഷ് ഗോപി

കേന്ദ്ര മന്ത്രിസഭയിൽ കേരളത്തിൽ നിന്നുള്ള രണ്ടു സഹമന്ത്രിമാർക്കും ലഭിച്ചിരിക്കുന്ന വകുപ്പുകൾ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതാണ്. സുരേഷ് ഗോപിക്ക് പെട്രോളിയം- പ്രകൃതിവാതകം വകുപ്പിനൊപ്പം ടൂറിസത്തിന്‍റെ ചുമതലയും ലഭിച്ചിട്ടുണ്ട്. ന്യൂനപക്ഷകാര്യം, ഫിഷറീസ്, മൃഗസംരക്ഷണം വകുപ്പുകളുടെ ചുമതലയാണ് ജോർജ് കുര്യനു ലഭിച്ചിരിക്കുന്നത്. പെട്രോളിയം മേഖലയിൽ കേരളത്തിന്‍റെ പുത്തൻ സാധ്യതകൾ തേടാനുള്ള അവസരമാണ് സുരേഷ് ഗോപിയിലൂടെ ലഭിക്കുന്നത്. അപ്രതീക്ഷിതമായി തനിക്കു ലഭിച്ച ഈ വകുപ്പിൽ എന്തൊക്കെ ചെയ്യാനാവുമെന്ന് പഠിക്കേണ്ടിയിരിക്കുന്നു എന്നാണു കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞത്. അതിനൊപ്പം അദ്ദേഹം കൂട്ടിച്ചേർത്ത ഒരു കാര്യമുണ്ട്. അത് കൊല്ലത്തെ ‍ആഴക്കടലിലുള്ള ക്രൂഡ് ഓയിൽ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതു സംബന്ധിച്ചാണ്. ഇവിടെ നിന്ന് ക്രൂഡ് ഓയിൽ കിട്ടുമെന്ന് ഉറപ്പാക്കിയാൽ കൊല്ലത്തിന്‍റെ മാത്രമല്ല കേരളത്തിന്‍റെ തന്നെ മുഖച്ഛായ മാറ്റുന്നതാവും അത്.

കൊല്ലത്തെ ഇന്ധന പര്യവേക്ഷണം ഏറെ വൈകാതെ ആരംഭിക്കുമെന്നാണ് അറിയുന്നത്. ഇതിനു നേരത്തേ തീരുമാനമായിട്ടുണ്ട്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡ് കൊല്ലത്തെ ക്രൂഡ് ഓയിൽ പര്യവേക്ഷണത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. യുകെ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി പര്യവേക്ഷണം നടത്താനുള്ള 1,252 കോടി രൂപയുടെ കരാർ ഏറ്റെടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്. കൊല്ലം തുറമുഖത്തുനിന്ന് 26 നോട്ടിക്കൽ മൈൽ അകലെയാണു ഖനനം നടക്കുന്നത്. ആഴക്കടലിൽ ക്രൂഡ് ഓയിൽ സാധ്യതകളുള്ള 18 ബ്ലോക്കുകൾ പ്രാഥമിക സർവെകളിൽ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പര്യവേക്ഷണത്തിന് നാവിക സേനയുടെ അനുമതി വാങ്ങുന്നതടക്കം നടപടികൾ പൂർത്തിയായതാണ്. പെട്രോളിയം- പ്രകൃതിവാതക മന്ത്രാലയം ഈ പദ്ധതിയോടു പ്രത്യേക താത്പര്യം കാണിച്ചാൽ ഇനിയുള്ള നീക്കങ്ങൾ വളരെ വേഗത്തിലാവും. ഹർദീപ് സിങ് പുരിയാണ് പെട്രോളിയം മന്ത്രാലയത്തിന്‍റെ ക്യാബിനറ്റ് മന്ത്രി. അദ്ദേഹത്തിന്‍റെ കൂടി പിന്തുണയോടെ കൊല്ലത്തെ പര്യവേഷണം കാര്യക്ഷമമായി നടത്താൻ സുരേഷ് ഗോപിക്കു കഴിയുമെന്ന് സംസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്.

കേരളത്തിൽ ടൂറിസത്തിന്‍റെ സാധ്യതകൾ പ്രധാനമന്ത്രി തന്നെ തിരിച്ചറിഞ്ഞതാണ്. ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന് കേരളത്തിൽ എത്തിയപ്പോഴും സംസ്ഥാനത്ത് ടൂറിസത്തിനുള്ള വലിയ സാധ്യതകളെക്കുറിച്ച് അദ്ദേഹം പറയുകയുണ്ടായി. സംസ്ഥാനത്തെ വൻകിട വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സമഗ്ര വികസനം ബിജെപി ഉറപ്പാക്കുമെന്ന് മോദി ജനങ്ങൾക്ക് ഉറപ്പുനൽകിയതാണ്. കേരളത്തിൽ പുതിയ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. ടൂറിസത്തിൽ നമുക്കുള്ള സാധ്യതകൾ കണ്ടറിഞ്ഞാണ് സംസ്ഥാന സർക്കാരും പ്രവർത്തിക്കുന്നത്. നിരവധി പദ്ധതികൾ ടൂറിസവുമായി ബന്ധപ്പെട്ട് കേരളം നടപ്പാക്കി വരുന്നുണ്ട്. സംസ്ഥാനത്തിന്‍റെ ഉത്തരവാദിത്വ ടൂറിസം മിഷൻ അന്തർദേശീയ തലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് തുടർച്ചയായി കേരളം നേടുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ധാരാളം ടൂറിസ്റ്റുകളെ ആകർഷിക്കാൻ കേരളത്തിനു കഴിയുന്നതിനു പിന്നിൽ പ്രകൃതി സൗന്ദര്യവും കാലാവസ്ഥയും ജൈവവൈവിധ്യവും എല്ലാമുണ്ട്.

നിത്യഹരിത വനങ്ങളും കടലും കായലും പുൽമേടും ആയുർവേദവും പാരമ്പര്യ കലാരൂപങ്ങളും എല്ലാം കേരളത്തിന്‍റെ ടൂറിസത്തിനു നൽകുന്ന വലിയ സാധ്യതകൾ ഇനിയും ഇനിയും ഉപയോഗപ്പെടുത്താവുന്നതാണ്. പശ്ചിമഘട്ട വനമേഖലയിൽ ഉൾപ്പെടുന്ന പ്രകൃതിരമണീയമായ കേന്ദ്രങ്ങൾ ഇക്കോ ടൂറിസത്തിന്‍റെ അനന്ത സാധ്യതകൾ ഉൾക്കൊള്ളുന്നവയാണ്. കേന്ദ്ര സർക്കാരിന്‍റെ സഹായമുണ്ടെങ്കിൽ ഇക്കാര്യത്തിൽ വലിയ മുന്നേറ്റം കാഴ്ചവയ്ക്കാൻ സംസ്ഥാനത്തിനു കഴിയുമെന്നതിൽ സംശയമില്ല. രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രങ്ങളായി മാറ്റിയെടുക്കാവുന്ന നിരവധി സ്ഥലങ്ങൾ കേരളത്തിലുണ്ട്. സംസ്ഥാനത്തെ ടൂറിസം ഹബ്ബാക്കുമെന്നും ആരും ഇതുവരെ തൊടാത്ത ടൂറിസം മേഖലകൾ കണ്ടെത്തുമെന്നുമാണ് സുരേഷ് ഗോപി അവകാശപ്പെടുന്നത്. അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ ടൂറിസത്തിന് ഉണർവു പകരുന്നുവെങ്കിൽ അതു കേരളത്തിന്‍റെ വികസനത്തിൽ നിർണായക ഘടകമായി മാറും.

590 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന സമൃദ്ധമായ കടൽ തീരമാണു കേരളത്തിനുള്ളത്. 44 നദികളും മറ്റു നിരവധി ജലസംഭരണികളും കേരളത്തിലു‍ണ്ട്. ലക്ഷക്കണക്കിനാളുകളാണ് മത്സ്യബന്ധന മേഖലയെ ആശ്രയിച്ചു ജീവിക്കുന്നത്. കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയിൽ മത്സ്യമേഖലയ്ക്കു പ്രധാന പങ്കു തന്നെയുണ്ട്. സമുദ്രോത്പന്ന കയറ്റുമതിയിലൂടെ രാജ്യത്തിനു വിദേശനാണ്യം ലഭ്യമാക്കുന്നതിലും കേരളത്തിനു പങ്കുണ്ട്. മത്സ്യബന്ധനവും മത്സ്യകൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാരിന്‍റെ അകമഴിഞ്ഞ സഹായം ഉറപ്പുവരുത്തുന്നതിൽ മന്ത്രി ജോർജ് കുര്യനു കാര്യമായ പങ്കു വഹിക്കാനാവും. മത്സ്യത്തൊഴിലാളികളും മത്സ്യകർഷകരും അദ്ദേഹത്തിന്‍റെ സഹായം ഉറ്റുനോക്കുകയാണ്. മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രാധാന്യവും ഒട്ടും ചെറുതല്ല. ലക്ഷക്കണക്കിനാളുകൾ ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സഹകരിച്ചുള്ള പ്രവർത്തനം ഈ മേഖലയിലും അനിവാര്യമാണ്.

Trending

No stories found.

Latest News

No stories found.